ഇന്ത്യൻ ഫുട്ബോളിൽ ജിതിൻ എം.എസ്സിന്റേതുപോലെ ആവേശവും പ്രചോദനവും നൽകുന്ന കഥകൾ കുറവാണ്. കഴിഞ്ഞ വർഷം നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ചരിത്രത്തിലെ കന്നികിരീടത്തിൽ മുത്തമിടുമ്പോൾ കളത്തിൽ ചാലകമായി വർത്തിച്ച ഈ 'മലയാളി ഗോൾഡൻ ബോയി'യുടെ പ്രകടനങ്ങൾ ഇന്ത്യൻ ഫുട്ബോൾ ലോകം ഏറെ ചർച്ച ചെയ്തിരുന്നു. തൃശ്ശൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ഒഴിച്ചുകൂടാനാവാത്ത താരമായി മാറിയ ജിതിന്റെ യാത്ര കേരളത്തിലെ ആയിരക്കണക്കിന് യുവ ഫുട്ബോൾ താരങ്ങൾക്ക് പ്രചോദനമാണ്.

ഒല്ലൂരിൽ ജനിച്ച ജിതിൻ, ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച വിംഗർമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ വിജയം ഒരു വ്യക്തിയുടെ മാത്രം കഥയല്ല. ഇന്ത്യൻ പ്രതിഭകൾക്ക് ശരിയായ അവസരവും പരിശീലനവും നൽകിയാൽ അവർക്ക് എന്തെല്ലാം നേടാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് അദ്ദേഹത്തിന്റെ വിജയം. കോളേജ് ടീമിലൂടെ ഫുട്ബോളിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം സന്തോഷ് ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തി കേരളത്തിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഈ പ്രകടനമാണ് പ്രൊഫഷണൽ ക്ലബ്ബുകളുടെ ശ്രദ്ധയിലേക്ക് ജിതിനെ എത്തിച്ചത്.

2018-ൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുമായി ജിതിൻ കരാർ ഒപ്പുവെച്ചെങ്കിലും ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്താൻ സാധിച്ചില്ല. ക്ലബ്ബിൽ പ്രധാനമായും റിസർവ് ടീമിനൊപ്പമായിരുന്നെങ്കിലും, അത് പ്രൊഫഷണൽ തലത്തിൽ കളിക്കാനാവശ്യമായ പരിചയസമ്പത്ത് നൽകി. രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഐ-ലീഗിലേക്ക് മാറി.

നാല് വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് 2022-ൽ താരം ഐഎസ്എല്ലിന്റെ വേദിയിലേക്ക് കാലെടുത്ത് വെക്കുന്നത്. ആ വർഷം ഓഗസ്റ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കരാർ ഒപ്പിടുമ്പോൾ അദ്ദേഹം ക്ലബ്ബിന്റെ വിധി മാറ്റിമറിക്കുമെന്ന് ആരും കരുതിയിരിക്കില്ല. വടക്കുകിഴക്കൻ ക്ലബ്ബിനൊപ്പമുള്ള തുടക്കം അദ്ദേഹത്തിന് അല്പം പ്രയാസമേറിയതായിരുന്നു. എങ്കിലും 16 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടി അദ്ദേഹം തന്റെ വരവറിയിച്ചു.

2023-24 സീസണിൽ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി യുവാൻ പെഡ്രോ ബെനാലി സ്ഥാനമേറ്റെടുത്തത് ജിതിന്റെ തലവര മാറ്റി. 20 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 3 അസിസ്റ്റുകളും നേടി അദ്ദേഹം ടീമിന്റെ നെടുംതൂണുകളിൽ ഒരാളായി മാറി.

ആ സീസണിൽ ക്ലബിന് പ്ലേഓഫിന് ഒരു പോയിന്റ് അകലെ സീസൺ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും, ആ ആക്കം നിലനിർത്തിയത് 2024 ഡ്യൂറൻഡ് കപ്പിൽ ടീമിന് മുതൽക്കൂട്ടായി. 2024-ലെ ഡ്യൂറൻഡ് കപ്പ് ജിതിൻ എം.എസ്സിന്റെ ടൂർണമെന്റ് എന്നാണ് അറിയപ്പെടുന്നത്. 6 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 3 അസിസ്റ്റുകളും നേടിയ ജിതിൻ, ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കി. അദ്ദേഹത്തിന്റെ മികവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ കിരീടത്തിൽ മുത്തമിട്ടു.

മുൻ വർഷത്തെ ജേതാക്കളായിരുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരായ ഡ്യൂറൻഡ് കപ്പ് ഫൈനൽ, ജിതിന്റെ ഏറ്റവും മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഒരു സിനിമയിലെ ക്ലൈമാക്സ് കണക്കെ അനവധി വഴിത്തിരിവുകൾ നിറഞ്ഞതായിരുന്നു ആ ഫൈനൽ. ആദ്യ പകുതിയിൽ 2-0 ന് പിന്നിലായിരുന്ന നോർത്ത് ഈസ്റ്റ്, രണ്ടാം പകുതിയിൽ ഉജ്ജ്വലമായ തിരിച്ചുവരവാണ് നടത്തിയത്. ഈ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചതാകട്ടെ ജിതിനും. കോച്ച് ബെനാലിയുടെ നിർദ്ദേശപ്രകാരം രണ്ടാം പകുതിയിൽ ഇടത് വിങ്ങിൽ നിന്ന് വലത് വിങ്ങിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം സമനിലഗോളുകൾക്ക് വഴിയൊരുക്കി.

രണ്ടാം പകുതിയിൽ പന്ത് പിടിച്ചെടുത്ത്, രണ്ട് ഡിഫൻഡർമാരെ തന്നിലേക്ക് ആകർഷിച്ച ശേഷം ബോക്സിന്റെ അരികിൽ നിന്ന് അലാദിൻ അജൈറക്ക് നൽകിയ പാസാണ് മത്സരത്തിലെ വഴിത്തിരിവായത്. കടുത്ത സമ്മർദ്ദത്തിലും അവസരങ്ങൾ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ തന്ത്രത്തിന്റെയും കഴിവിന്റെയും ഉത്തമ ഉദാഹരണമായിരുന്നു ആ നിമിഷം. അജൈറയ്‌ക്കൊപ്പം ഗില്ലെർമോ ഫെർണാണ്ടസും ഗോൾ കണ്ടെത്തിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.

പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച് നോർത്ത് ഈസ്റ്റ് കപ്പുയർത്തിയപ്പോൾ, കേരളത്തിലെ പ്രാദേശിക ഫുട്ബോളിൽ നിന്ന് ഉയർന്നു വന്ന ജിതിൻ എന്ന യുവപ്രതിഭ ദേശീയ കിരീടത്തിൽ മുത്തമിട്ട്, ഇന്ത്യൻ ഫുട്ബോളിൽ തന്റേതായ സ്ഥാനം കണ്ടെത്തി.

മുന്നേറ്റത്തിൽ ഏത് പൊസിഷനിലും കളിക്കാൻ കഴിയുന്ന താരമാണ് ജിതിൻ എംഎസ്. ഇരു വിങ്ങുകളിലും സ്‌ട്രൈക്കറായും അറ്റാക്കിങ് മിഡിലും കളിച്ച് താരം ഗോളുകൾ കണ്ടെത്തിയിട്ടുണ്ട്. വിങ്ങുകളിലൂടെയുള്ള മിന്നൽ വേഗതയാണ് ജിതിന്റെ പ്രധാന കരുത്ത്. എതിരാളികളെ വെട്ടിച്ചു മുന്നേറാനും സഹതാരങ്ങൾക്ക് ഗോളടിക്കാൻ അവസരമൊരുക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്.

കഴിഞ്ഞ ഐഎസ്എൽ സീസൺ സാക്ഷ്യം വഹിച്ചത് ജിതിന്റെ ഏറ്റവും മികച്ച ഫോമിനായിരുന്നു. 2 ഗോളുകളും 5 അസിസ്റ്റുകളും നേടിയ അദ്ദേഹം, ടീമിനെ വർഷങ്ങൾക്ക് ശേഷം പ്ലേഓഫിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അസിസ്റ്റുകളുടെ കാര്യത്തിൽ ലീഗിൽ എട്ടാം സ്ഥാനത്തെത്തിയ അദ്ദേഹം, ആ പട്ടികയിലെ ആദ്യ പത്തിൽ ഉൾപ്പെട്ട രണ്ട് ഇന്ത്യൻ താരങ്ങളിൽ ഒരാളായിരുന്നു.

മുൻ വർഷങ്ങളിൽ അവസാന സ്ഥാനങ്ങളിൽ സീസൺ അവസാനിപ്പിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, 2024-25 സീസണിൽ നടത്തിയ മുന്നേറ്റം അവിശ്വസനീയമായിരുന്നു. കോച്ച് ബെനാലിയുടെ തന്ത്രങ്ങളും കളിക്കാരുടെ പോരാട്ടവീര്യവും ടീമിന് കരുത്തേകി. ചെന്നൈയിൻ എഫ്‌സിക്കെതിരായ നിർണായക മത്സരത്തിൽ ഒരു ഗോൾ നേടിക്കൊണ്ട് ജിതിൻ ടീമിന്റെ പ്ലേഓഫ് പ്രവേശനം ഉറപ്പിച്ചു.

ലീഗിലെ പ്രകടനം ആ തൃശൂരുകാരന് ഏറെ വൈകാതെ ദേശീയ ടീമിന്റെ വാതിൽ തുറന്നുകൊടുത്തു. 2024 നവംബറിൽ മലേഷ്യക്കെതിരായ മത്സരത്തിൽ ജിതിൻ എം.എസ്. ജീവിതത്തിലാദ്യമായി ഇന്ത്യൻ ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞു. തൃശ്ശൂരിലെ ചെറു മൈതാനങ്ങളിൽ നിന്ന് തുടങ്ങി ഡ്യൂറൻഡ് കപ്പ് ട്രോഫി ഉയർത്തി, ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതുവരെയുള്ള അദ്ദേഹത്തിന്റെ യാത്ര, ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേർസാക്ഷ്യമാണ്.