ഹീറോ ഇൻഡ്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ൽ അരങ്ങേറ്റം കുറിച്ച്, കളിക്കളത്തിലും പോയിന്റ് പട്ടികയിലും ഇതേ വരെ ആധിപത്യം പ്രദർശിപ്പിച്ച ബംഗളൂരു എഫ്‌സി-ക്ക്, 2015-ലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സി വീട്ടിലെ ആദ്യപരാജയം  സമ്മാനിച്ചു. വൈകാരിക നിമിഷങ്ങളും ചടുല നീക്കങ്ങളും നിലയ്ക്കാത്ത ആക്രമണ തന്ത്രങ്ങളും സംഘർഷവുമെല്ലാം ഇഴപിരിച്ച മൽസരത്തിന്റെ ഒടുവിൽ, ചെന്നൈ 2-1 എന്ന സ്‌കോറോടെ മൂന്ന് പോയിന്റുകളും പോയിന്റ് പട്ടികയിൽ സമനിലയും കരസ്ഥമാക്കി.  ജെജെ ലാൽപെക്‌ളുവയും ധനപാൽ ഗണേഷും ചെന്നൈയ്ക്കായി ബംഗളൂരുവിന്റെ വല ചലിപ്പിച്ചപ്പോൾ, ബംഗളൂരു നായകൻ സുനിൽ ഛെത്രി ഏക മറുപടി ഗോൾ നേടി.    

മൽസരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണത്തിന്റെ തീയുണ്ടകളുമായി പാഞ്ഞു തുടങ്ങിയ അതിഥി ടീം, അഞ്ചാമത്തെ മിനിറ്റിൽ തന്നെ ബംഗളൂരുവിന്റെ പ്രതിരോധം തകർത്ത് പന്ത് ഗോൾ വലയുടെ ഉളളിലെത്തിച്ചു. ചെന്നൈയുടെ കൂട്ടപ്പൊരിച്ചിലിനിടയിൽ, ലെന്നി റോഡ്‌റിഗ്‌സിന്റെ ക്ലിയറൻസ് ഛെത്രിയുടെ ശരീരത്തിൽ തട്ടി ജെജെയുടെ നേർക്ക് വന്നു. അത് നെഞ്ചിൽ ഏറ്റു വാങ്ങിയ മിസോ സ്‌നൈപ്പർ തകർപ്പനൊരു ഷോട്ടിലൂടെ തന്റെ  ടീമിന് ലീഡ് നൽകി  (1-0)

തുടക്കത്തിൽ തന്നെ ഏറ്റു വാങ്ങേണ്ടി വന്ന ഗോളിന്റെ അപ്രതീക്ഷിത ഭാരം, ഒരു മറുപടി ഗോൾ നൽകുന്നതിനുളള  ഒരു തിടുക്കം ബംഗളൂരു പക്ഷത്ത് സൃഷ്ടിച്ചു. അവർ ചെന്നൈയുടെ ഗോൾ മുഖത്ത് തീവ്രാവേശത്തോടെ ആക്രണങ്ങൾക്ക് രൂപം കൊടുത്തു കൊണ്ടിരുന്നു. എന്നാൽ അവയുടെ മുനയൊടിക്കുന്നതിന് വേണ്ട നീക്കങ്ങൾ കഴിയുന്നത്രയും ചെന്നൈയും നടത്തിക്കൊണ്ടിരുന്നു. 18-ാം മിനിറ്റിൽ ബ്ലൂസ് സമനില ഗോളിനോട് ഏറെക്കുറെ അടുത്തെത്തി. എഡ്യൂ ഗാർസിയയുടെ ഒരു ലോ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. അവസരം പാർത്തിരുന്ന സുനിൽ ഛെത്രിക്ക് പന്ത് കൈവശപ്പെടുത്താൻ സാധിക്കുന്നതിന് മുൻപായി, ഡിഫന്റർ ഇനിഗോ കാൽഡെറോൺ പന്ത് ക്ലിയർ ചെയ്തു. 

അതിനെത്തുടർന്ന്, ബംഗളൂരു സമ്മർദ്ദ തന്ത്രങ്ങൾ തുടർന്നുവെങ്കിലും അവർക്ക് ആഹ്ലാദത്തിനുളള വക നൽകാതെ ചെന്നൈ  അവർക്ക് അവസരങ്ങൾ നിഷേധിച്ചു കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ, മൽസരത്തിന്റെ ആദ്യ പകുതിയെത്തുന്നതിന് ബാക്കിയുളള സമയത്ത്, ഗോൾ നില മാറ്റമില്ലാതെ തുടർന്നു. ഒരു ഗോളിന്റെ മുൻതൂക്കത്തോടെ തന്നെ, സന്ദർശകർ അർദ്ധ പകുതിയുടെ ഇടവേളയ്ക്കായി കളിക്കളം വിട്ടു.

രണ്ടാം പകുതിയിൽ,  ബംഗളൂരു പക്ഷത്ത് റോഡ്‌റിഗ്‌സിന് പകരമായി ഉദന്ത സിംഗ് എത്തിയത് പെട്ടെന്നുളള പ്രഭാവം സൃഷ്ടിച്ചു. കളി പുനരാരംഭിച്ചതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം വിംഗിൽ നിന്ന് അദ്ദേഹത്തിന്റെ കുതിപ്പിന്റെ ഒടുവിൽ പന്ത് മിക്കുവിലേക്കും മിക്കുവിന്റെ കട്ട്-ബാക്ക് ഛെത്രിയിലേക്കും എത്തിച്ചേർന്നു. പക്ഷേ, ഛെത്രിയുടെ ഗോൾ യത്‌നം ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഫലം കാണാതെ പോയി.

പ്രത്യാകമണത്തിൽ 73-ാം മിനിറ്റിൽ അതിഥി പക്ഷത്തിന് രണ്ട് പ്രാവശ്യം അവസരങ്ങൾ തുറന്നു കിട്ടി. രണ്ട് പ്രാവശ്യവും റാഫേൽ ഓഗസ്‌റ്റോ ലക്ഷ്യത്തിലേക്ക് ഉന്നം തെറ്റാതെ നിറയൊഴിച്ചുവെങ്കിലും എതിർ പക്ഷത്തിന്റെ  ഗോൾ വലയ കാവൽക്കാരൻ ഗുർപ്രീത് സിംഗ് സന്ധു കൃത്യ സ്ഥാനത്ത് സന്നിഹിതനായിരുന്നതിനാൽ പന്ത് ഗോൾ വര കടക്കാതെ അപകടമൊഴിവാക്കി.

മൽസരത്തിന്റെ പൂർണ്ണസമയമെത്തുന്നതിന് വെറും അഞ്ച് മിനിറ്റുകൾ ബാക്കി നിൽക്കെ, മുൻപ് നഷ്ടപ്പെടുത്തിയ ഗോളവസരത്തിന് പ്രായശ്ചിത്തം ചെയ്യുന്നതിന് ഛെത്രിക്ക് അവസരമൊരുങ്ങി. ചെന്നൈ ബോക്‌സിന്റെ അതിരിൽ മാർക്ക് ചെയ്യാതെ നിന്ന ഛെത്രിയിലേക്ക് വായുവിലൂടെ പന്ത് എത്തിച്ചു. ഛെത്രിക്ക് എതിർ പക്ഷ ഗോൾ ഭടൻ കരംജീതിനെ പരാജയപ്പെടുത്തുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. (1-1)

മൂന്ന് മിനിറ്റുകൾക്ക് ശേഷം വലത് ഫ്‌ളാങ്കിൽ നിന്നുളള ഒരു ഫ്രീ-കിക്ക് ചെന്നൈയുടെ ധനപാൽ ഗണേഷ് പിഴവ് കൂടാതെ നടത്തിയ ഒരു ഹെഡ്ഡറിലൂടെ ബംഗളൂരുവിന്റെ വലയ്ക്കുളളിലേക്ക് എത്തിച്ചു (2-1). ഛെത്രിയും രാഹുൽ ബ്ഭേക്കെയും ചേർന്നുളള നിരവധി നീക്കങ്ങളിലൂടെ സമനിലയിലേക്ക് എത്തുന്നതിന് അവസാന നിമിഷ യത്‌നങ്ങൾ നടത്തിയെങ്കിലും ഗോളായി പരിണമിച്ചില്ല. അങ്ങനെ ഈ സീസണിലെ വീട്ടിലെ ആദ്യ പരാജയം സമ്മതിച്ച് ബംഗളൂരു കളിയവസാനിപ്പിച്ചു. 

മാച്ച് അവാർഡുകൾ

ക്ലബ്ബ് അവാർഡ്:  ചെന്നൈയിൻ എഫ്‌സി

സ്വിഫ്റ്റ് മൊമന്റ് ഓഫ് ദ് മാച്ച്: ധനപാൽ ഗണേഷ്

ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ് മാച്ച് അവാർഡ്: റെനെ മിഹെലിക്

അമുൽ ഫിറ്റസ്റ്റ് പ്ലെയർ:  സുനിൽ ഛെത്രി

എമേർജിംഗ് പ്ലെയർ: നിഷു കുമാർ

ഹീറോ ഓഫ് ഓഫ് ദ് മാച്ച്: മെയിൽസൺ ആൽവ്‌സ്