ഡ്യൂറൻഡ് കപ്പ് 2025: മൂന്നാം ഘട്ടത്തിൽ ഐഎസ്എൽ ക്ലബ്ബുകളുടെ കുതിപ്പ്
ഡ്യൂറൻഡ് കപ്പിന്റെ മൂന്നാം ഘട്ടത്തിൽ തോൽവിയറിയാതെ കുതിക്കുന്ന ഐഎസ്എൽ ടീമുകളുടെ പ്രകടനങ്ങൾ പരിശോധിക്കുന്നു

ഡ്യൂറൻഡ് കപ്പ് 2025 ന്റെ മൂന്നാം ഘട്ടത്തിൽ തോൽവിയറിയാതെ കുതിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകൾ. പഞ്ചാബ് എഫ്‌സി സമനില വഴങ്ങിയപ്പോൾ മറ്റ് ക്ലബ്ബുകളെല്ലാം ആധികാരികമായി ജയം കണ്ടെത്തി. ഗ്രൂപ്പ് ഘട്ടത്തിൽ 29 മത്സരങ്ങൾ പൂർത്തിയായതോടെ പ്ലേ ഓഫിലേക്കുള്ള മത്സരവും കടക്കുകയാണ്.
2025-ലെ പതിപ്പിൽ ഐഎസ്എല്ലിൽ നിന്നും പങ്കെടുക്കുന്ന ഈസ്റ്റ് ബംഗാൾ എഫ്സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുഹമ്മദൻ എസ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ജംഷഡ്പൂർ എഫ്സി, പഞ്ചാബ് എഫ്സി ടീമുകളുടെ മൂന്നാം ഘട്ടത്തിലെ പ്രകടനം ഇവിടെ പരിശോധിക്കുന്നു.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്

ഗ്രൂപ്പിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി കുതിക്കുകയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. ഓഗസ്റ്റ് 4 തിങ്കളാഴ്ച കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രീരംഗനിൽ നടന്ന മത്സരത്തിൽ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എഫ്ടിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മറൈനേഴ്സിന്റെ ആധികാരിക ജയം. ലിസ്റ്റൺ കൊളാസോയുടെ ഇരട്ട ഗോളുകളും, മൻവീർ സിങ്, മലയാളി താരം സഹൽ അബ്ദുൽ സമദ് എന്നിവരുടെ ഗോളുകളുമാണ് ടീമിനെ തകർപ്പൻ വിജയത്തിലേക്കെത്തിച്ചത്. പന്ത് കൈവശം വെച്ച് തുടക്കം മുതലേ ആധിപത്യം പുലർത്തിയ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, 24-ാം മിനിറ്റിൽ തങ്ജാം റോഷൻ സിങിന്റെ ക്രോസിൽ നിന്നുള്ള മൻവീർ സിംഗിന്റെ ഹെഡറിലൂടെ ലീഡ് നേടി ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ സഹലും കൊളാസോയും ചേർന്ന് നടത്തിയ നീക്കത്തിലൂടെ ലഭിച്ച അവസരം ലിസ്റ്റൺ കൊളാസോ ഫിനിഷ് ചെയ്ത് ലീഡ് ഇരട്ടിയാക്കി. തുടർന്ന്, അതിമനോഹരമായ നീക്കത്തിലൂടെ കൊളാസോ തന്നെ മൂന്നാമത്തെ ഗോൾ നേടി. 61-ാം മിനിറ്റിൽ സഹൽ നേടിയ ഗോളിലൂടെ എംബിഎസ്ജി 4-0 എന്ന കൂറ്റൻ ലീഡിലേക്കുയർന്നു.
Sealing the moment the Sahal way 😍#MBSG #JoyMohunBagan #আমরাসবুজমেরুন pic.twitter.com/nALLkF54L9
— Mohun Bagan Super Giant (@mohunbagansg) August 6, 2025
ഈ വിജയത്തോടെ, കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഗ്രൂപ്പ് ബി-യിൽ ഡയമണ്ട് ഹാർബർ എഫ്‌സിക്കൊപ്പമെത്തി. എങ്കിലും, ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് അവർ. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള അടുത്ത മത്സരത്തിൽ, ഓഗസ്റ്റ് 9നു എംബിഎസ്‌ജി, ഡയമണ്ട് ഹാർബർ എഫ്‌സിയെ നേരിടും. ഈ മത്സരത്തിലെ ഫലം ഗ്രൂപ്പ് ചാമ്പ്യന്മാരെ തീരുമാനിക്കും.
പഞ്ചാബ് എഫ്സി

ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ഫുട്ബോൾ ടീമിനോട് ഗോൾരഹിത സമനിലയിൽ കുരുങ്ങിയതിന്റെ ക്ഷീണത്തിലാണ് പഞ്ചാബ് എഫ്സി. കൊക്രജാറിൽ നടന്ന മത്സരത്തിൽ, പഞ്ചാബ് എഫ്‌സി തുടക്കം മുതൽ ആധിപത്യം പുലർത്തുകയും നിരവധി ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും, ഫിനിഷിംഗിലെ പിഴവുകൾ കാരണം ലക്ഷ്യം കണ്ടെത്താൻ സാധിച്ചില്ല. മുഹമ്മദ് സുഹൈലും ലിയോൺ അഗസ്റ്റിനും നടത്തിയ മുന്നേറ്റങ്ങൾ ശ്രദ്ധേയമായെങ്കിലും, ഐടിബിപിയുടെ പ്രതിരോധം മറികടക്കാൻ കഴിയാതിരുന്നത് നിരാശയായി.
Despite the draw today, #TheShers occupy the top spot on the table. 🦁💪#PunjabFC #134thEditionofIndianOilDurandCup pic.twitter.com/4VTcTcZ68R
— Punjab FC (@RGPunjabFC) August 6, 2025
ഈ സമനിലയോടെ, കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് പഞ്ചാബ് എഫ്സിക്കും ഐടിബിപിക്കും നാല് പോയിൻ്റ് വീതമായി. ഇതോടെ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കൂടുതൽ കടുപ്പമേറിയതായി. ഗ്രൂപ്പിലെ തങ്ങളുടെ നിർണായകമായ അവസാന മത്സരത്തിൽ, പഞ്ചാബ് എഫ്സി ഓഗസ്റ്റ് 9-ന് ബോഡോലാൻഡ് എഫ്സിയെ നേരിടും. അടുത്ത ഘട്ടത്തിലേക്കുള്ള യോഗ്യത നേടുന്നതിൽ അടുത്ത മത്സരം പഞ്ചാബിന് ഏറെ പ്രധാനപ്പെട്ടതാണ്.
ഈസ്റ്റ് ബംഗാൾ എഫ്സി

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ, ഗ്രൂപ്പിൽ ഒന്നാമതായിരുന്ന നംധാരി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ എഫ്സി കുതിപ്പ് തുടർന്നത്. മത്സരത്തിൽ പകരക്കാരനായി ഇറങ്ങി അരങ്ങേറ്റം കുറിച്ച പുഹമീദ് അഹദാദ് ആണ് ടീമിനായി വിജയഗോൾ നേടിയത്. കളിയുടെ തുടക്കം മുതൽ പൂർണ്ണ ആധിപത്യം പുലർത്തിയ ഈസ്റ്റ് ബംഗാൾ, ആദ്യ പകുതിയിൽ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഒടുവിൽ, രണ്ടാം പകുതിയിൽ കളത്തിലിറങ്ങി ഏഴ് മിനിറ്റിനുള്ളിൽ ഹമീദ് നേടിയ നിർണായക ഹെഡ്ഡർ ഗോളാണ് ഈസ്റ്റ് ബംഗാളിന് വിജയം സമ്മാനിച്ചത്.
𝐉𝐎𝐘 𝐄𝐀𝐒𝐓 𝐁𝐄𝐍𝐆𝐀𝐋 🔥❤️💛#EEBFCNAM #134thEditionofIndianOilDurandCup pic.twitter.com/TuSmBahoSS
— East Bengal FC (@eastbengal_fc) August 6, 2025
മത്സരത്തിൽ 67% പന്ത് കൈവശം വെച്ച് 18 ഷോട്ടുകൾ ഉതിർത്ത് വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും, മുന്നേറ്റനിരയിലെ ഫിനിഷിംഗിലെ പോരായ്മകൾ കൂറ്റൻ ജയത്തിൽ നിന്നും ടീമിനെ മാറ്റിനിർത്തി. ഈ നിർണായക വിജയത്തോടെ, ആറ് പോയിൻ്റുമായി ഈസ്റ്റ് ബംഗാൾ ഗ്രൂപ്പ് എ-യിൽ ഒന്നാം സ്ഥാനത്തേക്ക് നീങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ, ഓഗസ്റ്റ് 10-ന് അവർ ഇന്ത്യൻ എയർ ഫോഴ്സ് എഫ്ടിയെ നേരിടും.
മുഹമ്മദൻ എസ്സി

അവസാന ഗ്രൂപ്പ് മത്സരത്തിൽബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ടീമിനെതിരെ ആധികാരികമായ വിജയം നേടി മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കൊൽക്കത്തൻ ടീമിന്റെ ജയം. അഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ സജൽ ബാഗ് ഒരു പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച സ്കോറിങ്ങിനു തുടക്കമിട്ടപ്പോൾ മഹാരബം മാക്സിയോൺ ഇരട്ടഗോളുകൾ നേടി ടീമിനെ വിജയത്തിലേക്കെത്തിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും നേടി സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ച മുഹമ്മദൻസ്, കളി തങ്ങളുടെ വരുതിയിലാക്കി.
മുൻ മത്സരങ്ങളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോടും ഡയമണ്ട് ഹാർബർ എഫ്സിയോടും പരാജയപ്പെട്ടതിനാൽ മുഹമ്മദൻ എസ്‌സിയുടെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രതീക്ഷകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നു. രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ നേടാൻ സാധിച്ചില്ലെങ്കിലും, ഈ വിജയത്തോടെ തങ്ങളുടെ ഡ്യൂറൻഡ് കപ്പ് ക്യാമ്പയിൻ മികച്ച രീതിയിൽ അവസാനിപ്പിക്കാൻ മുഹമ്മദൻ സ്പോർട്ടിംഗിന് സാധിച്ചു.
ജംഷഡ്പൂർ എഫ്സി

ഡ്യൂറൻഡ് കപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിലും വിജയം തുടർന്ന് ജംഷഡ്പൂർ എഫ്സി ആധികാരികമായി നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. 1 ലഡാക്ക് എഫ്സിയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്. 28-ാം മിനിറ്റിൽ വിൻസി ബരെറ്റോയുടെ ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടെ ലഡാക്ക് താരം സിജുവിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറിയതോടെ ജംഷഡ്‌പൂർ മുന്നിലെത്തി. തുടർന്ന്, രണ്ടാം പകുതിയുടെ തുടക്കത്തിൽ പ്രഫുൽ കുമാർ നേടിയ ഗോളിലൂടെ അവർ തങ്ങളുടെ ലീഡ് ഇരട്ടിയാക്കുകയും മത്സരം പൂർണ്ണമായും നിയന്ത്രണത്തിലാക്കുകയും ചെയ്തു.
WE’RE THROUGH🔥🙌
— Jamshedpur FC (@JamshedpurFC) August 8, 2025
We march into the quarterfinals of the Durand Cup 🚀
JFC 2-0 LFC
[Jam Ke Khelo, Durand Cup 2025, Jamshedpur, #JFCLFC] pic.twitter.com/AKgPAETqF9
ഈ വിജയത്തോടെ, ജംഷഡ്‌പൂർ എഫ്‌സി തങ്ങളുടെ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഒമ്പത് പോയിന്റുമായി ആധികാരികമായി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് സി-യിൽ ഒന്നാം സ്ഥാനക്കാരായാണ് ഖാലിദ് ജമീലിന്റെ ടീം നോക്കൗട്ട് ഘട്ടത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്.
നോർത്ത്ഈസ്റ്റ് യുണൈറ്റഡ്
ഡ്യൂറൻഡ് കപ്പിലെ ആവേശകരമായ വടക്കുകിഴക്കൻ ഡെർബിയിൽ ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.മൊറോക്കൻ താരം അലാവുദ്ദീൻ അജ്റായിയുടെ ഇരട്ട ഗോളുകളാണ് ഹൈലാൻഡേഴ്സിന് വിജയം സമ്മാനിച്ചത്. അജ്റായിയുടെ ഗോളിൽ തുടക്കത്തിൽ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിനെതിരെ, 81-ാം മിനിറ്റിൽ ഷില്ലോങ് ലജോങ് സമനില പിടിച്ചു. എന്നാൽ, വെറും രണ്ട് മിനിറ്റിനുള്ളിൽ അജ്റായി നേടിയ വിജയഗോളിൽ നോർത്ത് ഈസ്റ്റ് മത്സരം സ്വന്തമാക്കുകയായിരുന്നു.
The Highlanders march on! 🥁
— NorthEast United FC (@NEUtdFC) August 8, 2025
Into the quarterfinals of the Durand Cup for the third straight season! #StrongerAsOne #8States1United #134thEditionofIndianOilDurandCup pic.twitter.com/ctuYO4fJYy
ഈ നിർണായക വിജയത്തോടെ, കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടർച്ചയായ മൂന്നാം തവണയും ഡ്യൂറൻഡ് കപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഇരട്ടഗോൾ നേടിയ അലാവുദ്ദീൻ അജ്റായി, രണ്ട് കളികളിൽ നിന്ന് അഞ്ച് ഗോളുകളുമായി നിലവിൽ ടൂർണമെന്റിലെ ടോപ് സ്കോററാണ്. ഓഗസ്റ്റ് 11-ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ അവർ രംഗ്ദാജിയേദ് യുണൈറ്റഡ് എഫ്സിയെ നേരിടും.