റഹീം മുതൽ സാബിയോ വരെ: ബ്ലൂ ടൈഗേഴ്സിന്റെ ഇന്ത്യൻ സാരഥികൾ
ഇന്ത്യൻ ടീമിന്റെ അമരത്ത് കൂടുതലും വിദേശ പരിശീലകരായിരുന്നുവെങ്കിലും, നിർണായക ഘട്ടങ്ങളിൽ ബ്ലൂ ടൈഗേഴ്സിനെ നയിക്കാൻ ചുരുക്കം ചില ഇന്ത്യൻ പരിശീലകരും ഉയർന്നുവന്നിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക അഭിമാന മുഹൂർത്തമാണ്, എന്നാൽ രാജ്യത്തിന്റെ ടീമിനെ നയിക്കാനുള്ള ചുമതല മുന്നിലെത്തുമ്പോൾ അഭിമാനത്തോടൊപ്പം ഉത്തരവാദിത്തവും പതിന്മടങ്ങ് വർധിക്കുന്നു.
കാലാനുസൃതമായി ഇന്ത്യൻ ഫുട്ബോൾ വളർന്നതിനനുസരിച്ച്, രാജ്യത്തിന്റെ ഫുട്ബോൾ സംസ്കാരത്തിൽ വേരൂന്നിയ ഒരു പരിശീലക സംവിധാനം രൂപപെടുത്തിയെടുക്കേണ്ട ആവശ്യകത ശക്തമാകുകയാണ്. ഈ സാഹചര്യത്തിലാണ് ഖാലിദ് ജമീലിന്റെ നിയമനം ഒരു സുപ്രധാന ചുവടുവെപ്പാകുന്നത്.
2012-ന് ശേഷം ഇന്ത്യൻ സീനിയർ പുരുഷ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യക്കാരനായി ജമീൽ മാറുകയാണ്. ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ തിരിച്ചുവരവിനുള്ള ആവശ്യകത ഇന്ത്യക്ക് സംജാതമായിരിക്കെ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഉത്തരവാദിത്തം കൂടുതലാണ്.
ബ്ലൂ ടൈഗേഴ്സിന്റെ പരിശീലകനായി ജമീൽ തന്റെ കരിയറിന്റെ അടുത്ത ഘട്ടം ആരംഭിക്കുമ്പോൾ, മുൻ കാലങ്ങളിൽ ഇന്ത്യൻ ടീമിന്റെ അമരത്തിരുന്ന ഇന്ത്യൻ പരിശീലകരെ അറിയാം.
സയ്യിദ് അബ്ദുൾ റഹീം (1951-62)
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ പരിശീലകൻ. പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങി 63 വർഷങ്ങൾക്കിപ്പുറവും ഇന്നും ഇന്ത്യൻ ഫുട്ബോൾ ലോകം സയ്യിദ് അബ്ദുൾ റഹീം എന്ന വ്യക്തിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 1951-നും 1962-നും ഇടയിൽ പലതവണ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം, ഇന്ത്യൻ ഫുട്ബോളിനെ വലിയ ഉയരങ്ങളിലേക്ക് പിടിച്ചുയർത്തി.
1951-ലെയും 1962-ലെയും ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യ നേടിയ സ്വർണ്ണ മെഡലുകളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങൾ. 1956-ലെ ഒളിമ്പിക്സിൽ ഇന്ത്യയെ നാലാം സ്ഥാനത്തെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
റഹീം തന്റെ തനതായ ഒരു കളിശൈലി അവതരിപ്പിക്കുകയും, തന്ത്രങ്ങളിലൂടെ എതിരാളികളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. 1962-ലെ ഏഷ്യൻ ഗെയിംസിന്റെ സെമിഫൈനലിൽ സൗത്ത് വിയറ്റ്നാമിനെതിരെ ഡിഫൻഡറായ ജർണയിൽ സിംഗിനെ സ്ട്രൈക്കറായി കളിപ്പിച്ചത് ഇതിന് ഉദാഹരണമാണ്. ഈ നീക്കം ഇന്ത്യയെ ഫൈനലിലെത്തിക്കാൻ സഹായിച്ചു.
പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാവിയിലെ പല താരങ്ങളെയും വളർത്തിയെടുത്തതും അദ്ദേഹമാണ്. അദ്ദേഹത്തിന്റെ കാലത്താണ് ഇന്ത്യൻ ടീമിന് "ഏഷ്യയുടെ ബ്രസീൽ" എന്ന വിളിപ്പേര് ലഭിച്ചത്. 1963-ൽ ശ്വാസകോശാർബുദം ബാധിച്ച് റഹീം അന്തരിച്ചു. അദ്ദേഹേത്തിന്റെ വിയോഗ ശേഷം ഇന്ത്യൻ ഫുട്ബോളിന് ഇന്നും ആ ഉയരങ്ങളിൽ എത്താൻ കഴിഞ്ഞിട്ടില്ല.
സുഖ്വീന്ദർ സിങ് (1999-2001, 2005)
രണ്ട് തവണ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച സുഖ്വീന്ദർ സിങ്, ഇന്ത്യയിലെ പല ഇതിഹാസ താരങ്ങളുടെയും കരിയർ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ബൈചുങ് ബൂട്ടിയ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് അദ്ദേഹത്തിന് കീഴിലായിരുന്നു. പിന്നീട്, 2005-ൽ സുനിൽ ഛേത്രിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് ദേശീയ ടീമിൽ അരങ്ങേറ്റം നൽകിയതും സിങ്ങാണ്, പിന്നീട് നടന്നത് ചരിത്രം.
1999-ൽ ഇന്ത്യയെ സാഫ് ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ച അദ്ദേഹം, 2002-ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം നേടി. യോഗ്യതാ മത്സരങ്ങളിൽ ബ്ലൂ ടൈഗേഴ്സ് സ്വന്തം നാട്ടിൽ യുഎഇയെ പരാജയപ്പെടുത്തി. ആകെ ഒരു മത്സരത്തിൽ മാത്രം തോറ്റ ഇന്ത്യ, 11 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തിയ യുഎഇക്ക് വെറും രണ്ട് പോയിന്റ് മാത്രം പിന്നിലായി. യെമനെതിരായ രണ്ട് സമനിലകൾ സിംഗിന്റെ ടീമിന് വിനയായി. ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനം തലനാരിഴയ്ക്കാണ് ഇന്ത്യക്ക് നഷ്ടമായത്. യെമനെതിരായ രണ്ട് കളികളിൽ ഒന്നിൽ ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടിലേക്ക് മുന്നേറാമായിരുന്നു. ഇന്നുവരെയും ഈ നേട്ടം ഇന്ത്യക്ക് കൈവരിക്കാനായിട്ടില്ല.
ഈ പട്ടികയിലെ മറ്റ് പരിശീലകരെപ്പോലെ ഒരുപാട് പുരസ്കാരങ്ങൾ മുൻ ജെസിടി കോച്ചായ സുഖ്വീന്ദർ സിങ് നേടിയിട്ടില്ലായിരിക്കാം. എന്നാൽ, തന്റെ കാലഘട്ടത്തിൽ കടുപ്പമേറിയ എതിരാളികളെ നേരിട്ടും, മികച്ച വിജയശതമാനം നിലനിർത്തിയും അദ്ദേഹം ദേശീയ ടീമിന്റെ ഏറ്റവും മികച്ച ഇന്ത്യൻ പരിശീലകരിലൊരാളായി മാറുന്നു.
സയ്യിദ് നയീമുദ്ദീൻ (1987-89, 1997-98, 2005-06)
മൂന്ന് വ്യത്യസ്ത ദശാബ്ദങ്ങളിലായി മൂന്ന് തവണ ഇന്ത്യയെ പരിശീലിപ്പിച്ച നയീമുദ്ദീൻ, ഇല്ലാത്തവനായും കിരീടങ്ങൾ നേടിയിട്ടുണ്ട്. 1987-ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടിയപ്പോൾ അമൽ ദത്തയുടെ സഹപരിശീലകനായിട്ടാണ് അദ്ദേഹം ആദ്യം പ്രവർത്തിച്ചത്. പിന്നീട് സയ്യിദ് രണ്ട് വർഷത്തേക്ക് ദേശീയ ടീമിന്റെ ചുമതലയേറ്റു.
കളിക്കാരുടെ ശാരീരികക്ഷമതയ്ക്കും ഭക്ഷണക്രമത്തിനും അച്ചടക്കത്തിനും അദ്ദേഹം വലിയ ഊന്നൽ നൽകി. പരിശീലനത്തോടുള്ള അദ്ദേഹത്തിന്റെ കർശനമായ സമീപനം കളിക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ രൂപപെടുത്തിയെങ്കിലും, കായികക്ഷമതയിലുള്ള ഉറച്ചുനിന്ന അദ്ദേഹം കളിക്കളത്തിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തി.
1997-ൽ നയീം ദേശീയ പരിശീലകനായി തിരിച്ചെത്തി, ഇന്ത്യയെ സാഫ് ചാമ്പ്യൻഷിപ്പ് നേടാൻ സഹായിച്ചു. 2005-ൽ മൂന്നാം തവണ പരിശീലകനായി തിരിച്ചെത്തിയപ്പോഴും അദ്ദേഹം ഈ നേട്ടം ആവർത്തിച്ചു. അർജുന അവാർഡും ദ്രോണാചാര്യ അവാർഡും നേടിയ ഏക ഫുട്ബോൾ താരമാണ് നയീമുദ്ദീൻ.
സാബിയോ മെദീര (2011-12)
ഖാലിദ് ജമീലിന് മുൻപ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച അവസാന ഇന്ത്യക്കാരനാണ് സാബിയോ മെദീര. ബോബ് ഹൗട്ടന്റെ സഹപരിശീലകനായിരുന്ന അദ്ദേഹത്തിന്, 2011-ൽ മുഖ്യ പരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു. ഹൗട്ടൻ പോയതിന് ശേഷമുള്ള പരിവർത്തനത്തിന്റെ ഘട്ടത്തിലാണ് അദ്ദേഹം ചുമതലയേറ്റത്. സഹപരിശീലകർക്ക് മുന്നോട്ട് വരാനും ഫലങ്ങൾ നൽകാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
അദ്ദേഹത്തിന്റെ ഹ്രസ്വമായ പരിശീലക കാലയളവിൽ ഇന്ത്യ 2011-ലെ സാഫ് ചാമ്പ്യൻഷിപ്പ് നേടി. എന്നിരുന്നാലും, 2012-ലെ എഎഫ്സി ചലഞ്ച് കപ്പിൽ ടീമിന് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.