ജീക്സൺ സിംഗ്: കോച്ച് ടീമിന് നൽകിയത് പോരാട്ട വീര്യമാണ്
കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മോശം പ്രകടനം അവരുടെ ആരാധകരെ നിരാശയിലേക്ക് തള്ളിവിട്ടിരുന്നു. തുടക്കത്തിൽ നൽകിയ വാഗ്ദാനങ്ങൾ അവസാന ഘട്ട വിജയത്തിലേക്ക് എത്തിക്കാൻ മുൻ സീസണുകളിൽ അവർക്ക് കഴിഞ്ഞിരുന്നില്ല.


കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മോശം പ്രകടനം അവരുടെ ആരാധകരെ നിരാശയിലേക്ക് തള്ളിവിട്ടിരുന്നു. തുടക്കത്തിൽ നൽകിയ വാഗ്ദാനങ്ങൾ അവസാന ഘട്ട വിജയത്തിലേക്ക് എത്തിക്കാൻ മുൻ സീസണുകളിൽ അവർക്ക് കഴിഞ്ഞിരുന്നില്ല. പരിശീലകരുടെയും ഉദ്യോഗസ്ഥരുടെയും നിരന്തരമായ മാറ്റം ഓരോ തവണയും അവർക്ക് തിരിച്ചടിയായി. പക്ഷേ, ഇവാൻ വുകോമാനോവിച്ചിന്റെ വരവ് ടീമിൽ പുത്തൻ ഉണർവ് പകരുകയും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളെ നല്ല രീതിയിൽ സ്വാധീനിക്കുകയും ടീമിന്റെ പിന്നീടങ്ങോട്ടുള്ള പ്രകടനങ്ങൾ ആരാധകരുടെ കണ്ണുകൾക്ക് ദൃശ്യവിരുന്നാകുകയും ചെയ്തു.
2017 ലെ അണ്ടർ 17 ലോകകപ്പിൽ ഫിഫ ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ ഗോളുമായി മുനിരയിലേക്കെത്തിയ ജീക്‌സൺ സിംഗ്, പിന്നീടങ്ങോട്ട് കരിയറിൽ വളരെയധികം പുരോഗമിക്കുകയുണ്ടായി. ഇന്ത്യൻ ആരോസ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി റിസർവ് ടീം, എന്നിവയ്‌ക്കൊപ്പം കളിച്ചതിന് ശേഷം, ഹീറോ ഐഎസ്‌എൽ 2019-20 സീസണിൽ താരം കേരളാ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിൽ കളിച്ചു. ക്ലബിന്റെ ഫലങ്ങൾ മോശമായിരുന്നിട്ടും ഒരു മികച്ച ഫുട്ബോൾ താരമായി സ്വയം വളരാൻ ഈ മിഡ്ഫീൽഡർക്ക് കഴിഞ്ഞു. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഒരു പ്രധാന ശക്തിയാണ് അദ്ദേഹം.
ഹീറോ ഐഎസ്‌എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള തന്റെ മൂന്നാം സീസണിൽ, അദ്ദഹത്തിന്റെ കഠിനാധ്വാനങ്ങൾക്ക് ഒടുവിൽ ഫലമുണ്ടായി. അഞ്ച് സീസണുകൾക്കപ്പുറം ടീം ആദ്യമായി സെമിഫൈനൽ സ്ഥാനത്തേക്ക് മുന്നേറുകയാണ്. ക്ലബിന്റെ ഉയർച്ച താഴ്ചകൾ ഇതിനകം കണ്ടിട്ടുള്ള ജീക്‌സൺ സിംഗിന്, മുഖ്യ പരിശീലകൻ ടീമിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നന്നായി അറിയാം.
“കോച്ച് ടീമിന് നൽകിയത് പോരാട്ട വീര്യമാണ്. എന്ത് സംഭവിച്ചാലും, ഒരുമിച്ച് നിൽക്കുകയും ഒരുമിച്ച് പോരാടുകയും ചെയ്യുന്നതിന്, ആ പോരാട്ടവീര്യം ഞങ്ങളെ വളരെയധികം സഹായിക്കുന്നു, ”ഹീറോ ഐഎസ്‌എൽ മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ ജെക്‌സൺ സിംഗ് പറഞ്ഞു.
“ഇത് ശരിക്കും ബുദ്ധിമുട്ടുള്ള സമയമായിരുന്നു (ക്വാറന്റൈൻ സമയം). ഒരു കോവിഡ് -19 പോസിറ്റീവായ കളിക്കാർക്ക് ഇത് കൂടുതൽ മോശമായ സമയമാണെന്ന് ഞാൻ കരുതുന്നു, പക്ഷേ ലീഗ് പൂർത്തിയായിട്ടില്ല. ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ, മുൻ മത്സരങ്ങളിൽ നമ്മൾ ചെയ്തതിനൊന്നും വിലയില്ലാതാകും. അതിനാൽ, ഞങ്ങൾ പഴയതുപോലെ തുടരണമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് തിരിച്ചുവരണം, കഠിനാധ്വാനം ചെയ്യണം, ട്രോഫിക്കായി പോരാടണം,”.
അഡ്രിയാൻ ലൂണ പ്ലേമേക്കിംഗ് സോണിലെ ജീക്‌സന്റെ ഉറ്റ പങ്കാളിയാണ്. "അഡ്രിയൻലൂണയ്‌ക്കൊപ്പം കളിക്കുന്നത് എനിക്ക് വലിയ സന്തോഷമാണ്. അദ്ദേഹത്തിന് ഒരു ഫുട്ബോൾ താരത്തിനുവേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്, ഓരോ മത്സരത്തിലും അദ്ദേഹം നൽകുന്ന വർക്ക് റേറ്റ് അവിശ്വസനീയമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്.”
ജീക്സൺ മിഡ്‌ഫീൽഡിൽ മികച്ച പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ കളിയിലും ശരാശരി 40 പാസുകൾ, 86.11% കൃത്യതയിൽ, അറ്റാക്കിങ് സോണിനും ഡിഫെൻസിവ് സോണിനും ഇടയിൽ ഒരു അഭിവാജ്യ ഘടകമായി അദ്ദേഹം പ്രവർത്തിക്കുന്നു. ഇതുവരെ 62 ടാക്കിളുകൾ, 33 ഇന്റർസെപ്ഷനുകൾ, 16 ക്ലിയറൻസുകൾ, 22 ബ്ലോക്കുകൾ എന്നിവ ടീമിനായി നടത്തി പ്രതിരോധത്തിൽ അദ്ദേഹം മികവ് കാണിക്കുന്നു. ഇത് ഒറ്റരാത്രികൊണ്ട് നടക്കുന്ന ഒരു പ്രക്രിയയല്ല, മറിച്ച് കഴിവുകൾ വികസിപ്പിക്കുന്നതിനായി വർഷങ്ങളോളം അദ്ദേഹം അധ്വാനിച്ചിട്ടുണ്ട്.
“ഒരു ലോകോത്തര ഡിഫൻസീവ് മിഡ്ഫീൽഡർക്ക് ഉണ്ടായിരിക്കേണ്ട ഗുണനിലവാരം കൃത്യമായ വീക്ഷണവും കളിയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതും എല്ലാവരുമായും ആശയവിനിമയം നടത്തുന്നതും വ്യക്തമായ അവബോധവുമാണെന്ന് ഞാൻ കരുതുന്നു. ഒരു ലോകോത്തര ഡിഫൻസീവ് മിഡ്ഫീൽഡർക്ക് ഉണ്ടായിരിക്കേണ്ട ഗുണം അതാണെന്ന് ഞാൻ കരുതുന്നു".
ഈ സീസണിൽ ഇതുവരെ 13 മത്സരങ്ങളിൽ നിന്ന് ഏറ്റവും കുറവ് ഗോളുകൾ (12) വഴങ്ങിയത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയാണ്. വലിയ പുരോഗതിയാണത്. കാരണം കഴിഞ്ഞ സീസണിൽ 20 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ടീം 36 ഗോളുകൾ വഴങ്ങിയിരുന്നു.
“പരിശീലനത്തിലും മത്സരത്തിലും ഞങ്ങൾ ഒരുമിച്ച് നടത്തിയ കഠിനാധ്വാനമാണ് കുറഞ്ഞ ഗോളുകൾ വഴങ്ങുന്നതിന് കാരണമെന്ന് ഞാൻ കരുതുന്നു. ആരെങ്കിലും തെറ്റ് ചെയ്താൽ, അത് കവർ ചെയ്ത് ടീമിനെ പിന്തുണയ്ക്കാൻ ശ്രമിക്കുകയും എപ്പോഴും ഒരുമിച്ച് ഒതുങ്ങി നിൽക്കുന്നു. അതുകൊണ്ടു തന്നെയാണ് ഞങ്ങൾ കുറച്ച് ഗോളുകൾ മാത്രം വഴങ്ങാൻ കാരണം” അദ്ദേഹം പറഞ്ഞു.
13 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. സെമിഫൈനലിലേക്ക് യോഗ്യത നേടുന്നതിന് അവരുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നായി കുറഞ്ഞത് മൂന്ന് വിജയങ്ങൾ മതിയാകും. തന്റെ ടീമിനെ അവരുടെ ആദ്യത്തെ ഹീറോ ISL ട്രോഫി നേടാൻ സഹായിക്കുക എന്നതാണ് ജീക്‌സൺ സിങ്ങിന്റെയും ടീമിലെ അമിട്ട് താരങ്ങളുടെയും നിലവിലെ ലക്ഷ്യം. ഭാവിയിൽപുതിയ കാര്യങ്ങൾ പഠിക്കാനും ഒരു മികച്ച കളിക്കാരനാകാനും തന്റെ പരിധികൾ വികസിപ്പിക്കാനുമുള്ള പ്രതീക്ഷയിൽ അദ്ദേഹം നിലകൊള്ളുന്നു.
“എനിക്ക് മെച്ചപ്പെടാൻ ധാരാളം കാര്യങ്ങൾ ഉണ്ട്. ജീവിതത്തിൽ പഠനത്തിന് അവസാനമില്ല. എല്ലാ ദിവസവും ഒരു പുതിയ ദിവസമാണ്. ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കഴിയുന്നത്ര സ്വയം മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കും” ജീക്‌സൺ പറഞ്ഞു നിർത്തി.