രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ എംബിഎസ്ജിക്കെതിരെ ജംഷഡ്പൂരിന് ജയം
സ്വന്തം ഹോമിൽ ആദ്യമായാണ് ജംഷെഡ്പൂർ മോഹൻഗാൻ സൂപ്പർ ജയന്റിനെ തോൽപ്പിക്കുന്നത്

ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യ ലെഗ്ഗിൽ ജംഷഡ്പൂർ എഫ് സിക്ക് തകർപ്പൻ വിജയം. മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് മികച്ച പോരാട്ടം പുറത്തെടുത്ത മാൻ ഓഫ് സ്റ്റീൽ, ആഗ്രിഗേറ്റിൽ 2-1 എന്ന നിലയിൽ സെമി ഫൈനൽ ആധിപത്യം കൈപ്പിടിയിലാക്കി. ഹാവിയർ സിവേരിയോ, ഹാവി ഹെർണാണ്ടസ് എന്നിവർ വിജയപക്ഷത്തിനായി വലകുലുക്കിയപ്പോൾ, മറുകരക്കാർക്കായി ജേസൺ കമ്മിൻസ് ഒരു ഗോൾ നേടി. ജെ ആർ ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ, ആദ്യമായി മോഹൻബഗാൻ സൂപ്പർ ജയന്റിനെ അവിടെവച്ച് തോൽപ്പിച്ച് മെൻ ഓഫ് സ്റ്റീൽ പുതുചരിത്രവും രചിച്ചു. പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് 56 പോയിന്റുകളുമായി നിലയുറപ്പിച്ച മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായ, 38 പോയിൻറ്കൾ കൈവശമുള്ള ജംഷഡ്പൂരുമായി വിജയപ്രതീക്ഷയിലാണ് ഏറ്റുമുട്ടിയത്. താരതമ്യേന മികച്ച സീസൺ കളിച്ച രണ്ട് ടീമുകളും 24 മത്സരങ്ങൾ വീതം കളിച്ചപ്പോൾ യഥാക്രമം 17, 12 മത്സരങ്ങളിൽ വിജയങ്ങൾ രണ്ടുപേർക്കും നേടാനായി.
ഖാലിദ് ജമീൽ രണ്ടു മാറ്റങ്ങൾ വരുത്തി ആദ്യ ഇലവൻ ഇറക്കിയ മത്സരത്തിൽ, സ്വന്തം തട്ടകത്തിൽ തിണ്ണമിടുക്ക് കാണിക്കാൻ ലഭിച്ച മികച്ച അവസരമായിരുന്നു ചുവപ്പൻ പടയ്ക്ക്. 5 വിജയങ്ങളുമായി ഹെഡ് ടു ഹെഡിൽ കൂടുതൽ വിജയങ്ങൾ മോഹൻ ബഗാൻ സൂപ്പർ ജയന്റിനു സ്വന്തമാക്കാൻ കഴിഞ്ഞുവെങ്കിലും ഈ മത്സരത്തിൽ അതാവർത്തിക്കാൻ അവർക്ക് സാധിച്ചില്ല. മത്സരത്തിലെ ആദ്യ ആക്രമണം കൊണ്ടുവന്നത് ജംഷഡ്പൂരായിരുന്നു. ഹെഡ് ടു ഹെഡ്ഡിൽ മൂന്നുതവണ എം ബി എസ് ജിയേ തോൽവിയിലേക്ക് പറഞ്ഞയച്ച ജംഷഡ്പൂർ 2 മത്സരം സമനിലയിൽ എത്തിച്ചിരുന്നു. നാലാം മിനിറ്റിൽ ജംഷഡ്പൂർ എതിർ ബോക്സിലേക്ക് ആക്രമണം അഴിച്ചുവിടുകയും സനാൻ മികച്ച ഒരു ഷോട്ട് തൊടുക്കുകയും ചെയ്തു എങ്കിലും, പന്ത് ആശിഷ് റായാൽ തടയപ്പെട്ടു. റായിയുടെ കയ്യിൽ പന്ത് തട്ടിയെങ്കിലും പെനാൽറ്റി വിളിക്കാഞ്ഞത് ആദ്യ മിനിറ്റുകളിൽ തന്നെ മത്സരത്തെ ചൂടുപിടിപ്പിച്ചു. മത്സരത്തിലെ ആദ്യ ഗോൾ സ്കോർ ചെയ്തത് ആതിഥേയർ തന്നെയാണ്. ഇരുപത്തിനാലാം മിനിറ്റിൽ മലയാളി താരം സനാൻ നേടിയെടുത്ത ഒരു ത്രോ ഇൻ കളിയുടെ ഗതി മാറ്റി. ടീമിലെ മറ്റോരു മലയാളി താരമായ മുഹമ്മദ് ഉവൈസ് ഈ അവസരം മുതലാക്കി ലോങ് ത്രോ എടുക്കുകയും സ്റ്റീഫൻ എസേയുടെ ഫ്ലിക്കിംഗ് ഹെഡ്ഡർ വഴി സിവേറിയോയുടെ തലയിലേക്ക് പന്ത് എത്തിച്ചേരുകയും, ശേഷം പന്ത് വലയുടെ അകത്ത് പതിക്കുകയും ചെയ്തു. സ്കോർ; ഒന്ന് - പൂജ്യം!
മുപ്പത്തിമൂന്നാം മിനിട്ടിൽ ഗ്രേഗ് സ്റ്റുവർട്ട് എടുത്ത ഫ്രീ കിക്ക് നല്ലൊരവസരമാക്കി മാറ്റാൻ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്‌സിന് കഴിഞ്ഞെങ്കിലും ആൽബർട്ടോ റോഡ്രിഗസിന് ഗോൾ കണ്ടെത്താൻ പക്ഷെ കഴിഞ്ഞില്ല. അതിനു 36ാം മിനിറ്റിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്‌സ് പ്രതിവിധി കണ്ടെത്തി. ഒരു വേൾഡ് ക്ലാസ് ഫ്രീക്കിക്കുമായി ജയ്സൺ കമിൻസ് തൻ്റെ ടീമിനെ സമനിലയിലേക്ക് എത്തിച്ചു. പെനാൽറ്റി ഏരിയയ്ക്ക് വളരെ പുറത്തുനിന്ന് ലഭിച്ച ഒരു ഫ്രീക്ക ആയിരുന്നു അതെങ്കിലും മികവുകൊണ്ട് മത്സരത്തിന്റെ ഒഴുക്ക് തിരിച്ചുപിടിക്കാൻ കമ്മിൻസിന് സാധിച്ചു. ലീഡിനുവേണ്ടി രണ്ട് ടീമുകളും ഒന്നാം പകുതിയുടെ ശേഷിക്കുന്ന മിനിറ്റുകളിൽ ആക്രമിച്ചു കളിച്ചെങ്കിലും ഫലമുണ്ടായില്ല. ആവേശോജ്വലമായ ഒന്നാം പകുതിക്ക് ശേഷം വിസിൽ മുഴങ്ങിയപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിലെ ആദ്യ മുന്നേറ്റം കൊണ്ടുവന്നത് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്‌സാണ്. ലിസ്റ്റൺ കൊളാസോയുടെ ലോങ്ങ് റേഞ്ചർ ചെറിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി എങ്കിലും രണ്ടാം പകുതിയുടെ ആവേശത്തിന് ആ ഷോട്ട് തിരികൊളുത്തി. ഒരു സെമി ഫൈനൽ മത്സരത്തിന്റെ എല്ലാ വാശിയും വീറും നിറഞ്ഞ പോരാട്ടമായിരുന്നു രണ്ടാം പകുതിയുടെ ശേഷിക്കുന്ന നിമിഷങ്ങളിൽ. ഇരുപാർശ്വഭാഗങ്ങളിലേക്കും കയറിയിറങ്ങി ആക്രമണങ്ങൾ നടത്തിയ രണ്ടു ടീമുകളും ജെ ആർ ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിലെ ആരാധകരെ ആവേശത്തിന്റെ പരമോന്നതിയിൽ എത്തിച്ചു.
മത്സരത്തിന്റെ റെഗുലർ ടൈമിലെ 90 മിനിറ്റ് അവസാനിച്ച് അധികസമയമാരംഭിച്ച ആദ്യ മിനിറ്റിൽ തന്നെ ഋതിക് ദാസ് നീട്ടി നൽകിയ പന്തിനെ വലയ്ക്കകത്തേക്ക് വഴിതിരിച്ചുവിട്ട് ഹാവി ഹെർണാണ്ടസ് ജംഷഡ്പൂർ എഫ് സിയെ വീണ്ടും മുന്നിലേയ്ക്കെത്തിച്ചു വിജയമുറപ്പിച്ചു. തൻ്റെ സീസണിലെ ഒൻപതാം ഗോൾ നേടിയ ഹാവി, ജംഷഡ്പൂരിന് നേടിക്കൊടുത്തത് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്‌സിനോടുള്ള നീണ്ട ആറു മത്സരങ്ങൾക്ക് ശേഷമുള്ള വിജയമാണ്. ജംഷഡ്പൂർ ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്‌സിനെ തങ്ങളുടെ തട്ടകത്തിൽ തോൽപ്പിച്ച് അഗ്രിഗേറ്റിൽ മുന്നിലെത്തി. സാൾട്ട് ലേയ്ക്കിൽ ഏപ്രിൽ 7ാം തീയതിയാണ് രണ്ടാം ലെഗ് സെമി ഫൈനൽ.