ഇവാൻ വുകുമാനോവിക്: ഞങ്ങൾക്ക് എളിമയും ശ്രദ്ധയും ഏകാഗ്രതയും ഉണ്ടായിരിക്കണം

ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ചരങ്ങേറിയ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ അമ്പത്തിയെട്ടാം മത്സരത്തിൽ ഒഡിഷ എഫ്‌സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. പ്രധിരോധ താരങ്ങളായ നിഷു കുമാറും ഹര്‍മന്‍ജോത് ഖബ്രയുമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഗോളുകൾ നേടിയത്. രണ്ടു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തോൽവി വഴങ്ങാത്ത തുടർച്ചയായ പത്താം മത്സരമാണിത്. ഇന്നത്തെ മൂന്നു പോയിന്റോടു കൂടി, 11 മത്സരങ്ങളില്‍ നിന്നായി അഞ്ച് വീതം വിജയവും സമനിലയും ഒരു തോല്‍വിയുമടക്കം 20 പോയിന്റുകൾ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി.  ഈ തോല്‍വിയോടെ ഒഡിഷ എഫ്‌സി എട്ടാം സ്ഥാനത്ത് തുടരുന്നു. ടീമിന് 10 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റാണുള്ളത്.

മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിക് പങ്കെടുത്തു. പത്രസമ്മേളനത്തിൽ പ്രധാന ഭാഗങ്ങൾ വായിക്കാം.

"ഞങ്ങൾ ആരംഭിച്ചത് മുതൽ ഞങ്ങളുടെയും ടീമിന്റെയും മുകളിൽ ഒരു തരത്തിലുള്ള സമ്മർദ്ദവും ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തോൽവി വഴങ്ങാത്ത 10 മത്സരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, സ്ഥിതിവിവരക്കണക്കുകളിൽ ചിന്തിച്ചിരിക്കാൻ ഞങ്ങൾക്കാവില്ല എന്ന് പറയാം. ഞങ്ങൾക്ക് അങ്ങനെ ചിന്തിക്കാൻ കഴിയില്ല. ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. മികച്ച ടീമും സീസണും കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ഞങ്ങൾ പല തരത്തിൽ പടിപടിയായി മെച്ചപ്പെടുന്നുവെന്ന് ഞാൻ കരുതുന്നു. ഒരു കോച്ചിംഗ് സ്റ്റാഫ് എന്ന നിലയിൽ, അതിലെനിക്ക് വളരെ സന്തോഷമുണ്ട്."

"ഞങ്ങളുടെ ടീം അജയ്യരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മുംബൈ സിറ്റിക്കും ചെന്നൈയിനും എതിരെയുള്ള ക്ലീൻ ഷീറ്റിൽ തീർച്ചയായും ഞങ്ങൾ സന്തുഷ്ടരാണ്. ഈ സീസണിൽ അഞ്ച് ക്ലീൻ ഷീറ്റുകൾ നേടിയ ഒരേയൊരു ടീം ഞങ്ങളാണ്. എന്നാൽ വീണ്ടും ഞാൻ പറയുന്നു, ഞങ്ങൾ അതിനെക്കുറിച്ചൊന്നും കൂടുതൽ ചിന്തിക്കുന്നില്ല"

"മത്സരത്തിൽ ഞങ്ങൾ ഗോളുകൾ സ്കോർ ചെയ്യാൻ തുടങ്ങുമ്പോൾ, എതിരാളികൾ ഞങ്ങളുടെ പ്രധാന കളിക്കാരിലും പ്രധാന നിമിഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങും. തുടർന്ന് അവസരത്തിനൊത്ത് മാറാനും പരിഹാരം കണ്ടെത്താനും ശ്രമിക്കണം. അതാണ് നമ്മൾ ഇന്ന് കണ്ടത്. പരിക്കിനെത്തുടർന്ന് ഏറെ നാളുകൾ കളിക്കളത്തിൽ നിന്ന് വിട്ടു നിന്നതിനു ശേഷം തിരിച്ചെത്തിയ നിഷു വളരെ മനോഹരമായി ഒരു ഗോൾ നേടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം സ്വയം മെച്ചപ്പെടുകയും കളിക്കളത്തിൽ കൂടുതൽ ശക്തനാവുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മറുവശത്ത്, ഖബ്ര സെറ്റ്-പീസുകളിൽ വളരെ അപകടകാരിയായ കളിക്കാരനാണ്. അദേഹവും ഒരു നല്ല ഗോൾ നേടി, ഞങ്ങൾ പരിശീലന സെഷനുകളിൽ പരിശീലിക്കുന്ന തരത്തിലുള്ള ഒരു ഗോൾ. ഞങ്ങൾ ശരിക്കും സന്തോഷത്തിലാണ്."

"ഞങ്ങൾക്ക് എളിമയും ശ്രദ്ധയും ഏകാഗ്രതയും ഉണ്ടായിരിക്കണം, കാരണം കഴിഞ്ഞ വർഷം ഞങ്ങൾ താഴെ നിന്ന് രണ്ടാം സ്ഥാനത്തായിരുന്നു സീസൺ അവസാനിപ്പിച്ചത്. അതിനാൽ ഞങ്ങൾ ഒരിക്കലും വലിയ വാക്കുകൾ പ്രഖ്യാപിക്കരുത്. ഞങ്ങൾ മത്സരിക്കാൻ ആഗ്രഹിക്കുന്നു. ലീഗ് മികച്ചതാണ്, എല്ലാ ടീമുകളും റാങ്കിങ് പട്ടികയിൽ മുകളിൽ നിൽക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ഭാവി ഞങ്ങൾക്കായി എന്താണ് നൽകുക എന്ന് കാത്തിരുന്ന് കാണാം" വുകുമാനോവിക് പറഞ്ഞു.

Your Comments

Your Comments