ഇവാൻ വുകോമനോവിച്ച്: എല്ലാ മത്സരങ്ങളും ജയിക്കണമെന്ന ചിന്താഗതിയാണ് ആവശ്യം
ബെംഗളൂരു vs കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനോവിച്ചും ഗോൾ കീപ്പർ കരൺ ജിത്തും.
മാർച്ച് രണ്ടിന് ബംഗളുരുവിലെ ശ്രീ കണ്ടീവര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ പതിനേഴാം മത്സരത്തിൽ ബംഗളുരുവിനെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇരു ടീമുകളും ബംഗളുരുവിൽ ഏറ്റുമുട്ടിയ 2023 മാർച്ചിൽ നടന്ന അവസാന മത്സരം വിവാദങ്ങൾക്കൊടുവിലാണ് അവസാനിച്ചത്. ഒരു വർഷത്തിനപ്പുറം ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ സീസണിലെ ഏറ്റവും കാത്തിരുന്ന മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടെയും ഔദ്യോഗീക പേജിലും ഫാൻ പേജുകളിലും ചർച്ചകൾ കൊഴുക്കുകയാണ്. എന്തായാലും പ്രതീക്ഷകൾക്കും വിവാദങ്ങൾക്കുമപ്പുറമാകും മത്സരമെന്നുറപ്പ്.
മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനോവിച്ചും ഗോൾ കീപ്പർ കരൺ ജിത്തും പങ്കെടുത്തു.
“ഈ മത്സരങ്ങളിൽ ഹോം ടീം എല്ലായ്പ്പോഴും പ്രിയപ്പെട്ടതാണ്. എന്നാൽ ഞങ്ങൾ ലീഗിന്റെ അവസാന ഘട്ടത്തിലാണ്, ഹോം ആയാലും എവേ ആയാലും എല്ലാ മത്സരങ്ങളും കഠിനമായിരിക്കും.” ഇവാൻ പറഞ്ഞു.
സീസണിന്റെ അവസാന ഘട്ടത്തിൽ പരിക്കുകളും ക്ഷീണവും മൂലം വലയേണ്ടിവരുന്ന ടീമുകളിൽ മാറ്റമുണ്ടാക്കാൻ സാധിക്കുന്നത് കളിക്കാരുടെ മാനസികാവസ്ഥയായിരിക്കുമെന്ന് വുകോമാനോവിച്ച് അഭിപ്രായപ്പെട്ടു. “ഈ ലീഗിൽ, റാങ്കിങ് ടേബിളിലെ സ്ഥാനം ഒരിക്കലും ഒരു പ്രശ്നമല്ല. എല്ലാം ആശ്രയിച്ചിരുന്നത് കളിക്കാരുടെ മാനസികാവസ്ഥയെയാണ്. ഞങ്ങൾ ആഗ്രഹിക്കുന്നത്ത് എല്ലാ കളിയും ജയിക്കാനുള്ള റാങ്കിങ് ടേബിളിന്റെ മുകളിൽ തുടരാൻ ആഗ്രഹിക്കുന്ന മാനസികാവസ്ഥയാണ്.”അദ്ദേഹം പറഞ്ഞു.
“പരിക്കേറ്റ കളിക്കാരെ വീണ്ടെടുക്കാൻ ടീമുകൾ ശ്രമിക്കുന്ന വിചിത്രമായ സമയമാണിത്. ഏഷ്യൻ കപ്പിന് പോയ ഇന്ത്യൻ താരങ്ങൾ പോലും മികച്ച ഫോമിലല്ല. അതിനാൽ, എന്തും സംഭവിക്കാം. അതിനാൽ, ഞങ്ങൾ സ്വയം മെച്ചപ്പെടുത്തുകയും പോയിന്റുകൾ നേടാനുള്ള വഴി കണ്ടെത്തുകയും വേണം.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ബംഗളുരുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഒരിക്കലും വിജയിക്കാനായിട്ടില്ല. എന്നാൽ വരുന്ന മത്സരത്തിൽ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ തന്റെ ടീമിന് ലഭിക്കാൻ സാധ്യതയുള്ള പിന്തുണ മികച്ച പ്രകടനം നടത്താൻ തങ്ങളെ പ്രേരിപ്പിക്കുമെന്ന് വുകോമാനോവിച്ച് കരുതുന്നു. “തീർച്ചയായും, ആരാധകർ വലിയ തോതിൽ വരുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ പിന്തുണ ഞങ്ങൾക്കെപ്പോഴും ഉണ്ട്. അവരെ കാണുമ്പോൾ ഞങ്ങൾക്ക് അവർക്കുവേണ്ടി പോരാടാൻ ആഗ്രഹമുണ്ട്. നമുക്ക് ഒരു നല്ല കളി ലഭിക്കുമെന്നും മികച്ച ടീം വിജയിക്കുമെന്നും പ്രതീക്ഷിക്കാം.”അദ്ദേഹം പറഞ്ഞു.
ബെംഗളൂരു എഫ്‌സി മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ഗോൾകീപ്പർ കരൺജിത് സിംഗ് പങ്കെടുത്തു. കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മൂന്നു വര്ഷം ടീമെങ്ങനെ പുരോഗമിച്ചുവെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “കഴിഞ്ഞ മൂന്ന് സീസണുകളിലും ഞങ്ങൾ മികച്ച പ്രകടനമാണ് നടത്തുന്നത്. രണ്ട് വർഷം മുമ്പ് ഞങ്ങൾ ഫൈനലിൽ എത്തി, കഴിഞ്ഞ സീസൺ പ്ലേഓഫിലും. ഈ സീസണിലും ഞങ്ങൾ നന്നായി കളിക്കുന്നു. റിസർവ്സ് ടീമിൽ നിന്ന് വരുന്ന നിരവധി യുവതാരങ്ങളുണ്ട്, അവർക്ക് അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ്എല്ലിൽ തന്റെ ഏഴാം സീസണിൽ പ്രവേശിച്ച കരൺജിത്തിന് ഈ സീസണിൽ സച്ചിൻ സുരേഷിന് പരിക്കേറ്റ നിർണായക സാഹചര്യത്തിലാണ് അവസരം ലഭിച്ചത്. രണ്ടു തവണ കിരീട നേട്ടത്തിൽ പങ്കാളിയായ ആദത്തിന്റെ അനുഭവ സമ്പത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് ഈ നിർണായക അവസരത്തിൽ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. “അവസരം ലഭിക്കുമ്പോൾ ഞാൻ എപ്പോഴും സന്തോഷവാനാണ്. അവസരം കിട്ടുമ്പോഴെല്ലാം നന്നായി പെർഫോം ചെയ്യുക എന്നത് എന്റെ ജോലിയാണ്. ഞങ്ങൾക്ക് ആറ് പ്രധാനപ്പെട്ട ഗെയിമുകൾ കൂടിയുണ്ട്. എല്ലാ മത്സരങ്ങളും ജയിക്കാൻ ഞങ്ങൾ ശ്രമിക്കും. എവിടെ അവസാനിപ്പിക്കാൻ കഴിയുമെന്ന് നോക്കാം." അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സും സ്ഥിരക്കായി പരിശ്രമിക്കുന്ന ബെംഗളൂരുവും റാങ്കിങ്ങിൽ നാലോളം സ്ഥാനങ്ങളുടെ വ്യത്യാസത്തിലാണ് നിൽക്കുന്നത്. പതിനാറു മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ അഞ്ചാമതും പതിനേഴു മത്സരങ്ങളിൽ നിന്ന് പതിനെട്ടു പോയിന്റുമായി ബെംഗളൂരു റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തുമാണ്. അവസാന മത്സരത്തിൽ വിജയിച്ച ആത്മവിശ്വാസത്തിലാകും ഇരു ടീമുകളും ഇറങ്ങുക. എന്നാൽ ഗോവക്കെതിരായ മത്സരത്തിൽ പരിക്കുമൂലം സീസൺ നഷ്‌ടമായ പ്രധാന താരങ്ങളുടെ അഭാവത്തിലും രണ്ടു ഗോളുകൾക്ക് പിറകിൽ നിന്നതിനു ശേഷം നാലു ഗോളുകൾ തിരിച്ചടിച്ച് ചരിത്രം തിരുത്തിയ ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശാസം ബെംഗളുരുവിനെയും പ്രതിസന്ധിയിലാഴ്ത്തിയേക്കാം.
കേരളാ ബ്ലാസ്റ്റേഴ്സിൽ മികച്ച ഫോമിലുള്ള ദിമിത്രിയോസും സച്ചിൻ സുരേഷിന്റെ അഭാവത്തിൽ ഗോൾപോസ്റ്റിന്റെ കാവലേറ്റെടുത്ത കരൺ ജിത്തും ബെംഗളൂരു എഫ്‌സിക്ക് വേണ്ടി മുപ്പത്തിയഞ്ചു മത്സരങ്ങൾ കളിച്ച ഡാനിഷ് ഫാറൂക്കും ഫെഡോർ സെർണിച്ചും മറ്റു യുവതാരനിരയും ചേരുമ്പോൾ ഹോം ഗ്രൗണ്ടിന്റെ ഗുണവശങ്ങൾ ബംഗളുരുവിനെ തുണക്കുമോയെന്ന് കാത്തിരുന്ന് കാണാം.