ഇവാൻ വുകോമാനോവിച്ച്: ഈ രീതിയില്ല ഞങ്ങൾ കളിയ്ക്കാൻ ആഗ്രഹിച്ചത്

ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ പതിനാലാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിട്ടു. ഗോവ വിജയം സ്വന്തമാക്കിയ മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പങ്കെടുത്തു.
ഇന്നത്തേതുൾപ്പടെ കഴിഞ്ഞ മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കുറച്ചധികം ഗോളുകൾ വഴങ്ങിയത് മാർക്കോ ലെസ്‌കോവിച്ചിന്റെ അഭാവം മൂലമാണോ എന്ന ചോദ്യത്തിനോടാണ് ഇവാൻ ആദ്യം പ്രതികരിച്ചത്. "ഇല്ല. ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല. അവരവരുടെ ജോലികൾ ചെയ്യാൻ ഞങ്ങൾക്ക് ആവശ്യത്തിന് കളിക്കാറുണ്ടെന്നാണ് ഞാൻ കരുതുന്നത്. ആരുണ്ടെങ്കിലും ഇല്ലെങ്കിലും സ്‌ക്വാഡിലുള്ള കളിക്കാർ ഇപ്പോഴും കളിയ്ക്കാൻ തയ്യാറായിരിക്കണം. ഒരു കളിക്കാരന്റെ അഭാവം കളിയെ ബാധിച്ചു എന്ന് പറയുന്ന പരിശീലകൻ അല്ല ഞാൻ. എല്ലാ സീസണിന് മുൻപും പരിക്കുകളും കാർഡുകളിൽ നിന്നുള്ള സസ്പെൻഷനുകളും ഉണ്ടാകും. അതുപോലെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്തേ മതിയാകൂ."
"കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഞങ്ങൾക്ക് ധാരാളം വ്യക്തിഗത പിഴവുകൾ സംഭവിച്ചു. അത് അംഗീകരിക്കാനാകാത്തതാണ്. പ്രത്യേകിച്ചും ലീഗിലെ മികച്ച ടീമുകളെ നേരിടുമ്പോൾ കാര്യങ്ങൾ കൈകാര്യം ചെയ്തേ മതിയാകൂ. ഇത്തരത്തിലുള്ള വ്യക്തിഗത പിഴവുകൾ സംഭവിച്ചാൽ അത് ഗോളുകൾ വഴങ്ങാൻ കാരണമാകും. ശ്രദ്ധയോടെ ഏകാഗ്രതയോടെ ആത്മാർത്ഥയോടെ അച്ചടക്കത്തോടയായിരിക്കണം ഇത്തരം മത്സരങ്ങളെ സമീപിക്കേണ്ടത്. ഇത്തരം പിഴവുകൾ ആദ്യ പകുതിയിൽ സംഭവിക്കുമ്പോൾ അതിന് നൽകേണ്ടി വരുന്നത് പോയിന്റുകളാണ്. തുടർച്ചയായ തോൽവികൾ എളുപ്പമല്ല. എന്നാൽ ഞങ്ങളത് കൈകാര്യം ചെയ്തേ മതിയാകൂ." അദ്ദേഹം പറഞ്ഞു.
ഈ രണ്ടു തോൽവികൾ ടീമിന്റെ താളത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന്, " തീർച്ചയായും ഇല്ല. ഇനിയും ആറ് കളികളുണ്ട്. ഇന്ന് രാത്രി ഈ മത്സരത്തെക്കുറിച്ച് ചിന്തിക്കും. ഒരുറക്കത്തിന് ശേഷം അത് മറന്ന് മറ്റുള്ള കാര്യങ്ങൾ വിശകലം ചെയ്യാനുണ്ട്. കാരണം അത് കഴിഞ്ഞു പോയതാണ്, അടുത്ത പടിയെക്കുറിച്ച് ചിന്തിക്കണം. കാരണം ഇത് ഫുട്ബോളാണ്. ചില കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ സമയമുണ്ടാകില്ല. പ്ലേ ഓഫിൽ പങ്കെടുക്കണമെങ്കിൽ ഇത്തരം പിഴവുകൾ സംഭവിക്കാൻ പാടില്ല.”
“ആദ്യ പകുതി ന്ജങ്ങൾ കളിച്ച രീഅത്തിയിൽ ഞാൻ സന്തോഷവാനല്ല. ഈ രീതിയില്ല ഞങ്ങൾ കളിയ്ക്കാൻ ആഗ്രഹിച്ചത്, ഈ രീതിയിലല്ല ടീം കളിയ്ക്കാൻ ആഗ്രഹിച്ചത്. രണ്ടാം പകുതിയിൽ ഞങൾ കാണിക്കാൻ ആഗ്രഹിച്ച രീതിയിൽ കളിച്ചു. പ്ലേയ് ഓഫിൽ പങ്കെടുക്കാൻ എങ്ങനെ കളിക്കണമോ അങ്ങനെ കളിച്ചു." അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഗോവ വിജയം സ്വന്തമാക്കിയത്. ഗോവക്കായി നോഹ് വെയ്ൽ സദൗയി, ഇക്കർ ഗുരോത്‌ക്‌സേന, റെഡീം ത്ലാങ് എന്നിവരും കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിട്രിയോസ് ഡയമന്റകോസും ഗോളുകൾ നേടി. മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സൗരവ് മണ്ഡലിന്റെ ഫൗളിൽ ബ്രാൻഡൻ ഫെർണാണ്ടസ് ബോക്‌സിനുള്ളിൽ വീണു. തുടർന്ന് റഫറി ഗോവക്കനുകൂലമായി പെനാൽറ്റി നൽകി. പെനാലിറ്റി ഷോട്ടെടുത്ത ഗോവൻ താരം ഇക്കർ ഗുരോത്‌ക്‌സേനയുടെ ഷോട്ട് ഗില്ലിനെ കബളിപ്പിച്ച് അനായാസമായി വല തുളച്ചു. മത്സരത്തിന്റെ നാല്പതിമ്മൂന്നാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. ഗോവക്ക് വേണ്ടി സന്ദീപ് സിംഗിന്റെ ഹെഡ്ഡെർ വരുതിയിലാക്കിയ ഇക്കർ ഗുരോത്‌ക്‌സേനയുടെ ഷോട്ടാണ് ഗോളായി പരിണമിച്ചത്. ആദ്യ പകുതി ഗോവയുടെ രണ്ടു ഗോളിന്റെ ലീഡിൽ അവസാനിച്ചു.
അൻപത്തിയൊന്നാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി. അഡ്രിയാൻ നുണയുടെ അസിസ്റ്റിൽ ദിമിട്രിയോസ് ഡയമന്റകോസാണ് മികച്ച ഹെഡ്ഡെറിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്. പകരക്കാരനായി കളത്തിലിറങ്ങി എട്ടാം മിനിറ്റിൽ ഗോവക്കായി റെഡീം ത്ലാങ് ഗോൾ നേടി. മത്സരത്തിന്റെ അറുപത്തിയൊമ്പതാം മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസിന്റെ അസിസ്റ്റിലാണ് ഗോവയുടെ മൂന്നാം ഗോൾ പിറന്നത്.
ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ മൂന്നിനെതിരെ ഒരു ഗോളിന് എഫ്‌സി ഗോവ വിജയം സ്വന്തമാക്കി. ഹീറോ ഓഫ് ദി മാച്ച് അവാർഡ് ബ്രാൻഡൻ ഫെർണാണ്ടസിന് ലഭിച്ചു. മത്സരവിജയത്തോടെ മൂന്നു പോയിന്റുകൾ സ്വന്തമാക്കിയ അഞ്ചാം സ്ഥാനത്തേക്കുയർന്നു. പതിനഞ്ചു മത്സരങ്ങളിൽ നിന്നായി ഇരുപത്തിമ്മൂന്നു പോയന്റുകളാണ് ഗോവയുടെ സമ്പാദ്യം. പതിനാലു പോയിന്റുകളിൽ നിന്ന് ഇരുപത്തിയഞ്ചു പോയിന്റുകളുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തു തുടരുന്നു. ജനുവരി 29ന് കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം.