ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ എട്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ നേരിട്ടു. ഇരു ടീമുകളും മൂന്നു വീതം ഗോളുകൾ നേടിയ മത്സരം സമനിലയിൽ കലാശിച്ചു. മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പങ്കെടുത്തു

പെപ്രയുടെ ഗോളിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു തുടങ്ങി. "പെപ്രയെ സൈൻ ചെയ്തപ്പോൾ അദ്ദേഹത്തിന് പൊട്ടൻഷ്യൽ ഉണ്ടെന്ന് ഞങ്ങൾ കണ്ടിരുന്നു. അദ്ദേഹത്തിന് കളിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ പ്രീ സീസണിൽ വൈകിയെത്തുമ്പോൾ കൃത്യമായ പരിശീലന കാലയളവില്ലാതെ, ഇന്ത്യൻ സൂപ്പർ ലീഗ് പോലൊരു ടൂർണമെന്റിൽ അതെളുപ്പമല്ല. അത് കഠിനമാണ്. ചൂട്, ഹ്യൂമിഡിറ്റി എന്നിവ." 

"ചില വിദേശ താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുമ്പോൾ ഇതൊരു എളുപ്പമുള്ള ലീഗാണെന്നും ഞാൻ മികച്ച പ്രകടനം കാഴ്ചവക്കുമെന്നും പറയും. പക്ഷെ വന്നതിനു ശേഷം അവർ വിഷമിക്കും. ഇത് എല്ലാ വിദേശ താരങ്ങൾക്കും സമാനമാണ്. അവർക്ക് സമയം ആവശ്യമാണ്. പരിശീലനത്തിലെ പല കാര്യങ്ങൾ കണക്കിലെടുക്കുമ്പോളും അദ്ദേഹം മെച്ചപ്പെടുകയാണ്. അദ്ദേഹം മാത്രമല്ല, എല്ലാ താരങ്ങളും. പക്ഷെ കാര്യങ്ങൾ പ്രധാനമാണ്. പെപ്രക്ക് ഇന്ന് ഗോൾ നേടാനായതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഞങ്ങളുടെ ആക്രമണത്തിനും ഏറെ പ്രയോജനം ചെയ്തു. കളിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള കളിക്കാരനാണ് പെപ്ര." 

"ദിമിത്രിയോസ് ഒരു മികച്ച സ്ട്രൈക്കേറാണ്. ഒരു ഫുട്ബാൾ താരമെന്ന നിലയിൽ അദ്ദേഹത്തിനുള്ള ഗുണങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സിലെ മറ്റേതു താരത്തിനും മാതൃകയാണ്. ദിമിത്രിയോസിന് ഇടം നൽകരുത്, ഇടം ലഭിച്ചാൽ ദിമിത്രിയോസ് സ്കോർ ചെയ്യുമെന്ന് ടീമിൽ പറയാറുണ്ട്. ഗോൾ നേടാനുള്ള വിശപ്പുണ്ട് ദിമിത്രിയോസിന്. ലൂണക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പരിശീലന സെക്ഷനുകൾ അദ്ദേഹത്തിന് നഷ്ടമായി. അദ്ദേഹത്തിന്റ മാനസികാവസ്ഥ മികച്ചതാണ്. അവസാനം വരെ പോരാടാൻ അദ്ദേഹം ആഗ്രഹിക്കുന്നു." ദിമിത്രിയോസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു

നാടകീയ നിമിഷങ്ങളാൽ നിറഞ്ഞതായിരുന്നു മത്സരം. മത്സരത്തിന്റെ ആദ്യ മിനിറ്റിനുള്ളിൽ തന്നെ ഗോൾ പിറന്നു. റാഫേൽ ക്രിവെല്ലാരോയുടെ അസിസ്റ്റിൽ ബോക്സിന്റെ വലതുവശത്ത് നിന്ന് വലയുടെ താഴെ ഇടത് മൂലയിലേക്ക്  ചെന്നൈയിൻ എഫ്സി താരം റഹീം അലി നൽകിയ വലത് കാൽ ഷോട്ട് ഗോളാകുകയായിരുന്നു. പതിമൂന്നാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടി. പെപ്രയെ ഫൗൾ ചെയ്തതിനെ തുടർന്ന് അനുവദിച്ച പെനാലിറ്റി ചാൻസിൽ ഡിമിട്രിയോസിന്റെ കിക്ക്വല തുളച്ചു. വെറും രണ്ടു മിനിറ്റിൽ മറ്റൊരു പെനാലിറ്റി ചാൻസിൽ ചെന്നൈയിൻ എഫ്സി താരം ജോർദാൻ മുറെ സമനില ഗോൾ നേടി. പത്തുമിനിറ്റിനു ശേഷം നേടിയ ഗോളിൽ ചെന്നൈയിൻ എഫ്സി വീണ്ടും ലീഡ് നേടി. ചെന്നൈയിൻ എഫ്സി താരം റഹിം അലിയുടെ അസിസ്റ്റിൽ ജോർദാൻ മുറേയുടെ വലംകാൽ ഷോട്ട് നെറ്റിന്റെ വലതു മൂലയുടെ താഴെ പതിച്ചു

മത്സരത്തിന്റെ മുപ്പത്തിയെട്ടാം മിനിറ്റിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടിയത്. അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ ക്വാമെ പെപ്രയുടെ വലം കാൽ ഷോട്ട് നെറ്റിന്റെ താഴെ വലതുമൂലയിൽ പതിച്ചു. ചെന്നൈയിൻ എഫ്സിയുടെ ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിച്ചു. 'ത്സരത്തിന്റെ അൻപത്തിയൊൻപതാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടി. ഡാനിഷ് ഫാറൂഖിന്റെ അസിസ്റ്റിൽ ദിമിത്രിയോസ് ഡയമെന്റക്കൊസ് രണ്ടാം തവണയും കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ ഇരു ടീമുകളും മൂന്നു വീതം ഗോളുകൾ നേടിയ മത്സരം സമനിലയിലായി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും മൂന്നു വീതം ഗോളുകൾ നേടിയ മത്സരം സമനിലയിൽ കലാശിച്ചു

സമനില നേടിയ ബ്ലാസ്റ്റേഴ്സ് ഒരു പോയിന്റു നേടി വീണ്ടും റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. ഡിസംബർ മൂന്നിന് ഗോവയിൽ നടക്കുന്ന ഒൻപതാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഗോവയെ നേരിടും