ഇവാൻ: അനിവാര്യ നിമിഷത്തിൽ വിജയം നേടിയതിൽ സന്തോഷിക്കുന്നു

ശനിയാഴ്ച ഗുവാഹത്തിയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ അഞ്ചാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. സഹൽ അബ്ദുൾ സമദിന്റെ ഇരട്ടഗോളുകളും ദിമിട്രിയോസ് ഡയമന്റകോസിന്റെ ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.
മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പങ്കെടുത്തു.
ഈ മത്സരവിജയം എത്രത്തോളം പ്രധാനമാണെന്ന ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. "തുടർച്ചയായുള്ള തോൽവികള്ക്കു ശേഷമുള്ള ഈ മത്സരം വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. കഴിഞ്ഞ കുറച്ചാഴ്ചകൾ നിരാശയുടേതായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഞങ്ങൾ നന്നായി പരിശ്രമിച്ചു, ഞങ്ങളുടേതായ നിമിഷങ്ങളും കളിയിലുണ്ടായിരുന്നു, പക്ഷെ എങ്കിലും ഞങ്ങൾക്ക് പോയിന്റുകൾ നേടാൻ സാധിച്ചില്ല. ഒരു പരിശീലകനെന്ന നിലയിൽ വ്യത്യസ്തമായ സാധ്യതകളെക്കുറിച്ച് അവസരങ്ങളെക്കുറിച്ച് സമീപനങ്ങളെക്കുറിച്ച് ഞാൻ സ്വയം ചോദിച്ചു തുടങ്ങി."
"എന്റെ കളിക്കാരെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. അവരിന്നീ മത്സരത്തിൽ കളത്തിലിറങ്ങാൻ അർഹരാണ്. അവരുടെ ഗുണനിലവാരം, പ്രചോദനം ആത്മവിശ്വാസം ടീമിനോടുള്ള ആത്മാർത്ഥത എന്നിവ ഇന്നത്തെ നല്ല പ്രകടനത്തിനു കാരണമായി. ഇന്നത്തെ മത്സരം കഠിനമാകുമെന്ന് മത്സരത്തിന് മുൻപ് ഞാൻ പ്രതീക്ഷിച്ചിരുന്നു. അവർക്കും വിജയം അനിവാര്യമായിരുന്നു. നൂറു ശതമാനം ആത്മാർത്ഥതയോടെ ഇത്തരത്തിലുള്ള മത്സരങ്ങളെ സമീപിച്ചില്ലകിൽ മോശം അവസ്ഥകൾ അനുഭവിക്കേണ്ടി വരുമെന്നറിയാമായിരുന്നു."
"മത്സരത്തിന്റെ ആദ്യ പകുതിയിൽ എതിരാളികൾക്ക് അവസരങ്ങളൊന്നും നൽകാതെ കൃത്യതയോടെ ശ്രദ്ധയോടെ ഞങ്ങൾക്ക് മുന്നേറണമായിരുന്നു. ഒരവസരത്തിൽ അവരുടെ ഗോൾ ശ്രമം ക്രോസ്സ് ബാറിൽ തട്ടി തെറിച്ചു. മികച്ച മറ്റൊരവസരവും അവർ സൃഷ്ടിച്ചു. ആദ്യ പകുതിയിൽ ഞങ്ങൾ കുറച്ച് നേർവസായിരുന്നു."
"ബ്രേക്ക് ടൈമിൽ രണ്ടാം പകുതിയിൽ കളിയെ എങ്ങനെ സമീപിക്കാമെന്നും കളിയെങ്ങിനെ വീണ്ടെടുക്കാമെന്നും എങ്ങനെ തുടങ്ങണമെന്നും എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ട്രാന്സിഷൻ മൊമെന്റ്‌സ് എങ്ങനെ ഉപയോഗിക്കണമെന്നും ഞങ്ങൾ ചർച്ച ചെയ്തു. മൂന്നു പോയിന്റ് നേടാനായത്തിൽ ഞങ്ങൾ സന്തോഷിക്കുന്നു. ഈ അനിവാര്യ നിമിഷത്തിൽ ഈ വിജയം നേടിയതിൽ, ക്ലീൻ ഷീറ്റ് നേടിയതിൽ സന്തോഷിക്കുന്നു."
തുടക്കം മുതൽ ആക്രമിച്ചു മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് നിര ഗോൾവസരങ്ങൾ സൃഷ്ട്ടിച്ചു. നാലാം മിനിറ്റിൽ ഇവാന്‍ കല്യൂഷ്‌നിയുടെ ക്രോസ്സ് നോര്‍ത്ത് ഈസ്റ്റ് സമയോചിതമായി പ്രതിരോധിച്ചു. എട്ടാം മിനിറ്റിൽ പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നുള്ള നോര്‍ത്ത് ഈസ്റ്റ് മധ്യനിരതാരം റൊമയിന്‍ ഫിലിപ്പൊട്യാക്‌സിന്റെ മികച്ച ഷോട്ട് ബാറില്‍ തട്ടി മടങ്ങി. രാഹുൽ കെപിയെ ഫൗൾ ചെയ്തതിനെ തുടർന്ന് പതിനേഴാം മിനിറ്റില്‍ ഇടത് വിങ്ങില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച ഫ്രീകിക്ക് നോര്‍ത്ത് ഈസ്റ്റ് ഡിഫെന്‍ഡര്‍ സമയോചിതമായി പ്രതിരോധിച്ചു. ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു.
ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ അൻപത്തിയാറാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. രാഹുൽ കെപിയുടെ അസിസ്റ്റിൽ ദിമിട്രിയോസ് ഡയമന്റകോസാണ് ഗോൾ നേടിയത്. എൺപത്തിയഞ്ചാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. വീണ്ടും രാഹുൽ കെപിയുടെ അസിസ്റ്റിൽ സഹൽ അബ്ദുൾ സമദാണ് രണ്ടാം ഗോൾ കേരളാ ബ്ലാസ്റ്റേഴ്സിനായി നേടിയത്. രണ്ടു ഗോളിന്റെ ലീഡിൽ മത്സരമവസാനിക്കുവാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ തൊണ്ണൂറാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. സന്ദീപ് സിംഗിന്റെ അസിസ്റ്റിൽ വീണ്ടും സഹൽ അബ്ദുൾ സമദാണ് മൂന്നാം ഗോൾ കേരളാ ബ്ലാസ്റ്റേഴ്സിനായി നേടിയത്. ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ മൂണിന് ഗോളുകൾ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വിജയം സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച രാഹുൽ കെപിയാണ് ഹീറോ ഓഫ് ദി മാച്ച് ലഭിച്ചു.
മത്സര വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി റാങ്കിങ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്കുയർന്നു. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പതിനൊന്നാം സ്ഥാനത്താണ്. നവംബർ 13 നടക്കുന്ന ആറാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടും.