ഇവാൻ: പരിക്കേറ്റ ഒരു താരം പോലും ടീമിലില്ലയെന്നതിൽ ഞാൻ സന്തോഷിക്കുന്നു!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാം മത്സരം കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചരങ്ങേറി. ജംഷെഡ്പൂർ എഫ്‌സിക്കെതിരെയായിരുന്നു മത്സരം.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാം മത്സരം കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചരങ്ങേറി. ജംഷെഡ്പൂർ എഫ്‌സിക്കെതിരെയായിരുന്നു മത്സരം. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. നാലു ഗോളുകൾ പിറന്ന മത്സരത്തിൽ അപ്പോസ്തലസ് ജിയാനുവും ദിമിത്രിയോസ് ഡയമെന്റകോസും അഡ്രിയാൻ ലുണയും ബ്ലാസ്റ്റേഴ്സിനായി ലക്‌ഷ്യം കണ്ടപ്പോൾ ജംഷെഡ്പൂരിനായി ദാനിയൽ ചീമ ഏക ഗോൾ നേടി. കേരളാ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ നാലാം ഹോം മത്സരവിജയമാണിത്.
മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പങ്കെടുത്തു.
"സീസണിലെ ഏറ്റവും പ്രധാന ഭാഗത്താണ് ഞങ്ങൾ. ഡിസംബറും ജനുവരിയുടെ ആദ്യ ഭാഗവും ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായകമാണ്. ഒരു ടീമെന്ന നിലയിൽ പോസിറ്റീവായി മുന്നേറാനും പോയിന്റുകൾ ശേഖരിക്കാനും അപരാജിതരായ തുടരാനും കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ ശരിയായ പാതയിലാണ്. പുതിയ താരങ്ങൾക്കും രീതികൾക്കുമൊപ്പം മാറ്റങ്ങൾക്കും ടീമിൽ വരുത്തിയ വിത്യാസങ്ങൾക്കും ശേഷം ടീമിലെ താരങ്ങളുടെ പുരോഗതിയിലും അവർ ടീമിനോട് ഇഴകിച്ചേരുന്നതെങ്ങനെയെന്നതിലും ഞാൻ സന്തുഷ്ടനാണ്. ഇത് നമ്മൾ ബഹുമാനിക്കേണ്ട ഒരു പ്രക്രിയയാണ്."
പുതുവർഷത്തിൽ ഒരു ഉജ്ജ്വല തുടക്കം 💛😍#KBFCJFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/ombGVUAcA0
— Kerala Blasters FC (@KeralaBlasters) January 3, 2023
"തുടർച്ചയായ എട്ടു മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറാൻ കഴിയുന്നത് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചടുത്തോളം വിശിഷ്ടമാണ്. പ്രതേകിച്ചു കഴിഞ്ഞ കാലത്തേക്ക് ഉറ്റുനോക്കുമ്പോൾ, അവസാന സീസൺ മാത്രമല്ല, ഒരു ക്ലബ്ബെന്ന നിലയിൽ ഉയർന്ന സ്ഥാനങ്ങളിലെത്താൻ ഞങ്ങൾ കഷ്ടപ്പെടുകയായിരുന്നു. രണ്ടാം വർഷവും തുടർച്ചയായി ഞങ്ങൾ മികച്ചവർക്കിടയിലാണ്. ഞങ്ങൾക്കിവിടെ തുടരണം. അതുകൊണ്ട് ഒരു പരിശീലകനെന്ന നിലയിൽ എന്റെ കുട്ടികൾ നല്ല ഗുണനിലവാരമുള്ള ഫുട്ബോൾ കളിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. വിജയത്തിൽ സന്തോഷിക്കുന്നു. മുന്നോട്ടും ഇങ്ങനെ തന്നെ തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നു."
"ഒരു പരിശീലകനെന്ന നിലയിൽ ഞങ്ങളുടെ മുൻ മത്സരങ്ങൾ നോക്കുകയാണെങ്കിൽ, ഒരുറക്കത്തിന് ശേഷം നിങ്ങൾക്കിഷ്ടപ്പെടാത്ത ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചാൽ അതിൽ പ്രവർത്തിക്കാൻ നിങ്ങൾ തീരുമാനിക്കും. അതാണ് ഫുട്ബോൾ പരിശീന ജോലിയുടെ മനോഹാരിത. അതൊരിക്കലും അവസാനിക്കുന്നില്ല. ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഇരുന്ന് വിശ്രമിച്ച്, എല്ലാം ശരിയാണെന്ന് ഒരിക്കലും പറയാനാകില്ല. അതൊരിക്കലും സംഭവിക്കില്ല. ഒരു പരിശീലകനെന്ന നിലയിൽ എല്ലായിപ്പോഴും എന്തെങ്കിലും മെച്ചപ്പെടാനുണ്ടാകും. ടീമിലൊന്നുമില്ലെങ്കിൽ, വ്യക്തിപരമായി ഉണ്ടാകും. ഞങ്ങൾ തുടരും." ഇവാൻ പറഞ്ഞു.
"കാരണം ഞങ്ങളുടെ പല യുവതാരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗ് പോലെയുള്ള നിലവാരത്തിൽ അടുത്തകാലത്ത് ആരംഭിച്ചിട്ടേയുള്ളു. അവർക്ക് ഞങ്ങൾക്കൊപ്പം ശരിയായ പ്രീ-സീസൺ ലഭിച്ചിട്ടില്ല. ഇന്ന് ഞങ്ങളുടെ നാലു താരങ്ങൾ ആന്റിബയോട്ടിക്‌സ് എടുത്തിട്ടാണ് കളിക്കാനിറങ്ങിയത്. ചിലർക്ക് ജലദോഷം, ചിലർക്ക് തൊണ്ടയിൽ പ്രശ്നങ്ങൾ, ചിലർക്ക് മറ്റു ചില ബുദ്ധിമുട്ടുകൾ. ദിമിത്രിയോസ്, അപ്പോസ്തോലസ്, ജെസ്സെൽ, ലൂണ എന്നിവർ ഇന്ന് ആന്റിബയോട്ടിക്‌സ് എടുത്തിട്ടാണ് കളിക്കാനിറങ്ങിയത്. ഇത്തരം സാഹചര്യങ്ങളിലും നന്നായി കളിക്കുന്ന ടീമിനെ കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്."
"കേരളാ ബ്ലാസ്റ്റേഴ്സിൽ ഞങ്ങളെല്ലാവരും പരസപരം സത്യസന്ധരാണ്. ഒരു പരിശീലകനെന്ന നിലയിൽ ഞാൻ എപ്പോഴും കളിക്കാരുമായി മുൻകൂറായി സംസാരിക്കുന്നു. എന്താണ് പദ്ധതികൾ, എങ്ങനെ നേടണം എന്നിങ്ങനെ. തീർച്ചയായും നാലു വിദേശതാരങ്ങളെ മൈതാനത്തുണ്ടായിരിക്കാൻ പാടൊള്ളു എന്ന് നിയമമുണ്ട്. ഞങ്ങൾക്ക് ശരിയായ കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുന്ന പാകത്തിൽ ലക്ഷ്വറി പ്രശ്നമാണ്. ആർക്കും കളിക്കാം. ഇതുവരെയും പരിക്കുപറ്റിയ ഒരു താരം പോലുമില്ല എന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ തീരുമാനമെടുക്കണം. ഞങ്ങളെ സംബന്ധിച്ചടുത്തോളം ഇത് തീരുമാനമെടുക്കതിനെക്കുറിച്ച് മാത്രമാണ്." അദ്ദേഹം പറഞ്ഞു.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടാനുള്ള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സലിന്റെ ശ്രമം ത്രോയിന്നിൽ കലാശിച്ചു. മൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണർ കിക്കെടുത്ത അഡ്രിയാൻ ലൂണയുടെ പാസിൽ സഹൽ മുന്നേറിയെങ്കിലും ഗോൾ നേടാനായില്ല. അഞ്ചാം മിനിറ്റിൽ ദിമിത്രിയോസിന്റെ പാസിൽ അഡ്രിയാൻ ലൂണ പോസ്റ്റിനടുത്തു നിന്ന് തൊടുത്ത ഷോട്ട് വീണ്ടും നഷ്ടമായി.
ഒൻപതാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. ദിമിത്രിയോസ് ഡയമെന്റകോസിന്റെ അസിസ്റ്റിൽ അപോസ്തലസ് ജിയാനുവിന്റെ ക്ലോസ് റേഞ്ചർ ഷോട്ട് വലതുളക്കുകയായിരുന്നു. വെറും എട്ടുമിനിട്ടിനുള്ളിൽ ജംഷെഡ്പൂർ സമനില ഗോളും നേടി. പതിനേഴാം മിനിറ്റിൽ ജംഷെഡ്പൂർ താരം ഇഷാൻ പണ്ഡിതയുടെ മുന്നേറ്റം പ്രഭ്സുഖൻ ഗിൽ തട്ടിയകറ്റി. മടങ്ങിയ പന്ത് ഡാനിയൽ ചീമ വലയിലേക്ക് തൊടുത്തു. ഷോട്ട് തടുക്കാൻ ശ്രമിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ലെസ്‌കോയുടെ കാലിലുരസി പന്ത് വലതുളച്ചു. മുപ്പത്തിയൊന്നാം മിനിറ്റിൽ പെനാലിറ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഡ് നേടി. ജംഷെഡ്പൂർ എഫ്‌സി താരം ബോറിസ് സിംഗിന്റെ ഹാൻഡ് ബോളിനെതിരെ പെനാലിറ്റി വിധിച്ചു. ദിമിത്രിയോസിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തി. നാല്പത്തിനാലാം മിനിറ്റിൽ സഹല്‍ അബ്ദുൽ സമദിന്റെ ഷോട്ട് വൈഡിൽ കലാശിച്ചു. ആദ്യ പകുതി 2-1ന് അവസാനിച്ചു.
രണ്ടാം പകുതിയിൽ മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോൾ നേടി. അപ്പോസ്‌തോലോസ് ജിയാനുവിനെ അസിസ്റ്റിൽ അഡ്രിയാൻ ലുണയുടെ ഷോട്ട് ജാംഷെഡ്പൂർ ബോക്സിന്റെ ഇടതുമൂലയിൽ പതിച്ചു. മത്സരമവസാനിക്കും വരെ മറ്റൊരു ഗോളിനായി ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഫലവത്തായില്ല. ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. ഹീറോ ഓഫ് ദി മാച്ച് അവാർഡ് അഡ്രിയാൻ ലൂണക്ക് ലഭിച്ചു.
മത്സരവിജയത്തോടെ മൂന്നു പോയിന്റുകൾ കൂടി നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ വീണ്ടും മൂന്നാം സ്ഥാനത്തേക്കുയർന്നു. ജനുവരി എട്ടിന് മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ പതിമൂന്നാം മത്സരം.