ഡ്യൂറൻഡ് കപ്പ് 2025: രണ്ടാം പാദം പിന്നിടുമ്പോൾ ഐഎസ്എൽ ക്ലബ്ബുകളുടെ നില
ഡ്യൂറൻഡ് കപ്പിന്റെ വാശിയേറിയ രണ്ടാം പാദത്തിൽ കളം നിറഞ്ഞ ഐഎസ്എൽ ടീമുകളുടെ പ്രകടനങ്ങൾ പരിശോധിക്കുകയാണിവിടെ

കാണികളെ ആവേശത്തിലാഴ്ത്തി രണ്ടാം പാദം പൂർത്തിയാക്കി മുന്നേറുകയാണ് 2025 ഡ്യൂറണ്ട് കപ്പ്. 18 മത്സരങ്ങൾ പിന്നിടുമ്പോൾ ഓരോ പോരാട്ടത്തിനും സ്റ്റേഡിയങ്ങൾ ജനസാഗരമാകുന്നത് ഈ ആവേശത്തിന് സാക്ഷ്യമാണ്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ ജനപ്രീതിയാർജിച്ച് ടൂർണമെന്റ് മുന്നേറുമ്പോൾ ഐഎസ്എൽ ക്ലബ്ബുകളും ഗ്രൂപ്പുകളിൽ ആധിപത്യം സ്ഥാപിക്കുകയാണ്.
2025-ലെ പതിപ്പിൽ ഐഎസ്എല്ലിൽ നിന്നും പങ്കെടുക്കുന്ന ഈസ്റ്റ് ബംഗാൾ എഫ്സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുഹമ്മദൻ എസ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ജംഷഡ്‌പൂർ എഫ്സി, പഞ്ചാബ് എഫ്സി ടീമുകളുടെ രണ്ടാം പാദത്തിലെ പ്രകടനത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ് ഇവിടെ.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്
ജൂലൈ 31 വ്യാഴാഴ്ച നടന്ന ഡ്യൂറൻഡ് കപ്പിലെ ആവേശകരമായ കൊൽക്കത്ത ഡെർബിയിൽ മറ്റൊരു ഐഎസ്എൽ ക്ലബായ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ് ടൂർണമെന്റിന് തുടക്കമിട്ടത്. വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ നടന്ന മത്സരത്തിൽ, പത്തുപേരായി ചുരുങ്ങിയിട്ടും വീറോടെ പൊരുതിയാണ് ടീം ജയം സ്വന്തമാക്കിയത്. ലിസ്റ്റൺ കൊളാസോയുടെ ഇരട്ട ഗോളുകളാണ് മറൈനേഴ്സിന്റെ വിജയത്തിൽ നിർണായകമായത്. സുഹൈൽ ഭട്ടാണ് ടീമിന്റെ മൂന്നാം ഗോൾ നേടിയത്.
One win down, momentum up 📈#MBSG #JoyMohunBagan #আমরাসবুজমেরুন pic.twitter.com/qg08QJV9Cv
— Mohun Bagan Super Giant (@mohunbagansg) August 4, 2025
2023-ൽ കലാശ പോരാട്ടത്തിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയാണ് മറൈനേഴ്സ് അവസാനമായി കിരീടത്തിൽ മുത്തമിട്ടത്. 2024-ൽ സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചെങ്കിലും നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് മുന്നിൽ വീണുപോയി. പെനാൽറ്റിയിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ വടക്കുകിഴക്കൻ നിര തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടത്തിൽ മുത്തമിടുകയായിരുന്നു.
തുടക്കം മുതൽ എംബിഎസ്‌ജി മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നു. ലിസ്റ്റൺ കൊളാസോയും കിയാൻ നസ്സിരിയും ചേർന്ന് നടത്തിയ മുന്നേറ്റങ്ങൾ മുഹമ്മദൻസിന്റെ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. 22-ാം മിനിറ്റിൽ മനോഹരമായ ഒരു ഫ്രീകിക്കിലൂടെ ലിസ്റ്റൺ കൊളാസോ മത്സരത്തിലെ ആദ്യ ഗോൾ നേടി മോഹൻ ബഗാനെ മുന്നിലെത്തിച്ചു. എന്നാൽ, ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ അപൂയയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചത് മോഹൻ ബഗാന് തിരിച്ചടിയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ, എതിർനിരയിലെ ആളെണ്ണത്തിലുള്ള കുറവ് മുതലെടുത്ത മുഹമ്മദൻ സ്പോർട്ടിംഗ്, 50-ാം മിനിറ്റിൽ ആഷ്ലിയിലൂടെ സമനില ഗോൾ നേടി. ഇതോടെ മത്സരം കൂടുതൽ ആവേശകരമായി.
ആൾബലം കുറവായിരുന്നിട്ടും ആക്രമണത്തിലൂന്നിയ എംബിഎസ്‌ജി, ലിസ്റ്റൺ കൊളാസോയുടെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച മനോഹരമായ ഒരു ബാക്ക് ഹീൽ പാസ് വലയിലെത്തിച്ച സുഹൈൽ ഭട്ടിലൂടെ വീണ്ടും മത്സരത്തിൽ ലീഡെടുത്തു. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി മുഹമ്മദൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും, ഗോൾകീപ്പർ വിശാൽ കെയ്ത്തിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഉറച്ചുനിന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, 95-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ലിസ്റ്റൺ കൊളാസോ തന്റെ രണ്ടാം ഗോളും ടീമിന്റെ വിജയവും ഉറപ്പിച്ചു. അടുത്ത മത്സരത്തിൽ ഓഗസ്റ്റ് 4ന് മറൈനേഴ്സ് ബിഎസ്എഫ് എഫ്ടിയെ നേരിടും.
നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്സി
ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ മിന്നും ജയം നേടിയാണ് നിലവിലെ ജേതാക്കളായ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്സി തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. ഓഗസ്റ്റ് 2 ശനിയാഴ്ച ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലേഷ്യൻ ആംഡ് ഫോഴ്സസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹൈലാൻഡേഴ്സ് പരാജയപ്പെടുത്തിയത്. തകർപ്പൻ ഹാട്രിക്കോടെ മൊറോക്കൻ താരം അലാവുദ്ദീൻ അജൈറ മത്സരത്തിൽ തിളങ്ങി.
A game of many firsts..
— NorthEast United FC (@NEUtdFC) August 4, 2025
First appearances for NorthEast United FC, first hat-trick of the season and first victory to begin our Durand Cup title defence!
Here's @meghtourism Recap of the Match! 🎥#StrongerAsOne #8States1United #matchrecap #MeghalayaTourism pic.twitter.com/p7N4Srye6d
കളിയുടെ തുടക്കം മുതൽ പന്ത് കൈവശം വെച്ച നോർത്ത് ഈസ്റ്റ്, മത്സരത്തിൽ ആധിപത്യം പുലർത്തി നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചു. 23-ാം മിനിറ്റിൽ അജൈറയിലൂടെ അവർ മത്സരത്തിലെ ആദ്യ ഗോൾ നേടി. ആറ് മിനിറ്റിനുള്ളിൽ മൊറോക്കൻ താരം വീണ്ടും വലകുലുക്കി. മലയാളി താരം ജിതിൻ എം.എസ്സിന്റെ മനോഹരമായ പാസിൽ നിന്നായിരുന്നു അജൈറയുടെ രണ്ടാം ഗോൾ. ഇതോടെ, ആദ്യ പകുതി അവസാനിക്കുമ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2-0ന് മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മലേഷ്യൻ ടീം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, മുന്നേറ്റനിരയിലെ കൃത്യതയില്ലായ്മ അവർക്ക് തിരിച്ചടിയായി. ഇതിനിടെ, മനോഹരമായ ഒരു ഇടംകാലൻ ഷോട്ടിലൂടെ അജൈറ തന്റെ ഹാട്രിക് പൂർത്തിയാക്കി ടീമിന്റെ ലീഡ് ഉയർത്തി. മത്സരത്തിന്റെ 88-ാം മിനിറ്റിൽ മുഹമ്മദ് അമീർ മലേഷ്യൻ ആംഡ് ഫോഴ്സസിനായി ആശ്വാസ ഗോൾ നേടിയെങ്കിലും, നോർത്ത് ഈസ്റ്റ് 3-1ന്റെ ആധികാരിക ജയം ഉറപ്പിച്ചു. ഈ വിജയത്തോടെ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് മികച്ച തുടക്കമിട്ട ഹൈലാൻഡേഴ്സ്, തങ്ങളുടെ അടുത്ത മത്സരത്തിൽ ഓഗസ്റ്റ് 8-ന് ഗ്രൂപ്പിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഷില്ലോങ് ലജോങ് എഫ്സിയെ നേരിടും.
പഞ്ചാബ് എഫ്സി
അവസാന മിനിറ്റുകളിൽ പഞ്ചാബ് എഫ്സിയുടെ അത്യുജ്വല തിരിച്ചുവരവിന് കാണികൾ സാക്ഷിയായ ആവേശകരമായ മത്സരമാണ് കൊക്രജാറിലുള്ള സായ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 3 ഞായറാഴ്ച നടന്നത്. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് പഞ്ചാബ് എഫ്‌സി, ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കർബി ആംഗ്ലോങ് മോണിംഗ് സ്റ്റാറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. പകരക്കാരനായി ഇറങ്ങിയ കോൻസാം സനതോയ് സിങ് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് ടീമിന്റെ ജയം.
Score a goal on debut ✅
— Punjab FC (@RGPunjabFC) August 3, 2025
Celebrate with a friend ✅#TheShers #PunjabFC #KAMSFCPFC pic.twitter.com/QDB39tYz5c
പഞ്ചാബ് എഫ്‌സിക്ക് തുടക്കത്തിൽ ലഭിച്ച ആക്കം, പതിയെ നഷ്ടപ്പെടുന്നതായിരുന്നു പിന്നീടുള്ള മിനിറ്റുകളിൽ കാണാൻ സാധിച്ചത്. ആദ്യ പകുതിയിൽ കർബി ആംഗ്ലോങ്ങിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചെങ്കിലും, അവർക്ക് അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 69-ാം മിനിറ്റിൽ ജോസഫ് ഒലാലേയിയിലൂടെ കർബി ആംഗ്ലോങ് അപ്രതീക്ഷിതമായി മുന്നിലെത്തി. ഈ ഞെട്ടലിൽ നിന്ന് അതിവേഗം കരകയറിയ പഞ്ചാബ് വെറും നാല് മിനിറ്റിനുള്ളിൽ തിരിച്ചടിച്ചു. പ്രംവീറിന്റെ മനോഹരമായ ഫിനിഷിംഗിലൂടെ അവർ മത്സരം സമനിലയിലെത്തിച്ചു.
രഞ്ജീത് പാന്ദ്രെ, കോൻസാം സനതോയ് സിങ് എന്നിവരെ പകരക്കാരായി ഇറക്കി പഞ്ചാബ് പരിശീലകൻ പനാഗിയോട്ടിസ് ദിൽമ്പെരിസ് വിജയഗോളിനായി സമ്മർദ്ദം ചെലുത്തി. പരിശീലകന്റെ വിശ്വാസം കാത്ത സനതോയ് സിങ്, ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ വിജയഗോൾ നേടി മത്സരത്തിന്റെ കടിഞ്ഞാൺ കയ്യിലെടുത്തു.
ഈ വിജയത്തോടെ ഗ്രൂപ്പ് ഡി-യിൽ പഞ്ചാബ് എഫ്‌സി, ബോഡോലാൻഡ് എഫ്‌സിക്കും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിനും ഒപ്പം പോയിന്റ് നിലയിൽ ഒപ്പമെത്തി. പഞ്ചാബിന്റെ അടുത്ത മത്സരം ഓഗസ്റ്റ് 6 ബുധനാഴ്ച ഐടിബിപിക്കെതിരെയും, അവസാന ഗ്രൂപ്പ് മത്സരം ഓഗസ്റ്റ് 9 ശനിയാഴ്ച ബോഡോലാൻഡിനെതിരെയുമാണ്.
മുഹമ്മദൻ എസ്സി
ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ മുഹമ്മദൻ എസ്സിയുടെ നില പരുങ്ങലിലാണ്. ഇഞ്ചുറി സമയത്ത് ലൂക്ക മജ്‌സെന്റെ ഗോളിൽ ഡയമണ്ട് ഹാർബറിനോടും ലിസ്റ്റൺ കൊളാസോയുടെ ഇരട്ടഗോൾ നേട്ടത്തിൽ എംബിഎസ്‌ജിയോടും തോറ്റ ടീം നിലവിൽ പോയിന്റുകളൊന്നും നേടാതെ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓഗസ്റ്റ് ഏഴിന് കൊൽക്കത്തൻ ക്ലബ് ബിഎസ്എഫ് ഫുട്ബോൾ ടീമിനെതിരെ ഇറങ്ങും.
ഈസ്റ്റ് ബംഗാൾ എഫ്‌സി, ജംഷഡ്‌പൂർ എഫ്‌സി എന്നീ ടീമുകൾക്ക് രണ്ടാം പാദത്തിൽ മത്സരങ്ങളില്ല. ഓഗസ്റ്റ് 6-ന് നാംധാരി എഫ്സിക്കും ഓഗസ്റ്റ് 10-ന് ഇന്ത്യൻ എയർഫോഴ്സിനുമെതിരെയാണ് ഈസ്റ്റ് ബംഗാൾ എഫ്സിയുടെ ശേഷിക്കുന്ന മത്സരങ്ങൾ. ഓഗസ്റ്റ് 8-ന് 1 ലഡാക്ക് എഫ്സിക്കെതിരെയാണ് ജംഷഡ്പൂരിന്റെ ഗ്രൂപ്പിലെ അവസാന മത്സരം.