ഉദ്‌ഘാടന മത്സരത്തിൽ എ‌ടി‌കെ മോഹൻ ബഗാനോടുള്ള തോൽവിയെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സീസണിലെ രണ്ടാം മത്സരത്തിനായി തയ്യാറെടുക്കയാണ്. നവംബർ ഇരുപത്തിയഞ്ച് വ്യാഴാഴ്ച ഗോവ മർഗോവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് രണ്ടാം മത്സരം.

മത്സരത്തിന് മുന്നോടിയായുള്ള ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് മാധ്യമങ്ങളുമായി സംസാരിച്ചു.

പത്രസമ്മേളനത്തിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ താഴെ വായിക്കാം.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ വ്യാഴാഴ്ചത്തെ മത്സരം മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമാകുമെന്ന് കരുതുന്നുണ്ടോ, അത് എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്നുവോ?

"ഇല്ല, ഓരോ കളിയും വ്യത്യസ്തമായതിനാൽ ഈ മത്സരവും ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഓരോ കളിയും വ്യത്യസ്തമായ വെല്ലുവിളികൾ നിറഞ്ഞതാണ്. അത് മത്സരം എങ്ങനെ ആരംഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു; അതിനെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങൾ സ്വയം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഗെയിം നിയന്ത്രിക്കുകയും ഗെയിം എളുപ്പമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ എടികെ മോഹൻ ബഗാൻ എഫ്‌സിയ്‌ക്കെതിരെ ഞങ്ങൾ ചെയ്‌തതുപോലെ വിപരീതമായും പോകാം. യഥാർത്ഥത്തിൽ, ഒരു ഗെയിം പോലും എളുപ്പമായിരിക്കില്ല, ഓരോ ഗെയിമും അതിന്റേതായ രീതിയിൽ വ്യത്യസ്തമായിരിക്കും."

കഴിഞ്ഞ മത്സരത്തിൽഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലേക്ക് ഓദ്യോഗീകമായി പ്രവേശിച്ചു. കഴിഞ്ഞ മത്സരത്തിൽ നിന്ന് എന്താണ് നിങ്ങൾ ഉൾക്കൊണ്ടത്? അടുത്ത മത്സരത്തിനായുള്ള നിങ്ങളുടെ തയ്യാറെടുപ്പുകൾ എന്തൊക്കെയാണ്?

"ആദ്യ കളി പ്രയാസമേറിയതാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ എതിരാളിയിൽ നിന്ന് ശക്തമായ ആക്രമണം നേരിട്ടു, എന്റെ ടീം നന്നായി കളിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. വ്യക്തമാക്കുകയാണെങ്കിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. കളിയുടെ ഭൂരിഭാഗവും ഞങ്ങൾ നിയന്ത്രിച്ചു. ഓപ്പൺ പ്ലേയിൽ നിന്നാണ് ഞങ്ങൾ ഗോളുകൾ നേടിയത്. എന്നാൽ അത്തരത്തിലുള്ള കളിക്കുമ്പോൾ പോലും ഞങ്ങൾ തെറ്റുകൾ വരുത്തുകയും ഗോളുകൾ വഴങ്ങുകയും ചെയ്തുവെന്ന് ഞാൻ മനസിലാക്കുന്നു. ആ നിമിഷങ്ങൾ ഒഴിവാക്കി കളിയിൽ നിയന്ത്രണമുണ്ടാകണം. കളിയിൽ കൂടുതൽ നിയന്ത്രണവുമായി ടീമിന്റെ ശൈലിയുമായി മുന്നോട്ട് പോകണം. അങ്ങനെയാണ് ഞാൻ കളിക്കാൻ ആഗ്രഹിക്കുന്നത്. ആക്രമിക്കാനും വീണ്ടും ആക്രമിക്കാനും വീണ്ടും വീണ്ടും ആക്രമിക്കാനും ഞാൻ ഇഷ്ടപ്പെടുന്നതിനാൽ ഫുട്ബോളിനെക്കുറിച്ച് ഞാൻ അങ്ങനെയാണ് ചിന്തിക്കുന്നത്. ആക്രമണത്തിന്റെ തീവ്രത മാറുന്നുവെങ്കിലും, തീർച്ചയായും, ഗെയിം നിയന്ത്രിക്കുകയും ഇത്തരത്തിലുള്ള തെറ്റുകൾ നിയന്ത്രിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഞങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്, അങ്ങനെയാകുമ്പോൾ മത്സരം മികച്ചതും കൂടുതൽ ആസ്വാദ്യകരവുമാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഗെയിമിനായി, നല്ല അവസരങ്ങളും സ്‌കോറിംഗ് അവസരങ്ങളും സൃഷ്ടിക്കുന്നതിനായി നന്നായി ചിട്ടപ്പെടുത്തിയ ഗെയിം-പ്ലേയ്‌ക്കൊപ്പം ഗുണനിലവാരമുള്ള ഫുട്‌ബോൾ കളിക്കാൻ ഞങ്ങൾ ശ്രമിക്കും. അതിനാൽ, നാളെ കാണാം."

കഴിഞ്ഞ കളിയിൽ ചില നല്ല ബിൽഡ്-അപ്പ് ഉണ്ടായിരുന്നു, അത് സ്കോർലൈനെ കാര്യമായി ബാധിച്ചില്ല. ഒരു ആക്രമണ യൂണിറ്റ് എന്ന നിലയിൽ കളിക്കാർ പരസ്പരം നന്നായി പൊരുത്തപ്പെടുന്നുണ്ടോ?

"ഒരു ടീമിലെ സങ്കീർണ്ണത കണക്കിലെടുക്കുമ്പോൾ ടീമംഗങ്ങളെ അറിയാൻ ഒരു നിശ്ചിത കാലയളവ് പരിശീലനവും ഒരുമിച്ച് കളിക്കലും ആവശ്യമാണ്. അതിന് സമയം ആവശ്യമാണ്, കുറച്ച് മാസങ്ങൾ ആവശ്യമാണ്. ഐഎസ്എൽ തലത്തിൽ മാത്രമല്ല, മറ്റേതൊരു തലത്തിലും ചാമ്പ്യൻമാരായ ടീമുകളെ എടുത്താലും, അവർക്ക് ഒറ്റക്കെട്ടായി ഒരു ടീമായി കളിക്കാൻ സമയം ആവശ്യമാണ്. കളിക്കളത്തിൽ മാത്രമല്ല, പുറത്തും പരസ്പരം അറിയുന്നമ്പോൾ ഒരു മികച്ച ബന്ധം സൃഷ്ടിക്കപ്പെടുന്നു, ഒരു നല്ല ടീമിനെ സൃഷ്ടിക്കുന്നു. കളിയുടെ ഓരോ നിമിഷത്തിലും, ടീമംഗങ്ങൾ എങ്ങനെ പെരുമാറുമെന്ന് അറിയാൻ സാധിക്കുന്നു. അവരുടെ റണ്ണുകളും അവരുടെ ചലനങ്ങളും അറിയാൻ സാധിക്കും. എല്ലാ വലിയ ടീമുകളും സൃഷ്ടിക്കപ്പെടുന്നത് അങ്ങനെയാണ്."