വുകോമാനോവിച്ച്: ജയിച്ചാലും തോറ്റാലും ആഘോഷിക്കാനായാലും കരയാനായാലും ഇരുപത്തിനാലു മണിക്കൂറെ എടുക്കാവൂ
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിന് മുന്നോടിയായാണ് ഇവാൻ വുകൊമാനോവിച്ച് നിയമിതനാകുന്നത്. സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്സിന്റെ പിന്തുണയോടെ ഇവാൻ ടീമിനെ പൊളിച്ചെഴുതി.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിന് മുന്നോടിയായാണ് ഇവാൻ വുകൊമാനോവിച്ച് നിയമിതനാകുന്നത്. സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്സിന്റെ പിന്തുണയോടെ ഇവാൻ ടീമിനെ പൊളിച്ചെഴുതി. ഇവാന് കീഴിൽ നവംബർ പത്തൊമ്പതിന് ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ ആദ്യ മത്സരം എടികെ മോഹൻ ബഗാനെതിരെ കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് 4-2 ന് പരാജയപ്പെട്ടു. ഡിസംബർ അഞ്ചിന് ഒഡീഷയെ പരാജയപ്പെടുത്തികൊണ്ടായിരുന്നു ക്ലബ്ബിന്റെ സീസണിലെ ആദ്യ വിജയം. പതിനൊന്നു മാസത്തിനുള്ളിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എൽ വിജയമായിരുന്നുവത്.
സീസണിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം, ജനുവരി മുപ്പതിന് ബെംഗളൂരുവിനോട് തോൽക്കുന്നതുവരെ, അടുത്ത പത്തു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് തോൽവിയറിയാതെ മുന്നേറി. ആ അപരാജിത പാച്ചിലിൽ, സീസണിന്റെ പകുതിയിൽ ഏഴു വർഷങ്ങൾക്ക് ശേഷം ആദ്യമായി ബ്ലാസ്റ്റേഴ്സ് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. മാർച്ച് ആറിന് ഹൈദരാബാദിനെതിരെ മുംബൈ സിറ്റി തോൽവി വഴങ്ങിയപ്പോൾ 2016 സീസണിന് ശേഷം ആദ്യമായി കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി.
സീസണിന്റെ ലീഗ് ഘട്ടത്തിനൊടുവിൽ വുകോമാനോവിച്ചിന്റെ കീഴിൽ വിജയങ്ങളുടെ എണ്ണം, മൊത്തം ഗോളുകളുടെയും ക്ലീൻ ഷീറ്റുകളുടെയും എണ്ണം, പോയിന്റ്-പെർ-ഗെയിം എന്നിവയുടെ അടിസ്ഥാനത്തിൽ നിരവധി ക്ലബ് റെക്കോർഡുകൾ ബ്ലാസ്റ്റേഴ്സ് ടീം തകർത്തു. രണ്ട് സെമി ഫൈനലുകളിൽ പാദങ്ങളിൽ നിന്നുമായി ജംഷഡ്പൂരിനെതിരെ വിജയിച്ചതോടെ, ഐഎസ്എൽ ചരിത്രത്തിൽ മൂന്നാം തവണ കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലിന് യോഗ്യത നേടി. മാർച്ച് ഇരുപതിന് ഹൈദരാബാദിനെതിരെ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ക്ലബ്ബിന്റെ മൂന്നാമത്തെ തോൽവിയായിരുന്നുവത്.
മികച്ച സീസണിന് ശേഷം, 2022 ഏപ്രിലിൽ, കേരള ബ്ലാസ്റ്റേഴ്സ് 2025 വരെ മുഖ്യ പരിശീലകനായി ഇവാൻ വുകോമനോവിച്ചിന്റെ കരാർ പുതുക്കി. ചരിത്രത്തിൽ ആദ്യമായായിട്ടായിരുന്നു ഒരു പരിശീലന്റെ കരാർ തുടർച്ചയായ രണ്ടാം വട്ടവും കേരളാ ബ്ലാസ്റ്റേഴ്സ് പുതുക്കിയത്. ഒക്ടോബർ ഏഴിന് ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഒൻപതാം സീസണിന്റെ ഉദ്ഘാടന മത്സരം കളിക്കുകയും വിജയിക്കുകയും ചെയ്തു. അടുത്ത മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് തോറ്റെങ്കിലും, പിന്നീടുള്ള എട്ട് മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയും തുടർച്ചയായി അഞ്ച് വിജയങ്ങൾ നേടുകയും ചെയ്തു. സീസണിനൊടുവിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇരുപത് ലീഗ് ഘട്ട മത്സരങ്ങളിൽ പത്തിലും വിജയിച്ചു. അത് ഒരു ക്ലബ്ബിന്റെ മറ്റൊരു റെക്കോർഡായി. ലീഗ് ഘട്ടത്തിൽ റാങ്കിങ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി. പുതിയ ഫോർമാറ്റിൽ ഐഎസ്എൽ പ്ലേ-ഓഫിൽ മാർച്ച് മൂന്നിന് നടന്ന ആദ്യ നോക്കൗട്ട് സ്റ്റേജ് മത്സരത്തിൽ ചിരവൈരികളായ ബെംഗളൂരു എഫ്സിയെ നേരിട്ട കേരളാ ബ്ലാസ്റ്റേഴ്സ് സുനിൽ ഛേത്രിയുടെ വിവാദമായ ഗോളിനെത്തുടർന്ന് ഇവാന്റെ നിർദേശത്തിൽ കളം വിട്ടു.
പത്താം സീസണിൽ ബെഞ്ചിലെ ഇവാന്റെ അഭാവത്തിലും ടീം മികച്ച പ്രകടനം കാഴ്ചവച്ചു. ശേഷം എഐഎഫ്എഫ് വിധിച്ച എട്ടു മത്സരങ്ങളുടെ വിലക്കിനപ്പുറം ഒക്ടോബർ ഇരുപത്തിയേഴിന് നടന്ന മത്സരത്തിൽ ഇവാൻ വീണ്ടും ടീമിനൊപ്പം കളത്തിലിറങ്ങി. ശേഷം നടന്ന മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച ടീം അപരാജിതരായി തുടരുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ ക്ലബ്ബിനൊപ്പമുള്ള തന്റെ യാത്രയെക്കുറിച്ച് ഇവാൻ മനസുതുറന്നു.
"കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ സീസണിൽ ധാരാളം മാറ്റങ്ങളുണ്ട്. അവസാന സീസണിലെ രണ്ടു കളിക്കാരെ മാത്രം വച്ചാണ് ഞങ്ങൾ ഈ സീസൺ ആരംഭിച്ചത്. ലൂണയും ജീക്സണുമായിരുന്നവർ. ദിമി (ദിമിത്രിയോസ്) സീസണിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നില്ല. ധാരാളം പുതുമുഖങ്ങൾ ഉണ്ടായിരുന്നു. ചിലർ സീസന്റെ തുടക്കത്തിലെത്തി. ചിലർ പ്രീ സീസണിൽ ടീമിലെത്തി. ദുബായിയിൽ ഞങ്ങൾ പോയത് ടീമിലെ (ഫസ്റ്റ് ടീം) വെറും ആറു കളിക്കാരുമായാണ്. ചിലർ നാഷണൽ ടീമിൽ നിന്ന് വൈകിയാനെത്തിയത്. ചിലർ പരിക്കുമൂലം മോശം അവസ്ഥയിൽയിരുന്നു. എങ്കിലും ആ കളിക്കാരുമായി കളിയ്ക്കാൻ ഞങ്ങൾ നിർബന്ധിതരായി."
"ഇപ്പോൾ പോലും ഇതുവരെ മുഴുവൻ സ്ക്വാഡുമായി കളിയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. ഒരിക്കൽപോലുമില്ല. കോച്ചിങ് ജോലിയിൽ എന്തൊക്കെ പ്ലാൻ ചെയ്താലും രാവിലെ ദിവസമാരംഭിക്കുമ്പോൾ ചില കാര്യങ്ങൾ പ്ലാൻ ചെയ്തതുപോലെ നടക്കില്ല. അതൊരു സത്യമാണ്. ആ അവസ്ഥയിൽ പുനഃക്രമീകരണങ്ങൾ നടത്തണം. അതുതന്നെയാണ് ഞങ്ങൾ കഴിഞ്ഞ മത്സരങ്ങളിൽ ചെയ്യുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ പല യുവതാരങ്ങൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കേണ്ടിവന്നു.ഒരു പരിശീലകനെന്ന നിലയിൽ അതെന്നെ സന്തോഷിപ്പിക്കുന്നു. കാരണം കുറച്ചു കാലമായി അവർ ഞങ്ങൾക്കൊപ്പം പ്രാക്റ്റീസ് ചെയ്യുന്നു, ദിനംപ്രതി കരുത്തരാകുന്നു. അത് ക്ലബ്ബിന്റെ വിഷൻകൂടിയാണ്."
"സീസണിന്റെ ആരംഭത്തിൽ ഞാൻ ബെഞ്ചിൽ ഉണ്ടായിരുന്നില്ലെങ്കിലും ഞങ്ങൾ വിജയിച്ചു. കാരണം ഫുട്ബാളിന്റെ മനോഹാരിതക്ക് പ്രാധാന്യം കൊടുക്കുന്നതിലുപരി ഈ മത്സരങ്ങൾ എങ്ങനെ ജയിക്കാം, എങ്ങനെ മൂന്നു പോയിന്റുകൾ നേടാം എന്നതിലായിരുന്നു ഞങ്ങൾ പ്രധനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. വളരെ നന്നായി കളിക്കുന്ന മത്സരത്തിൽ മാറ്റങ്ങൾ വരുത്താനുതകുന്ന കളിക്കാർ ഞങ്ങൾക്കുണ്ടായിരുന്നു. പ്രത്യേകിച്ചും കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾ. ആരാധകർ സ്റ്റേഡിയത്തിൽ സൃഷ്ടിക്കുന്ന അന്തരീക്ഷവും അവരുടെ പിന്തുണയും ഞങ്ങൾക്ക് കരുത്ത് പകർന്നു."
"ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ത്യയിലെ മറ്റേതു സ്റ്റേഡിയത്തിൽ പോയാലും ഇത്തരമൊരു അന്തരീക്ഷമില്ല. കൊച്ചിയിലെ അന്തരീക്ഷം വളരെ സ്പെഷ്യലാണ്. ഞങ്ങൾക്കത് വിലമതിക്കാനാകാത്തതാണ്. കൊച്ചിയിൽ കളിക്കുന്ന ഓരോ മത്സരത്തിലും അവരുടെ പിന്തുണ ഞങ്ങൾക്ക് കരുത്താണ്. അവർ പിന്തുണക്കുമ്പോൾ ഞങ്ങൾക്ക് പറന്നുയരാനാകും. ഫുട്ബാളിൽ സമ്മർദ്ധമല്ല, സന്തോഷമാണുള്ളത്. ഈ ആരാധകർക്ക് മുന്നിൽ കളിക്കാനാകുന്നതിൽ ഞങ്ങൾക്ക് അഭിമാനം തോന്നും. അവരുടെ പിന്തുണയിൽ ഞങ്ങൾ കരുത്തരാണെന്ന് തോന്നും. കൊച്ചിയിൽ എതിർ ടീമായി വരരുത് എന്നാണ് എന്റെ ആഗ്രഹം. കോവിഡിനു മുൻപുള്ള സീസണിൽ ടീം മാനേജ്മന്റ് എന്നെ ബന്ധപ്പെട്ടപ്പോൾ ആ സീസണിലുടനീളം ടീം നേടിയത് പതിനേഴു പോയിന്റുകളായിരുന്നു. ഇപ്പോൾ തോൽപ്പിക്കാൻ കഠിനമായ ഒരു ടീമായി കേരളാ ബ്ലാസ്റ്റേഴ്സിനെ വളർത്തിയെടുത്തതിൽ ഞാൻ അഭിമാനിക്കുന്നു. മുന്നോട്ടുപോകാൻ ഈ പതിനാറു പോയിന്റുകൾ ഞങ്ങൾക്ക് പ്രചോദനമാണ്.”
"ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഭാഗം ഇപ്പോഴും പ്രധാനപ്പെട്ടതാണ്. ഇത്തരത്തിൽ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിലവിൽ കളിക്കുന്ന രീതിയെക്കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. ചില ടീമുകൾ ഏഷ്യൻ കപ്പിൽ കളിക്കുന്നുണ്ട്. ചില ടീമുകൾ ഈ സീസൺ ആരംഭിച്ചത് പൂർണതയോടെയല്ല. അതുകൊണ്ടുതന്നെ ജനുവരി മുതൽ ഏഷ്യൻ കപ്പിന് ശേഷം പ്ലേ ടീമുകളും കൂടുതൽ മെച്ചമായി കളിക്കുന്നത് നമ്മൾ കാണും. ഒരു ടീമെന്ന നിലയിൽ കാര്യങ്ങൾ സ്വീകരിക്കുകയും നടപ്പിലാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യണം. ഫുട്ബാളിൽ ശാന്തതയോടെ എളിമയോടെ കഠിനാധ്വാനം ചെയ്യണം. ഈ നിമിഷം ഇതുവരെയുള്ള നേട്ടങ്ങളിൽ നിർവികാരനായി ഇരിക്കാനാണ് എനിക്ക് താല്പര്യം. റിസൽട്ടിലും സന്തുഷ്ടനാണ്. ചിലപ്പോൾ ഞങ്ങൾക്ക് കൂടുതൽ നന്നായി ചെയ്യാൻ പറ്റിയിരുന്നേക്കാം. പക്ഷെ ഞാൻ എപ്പോഴും പറയും, ജയിച്ചാലും തോറ്റാലും ആഘോഷിക്കാനായാലും കരയാനായാലും ഇരുപത്തിനാലു മണിക്കൂറെഎടുക്കാവൂ. പുതിയ ദിവസത്തിൽ കഴിഞ്ഞത് മറന്ന് മുന്നോട്ടു പോകുക."
“വെറും ഏഴു മത്സരങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇനി പതിനഞ്ചു മത്സരങ്ങൾ ബാക്കി നിൽക്കുന്നു. ഡിസംബർ അവസാനം വരെ കഠിനമായ ടീമുകൾ നിരവധിയുണ്ട്. റാങ്കിങ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരിക്കുന്നത് ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഞങ്ങൾ ശാന്തരായി എളിമയോടെയിരിക്കണം. ഞാനത് കളിക്കാരോടും പറയാറുണ്ട്. ഇത് മുന്നോട്ടും തുടർന്ന് ഇരുപത്തിരണ്ടു മത്സരങ്ങൾക്കപ്പുറവും ഒന്നാം സ്ഥാനത്തു തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്."
"കേരളം കഴിവുള്ളവരുടെ നാടാണ്. പ്രത്യേകിച്ചും ഫുട്ബാളിൽ. യുവ സാന്നിധ്യമാണ് ഏതു ഫുട്ബാൾ ക്ലബ്ബിന്റെയും കാതൽ. ഈ നാട്ടിലെ കഴിവുകളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു. രണ്ടര വർഷം മുൻപ് സച്ചിൻ, അയ്മൻ, അഹ്സർ, നിഹാൽ, വിബിൻ മുതലായ താരങ്ങളെ കണ്ടത് ഞാനോർക്കുന്നു. അവരെല്ലാം വളരെ മുൻപുതന്നെ യുവനിരയെ വാർത്തെടുക്കാനുള്ള ക്ലബ്ബിന്റെ പദ്ധതികളുടെ ഭാഗമായി ഉയർന്നുവന്നവരാണ്. അവരെ വളർത്തിയെടുത്ത് സീനിയർ ടീമിന്റെ ഭാഗമാകുന്ന പ്രക്രിയയുടെ ഭാഗമായി ടീമിലെത്തിയവരാണ്. ഒരു ഫുട്ബാൾ ക്ലബ്ബ് ടീമിനാവശ്യമായവരെ സൃഷ്ടിച്ചില്ലെങ്കിൽ, ഒരു ദിവസം ടീമിൽ വേണ്ട കളിക്കാർ ഇല്ലാതെയാകും. യുവതാരങ്ങൾ അർഹിക്കുന്ന അവസരങ്ങൾ നൽകാൻ ഭയക്കുന്ന പരിശീലകനല്ല ഞാൻ. പരിശീലന ജോലിയിലെ പ്രധാന ഭാഗമാണ് കഴിവുകൾ തിരിച്ചറിയുക എന്നത്. രണ്ടര വര്ഷം മുൻപ് കൊച്ചിയിലെത്തി ഇവിടെ സച്ചിനുൾപ്പെടെയുള്ള യുവതാരങ്ങളുടെ ഫുട്ബോൾ കഴിവുകളെ കണ്ടെത്തി. ഇന്ത്യൻ ഫുട്ബോളിലെ തന്നെ പ്രധനാഭാഗമായേക്കാവുന്നത്ര കഴിവുള്ളവർ. ഫുട്ബാളിൽ കഴിവിന്റെ പ്രാധാന്യം വെറും അഞ്ചു ശതമാനമാണ്. കഠിനാധ്വാനവും സ്വഭാവവും മാനസീകാവസ്ഥയുമാണ് അതിലും പ്രധാനം." ഇവാൻ പറഞ്ഞു നിർത്തി.