ഇവാൻ: കുറച്ചു ദിവസങ്ങളായി പല കളിക്കാരും സ്റ്റാഫുകളും പനിയും ജലദോഷവുമായി ബുദ്ധിമുട്ടുകയാണ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ പതിനഞ്ചാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിട്ടു. കൊച്ചിയിൽ നടന്ന മത്സരം പതിവുപോലെ ആരാധകരാൽ സമ്പന്നമായിരുന്നു. മത്സരത്തിൽ ആരാധകരുടെ പ്രതീക്ഷകൾ നിലനിർത്തി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. കേരളാ ബ്ലാസ്റ്റേഴ്സിനായി ഇരു ഗോളുകളും നേടിയത് ദിമിത്രിയോസ് ഡയമെന്റകോസാണ്.

മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പങ്കെടുത്തു.

ബ്രൈസ് മിറാൻഡയുടെ പ്രകടനത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്.

"കഴിഞ്ഞ പതിനഞ്ചോളം ദിവസങ്ങളായി ഞങ്ങളുടെ പല കളിക്കാരും മെഡിക്കൽ സ്റ്റാഫുകളും ടെക്‌നിക്കൽ സ്റ്റാഫുകളുമെല്ലാം കടുത്ത പനിയും ജലദോഷവുമൊക്കെയായി ബുദ്ധിമുട്ടുകയാണ്. ട്രൈനിങ്ങിൽ നിന്ന് കഴിഞ്ഞ ദിവങ്ങളിൽ കളിക്കാർ പുറത്തുപോയി. അതുകൊണ്ടു തന്നെ ഇന്നത്തെ കളിക്കായി കളിക്ക് മുൻപ് കളിക്കാരെ ഇടകലർത്തിയെടുക്കേണ്ട അവസ്ഥയുണ്ടായി. അവസാന മത്സരത്തിന് ശേഷം എനിക്കും വ്യക്തിപരമായി പനിയും മറ്റു ബുദ്ധിമുട്ടുകളുമുണ്ടായി. അതുകൊണ്ടു തന്നെ താരങ്ങളുടെ പ്രകടനവും സ്റ്റാറ്റിസ്റ്റിക്കുകളും കണക്കിലെടുക്കുമ്പോൾ പുതിയ യുവ താരങ്ങളെ, നൂറു ശതമാനം നിലവിൽ നല്കാൻ കഴിയുന്നവരെ ഞങ്ങൾക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. കൂടാതെ ഒരു പരിശീലാനാംഗമെന്ന നിലയിൽ പല കാര്യങ്ങളും നിരീക്ഷിക്കുമ്പോൾ കളിക്കാരുടെ പ്രകടനത്തിൽ വേണ്ടത്ര സംതൃപ്തിയില്ലാതെവരുമ്പോൾ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും."

"ഇന്ന് ലെസ്‌കോവിച്ച് കളിക്കളത്തിലിറങ്ങാൻ പൂർണമായും ആരോഗ്യവാനായിരുന്നു. എന്നാൽ ഞങ്ങൾക്കാ റിസ്ക് എടുക്കാൻ താത്പര്യമുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കളിക്കാരെ ഇടകലർത്തി തിരഞ്ഞെടുക്കേണ്ടിവരും. ഉദാഹരണത്തിന് ഇന്ന് ബ്രൈസിനെ എടുത്തതുപോലെ. അദ്ദേഹം അവസരം അർഹിക്കുന്നു. അദ്ദേഹം നന്നായി അധ്വാനിക്കുന്നു. ചിലപ്പോഴൊക്കെ അവർ അർഹിക്കുന്ന പ്ലെയിങ് ടൈം നമ്മൾ കൊടുക്കണം. കാരണം അവരതിനാണ് ഇവിടെയുള്ളത്. പരിശീലകനെന്ന നിലയിൽ എന്റെ സ്‌ക്വാഡിലെ എല്ലാ കളിക്കാർക്കും കളിക്കാനുള്ള സമയം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എവേയിലും, ഹോമിലും."

രണ്ടാം പകുതിയിൽ ഗോളുകൾ നേടാൻ സാധിക്കാതിരുന്നതിനെക്കുച്ചും ടീമിന്റെ രണ്ടാം പകുതിയിലെ പ്രകടനത്തെക്കുറിച്ചുമുള്ള ചോദ്യത്തിനും അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചു. "ഫുട്ബാളിൽ ഒരു കാര്യമുണ്ട്. തുടർച്ചയായ രണ്ടു തോൽവികൾക്കു ശേഷം റാങ്കിങ് ടേബിളിൽ ഏറ്റവും ഒടുവിലുള്ള ഒന്നും നഷ്ടപ്പെടാനില്ലാത്ത ടീമിനെ അഭിമുഖീകരിക്കുമ്പോൾ എളുപ്പത്തിൽ ജയിക്കാനാകുമെന്ന് കരുതും. എന്നാൽ നോർത്ത് ഈസ്റ്റിനെതിരെ കഴിഞ്ഞ സീസണിൽ വളരെ കഠിനമായ രണ്ടു മത്സരങ്ങൾ ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഓർക്കണം. ഈസ്റ്റ് ബംഗാളിനെതിരെയും അങ്ങനെ തന്നെ. ഇത്തരം മത്സരങ്ങളിൽ വേഗത്തിൽ ഗോൾ നേടിയില്ലെങ്കിൽ എതിർ ടീമുകൾ കൂടുതൽ കരുത്താർജിച്ച് ആത്മവിശ്വാസത്തോടെ മുന്നേറും. സമയം കടന്നു പോകുന്നതിനനുസരിച്ച് നമ്മൾ പ്രതിസന്ധിയിലാകും. ആദ്യ പകുതിയിൽ ഞങ്ങൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിച്ചു. ഗോളുകൾ നേടാൻ ആഗ്രഹിച്ചു, അത് ഞങ്ങൾ നേടി. ശേഷം കളി പൂർണമായും നിയന്ത്രണത്തിലാക്കാൻ മറ്റൊരു ഗോൾ നേടാൻ കുട്ടികൾ ആഗ്രഹിച്ചു. എന്നാലും ഞങ്ങൾക്കത് നേടാനായില്ല. പിന്നെയവർ കുറച്ച് ഉഴപ്പി കളിയ്ക്കാൻ തുടങ്ങി. അതെന്നെ അസ്വസ്ഥതപ്പെടുത്തി. കാരണം ജോലി കൃത്യമായി ചെയ്യണമെന്ന് നിഷ്കർഷയുള്ള പരിശീലകനാണ് ഞാൻ. എല്ലാത്തിനുമുപരിയായി വിജയത്തിലും ക്ലീൻ ഷീറ്റിലും ഞാൻ സന്തോഷിക്കുന്നു." അദ്ദേഹം പറഞ്ഞു.

ഈ വിജയത്തോടെ ലീഗിലെ ഒൻപതാമത്തെ വിജയമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ലീഗിലെ ആദ്യ പകുതിയിൽ തുടർച്ചയായ മൂന്നു തോൽവികൾക്കപ്പുറം കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിലേക്ക് മടങ്ങിയെത്തിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ വിജയത്തോടെയായിരുന്നു. വീണ്ടും തുടർച്ചയായ രണ്ടു തോൽവികൾക്കപ്പുറം കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്ക് മടങ്ങുന്നത് വീണ്ടും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ വിജയത്തോടെയാകുന്നത് കൗതുകമായി. ആറോളം മാറ്റങ്ങളുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങിയത്. ടീമിലെ പതിവ് ഗോൾകീപ്പർക്കു പകരം കരൺജിത് സിങ് ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോൾ വല കാക്കനായി ഇറങ്ങി. സഹൽ അബ്ദുൾ സമദും പരിക്ക് ഭേദമായി തിരിച്ചെത്തിയ മാർക്കോ ലെസ്‌കോവിച്ചും ടീമിലിടം നേടിയില്ല. ബ്രൈസ് മിറാൻഡ ടീമിൽ ഇടം നേടി.

ആക്രമിച്ചു മുന്നേറിയ കൊമ്പന്മാരെ ആദ്യ പകുതിയുടെ അവസാനം വരെ പിടിച്ചുകെട്ടാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കായി. നാല്പത്തിരണ്ടാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ബ്രൈസ് മിറാൻഡയുടെ ക്രോസിൽ  ദിമിട്രിയോസ് ഡയമന്റകോസിന്റെ ഹെഡ്ഡെർ വല തുളക്കുകയായിരുന്നു. വെറും രണ്ടു മിനിറ്റിനുള്ളിൽ മത്സരത്തിന്റെ നാല്പത്തിനാലാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും നേടി. അഡ്രിയൻ ലൂണയുടെ ത്രൂ ബോളിൽ ദിമിത്രിയോസിന്റെ ഷോട്ട് വലയുടെ ഇടതുമൂല തുളച്ചു. രണ്ടാം പകുതിയിൽ മറ്റൊരു ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. ഇഞ്ചുറി ടൈമും അവസാനിച്ച് ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി.

മത്സരത്തിൽ ദിമിട്രിയോസ് ഡയമന്റകോസ് ഹീറോ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കി. വിജയത്തോടെ മൂന്നു പോയിന്റുകൾ സ്വന്തമാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് പതിനഞ്ചു മത്സരങ്ങളിൽ നിന്നായി ഇരുപത്തിയെട്ടു പോയിന്റുകൾ നേടി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. ലീഗിലെ  പതിനാറു മത്സരങ്ങളിൽ നിന്ന് പതിനാലാം തോൽവി നേരിട്ട നോർത്ത് ഈസ്റ്റ് പതിനൊന്നാം സ്ഥാനത്തു തുടരുന്നു. ഫെബ്രുവരി മൂന്നിന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ നടക്കുന്ന പതിനാറാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. 

Your Comments

Your Comments