2025 ഫെബ്രുവരി 7-ന് ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ നേരിടുന്നത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മേഘാലയയിൽ അരങ്ങേറ്റം കുറിക്കും. സുനിൽ ഛേത്രി, ലാലിയൻസുവാല ചങ്തെ, നവോറെം മഹേഷ് സിംഗ് എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ ഫുട്‌ബോളിലെ മികച്ച താരങ്ങളുടെ കളി കാണാൻ, ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നതിനാൽ, ഹൈലാൻഡേഴ്‌സ് ഇതേ വേദിയിൽ ഫെബ്രുവരി 21-നും മാർച്ച് 8-നും യഥാക്രമം ബെംഗളൂരു എഫ്‌സിയെയും ഈസ്റ്റ് ബംഗാൾ എഫ്‌സിയെയും വേദിയിൽ നേരിടും.

ഫെബ്രുവരി 7-നുള്ള മത്സരത്തിന് മുന്നോടിയായി ക്ലബിന്റെ ഷില്ലോങ്ങിലേക്കുള്ള നീക്കത്തെക്കുറിച്ച് വിശദീകരിച്ച നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ സിഇഒ മന്ദാർ തംഹാനെ, അവിടുത്തെ ഫുട്ബോൾ ആരാധകരുടെ ആവേശത്തെപ്പറ്റിയുള്ള ചില രസകരമായ അനുഭവങ്ങൾ പങ്കുവെച്ചു.

25 വർഷത്തിലേറെയായി ഞാൻ ഇന്ത്യൻ ഫുട്‌ബോളിൽ സജീവമായിരുന്നിട്ടും, ഡ്യൂറൻഡ് കപ്പിന്റെ സെമി ഫൈനലിൽ ഇവിടെ ഷില്ലോങ് ലജോങ്ങിനെതിരെ കളിച്ചത് എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ഓൺലൈൻ ടിക്കറ്റുകൾ 12 മിനിറ്റിനുള്ളിൽ വിറ്റുതീർന്നു, പേപ്പർ ടിക്കറ്റുകൾക്കായി അഞ്ച് കിലോമീറ്ററോളം നീണ്ട വരികൾ ഉണ്ടായിരുന്നു. വിവിധ ജില്ലകളിലെ ഫാൻ പാർക്കുകളും നിറഞ്ഞു. എട്ട് സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ക്ലബ്ബാണ് ഞങ്ങൾ, അതിനാൽ വടക്കുകിഴക്കൻ മേഖലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഫുട്ബോളിനെ എത്തിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഡ്യൂറൻഡ് കപ്പിന് ഞങ്ങൾക്ക് ലഭിച്ച പ്രതികരണം കണ്ടപ്പോൾ, ഈ സീസണിൽ തന്നെ ഷില്ലോങ്ങിലേക്ക് വരാനുള്ള തീരുമാനം ഞങ്ങളെടുത്തു,” അദ്ദേഹം ഐ‌എസ്‌എല്ലിനോട് പറഞ്ഞു.

"ഈ സീസണിൽ ഐഎസ്എല്ലിനെ ഷില്ലോങ്ങിലേക്ക് എത്തിക്കുമെന്ന് തീരുമാനിച്ച ശേഷം മേഘാലയ സർക്കാരുമായി ഞങ്ങൾ അടുത്തു പ്രവർത്തിച്ചു. ഞങ്ങൾക്ക് പിന്തുണ നൽകിയ മേഘാലയ സർക്കാർ, ഷില്ലോങ്ങിലെ ഇന്ത്യയുടെ ഫുട്ബോൾ തലസ്ഥാനമാക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടിനൊപ്പം ചേർന്ന് നിന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ഷില്ലോങ്ങിൽ നിന്നുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മുന്നേറ്റ താരം റെഡീം ത്ലാങ്, ഐ‌എസ്‌എല്ലിലെ ശ്രദ്ധേയമായ പ്രാദേശിക പ്രതിഭകളിൽ ഒരാളാണ്. 100-ലധികം ഐ‌എസ്‌എൽ മത്സരങ്ങളിൽ ബൂട്ടുകെട്ടി, 2024-ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ ചരിത്രപരമായ ഡ്യൂറൻഡ് കപ്പ് വിജയത്തിൽ പ്രധാന പങ്കും വഹിച്ചിട്ടുള്ള ത്ലാങ്, സ്വന്തം നാട്ടിലേക്ക് ലീഗ് എത്തിയതിൽ ആവേശഭരിതനാണ്.

“വ്യക്തിപരമായി എനിക്കും മേഘാലയയിലെ ജനങ്ങൾക്കും ഷില്ലോങ്ങിൽ ഐ‌എസ്‌എൽ മത്സരങ്ങൾ കാണാൻ സാധിക്കുന്നത് അതിയായ സന്തോഷം നൽകുന്നു,” ഐ‌എസ്‌എല്ലിനോട് സംസാരിക്കവെ ത്ലാങ് പറഞ്ഞു. “ഐ‌എസ്‌എൽ രാജ്യത്തെ ഏറ്റവും മികച്ച ലീഗാണ്, അത് നിങ്ങളുടെ സ്വന്തം നാട്ടിലേക്ക് എത്തുന്നത് അവിശ്വസനീയമായ അനുഭവമാണ്. മേഘാലയയിലെമ്പാടുമുള്ള ജനങ്ങൾ ഫുട്‌ബോളിനെ സ്നേഹിക്കുന്നു. ഞങ്ങളിവിടെ കളിക്കുമ്പോൾ, ഞങ്ങൾക്ക് പ്രോത്സാഹനം നൽകി പിന്തുണക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. തുടക്കം മുതൽ അവസാനം വരെയും ഞങ്ങളെ അവർ പ്രോത്സാഹിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു."

ഫുട്ബോളെന്ന ഷില്ലോങ്ങിലെ മതം

2013-ൽ ഷില്ലോങ് ലജോങ് എഫ്‌സിയിലൂടെയാണ് റിഡീം ത്ലാങ്ങിന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. എന്നാൽ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ കുടുംബം താരത്തെ ഫുട്ബോളിലേക്ക് എത്തിച്ചിരുന്നു. വളരെക്കാലം, കളിയുടെ ആനന്ദത്തിനായി മാത്രമായാണ് കളിച്ചിരുന്നതെന്ന് ത്ലാങ് അഭിപ്രായപ്പെട്ടു. ഷില്ലോങ്ങിന്റെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണ് ഫുട്ബോളെന്ന് അറൂയിച്ച അദ്ദേഹം അവിടെ എല്ലാ പ്രായത്തിലുമുള്ള ആളുകൾ നഗരത്തിന്റെ എല്ലാ കോണുകളിലും ഫുട്ബോൾ ആസ്വദിക്കുന്നതായി വ്യക്തമാക്കി.

“ഷില്ലോങ്ങിൽ ഫുട്ബോൾ ഒരു മതം പോലെയാണ്. ഇവിടെ വളരുമ്പോൾ നിങ്ങൾ ആദ്യമായി കളിക്കുന്ന കളിയാണിത്. നഗരത്തിലെ ഏത് ഭാഗത്തും പോയാലും എല്ലാ പ്രായത്തിലുമുള്ള ആളുകളെയും കളത്തിൽ കാണാൻ സാധിക്കും. വാരാന്ത്യങ്ങളിൽ എന്റെ അമ്മാവന്മാരോടൊപ്പം കളി ആസ്വദിച്ചും കളിച്ചുമാണ് ഞാൻ തുടങ്ങിയത്,” ത്ലാങ് ഓർമ്മിച്ചെടുത്തു.

നിലവാരമുയർത്തുന്ന ഗ്രാസ്റൂട്ട് ഫുട്ബോൾ

ഐ‌എസ്‌എൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ആവേശത്തിനപ്പുറം, ഷില്ലോങ്ങിലെ ലീഗിന്റെ സാന്നിധ്യം യുവ ഫുട്ബോൾ കളിക്കാരിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് ത്ലാങ് വിശ്വസിക്കുന്നു. ചെറുപ്പത്തിൽ തന്നെ പ്രൊഫഷണൽ ഫുട്ബോളുമായി ഇടപഴകുന്നത് ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും ഈ മേഖലയിലെ കായിക വികസനത്തെ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“വളരെ ചെറുപ്പം മുതലേ ഫുട്ബോൾ ആസ്വദിക്കാൻ കഴിയും എന്നതിനാൽ, ഷില്ലോങ്ങിൽ നടക്കുന്ന ഐ‌എസ്‌എൽ മത്സരങ്ങൾ കുട്ടികൾക്ക് വളരെ പ്രധാനമാണ്. ഞാൻ വളരുമ്പോൾ ഇങ്ങനെയായിരുന്നില്ല. ഇവിടുത്തെ ഗ്രാസ് റൂട്ട് ഫുട്ബോൾ ക്രമാനുഗതമായി മെച്ചപ്പെട്ടുവരികയാണ്, ഇത് സംസ്ഥാനത്തും രാജ്യത്തുടനീളവും കായികരംഗത്തിന്റെ വളർച്ചയെ കൂടുതൽ സഹായിക്കും.” ത്ലാങ് പറഞ്ഞവസാനിപ്പിച്ചു.

ഷില്ലോങ്ങിൽ ഐഎസ്എൽ അരങ്ങേറ്റത്തിനായുള്ള കൗണ്ട്ഡൗൺ ആരംഭിക്കുമ്പോൾ, പ്രാദേശിക ആരാധകർക്കിടയിൽ ആവേശം പ്രകടമാണ്. ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ലീഗിന്റെ വരവോടെ, മേഘാലയ അതിന്റെ സമ്പന്നമായ ഫുട്ബോൾ സംസ്കാരം ദേശീയ വേദിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് കായിക അഭിനിവേശത്തിന്റെയും പ്രതിഭകളുടെയും കേന്ദ്രമെന്ന പദവി സംസ്ഥാനത്തിന് കൂടുതൽ ഉറപ്പിക്കുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ജിയോ സിനിമാ ആപ്പിൽ സൗജന്യമായി ലഭ്യമാകും. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം ഭാഷകളിൽ സ്‌പോർട്‌സ് 18 - 3 യിലും ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും മത്സരം തത്സമയം ലഭിക്കും. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ സ്പോർട്സ് 18 - 1, സ്പോർട്സ് 18 - 2, സ്പോർട്സ് 18 - ഖേൽ, സ്റ്റാർ സ്പോർട്സ് 3 എന്നിവയിലും സംപ്രേക്ഷണം ചെയ്യും.