മിന്നും പ്രതിഭകൾ: ഐഎസ്എൽ 2024-25ലെ മികച്ച യുവതാരങ്ങൾ
പ്രതിഭ കൊണ്ടും ശോഭനമായ ഭാവിയുടെ സൂചനകൾ നൽകിയും ഈ യുവനിര ലീഗിന് കൂടുതൽ തിളക്കമേകി.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സ്ഥാപിതമായ നാൾ മുതൽ ഇന്ത്യൻ ഫുട്ബോളിൽ ഒരു നിർണായക പരിവർത്തനത്തിന് ചുക്കാൻ പിടിക്കുന്നു. ലോകോത്തര താരങ്ങളും പരിചയസമ്പന്നരായ ഇന്ത്യൻ കളിക്കാരും ലീഗിന്റെ മൈതാനങ്ങളിൽ മാറ്റുരച്ചിട്ടുണ്ടെങ്കിലും, തദ്ദേശീയരായ യുവ പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിൽ ഐഎസ്എൽ വഹിച്ച പങ്ക് വലുതാണ്.
വർഷങ്ങളായി, വളർന്നുവരുന്ന കളിക്കാർക്ക് തങ്ങളുടെ കഴിവുകൾ ഫുട്ബോൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും, മികച്ച പരിശീലകരുടെയും അനുഭവസമ്പന്നരായ സഹകളിക്കാരുടെയും കീഴിൽ മികവ് നേടാനും ഐഎസ്എൽ എന്ന വേദി ഒരുക്കുന്ന അവസരം വലുതാണ്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനങ്ങൾക്ക് വളരാനുള്ള കളരിയാണ് ഐ.എസ്.എൽ എന്ന ഖ്യാതി, 2024-25 സീസൺ ഒരിക്കൽ കൂടി അടിവരയിട്ടു. വിവിധ ക്ലബ്ബുകൾക്കായി പല പൊസിഷനുകളിലും സ്ഥാനം പിടിച്ച യുവതാരങ്ങൾ തികഞ്ഞ സംയമനത്തോടെയും പക്വതയോടെയും കളത്തിലിറങ്ങി, ഏറെ വെല്ലുവിളികൾ നിറഞ്ഞ സീസണിൽ പല നിർണായക സാഹചര്യങ്ങളിലും തങ്ങളുടെ ടീമുകളുടെ ജീവശ്വാസമായി.
2024-25 സീസണിലെ ഏറ്റവും ശ്രദ്ധേയരായ യുവ കളിക്കാരെ പരിചയപ്പെടാം.
ദിപ്പെന്ദു ബിശ്വാസ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)
മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ വിജയക്കുതിപ്പിൽ നിർണായക പങ്ക് വഹിച്ച ദിപ്പെന്ദു ബിശ്വാസിന് സ്വപ്നതുല്യമായ സീസണായിരുന്നു ഇത്. ഇന്ത്യൻ ഫുട്ബോളിലെ വമ്പൻ പേരുകാർ അടക്കം വൻ താരങ്ങൾ അണിനിരക്കുന്ന ടീമിൽ, ആയിരത്തിൽ താഴെ മിനിറ്റുകൾ മാത്രം കളത്തിലിറങ്ങി ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടിയ ബിശ്വാസ് തന്റെ പ്രതിഭ തെളിയിച്ചു. പ്രതിരോധത്തിലും ഒരുപോലെ സംഭാവന നൽകാനുള്ള അദ്ദേഹത്തിന്റെ മികവും ടീമിൽ എവിടെയും പൊരുത്തപ്പെടാനുള്ള കഴിവും എംബിഎസ്ജി സ്ക്വാഡിലെ അവിഭാജ്യ ഘടകമാക്കി അദ്ദേഹത്തെ മാറ്റി.
ബ്രൈസൺ ഫെർണാണ്ടസ് (എഫ്‌സി ഗോവ)
ഈ സീസണിൽ ചുരുക്കം ചില കളിക്കാർ മാത്രമാണ് എഫ്‌സി ഗോവയുടെ ബ്രൈസൺ ഫെർണാണ്ടസിനോളം സ്ഥിരതയും മികവും കളിക്കളത്തിൽ കാഴ്ചവെച്ചത്. അർഹതക്കുള്ള അംഗീകാരമായി, 20 വയസ്സുകാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡറെ സീസണിലെ 'എമേർജിംഗ് പ്ലെയർ' ആയി തിരഞ്ഞെടുത്തു. 24 കളികളിൽ നിന്ന് ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ ഫെർണാണ്ടസ്, സുനിൽ ഛേത്രിക്ക് പിന്നിൽ ഈ സീസണിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയും കരസ്ഥമാക്കി. മധ്യനിരയിൽ കളിയുടെ ഗതി നിർണയിക്കാനുള്ള അപാരമായ കഴിവ് തെളിയിച്ച താരം, മനോലോ മാർക്വേസിന്റെ ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി.
അഭിഷേക് സിംഗ് (പഞ്ചാബ് എഫ്‌സി)
ഈ സീസണിലും തന്റെ സ്ഥിരതയാർന്ന പ്രകടനം തുടർന്ന്, ദേശീയ ടീമിലേക്ക് വിളിയെത്താൻ തക്ക മികവുറ്റ പ്രകടനം കാഴ്ചവെച്ചു പഞ്ചാബ് എഫ്‌സിയുടെ അഭിഷേക് സിംഗ്. 20-കാരനായ ഈ റൈറ്റ് ബാക്ക്, തന്റെ അസാമാന്യ വേഗത, സാങ്കേതികത്തികവ്, തന്ത്രപരമായ പക്വത എന്നിവയാൽ വലതു വിങ്ങിൽ ടീമിന്റെ കരുത്തായി.
കോറോ സിംഗ് (കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി)
കേവലം 18 വയസ്സുമാത്രം പ്രായമുള്ള കോറോ സിംഗ്, കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ കാഴ്ചവെച്ചത് അസാമാന്യമായ തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ. പന്തിനൊപ്പവും അല്ലാതെയും ഒരുപോലെ അപകടകാരിയായ ഈ യുവതാരം, രണ്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ ഗോൾവേട്ടക്കാരിൽ പ്രധാനിയായി. അദ്ദേഹത്തിന്റെ വേഗതയും, ഊർജ്ജസ്വലതയും, മുന്നേറ്റത്തിലെ ബുദ്ധിപരമായ നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന് പുതിയ മാനം നൽകി.
വിനീത് വെങ്കിടേഷ് (ബെംഗളൂരു എഫ്‌സി)
ബെംഗളൂരു എഫ്‌സിയുടെ മധ്യനിരയിലെ കണ്ടെത്തലായിരുന്നു 19-കാരൻ വിനീത് വെങ്കിടേഷ്, തന്റെ അരങ്ങേറ്റ സീസണിൽ തന്നെ ഭാവിയിലെ വലിയ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടിയത്. 19 മത്സരങ്ങളിൽ നിന്ന്, നിർണായക ഘട്ടങ്ങളിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്ത് ടീമിന്റെ വിജയങ്ങളിൽ പങ്കാളിയായി ഈ കർണാടകൻ.
ആക്രമണത്തിലെ മിടുക്ക് മാത്രമല്ല, കളിക്കളത്തിലെ കഠിനാധ്വാനവും പന്തിലുള്ള അപാരമായ നിയന്ത്രണവും കൊണ്ട് വെങ്കിടേഷ് കാണികളെ വിസ്മയിപ്പിച്ചു. കളി മെനയുന്നതിലും പന്ത് വീണ്ടെടുക്കുന്നതിലും ഒരുപോലെ മികവ് കാട്ടിയ ഈ കൗമാരതാരം ബ്ലൂസിന്റെ മധ്യനിരയുടെ എഞ്ചിനായി മാറി. ബിഎഫ്സിയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന അദ്ദേഹം, ഈ സീസണിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളിൽ ഒരാളായി പേരെടുത്തു.
നാഥൻ റോഡ്രിഗസ് (മുംബൈ സിറ്റി എഫ്‌സി)
മുംബൈ സിറ്റി എഫ്‌സിയുടെ ഭാവി വാഗ്ദാനമാണ് നാഥൻ റോഡ്രിഗസ് എന്ന യുവതാരം. മൂന്ന് ക്ലീൻ ഷീറ്റുകൾ, മൂന്ന് ഗോളുകൾ, ഒരു അസിസ്റ്റ് എന്നിവ നേടി ഈ യുവ ഫുൾബാക്ക് തന്റെ ആദ്യ സീസണിൽ തന്നെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
തന്റെ ആക്രമണത്തിലൂന്നിയ മുന്നേറ്റങ്ങളിലൂടെയും പ്രതിരോധത്തിലെ കൃത്യതകളാലും ഇരുവിങ്ങുകളിലും ടീമിന് സന്തുലനം നൽകിയ റോഡ്രിഗസ്, കളിയുടെ ഗതിമാറ്റങ്ങളിൽ പലപ്പോഴും ടീമിന്റെ രക്ഷകനായി. ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ നിരകളിലൊന്നായി ഐലൻഡേഴ്സ് മാറുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു.
ഡേവിഡ് ലാൽഹൻസാങ്ക (ഈസ്റ്റ് ബംഗാൾ എഫ്‌സി)
ഈസ്റ്റ് ബംഗാൾ എഫ്‌സിക്കൊപ്പമുള്ള തന്റെ കന്നി സീസണിൽ തന്നെ, മുന്നേറ്റ താരം ഡേവിഡ് ലാൽഹൻസാങ്ക കളത്തിൽ തന്റേതായ മുദ്ര പതിപ്പിച്ചു. കളിക്കാൻ പരിമിതമായ അവസരങ്ങൾ (568 മിനിറ്റ്) മാത്രമാണ് ലഭിച്ചതെങ്കിലും, നാല് ഗോളുകളുമായി ക്ലബ്ബിന്റെ ടോപ് സ്കോറർ നിരയിലുണ്ട് താരം. ഗോൾ നേടാനുള്ള അപാരമായ കഴിവും, ബോക്സിനുള്ളിലെ ചടുലമായ നീക്കങ്ങളും, സഹതാരങ്ങളുമായി ചേർന്ന് കളി മെനയുന്ന രീതിയും ആക്രമണത്തിലെ അദ്ദേഹത്തിന്റെ കൂർമ്മതയുടെ തെളിവായിരുന്നു. പരിക്കുകൾ നിരന്തരം വലച്ച ഈസ്റ്റ് ബംഗാൾ ടീമിന്, മുന്നേറ്റനിരയിൽ ഏത് റോളിലും തിളങ്ങാൻ കഴിയുന്ന ഒരു മുതൽക്കൂട്ടാണെന്ന് ലാൽഹൻസാങ്ക ഈ സീസണിൽ തെളിയിച്ചു.
റാംഹ്‌ലുൻചുംഗ (ഹൈദരാബാദ് എഫ്‌സി)
ഹൈദരാബാദ് എഫ്‌സിയുടെ മുന്നേറ്റ താരം റാംഹ്‌ലുൻചുംഗ ഈ സീസണിൽ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കളിക്കാരനാണ്. ഈ യുവ വിംഗർ 23 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി, ടീമിനായി ഗോൾ സംഭാവന നൽകിയ താരങ്ങളിൽ ഒന്നാമതെത്തി. എതിർ പ്രതിരോധത്തെ കീറിമുറിച്ച് ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹം സ്ഥിരമായി വിജയം കണ്ടു. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഹൈദരാബാദ് എഫ്‌സിയിലൂടെ, റാംഹ്‌ലുൻചുംഗ തന്റെ കരിയറിലെ സുപ്രധാനമായ പ്രകടനമാണ് ഈ സീസണിൽ നടത്തിയത്.
ഹൃതിക് തിവാരി (എഫ്‌സി ഗോവ)
തന്റെ ഊഴത്തിനായി ക്ഷമയോടെ കാത്തിരുന്ന ഗോൾകീപ്പർ ഹൃതിക് തിവാരി, ഈ സീസണിൽ ലഭിച്ച അവസരങ്ങളെല്ലാം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ലക്ഷ്മികാന്ത് കട്ടിമണിയുടെ പരിക്കിനെ തുടർന്ന് ഗോൾവല കാക്കാനിറങ്ങിയ ഈ യുവപ്രതിഭ, 19 മത്സരങ്ങളിൽ നിന്ന് ഏഴ് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കി; ഒരു പെനാൽറ്റി സേവ് അടക്കം 52 നിർണായക സേവുകളും അദ്ദേഹത്തിന്റെ പേരിൽ രേഖപെടുത്തപ്പെട്ടു. ഗോൾപോസ്റ്റിനു കീഴിലെ അദ്ദേഹത്തിന്റെ അത്യുജ്വല പ്രകടനങ്ങൾ എഫ്‌സി ഗോവയുടെ സെമി ഫൈനൽ വരെയുള്ള കുതിപ്പിന് നിർണായകമായി, ലീഗ് ഘട്ടത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ മികച്ച പ്രതിരോധ റെക്കോർഡോടെ സീസൺ അവസാനിപ്പിക്കാൻ ഇത് ടീമിനെ സഹായിച്ചു.
മാക്കാർട്ടൺ ലൂയിസ് നിക്സൺ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി)
കളിക്കളത്തിലെ കടുത്ത പോരാട്ടവീര്യവും നിർണായക സംഭാവനകളും കൊണ്ട് മാക്കാർട്ടൺ നിക്സൺ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി സ്ക്വാഡിൽ തന്റേതായ ഇടം കണ്ടെത്തി. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി ഈ മധ്യനിരതാരം ആക്രമണത്തിലും വലിയ പിന്തുണ നൽകി. കഴിഞ്ഞ സീസണിൽ നടത്തിയ ഐഎസ്എൽ അരങ്ങേറ്റത്തിന്റെ അനുഭവസമ്പത്ത്, ഈ സീസണിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കാൻ നിക്സണെ സഹായിച്ചു; ഹൈലാൻഡേഴ്സിന്റെ പ്ലേഓഫ് പ്രവേശനത്തിലും ഇത് നിർണായകമായി.
നിഖിൽ ബർള (ജംഷഡ്പൂർ എഫ്‌സി)
ജംഷഡ്പൂർ എഫ്‌സിയുടെ യുവ റൈറ്റ് ബാക്ക് നിഖിൽ ബർള, ക്ലബിന്റെ ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലിന്റെ കീഴിൽ ഈ സീസണിൽ ഏറെ മെച്ചപ്പെട്ടു. ആദ്യ പതിനൊന്നിലെ സ്ഥിരം സാന്നിധ്യമായിരുന്ന ബർള, തന്റെ വിങ്ങിൽ ഉറച്ച പ്രതിരോധം തീർത്തതിനൊപ്പം, എതിർ ഗോൾമുഖത്തേക്ക് അപകടകരമായ മുന്നേറ്റങ്ങൾ നടത്താനും മടിച്ചില്ല. തന്റെ കന്നി ഐഎസ്എൽ ഗോളും ഒരു അസിസ്റ്റും ഈ സീസണിൽ സ്വന്തമാക്കിയ താരം, ഒരു ഓൾറൗണ്ടർ എന്ന നിലയിലും ശ്രദ്ധ പിടിച്ചുപറ്റി. മൈതാനത്തിന്റെ രണ്ടു അറ്റങ്ങളിലും ഒരുപോലെ തിളങ്ങാനും ടീമിനായി സംഭാവനകൾ നൽകാനുമുള്ള അദ്ദേഹത്തിന്റെ മികവ്, നിഖിലിനെ ജംഷഡ്പൂരിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റി.