ഐഎസ്എൽ 2024-25: ഏറ്റവും കൂടുതൽ കളിക്കാരെ കളത്തിലിറക്കിയ ടീമുകൾ ഇവ!
സീസൺ അവസാനിച്ച വേളയിൽ ഏറ്റവും കൂടുതൽ കളിക്കാരെ ഉപയോഗിച്ച ടീമുകളെ കുറിച്ച് പരിശോധിക്കുന്നു

ഓരോ സീസണിലും ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പുതിയ ടീമുകളെ ഉൾപ്പെടുത്തി കൂടുതൽ വ്യാപ്തിയിലേക്ക് വളരുകയാണ്. മത്സരങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം കടുത്ത പോരാട്ടങ്ങളും ഓരോ ടീമിന്റെയും സ്‌ക്വാഡ് ഡെപ്ത് പരീക്ഷിക്കപ്പെടുന്നു.
ഐഎസ്എൽ 2024-25 സീസണും വിവിധ ഘട്ടങ്ങളിൽ മുഖ്യ പരിശീലകരുടെ തന്ത്രങ്ങൾക്ക് അനുസരിച്ച് ക്ലബ്ബുകളും സ്റ്റാർട്ടിംഗ് ഇലവനിൽ ധാരാളം മാറ്റങ്ങൾ വരുത്തുന്നതിന് സാക്ഷ്യം വഹിച്ചു. സീസണിന് തിരശീല വീണതിനാൽ, ഏറ്റവും കൂടുതൽ കളിക്കാരെ ഉപയോഗിച്ച ടീമുകളെക്കുറിച്ചുള്ള ഒരു വിശകലനത്തിലേക്ക് കടക്കുകയാണിവിടെ.
ഈസ്റ്റ് ബംഗാൾ എഫ്.സി - 32
സീസണിൽ മുഴുവനായും ടീമിന്റെ മികച്ച ഇലവൻ കണ്ടെത്താൻ ഈസ്റ്റ് ബംഗാൾ എഫ്സിക്ക് കാര്യമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. പ്രധാന കളിക്കാരുടെ പരിക്കും നിരവധി സസ്പെൻഷനുകളും ടീമിൽ നിരന്തരം മാറ്റങ്ങൾ വരുത്താനും പുത്തൻ സാധ്യതകൾ തിരയാനും അവരെ നിർബന്ധിതരാക്കി. എന്നാൽ ശരിയായ കോമ്പിനേഷൻ കണ്ടെത്താനുള്ള റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിന്റെ ശ്രമം പരാജയപ്പെട്ടതോടെ പ്ലേ ഓഫ് സ്വപ്‌നങ്ങൾ തുടർച്ചയായ അഞ്ചാം തവണയും തകർന്നു.
മുഹമ്മദൻ എസ്.സി & കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി - 29
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെയും കൊൽക്കത്തയിലെ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിൻ്റെയും ഈ സീസൺ സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. രണ്ട് ക്ലബ്ബുകളിലെയും മുഖ്യ പരിശീലകരായ ആന്ദ്രേ ചെർണിഷോവും മിഖായേൽ സ്റ്റാറെയും സീസൺ പുരോഗമിക്കുന്നതിനിടെ അവരുടെ ക്ലബ്ബുകളിൽ നിന്നും പടിയിറങ്ങി. അതിനുശേഷം ഇടക്കാല ഇന്ത്യൻ പരിശീലകരായി മെഹ്‌റാജുദ്ദീൻ വാഡുവും ടി.ജി. പുരുഷോത്തമനും ചുമതലയേറ്റു. ഈ പരിശീലക മാറ്റങ്ങളടക്കം ബ്ലാസ്റ്റേഴ്സിന്റെയും ബ്ലാക്ക് ആൻഡ് വൈറ്റ് ബ്രിഗേഡിന്റെയും സ്ക്വാഡുകളിൽ നിരന്തരമായ മാറ്റങ്ങൾ വരുത്തി. ഇത് ക്രമേണ പ്രകടനത്തിൽ സ്ഥിരതയില്ലായ്മക്ക് കാരണവുമായി.
മുംബൈ സിറ്റി എഫ്സി - 28
മുൻ വർഷങ്ങളിലെ സ്ഥിരതയും നിലവാരവും നിലനിർത്താൻ ഈ സീസണിൽ പരാജയപ്പെട്ട ടീമായിരുന്നു മുംബൈ സിറ്റി എഫ്സി. പ്ലേ-ഓഫിൽ ഇടം നേടാനായെങ്കിലും പീറ്റർ ക്രാറ്റ്കിയുടെ ടീം സ്ഥിരതയില്ലാത്ത പ്രകടനത്താൽ വലഞ്ഞു. ഹോം മൈതാനമായ മുംബൈ ഫുട്ബോൾ അരീനയിൽ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ അവർക്ക് കഴിഞ്ഞില്ല. പ്രധാന താരങ്ങളായ നിക്കോളാസ് കാരെലിസ്, ജോൺ ടോറൽ, ബ്രാൻഡൻ ഫെർണാണ്ടസ് എന്നിവരുടെ ദീർഘകാല പരിക്കുകൾ ടീമിന്റെ ആദ്യ ഇലവനിൽ നിരന്തരം മാറ്റങ്ങൾ വരുത്താൻ പരിശീലകനെ നിർബന്ധിച്ചു. പ്രധാന പൊസിഷനുകളിൽ നടത്തിയ പരീക്ഷണങ്ങൾ പലപ്പോഴും കളത്തിൽ പ്രതിഫലിക്കാതിരുന്നത് ടീമിന് തിരിച്ചടി നൽകി.
പഞ്ചാബ് എഫ്.സി - 27
മികച്ച തുടക്കമായിരുന്നു കഴിഞ്ഞ വർഷം ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തിയ പഞ്ചാബ് എഫ്‌സിക്ക് ലഭിച്ചത്. എന്നാൽ, സീസണിനിടെ നിരവധി പോയിൻ്റുകൾ നഷ്ടപ്പെടുത്തിയത് അവരെ ആദ്യ ആറിൽ നിന്ന് പുറത്താക്കി. ടീമിന്റെ മുന്നേറ്റത്തിന് തിരിച്ചടി നൽകുന്നതിൽ പരിക്കുകൾ വലിയൊരു പങ്ക് വഹിച്ചു - ഫിലിപ്പ് മ്രോസ്‌ലിയാക്, ലൂക്കാ മജെൻ, എസെക്കിയേൽ വിദാൽ, ഇവാൻ നൊവോസെലിച്ച് എന്നിവർക്ക് സീസണിൻ്റെ വിവിധ ഘട്ടങ്ങളിൽ നഷ്ടപ്പെട്ടത് ഒരുപിടി മത്സരങ്ങൾ. ഭാവിയിലേക്ക് ഒരു സന്തുലിതമായ ടീം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഈ സീസണിൽ അക്കാദമിയിൽ നിന്നുള്ള മുഹമ്മദ് സുഹൈൽ, മംഗ്ലെൻതാങ് കിപ്ജെൻ, പരമവീർ സിംഗ് എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്തി പരിശീലകൻ പനാജിയോട്ടിസ് ദിലംപെറിസ്.
ബെംഗളൂരു എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ജംഷഡ്പൂർ എഫ്സി, ഹൈദരാബാദ് എഫ്സി - 26
ബെംഗളൂരു എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ജംഷഡ്പൂർ എഫ്സി, ഹൈദരാബാദ് എഫ്സി എന്നീ നാല് ടീമുകളും ഈ സീസണിൽ ഉപയോഗിച്ചത് 26 കളിക്കാരെ. ഈ നിരയിൽ ഹൈദരാബാദ് എഫ്.സി ഒഴികെയുള്ളവർ പ്ലേ-ഓഫിൽ ഇടം നേടി. ഐഎസ്എൽ കപ്പ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ബെംഗളൂരു എഫ്.സി.ക്ക് മികച്ച സീസണായിരുന്നു കഴിഞ്ഞുപോയത്. 'ഹൈലാൻഡേഴ്സും' മെൻ ഓഫ് സ്റ്റീലും ധീരമായ പ്രകടനം കാഴ്ചവെച്ച് ഒരു ഇടവേളയ്ക്ക് ശേഷം പ്ലേ-ഓഫിൽ ഇടം കണ്ടെത്തി.