ജംഷെഡ്പൂർ എഫ്സിക്ക് എതിരെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരിശീലകൻ കിബു വികുന അടക്കം പല പ്രധാന താരങ്ങളുടെയും സേവനം ലഭിക്കില്ല. കഴിഞ്ഞ മത്സരത്തിൽ ലൈൻ റഫറിയുമായി തർക്കിച്ചതിനാൽ യെല്ലോ കാർഡ് ലഭിച്ചതിനാലാണ് കിബു വികുനയ്‌ക്ക് പുറത്തിരിക്കേണ്ടി വരുന്നത്.

അതേ സമയം തുടർച്ചയായ നാല് യെല്ലോ കാർഡുകൾ ലഭിച്ച മുന്നേറ്റ താരം രാഹുൽ കെപി, മധ്യനിര താരം ജീക്സൺ സിംഗ് എന്നിവർക്കും അടുത്ത മത്സരം നഷ്ടമാകും. ടീമിന്റെ ടോപ്പ് ഗോൾ സ്കോററായ ജോർദാൻ മുറെയ്‌ക്ക് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം ഇന്നത്തെ മത്സരത്തിൽ ഉണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

പക്ഷേ ഇതിനെയെല്ലാം മറികടക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്നാണ് സഹപരിശീലകനായ ഇഷ്ഫാക്ക് അഹമ്മദ് അഭിപ്രായപ്പെട്ടത്. കാരണം പകരക്കാരായി കളത്തിലിറക്കാൻ കഴിയുന്ന മികച്ച താരങ്ങൾ തന്നെ കേരള ബ്ലാസ്റ്റേഴ്സിലുണ്ട്. ടീമിലെ പല പ്രധാന താരങ്ങൾക്കും ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങാൻ കഴിയില്ല. മുഖ്യ പരിശീലകനായ കിബു വികുനയുടെ സേവനവും ഞങ്ങൾക്ക് ലഭ്യമാകില്ല.

പക്ഷേ പരിക്കിന്റെ പിടിയിലായിരുന്ന ചില താരങ്ങൾ ഇന്നത്തെ മത്സരത്തിൽ തിരിച്ചെത്തിയേക്കും. മൾട്ടി പൊസിഷൻ കളിക്കാൻ കഴിയുന്ന താരങ്ങൾ ടീമിൽ ഉള്ളതിനാൽ മറ്റ് താരങ്ങളുടെ അഭാവം ടീമിന് ഒരു വെല്ലുവിളിയായി മാറില്ല. മത്സരത്തിൽ വിജയം നേടി മൂന്ന് പോയിന്റുകൾ സ്വന്തമാക്കുക തന്നെയാണ് ലക്ഷ്യമെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

പ്രധാന താരങ്ങളെ നഷ്ടപ്പെട്ടാൽ ഏതൊരു ടീമിനും അത് ഒരു വെല്ലുവിളി തന്നെയാണ്. പക്ഷേ അതെല്ലാം മറികടക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. വിങ്ങർ പൊസിഷനിൽ കളിച്ചിരുന്ന രാഹുലിനെ പ്രധാന സ്ട്രൈക്കറാക്കി കളത്തിലിറക്കിയപ്പോൾ അദ്ദേഹം ഗോളുകൾ നേടി. ഗാരി ഹൂപ്പർ 11 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ മാത്രമേ നേടിയുള്ളൂ. കാരണം ക്ലബ്ബ് അദ്ദേഹത്തിന് നൽകിയ ചുമതല ഗോൾ അടിക്കുക എന്നത് മാത്രമല്ല.

ക്ലബ്ബ് നൽകിയ ചുമതല അദ്ദേഹം ഭംഗിയായി തന്നെ നിർവഹിക്കുന്നുണ്ട്. ക്ലബ്ബിനു വേണ്ടി ഇതിനകം നിരവധി ഗോളവസരങ്ങൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് നേടിയ അഞ്ചോ, ആറോ ഗോളുകൾക്ക് പിന്നിൽ നേരിട്ടോ, അല്ലാതെയോ ഗാരി ഹൂപ്പറിന്റെ സാന്നിധ്യമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ രണ്ടു ക്ലീൻ ഷീറ്റുകൾ മാത്രമേ ഉള്ളൂ. കാരണം മറ്റു ടീമുകൾ ഗോൾ സ്കോർ ചെയ്യാൻ ആഗ്രഹിക്കുന്നു.

ഈ സീസണിൽ ഞങ്ങൾക്ക് മികച്ച ഒരു തുടക്കം ലഭിച്ചില്ല. പക്ഷേ ഇപ്പോൾ ഓരോ മത്സരം കഴിയുന്തോറും ഒരു ടീം എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ആൽബിനോ ഗോമസ്, രാഹുൽ കെപി എന്നിവർ തീർച്ചയായും ദേശീയ ടീമിൽ കളിക്കാൻ യോഗ്യരാണ്. ആൽബിനോ ഗോമസ് ഒരു മികച്ച ഗോൾകീപ്പറാണ്. അദ്ദേഹത്തിന്റെ സേവുകൾ പല മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ പെനാൽറ്റി സേവുകൾ നടത്തിയ ഗോൾകീപ്പറും അദ്ദേഹമാണ്.

രാഹുൽ കെപി ഭാവിയിൽ ഇന്ത്യയുടെ മികച്ച സ്ട്രൈക്കറായി മാറാൻ കഴിവുള്ള താരമാണ്. വേഗതയും, ഷൂട്ടിംഗ് കൃത്യതയും ഉള്ള താരം മികച്ച ഒരു ഫിനിഷർ കൂടിയാണ്. സ്ട്രൈക്കർ പൊസിഷനിൽ കളിച്ച രണ്ടു മത്സരത്തിലും ഗോളുകൾ നേടിയ താരം ടീമിന് വൻ പ്രതീക്ഷ തന്നെയാണ് നൽകുന്നത്. ഇന്നത്തെ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിക്കെതിരെ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നില്ല എന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.