ഇഷാൻ പണ്ഡിറ്റ മികച്ച താരമാണ്. 90 മിനിട്ട് പോലും മുഴുവനായി കളിക്കാതെ അദ്ദേഹം നാല് ഗോളുകൾ നേടി: ഇഗോർ സ്റ്റിമാക്

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ അവസാനിച്ചതിനെത്തുടർന്ന് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം അവരുടെ വരാനിരിക്കുന്ന ദേശീയ ക്യാമ്പിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ആരംഭിച്ചിരിക്കുന്നു. ഈ മാസം ആരംഭത്തിൽ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് ഇന്ത്യൻ ടീമിന്റെ ഇനി നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിൽ കളിക്കാൻ സാധ്യതയുള്ള 35 കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ കഴിഞ്ഞ സീസണിൽ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച താരങ്ങളെ കുറിച്ച് പറയുകയാണ് അദ്ദേഹം.

“ഈ സീസണിൽ ഹൈദരാബാദ് എഫ്സിയിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. ഹൈദരാബാദ് ഈ ഐ‌എസ്‌എൽ സീസണിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. ആദ്യ ഇലവനിൽ മൂന്ന് വിദേശ കളിക്കാരുമായി മാത്രം ഭൂരിഭാഗം മത്സരങ്ങളും കളിച്ച മനോലോ മാർക്വേസിനോടും അദ്ദേഹത്തിന്റെ താരങ്ങളോടും എനിക്ക് വളെരെ ബഹുമാനം തോന്നി. തങ്ങളുടെ മികവ് അവർ തെളിയിക്കുകയും ചെയ്തു. ഈ സീസണിലൂടെ ഇന്ത്യൻ താരങ്ങൾക്ക് അവിടെ അവരുടെ വികസനത്തിന് കൂടുതൽ അവസരങ്ങളും സമയവും ലഭിച്ചു.” ഇഗോർ സ്റ്റിമാക് പറഞ്ഞു.

ഇന്ത്യൻ ക്ലബ്ബുകളായ എഫ്‌സി ഗോവ, എടി‌കെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്‌സി എന്നിവ അടുത്ത ദിവസങ്ങളിൽ എ‌എഫ്‌സി കപ്പിലും എ‌എഫ്‌സി ചാമ്പ്യൻസ് ലീഗിലും മത്സരിക്കും. എന്നാൽ കോണ്ടിനെന്റൽ ഗ്രൗണ്ടിൽ വിദേശ കളിക്കാർക്കുള്ള വ്യത്യസ്ത നിയമങ്ങൾമൂലം പ്രസ്തുത ടീമുകൾക്ക് ഇന്ത്യൻ കളിക്കാരുടെ എണ്ണത്തിൽ അതിനനുസരിച്ച് മാറ്റം വരുത്തേണ്ടി വരും.

“ആ ക്ലബ്ബുകൾ ഇപ്പോൾ മറ്റൊരു പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണ്. അത് ഇന്ത്യയിൽ നിലനിൽക്കുന്ന വിദേശ കളിക്കാരുടെ നിയമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഫുട്ബോളിലെ എല്ലാ ടീമുകളോടും ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരം കൊടുക്കാൻ ഞങ്ങൾ പറയുന്നതിന്റെ ഒരു പ്രധാന കാരണം അതാണ്. എ.ഐ.എഫ്.എഫ്, എഫ്.എസ്.ഡി.എൽ, എന്നീ ടൂർണമെന്റുകളിൽ ഇന്ത്യൻ ഫുട്ബോളിനെ എങ്ങനെ സഹായിക്കാം എന്നായിരിക്കണം ഏഷ്യൻ കപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഐ.എസ്.എൽ ക്ലബ്ബുകൾ ശ്രമിക്കേണ്ടത്.” അദ്ദേഹം പറഞ്ഞു.

ഐ‌എസ്‌എൽ സീസണുകളുടെ കാലയളവിനെക്കുറിച്ചും ഇന്ത്യൻ കളിക്കാരുമായി പ്രവർത്തിക്കാൻ വിദേശ പരിശീലകർക്ക് മതിയായ സമയം ഇതുവരെ ലഭിച്ചിട്ടില്ല എന്നും സ്റ്റിമാക് പറഞ്ഞു. “ഇവിടെയുള്ള സീസണിന്റെ ദൈർഘ്യകുറവ് സംബന്ധിച്ചുള്ള പ്രശ്നങ്ങളിൽ ഐ‌എസ്‌എല്ലിന്റെ തുടക്കം മുതൽ ഇതുവരെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഭാവിയിൽ ഇന്ത്യയിലെ ലീഗ് സീസണുകൾ എട്ട് മാസത്തെ സീസണായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതുമൂലം വിദേശ പരിശീലകർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും. ഒപ്പം കളിക്കാരുടെ വികസനത്തിനെ ഇത് വളരെയധികം സഹായിക്കും. പരിശീലകർക്കൊപ്പം പിച്ചിൽ കൂടുതൽ സമയം ചെലവഴിക്കാനും വിദേശ താരങ്ങൾക്ക് സാധിക്കുന്ന പോലെ ഇന്ത്യൻ താരങ്ങൾക്കും അവരുടെ ക്രോസുകൾ മെച്ചപ്പെടുത്താനും അവരുടെ സ്കോറിങ്ങ് കഴിവുകളും പ്രതിരോധവും ഒക്കെ വളർത്താനും അതിലൂടെ കൂടുതൽ മികച്ച ഇന്ത്യൻ ഫുട്ബോൾ ടീമിനെ കാണാനും നമുക്ക് സാധിക്കും” അദ്ദേഹം പറഞ്ഞു.

ഈ സീസണിൽ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച രണ്ട് യുവ ഇന്ത്യൻ താരങ്ങൾ ചിംഗ്‌ലെൻസാന സിംഗ്, ഇഷാൻ പണ്ഡിറ്റ എന്നിവരാണെന്ന് ഇഗോർ സ്റ്റിമാക് പറഞ്ഞു. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ ലിസ്റ്റൺ കൊളാക്കോ, ലാലിയാൻസുവാല ചാങ്‌തെ, മൻ‌വീർ സിംഗ് എന്നിവർ ഉൾപ്പെടെ മറ്റ് ഭൂരിഭാഗം പേരും ഇതിനകം തന്നെ തന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

എഫ്സി ഗോവയിലെ ചിംഗ്‌ലെൻസാന സിങ്ങിനെ ഞാൻ പിന്തുണയ്ക്കും എന്ന് അദ്ദേഹം പറഞ്ഞു. "അദ്ദേഹം കളിച്ച രീതി, അദ്ദേഹം കാണിച്ച സ്കിൽ, പന്തുമായി ഉള്ള വഴക്കം, പാസിംഗിലെ കൃത്യത, പൊസിഷനിംഗ് പ്ലേ ഇതൊക്കെ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കാരണം ഈ പൊസിഷനുകളിൽ അദ്ദേഹം എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് എനിക്കറിയാം.”

ഇഗോർ സ്റ്റിമാക് എഫ്സി ഗോവൻ താരം ഇഷാൻ പണ്ഡിറ്റയെക്കുറിച്ചും കൂടുതൽ വാചാലനായി. “ഇഷാൻ പണ്ഡിറ്റ, അവൻ ഒരു വലിയ ഒരു താരമാണ്. കാരണം 90 മിനിട്ട് പോലും മുഴുവനായി കളിക്കാതെ അവൻ നാല് ഗോളുകൾ നേടി. അദ്ദേഹം ടീമിൽ വരുമ്പോൾ തന്നെ ആദ്യ ഗോൾ നേടുന്നു. പല കളിയിലും അതാണ് പലപ്പോഴും സംഭവിക്കുന്നത്. അദ്ദേഹം കളി കഴിയാൻ മൂന്ന് മിനിറ്റ് ഒക്കെ ബാക്കി നിൽക്കുമ്പോൾ വന്ന് വീണ്ടും സ്കോർ ചെയ്യുന്നു. അദ്ദേഹം ഇത് തന്നെ നാല് തവണ ആവർത്തിക്കുന്നത് അത്ഭുതം തന്നെയാണ്. എനിക്ക് പരിശോധിക്കേണ്ടത് ദേശീയ ടീമിനായി ഇത് ചെയ്യാൻ അദ്ദേഹത്തിന് കഴിവുണ്ടോ എന്നതാണ്. പകരക്കാരുടെ സ്ഥാനങ്ങളിൽ നാം വളരെ ദുർബലരായതിനാൽ അദ്ദേഹം ഈ അവസരത്തിന് അർഹനാണ്. കളിക്കാരുടെ ഗുണനിലവാരത്തിൽ ദുർബലമാണ് എന്നല്ല ഞാൻ പറഞ്ഞത്. കാരണം മുന്നേറ്റത്തിൽ സുനിൽ ഛേത്രി ഉണ്ട്. പിന്നെ മൻ‌വീർ ഉണ്ട്. ആദ്യ രണ്ട് ഓപ്ഷനുകൾ ഇവർ ആയിരിക്കും. പക്ഷേ നമുക്ക് ഈ സ്ഥാനങ്ങളിൽ ഒരു പുതിയ യുവതാരം ആവശ്യമാണ്. തീർച്ചയായും, സെന്റർ ഫോർവേഡ് കളിക്കാരനായി ഇഷാനെ കളിപ്പിക്കാൻ സാധിക്കും. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ കഴിവ് സ്വയം തെളിയിക്കാൻ ഞങ്ങൾ അദ്ദേഹത്തിന് അവസരം നൽകും.” ഇഗോർ സ്റ്റിമാക് പറഞ്ഞുനിർത്തി.

 

Your Comments

Your Comments