തിരിച്ചുവരവ് ജയം തന്ത്രത്തിന്റെ ഭാഗമോ? പ്രതികരിച്ച് പുരുഷോത്തമൻ
ഒരു കളിക്കാരൻ പിഴവ് വരുത്തിയാൽ ഉത്തരവാദിത്വം ടീമിനാണെന്ന് പരിശീലകൻ വ്യക്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം പകുതിയിൽ ഗോളുകൾ കണ്ടെത്തിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് ടീമിന്റെ ഗെയിം പ്ലാനിന്റെ അടിസ്ഥാനമെന്ന് ചൂണ്ടിക്കാണിച്ച് ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജയത്തിന് ശേഷം ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ലീഗിൽ ഹോം മൈതാനത്ത് ഒഡീഷ എഫ്‌സിക്ക് എതിരെയുള്ള അപരാജിത കുതിപ്പാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നിലനിർത്തിയത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമായിരുന്നു ടീമിന്റെ തിരിച്ചുവരവ്. രണ്ടാം പകുതിയിൽ കോറൂ സിംഗിന്റെ അവിശ്വസനീയമായ പാസിലൂടെ ക്വമെ പെപ്രയുടെ സമനില ഗോൾ. ശേഷം സൂപ്പർ നോവ അവതരിച്ചതോടെ മത്സരത്തിന്റെ ഗതിമാറി. ജീസസ് ഹിമനെസിന്റെ ഗോളിന് വഴിയൊരുക്കിയും വിജയ ഗോൾ നേടിയും അദ്ദേഹം ടീമിന്റെ നട്ടെല്ലായി.
രണ്ടാം പകുതിയിലെ ഊർജം ടീമിന്റെ പദ്ധതികളുടെ ഭാഗമാണെന്ന് പരിശീലകൻ അറിയിച്ചു. "അത് ഞങ്ങളുടെ പദ്ധതികളുടെ ഭാഗമായിരുന്നു. അത് കർശനമായി പാലിച്ചു. 60 - 70 മിനിറ്റിനുശേഷം ഞങ്ങൾക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് അത് പിന്തുടരുന്നത് വഴി ഞങ്ങൾക്കറിയാമായിരുന്നു. അതിനുള്ള പദ്ധതികൾ തയ്യാറാക്കി, അതായിരുന്നു ഞങ്ങളുടെ ഇന്നത്തെ ഗെയിം പ്ലാൻ. അത് നേടുകയും ചെയ്തു. മിക്കവാറും ചെറിയ കാര്യങ്ങളിൽ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്, ഞങ്ങൾ ഇതുപോലെ മുന്നോട്ട് പോകും."
പതിനെട്ട് വയസ്സിൽ ഐഎസ്എല്ലിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് നാല് അസിസ്റ്റുകൾ. ലീഗ് ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും അധികം അസിസ്റ്റുകൾ നൽകുന്ന ഇന്ത്യൻ താരങ്ങളുടെ നിരയിൽ ജെസ്സൽ കാർണെറ്ക്കും സീമിൻലെൻ ഡൗങ്കലുമൊപ്പം ഒന്നാമത്. ചരിത്രമെഴുതുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കോറൂ സിംഗ് തനൗജം. ഐഎസ്എല്ലിൽ ഈ സീസണിലെ ആദ്യത്തെ ആറ് മത്സരങ്ങൾക്ക് ശേഷമാണ് മണിപ്പൂരി യുവസെൻസേഷൻ ടീമിനോപ്പം ചേരുന്നത്. തുടർന്ന്, വലത് വിങ്ങിൽ തന്റേതായ സ്ഥാനവും കണ്ടെത്തി.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവിവാഗ്ദാനമാണ് കോറൂ സിംഗ് എന്ന് പരിശീലകൻ അടിവരയിട്ട് പറഞ്ഞു. "തീർച്ചയായും, ക്ലബ് ക്ലബ് ഐഎസ്‌എല്ലിലേക്കും ദേശീയ ടീമിലേക്കും മറ്റുമായി ധാരാളം യുവതാരങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അത് തുടരുന്നു. കോറോ സിംഗ് മാത്രമല്ല, ടീമിലെ ഓരോ കളിക്കാരനും അവർ ചെയ്യേണ്ടത് ചെയ്യണം. ഒരു ടീം എന്ന നിലയിൽ അവർ അത് ചെയ്യുന്നു. വരും ദിവസങ്ങളിൽ നമ്മൾ കൂടുതൽ നേടുമെന്ന് പ്രതീക്ഷിക്കാം."
വ്യക്തിഗത പിഴവുകൾ കേരള ബ്ലാസ്റ്റേഴ്സിൽ തിരക്കഥയെഴുതുയാണ്. ഇന്നത്തെ മത്സരത്തിൽ ഒഡീഷ നേടിയ രണ്ടു ഗോളുകളും പിറന്നത് ബ്ലാസ്റ്റേഴ്‌സ് നിരയിലെ താരങ്ങൾ വരുത്തിയ പിഴവിന്മേലാണ്. എന്നാൽ, ഈ പിഴവുകൾ വ്യക്തിഗതമെല്ലെന്നും ടീം ഒന്നായി നേടിയതാണെന്നും പരിശീലകൻ വ്യക്തമാക്കി. ഒരു കളിക്കാരൻ പിഴവ് വരുത്തിയാൽ ഉത്തരവാദിത്വം ടീമിനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"വ്യക്തിപരമായ തെറ്റ്, ഞാൻ നേരത്തെ പറഞ്ഞല്ലോ, അത് ഒരു വ്യക്തിയുടെ തെറ്റല്ല. അത് ഒരു ടീം എന്ന നിലയിലാണ് സംഭവിക്കുന്നത്. ഓരോ കളിക്കാർ ചേരുമ്പോഴാണ് ഒരു ടീം സൃഷ്ടിക്കപ്പെടുന്നത്. ഒരു കളിക്കാരൻ തെറ്റുകൾ അത് ടീം വരുത്തുന്നതിന് തുല്യമാണ്. അതിനനുസരിച്ച് വേണം ടീമും പ്രതികരിക്കാൻ" - അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.