ഐഎസ്എൽ ഫൈനൽ ടിക്കറ്റ് വിൽപ്പന എപ്പോൾ, എവിടെ ആരംഭിക്കുന്നു? അറിയാം
മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈനായി ആരംഭിക്കും.

കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ അന്തിമ പോരാട്ടത്തിന് മൂന്നു ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇന്ത്യൻ സൂപ്പർ ലീഗ് 2024 - 25 സീസണിന്റെ ഫൈനലിന് ആവേശം ഉയരുന്നു.
2022–23 ഐഎസ്എൽ ഫൈനലിന് സമാനമായി ഈ സീസണിൽ ലീഗ് ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ബെംഗളൂരു എഫ്‌സിയോട് വീണ്ടുമൊരു കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നു.
കഴിഞ്ഞ സീസണിൽ തലനാരിഴക്ക് നഷ്ടപ്പെട്ട ഐഎസ്എൽ ഡബ്ബിൾ നേടുന്നതിനാണ് മറൈനേഴ്‌സ് ലക്ഷ്യമിടുന്നത്, ബെംഗളൂരു എഫ്‌സിയാകട്ടെ രണ്ടു വർഷങ്ങൾക്ക് മുൻപ് ഗോവയിൽ നേരിട്ട ഫൈനൽ തോൽവിക്ക് പകരം വീട്ടുവാനും.
ആവേശം പരകോടിയിലെത്തിയതോടെ, ബ്ലോക്ക്ബസ്റ്റർ ഫൈനലിന്റെ സീറ്റുകൾ ഉറപ്പാക്കാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ടിക്കറ്റുകൾ എവിടെ നിന്ന് വാങ്ങാം?
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനൽ പോരാട്ടത്തിനുള്ള ടിക്കറ്റ് വിൽപ്പന ബുധനാഴ്ച വൈകുന്നേരം 4:00 മണിക്ക് ബുക്ക് മൈഷോ വഴി ഓൺലൈനായി ആരംഭിക്കും. പ്ലാറ്റ്‌ഫോമിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ആരാധകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
മത്സര സമയവും ടിക്കറ്റ് നിരക്കും
ഐഎസ്എൽ 2024–25 ഫൈനൽ ഏപ്രിൽ 12 ന് ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ആരംഭിക്കും.
ടിക്കറ്റ് നിരക്കുകൾ ₹150 മുതൽ ആരംഭിക്കും.
ബെംഗളൂരു എഫ്‌സിയുടെ ആരാധകർക്ക് Stand A2 Right എന്ന എവേ സ്റ്റാൻഡ് ലഭ്യമാകും, ടിക്കറ്റുകളുടെ നിരക്ക് ₹300 ആണ്.