ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വെള്ളിയാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടെക്നിക്കൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ ചേർന്ന എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ജമീലിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്.

കഴിഞ്ഞ മാസം പരസ്പര ധാരണയോടെ സ്ഥാനമൊഴിഞ്ഞ സ്പാനിഷ് പരിശീലകൻ മനോലോ മാർക്വേസിന് പകരക്കാരനായാണ് ജമീൽ എത്തുന്നത്. 2012-ന് ശേഷം ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഖാലിദ് ജമീൽ.

എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീമിന്റെ പ്രതിസന്ധി ഘട്ടത്തിലാണ് ജമീൽ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. ബംഗ്ലാദേശിനോട് സമനില വഴങ്ങുകയും ഹോങ്കോങ്ങിനോട് പരാജയപ്പെടുകയും ചെയ്ത ബ്ലൂ ടൈഗേഴ്സ്, ഗ്രൂപ്പ് സി-യിൽ അവസാന സ്ഥാനത്താണ്.

കാഫ നേഷൻസ് കപ്പാണ് ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ജമീലിന്റെ ആദ്യ ദൗത്യം. ഇന്ത്യ ടൂർണമെന്റിൽ താജിക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവരെ നേരിടും. ഒക്ടോബറിൽ സിംഗപ്പൂരിനെതിരായ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ് കൂടിയാകും ഈ ടൂർണമെന്റ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) തന്റെ കഴിവ് തെളിയിച്ച പരിശീലകനാണ് 48-കാരനായ ഖാലിദ് ജമീൽ. ജംഷഡ്‌പൂർ എഫ്‌സിയെയും (2024-25) നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെയും (2020-21) അദ്ദേഹം ഐഎസ്എൽ സെമിഫൈനലിലേക്ക് നയിച്ച്. ഐസ്വാൾ എഫ്‌സിക്കൊപ്പം ഐ-ലീഗ് കിരീടം നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ ചരിത്രനേട്ടമാണ്.

കളിക്കാരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവിനും യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും പ്രശസ്തനാണ് ഖാലിദ് ജമീൽ. രാഹുൽ ഭേക്കെ, ലാലെങ്മാവിയ റാൾട്ടെ, അശുതോഷ് മേത്ത, ജയേഷ് റാണെ തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ വളർന്നുവന്നവരാണ്.