ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യ ദേശീയ ഫുട്ബോൾ ടീം ഒമാനും യുഎഇയും തമ്മിൽ മാർച്ചിൽ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ്. 2019 നവംബറിന് ശേഷം ഇന്ത്യ ദേശീയ ഫുട്ബോൾ ടീമിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായ ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദമത്സരം 2021 മാർച്ച് 25ന് വ്യാഴാഴ്ച ദുബായിലെ മക്തൂം ബിൻ റാഷിദ് സ്റ്റേഡിയത്തിൽ നടക്കും. തുടർന്ന് 2021 മാർച്ച് 29ന് തിങ്കളാഴ്ച ദുബായിലെ സബീൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ ആതിഥേയരായ യുഎഇയെ നേരിടും. ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ 27 അംഗ ഇന്ത്യ ദേശീയ ഫുട്ബോൾ ടീം മാർച്ച് 15ന് യുഎഇയിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. യഥാക്രമം മാർച്ച് 25, 29 തീയതികളിൽ ഒമാനിനും യുഎഇക്കുമെതിരെ നടക്കുന്ന മത്സരങ്ങൾ ഇന്ത്യയിൽ യൂറോസ്‌പോർട്ടിൽ തത്സമയം പ്രക്ഷേപണം ചെയ്യും.

ഇന്ത്യയെപ്പോലെ ഒമാനും ഇതുവരെ ലോകകപ്പിൽ പങ്കെടുത്തിട്ടില്ല. 1998ൽ ഗ്രൂപ്പ് 4ലെ ആറ് കളികളിൽ നാലെണ്ണത്തിൽ വിജയിച്ചതാണ് യോഗ്യതാ മത്സരങ്ങളിലെ ഒമാന്റെ ഏറ്റവും മികച്ച റെക്കോർഡ്. പ്രസ്തുത വർഷം ജപ്പാൻ ലോക കപ്പിലേക്ക് യോഗ്യത നേടിയപ്പോൾ ഒമാൻ രണ്ടാം സ്ഥാനത്തൊതുങ്ങി.  നിലവിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ 6 കളികളിൽ നിന്ന് 16 പോയിന്റ് നേടി ഒമാൻ രണ്ടാം സ്ഥാനത്താണ്. ഖത്തറാണ് ഒന്നാം സ്ഥാനത്ത്. പതിറ്റാണ്ടുകൾക്ക് ശേഷം പരിശീലകൻ മിലാൻ മക്കലയുടെ കീഴിൽ 2004ൽ നടന്ന ഏഷ്യൻ കപ്പിൽ ആദ്യമായി ഒമാൻ ടീം യോഗ്യത നേടിയിരുന്നു. അന്നുമുതൽ സ്ഥിരതയാർന്ന പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. തുടർന്ന് ഗൾഫ് മേഖലയിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നായി മാറി. മക്കലയുടെ കീഴിൽ 2004ൽ നടന്ന എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഒമാൻ കിരീടമണിഞ്ഞു. 2007ലും ടീം ഈ നേട്ടം ആവർത്തിച്ചു. ഫ്രഞ്ച് മാനേജർ ക്ലഡ് ലെ റോയിയുടെ കീഴിൽ 2009ൽ വീണ്ടും ടീം ട്രോഫി നേടി. പിന്നീട് 2017ൽ പിം വെർബീക്കിന്റെ കീഴിലും ടീം നേട്ടം ആവർത്തിച്ചു.

സമീപകാല പ്രകടനങ്ങൾ വിലയിരുത്തിയാൽ കൊറോണ വൈറസ് മഹാവ്യാധിയുടെ വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള,  പുതിയ പരിശീലകൻ ബ്രാങ്കോ ഇവാൻ കോവിച്ചിന്റെ നേതൃത്വത്തിലുള്ള ഒമാൻ ദേശീയ ടീം കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ജോർദാനെതിരായ സൗഹൃദ മത്സരത്തിൽ ഗോൾരഹിത സമനില നേടിയിരുന്നു.

ഇതുവരെ നടന്ന ഒരു മത്സരത്തിൽപ്പോലും ഒമാനെ തോൽപ്പിക്കാൻ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയ ഒൻപതു മത്സരങ്ങളിൽ രണ്ടെണ്ണം സമനിലയിൽ കലാശിച്ചപ്പോൾ ഏഴു മത്സരങ്ങളിൽ ഒമാൻ വിജയിച്ചു. ഒൻപതു മത്സരങ്ങളിൽ നിന്നായി ഇന്ത്യ അഞ്ചു ഗോളുകൾ നേടിയപ്പോൾ ഇരുപത്തിരണ്ടു ഗോളുകളാണ് ഒമാൻ നേടിയത്. 2004 ൽ ഇരുടീമുകളും തമ്മിലുള്ള ആദ്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ ടീം 5-1 തോൽവി വഴങ്ങിയിരുന്നു. യുഎഇയിൽ വച്ച് അവസാനമായി നടന്ന സൗഹൃദ മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. നിലവിലെ യോഗ്യതാ മത്സരങ്ങളിൽ ഒമാനിനെതിരായ ഇന്ത്യയുടെ അവസാന രണ്ട് മത്സരങ്ങൾ തോൽവികളിലാണ് അവസാനിച്ചത്.

ഇന്ത്യൻ സ്ക്വാഡ്

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമൃന്ദർ സിംഗ്, സുഭാഷിഷ് റോയ് ചൗധരി, ധീരജ് സിംഗ്.

പ്രതിരോധ നിര: അശുതോഷ് മേത്ത, ആകാശ് മിശ്ര, പ്രീതം കോട്ടാൽ, സന്ദേഷ് ജിംഗൻ, ചിംഗ്‌ലെൻസാന സിംഗ്, ആദിൽ ഖാൻ, മന്ദർ റാവു ദെസായി, മഷൂർ ഷെരീഫ്.

മധ്യനിര: റൗളിൻ ബോർജസ്, ലാലെങ്‌മാവിയ, ജെയ്‌ക്‌സൺ സിംഗ്, റെയ്‌നിയർ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ്പ, ബിപിൻ സിംഗ്, യാസിർ മുഹമ്മദ്, സുരേഷ് സിംഗ്, ഹാലിചരൻ നർസാരി, ലാലിയാൻസുവാല ചാങ്‌ടെ, ആഷിക് കുരുണിയൻ.

മുന്നേറ്റനിര: മൻ‌വീർ സിംഗ്, ഇഷാൻ പണ്ഡിറ്റ, ഹിതേഷ് ശർമ, ലിസ്റ്റൺ കൊളാക്കോ.

ഒമാൻ സ്ക്വാഡ്

ഗോൾകീപ്പർമാർ: ഫൈസ് അൽ റുഷൈദി, ഇബ്രാഹിം അൽ മുഖൈനി, മസിൻ അൽ കസ്ബി

പ്രതിരോധനിര: മുഹമ്മദ് അൽ മുസലാമി, അലി അൽ ബുസൈദി, ഖാലിദ് അൽ ബുറൈകി, സാദ് അൽ മുഖൈനി 'സുഹൈൽ', അബ്ദുൽ അസീസ് അൽ ഗൈലാനി, നാദിർ അവധ്, മുഹമ്മദ് ഫറാജ് അൽ റവാഹി, ഇമ്രാൻ അൽ ഹാദി

മധ്യനിര: അഹമ്മദ് അൽ കാബി, മൊതാസ് സാലിഹ് റബ്ബോ, അൽ മുണ്ടിർ അൽ അലവി, സലാഹ് അൽ യഹായി, മുഹമ്മദ് ഖാസിബ് അൽ ഹൊസ്‌നി, യാസീൻ അൽ ഷിയാദി, ഹരിബ് അൽ സാദി, റെയ്ദ് ഇബ്രാഹിം സാലെ, മൊഹ്‌സിൻ ജവഹർ അൽ ഖൽദി, അഹമ്മദ് മുബാറക്

മുന്നേറ്റനിര: അർഷാദ് അൽ അലവി, മൊഹ്‌സിൻ അൽ ഗസ്സാനി, അബ്ദുൽ അസീസ് അൽ മുക്ബാലി, മുഹമ്മദ് അൽ ഗസ്സാനി