കുവൈത്തിനെതിരായ അവിസ്മരണീയമായ എവേ മത്സരവിജയത്തിന് ശേഷം, ചൊവ്വാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഖത്തറിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. അഫ്ഗാനിസ്ഥാനെതിരായ 8-1 വിജയത്തിന്റെ പിൻബലത്തിൽ എത്തുന്ന ഖത്തറുമായുള്ള ഏറ്റുമുട്ടലിൽ വിജയം നിർണായകമാണ്. 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിൽ ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകളിൽ ഇടംനേടുക എന്നതാണ് ബ്ലൂ ടൈഗേഴ്‌സിന്റെ ലക്ഷ്യം. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് ഒരിക്കലും മുന്നേറിയിട്ടില്ലെങ്കിലും, അടുത്തിടെ നടന്ന മത്സരത്തിലെ കുവൈത്തിനെതിരായ 1-0 ജയം ടീമിന്റെ വിജയസാധ്യതകൾ ഉയർത്തി.

1986-ലെ ഫിഫ ലോകകപ്പിനായി 1985-ൽ തുടങ്ങിയ ഇന്ത്യയുടെ ഇതുവരെയുള്ള ലോകകപ്പ് യോഗ്യതാ യാത്രയുടെ ചരിത്രം വെല്ലുവിളി നിറഞ്ഞതാണ്. കളിച്ച 48 യോഗ്യതാ മത്സരങ്ങളിൽ, പത്തു മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചത്. ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച 2002ൽ ആറ് കളികളിൽ നിന്ന് 11 പോയിന്റുകളാണ് ഇന്ത്യ നേടിയത്. ഫിഫ റാങ്കിംഗിൽ അറുപത്തിയൊന്നാം സ്ഥാനത്തുള്ള 2022 ലോകകപ്പ് ആതിഥേയരായിരുന്ന ഖത്തർ, ഏഷ്യയിലെ ആറാമത്തെ മികച്ച ടീമെന്ന നിലയിൽ കടുത്ത വെല്ലുവിളിയാണ് ഇന്ത്യക്കെതിരെ ഉയർത്തുന്നത്. എന്നിരുന്നാലും, 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെതിരായ അവിസ്മരണീയമായ സമനില ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ, ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി കപ്പ് 2019 ചാമ്പ്യന്മാരായ ഖത്തറിനെതിരെ ഇന്ത്യ പ്രശംസനീയമായ സമനില നേടി. കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ ബ്ലൂ ടൈഗേഴ്‌സ്, സന്ദേശ് ജിംഗൻ, ആദിൽ ഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിരോധവും ഗുർപ്രീത് സിംഗ് സന്ധുവിന്റെ മികച്ച ഗോൾകീപ്പിംങ്ങുമാണ് ക്ലീൻ ഷീറ്റ് സമനിലയിലേക്ക് ഇന്ത്യയെ നയിച്ചത്. ഇരു ടീമുകളും ഏറ്റുമുട്ടിയ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നു മത്സരങ്ങളിൽ ഇന്ത്യ രണ്ടു മത്സരങ്ങൾ തോറ്റ ഇന്ത്യ തോൽക്കുകയും ഒരു സമനില നേടി. ഖത്തറിനെതിരായ വരാനിരിക്കുന്ന മത്സരത്തിൽ ഈ റെക്കോർഡ് മറികടക്കാനാകും ഇന്ത്യയുടെ ലക്ഷ്യം.

ഇന്ത്യൻ സ്ക്വാഡ്

ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്.

ഡിഫൻഡർമാർ: ആകാശ് മിശ്ര, ലാൽചുങ്‌നുംഗ, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, റോഷൻ സിംഗ് നൗറെം, സന്ദേശ് ജിംഗൻ, സുഭാശിഷ് ബോസ്.

മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, അപുയ, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, രോഹിത് കുമാർ, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിങ് കുമം.

ഫോർവേഡുകൾ: ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, രാഹുൽ കെപി, സുനിൽ ഛേത്രി.

തത്സമയ സ്ട്രീമിംഗ് വിവരങ്ങൾ:

മത്സരം: ഇന്ത്യ vs ഖത്തർ

തീയതി: നവംബർ 21, 2023

സമയം: ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 7:00 PM

സ്ഥലം: കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ ലൈവ് സ്ട്രീം: സ്പോർട്സ് 18, ജിയോ സിനിമ