ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയതുടക്കവുമായി ഇന്ത്യ. കുവൈത്തിലെ ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന കുവൈത്തിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയം നേടിയത്. മൻവീർ സിങ്ങാണ് വിജയ ഗോൾ നേടിയത്. ലോകകപ്പ് ഫുട്‌ബോള്‍ എഎഫ്സി യോഗ്യതയുടെ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിലാണ് വിജയം.

ഇന്ത്യ vs കുവൈറ്റ് ലൈനപ്പ്

ഇന്ത്യ: ഗുർപീത്സിംഗ് സന്ധു (ജികെ), രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ, ആകാശ്, സുരേഷ്, മൻവീർ സിംഗ്, ലാലെങ്മാവിയ ചാങ്‌തെ, സുനിൽ ഛേത്രി(സി), സഹൽ അബ്ദുൾ സമദ്, മഹേഷ്, നിഖിൽ

കുവൈത്ത്: മർസൂഖ്(ജികെ), അലനേസി, ഇബ്രാഹിം(സി), അൽഹജേരി, സുൽത്താൻ, അബുജബാറ, അൽഫാനീനി, അൽഖൽദി, സാലിഹ്, ഗരീബ്, അബ്ദുല്ല

ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ എഴുപത്തിയഞ്ചാം മിനിറ്റിൽ ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് മന്‍വീര്‍ സിങ് തൊടുത്ത ഇടത് കാല്‍ ഷോട്ടാണ് കുവൈത്ത് വല തുളച്ചത്. മത്സരത്തിന്റെ അധിക സമയത്തിന്റെ മൂന്നാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച കുവൈത്ത് താരം ഫൈസൽ അൽഹർബി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് കുവൈത്ത് മത്സരം അവസാനിപ്പിച്ചത്.

ആകെ ഒമ്പത് ഗ്രൂപ്പുകളാണ് യോഗ്യത റൗണ്ടിനായുള്ളത്. ഖത്തര്‍, അഫ്ഗാനിസ്താന്‍ കുവൈത്ത് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്ത റൗണ്ടിലേക്ക് കടക്കും. ഈ ടീമുകളാകും അടുത്ത ഏഷ്യന്‍ കപ്പിനും ലോകകപ്പിലേക്കുള്ള യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് യോഗ്യത നേടുക. നവംബർ 21-ന് ഖത്തറുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.

എഎഫ്‌സി ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിൽ ഇതുവരെ ഇന്ത്യ കടന്നിട്ടില്ല. ലോക റാങ്കിങ്ങിൽ 106ആം സ്ഥാനത്തുള്ള ഇന്ത്യ ജൂലൈയിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 149ആം റാങ്കിലുള്ള കുവൈത്തിനെ തോൽപിച്ചിരുന്നു.