ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയം ആതിഥേയത്വം വഹിച്ച 2024-ലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ സിറിയ ജേതാക്കൾ. ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഇന്ത്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സിറിയ കിരീടം ഉയർത്തിയത്. ടൂർണമെന്റിലെ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് സിറിയയുടെ കിരീടം ചൂടൽ. ത്രിരാഷ്ട്ര ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യ, മൗറീഷ്യസിനോട് സമനില വഴങ്ങിയിരുന്നു. സിറിയാകട്ടെ മൗറീഷ്യസിനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ വിജയം നേടിയാണ് ഇന്ത്യക്കെതിരെ ഇറങ്ങിയത്. അതിനാൽ, ഇന്റർകോണ്ടിനെന്റൽ കപ്പിൽ മുത്തമിടാൻ അവർക്ക് ഒരു സമനില തന്നെ ധാരാളമായിരുന്നു.

സിറിയക്ക് വേണ്ടി മഹ്മൂദ് അലസ്വാദ്, പാബ്ലോ ഡേവിഡ് സബാഗ്, ദലേഹോ മൊഹ്സെൻ എന്നിവർ ഗോൾ നേടി. 14-നെതിരെ 18 ഷോട്ടുകൾ ഇന്ത്യ ഉതിർത്തെങ്കിലും അവ ലക്ഷ്യം കാണാഞ്ഞത് നീലകടുവകൾക്ക് തിരിച്ചടിയായി. 93-ാം മിനിട്ടിൽ ലിസ്റ്റൺ കൊളാസോയുടെ ഷോട്ട് ഗോളിൽ കലാശിച്ചെന്ന തോന്നിച്ചെങ്കിലും പന്ത് പൂർണ്ണമായും ഗോൾ ലൈൻ കടക്കാത്തതിനാൽ റഫറി ഗോൾ അനുവദിച്ചില്ല. രണ്ട് മത്സരങ്ങളിലും ഒരു ഗോൾ പോലും വഴങ്ങാതെയാണ് സിറിയ ജേതാക്കളായത്. മറുവശത്തുള്ള ഇന്ത്യക്കാകട്ടെ രണ്ടു മത്സരങ്ങളിലും ഗോൾ നേടിയിട്ടില്ല.

ആദ്യ പതിനൊന്ന്

ഇന്ത്യ: ഗുർപ്രീത് സിംഗ് സന്ധു (ക്യാപ്റ്റൻ) (GK), രാഹുൽ ഭേക്കെ, സുഭാഷിഷ് ബോസ്, അൻവർ അലി, സുരേഷ് സിംഗ് വാങ്‌ജാം, മൻവീർ സിംഗ്, ജീക്‌സൺ സിംഗ് തൗണോജം, നന്ദകുമാർ, ലാലിയൻസുവാല ചാങ്‌തെ, സഹൽ അബ്ദുൾ സമദ്, നിഖിൽ പൂജാരി

സിറിയ: ഐഹാം ഹൻസ് ഔസോ, ഖാലിദ് കൂർദോഗ്ലി, മഹ്മൂദ് അലസ്വാദ്, ദലേഹോ മൊഹ്‌സെൻ ഇറാൻഡസ്റ്റ്, തേർ ക്രൗമ (ക്യാപ്റ്റൻ), മുഹമ്മദ് ഒസ്മാൻ, എമിലിയാനോ ഹാവിയർ അമോർ, നോഹ ലിയോൺ ഷാമൗൻ, മൊയാദ് അൽഖൗലി, അലാ അൽദിൻ യാസിൻ ദാലി, ഗ്ലിയാസ് ഹദായ (GK)

മൗറീഷ്യസിനെതിരായ ഇന്റർകോണ്ടിനെന്റൽ കപ്പിലെ ആദ്യ മത്സരം കളിച്ച ടീമിൽ നിന്നും ധാരാളം മാറ്റങ്ങളുമായാണ് മനോലോ മാർക്കസിന്റെ കീഴിൽ ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരം കളിച്ച നീലകടുവകളുടെ ആദ്യ നിരയിൽ നിന്നും ജീക്‌സൺ സിങ്ങും ലാലിയൻസുവാല ചാങ്‌തെയും മാത്രമാണ് ഇന്ന് ഇന്ത്യയുടെ ആദ്യ പതിനൊന്നിൽ ഇടം നേടിയത്. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു ടീമിനെ നയിച്ചത്.

മത്സരം തുടങ്ങിയ ആദ്യ മിനിട്ടിൽ തന്നെ സിറിയ, ഇന്ത്യൻ പ്രതിരോധനിരക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ആദ്യ മിനിട്ടിൽ പന്തുമായി മുന്നേറിയ മുഹമ്മദ് ഒസ്മാനെ ഫൗൾ ചെയ്ത നിഖിൽ പൂജാരി ഫ്രീകിക്ക് വഴങ്ങി. ഫ്രീകിക്ക് എടുത്ത നോഹ ലിയോണിന് അത് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കാതിരുന്നത് ഇന്ത്യക്ക് ആശ്വാസം നൽകി. തൊട്ടടുത്ത മിനിട്ടിൽ സിറിയ പ്രത്യാക്രമണം നടത്തിയെങ്കിലും അല ആൽഡിൻ ഓഫ്‌സൈഡിൽ കുടുങ്ങി. മികച്ച ടെക്നിക്കൽ ക്വാളിറ്റി കളിക്കളത്തിൽ കാഴ്ച വെച്ച സിറിയ മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇന്ത്യൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി മുന്നേറി. സിറിയയുടെ കടുത്ത പ്രെസിങ്ങിൽ ഇന്ത്യൻ താരങ്ങൾ വലഞ്ഞു.

സിറിയയുടെ തുടർ ആക്രമണങ്ങളിൽ ഇന്ത്യൻ പ്രതിരോധം പലതവണ തകർന്നുവീണു. തങ്ങളുടെ ഫൈനൽ തേർഡിൽ എത്തുന്ന പന്ത് ക്ലിയർ ചെയ്താണ് ഇന്ത്യ തുടക്കത്തിൽ മത്സരത്തിൽ പിടിച്ചിട്ടു നിന്നത്. അത്തരമൊരു നീക്കമായിരുന്നു ഗോൾ വഴങ്ങാനും കാരണമായത്. 6-ാം മിനിറ്റിൽ വലത് വിങ്ങിൽ നിന്നും ലഭിച്ച പന്ത് ക്ലിയർ ചെയ്ത ഇന്ത്യക്ക് പിഴച്ചു. ബോക്സിൽ വീണ പന്തിനെ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീതിനെ കബളിപ്പിച്ച്‌ സിറിയയുടെ അലസ്വാദ് വലയിലെത്തിച്ചു. സ്കോർബോർഡിൽ 0-1. ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങേണ്ടി വന്ന ഇന്ത്യ മത്സരത്തിലേക്ക് തിരികെ വരൻ കുഞ്ഞാഞ്ഞു ശ്രമിച്ചു. എന്നാൽ, ആദ്യ ഗോൾ നേടിയതിന് ശേഷം കുറിയ പാസുകളുമായി മത്സരത്തിന്റെ നിയന്ത്രണമേറ്റെടുത്ത സിറിയ നിരന്തര ആക്രമണങ്ങളുമായി ഇന്ത്യൻ ഗോൾവലയുടെ മുന്നിൽ സ്ഥാനമുറപ്പിച്ചു.

ആദ്യ പത്ത് മിനിട്ടിന് ശേഷം തുടർച്ചയായ രണ്ട് ആക്രമണങ്ങൾ ഗുർപ്രീതിനെ തേടിയെത്തി. ഒരെണ്ണം ക്രോസ്ബാറിൽ തട്ടി പുറത്തേക്ക് പോയപ്പോൾ, രണ്ടാമത്തേത് ഗുർപ്രീതിന്റെ കയ്യിലെത്തി. 20-ാം മിനിട്ടിൽ സിറിയയുടെ നോഹ തളികയിലിട്ട് നൽകിയ അവസരം ലക്ഷ്യത്തിലെത്തിക്കാൻ അല ആൽഡിന് കഴിഞ്ഞില്ല. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കവേ ആൽഡിൻ പന്ത് പുറത്തേക്കടിച്ചു കളഞ്ഞു. മത്സരം ആദ്യ ഇരുപത് മിനിട്ടുകൾ പിന്നിട്ടപ്പോഴും ഗോൾ ലക്ഷ്യമിട്ടുള്ള ഒരു സുവർണാവസരം പോലും രൂപപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല.

ആദ്യ പകുതിയുടെ അർദ്ധാംശത്തിലാണ് ഇന്ത്യ മത്സരത്തിൽ കാലുറപ്പിക്കുന്നത്. വിങ്ങുകളിൽ നിന്നും ക്രോസുകളുമായി ഇന്ത്യയുടെ വിങ്ങർമാർ കളം പിടിച്ചെങ്കിലും സിറിയയുടെ ഗോൾകീപ്പർ ഗ്ലിയാസ് ഹദായ രക്ഷപ്പെടുത്തലുകളുമായി രംഗത്തെത്തി. 28-ാം മിനിട്ടിൽ ഇടതു വിങ്ങിൽ നിന്നും സുബാഷിഷ് ബോസിന്റെ ക്രോസ് ബോക്സിൽ എത്തിയെങ്കിലും, ചാങ്‌തെക്ക് ലക്ഷ്യം കണ്ടെത്താനായില്ല. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ സമനില ഗോൾ തേടി തുടർ ആക്രമണങ്ങളുമായി ഇന്ത്യ സിറിയയുടെ ബോക്സിനു മുന്നിൽ നിലയുറപ്പിച്ചു. സഹലിന്റെയും ചാങ്‌തെയുടെയും ബൂട്ടുകളിൽ നിന്നും തുടരെ ഷോട്ടുകൾ ഉതിർന്നെങ്കിലും സിറിയൻ പ്രതിരോധ നിരയും ഗോൾകീപ്പറും വന്മതിൽ പോലെ ഉറച്ചുനിന്നത് ഇന്ത്യക്ക് തിരിച്ചടിനൽകി.

മത്സരം ആദ്യ പകുതിയോട് അടുത്തപ്പോൾ മത്സരത്തിൽ താളം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന ഇന്ത്യയെയാണ് കാണാൻ സാധിച്ചത്. പന്ത് നഷ്ടമായ ഉടൻ തന്നെ സിറിയ നടത്തുന്ന കടുത്ത പ്രെസ്സിങ് അതിജീവിക്കാൻ താരങ്ങൾക്ക് സാധിച്ചില്ല. രൂപപ്പെടുത്തുന്ന അവസരങ്ങൾ ഫൈനൽ തേർഡിലെത്തുമ്പോൾ ഇന്ത്യ നഷ്ടപ്പെടുത്തിയതിന് കണക്കില്ല.

ആദ്യ പകുതിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇന്ത്യൻ ദേശീയ ടീം രണ്ടാം പകുതിയിൽ മൈതാനത്തെത്തിയത്. സുരേഷ് സിങ്ങിനും നിഖിൽ പൂജാരിക്കും പകരം അപുയയും ആശിഷ് റായിയും ഇറങ്ങി. ആദ്യപകുതിയുടെ അതേ തീവ്രത നിലനിർത്തിയാണ് രണ്ടാം പകുതിയും അരങ്ങേറിയത്. 50-ാം മിനിട്ടിൽ രണ്ട് പ്രതിരോധതാരങ്ങൾ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം ലക്ഷ്യത്തിൽ എത്തിക്കാൻ മൻവിർ സിങ്ങിന് സാധിച്ചില്ല. തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ച് ഇന്ത്യ പതിയെ കളിക്കളത്തിലേക്ക് വന്നു. 54-ാം മിനിട്ടിൽ സഹലും ചാങ്തെയും ചേർന്ന് സൃഷ്ടിച്ചെടുത്ത മികച്ച ഒരു അവസരം നിർഭാഗ്യവശാൽ ഗോൾകീപ്പറുടെ കയ്യിലെത്തി.

സിറിയൻ പ്രതിരോധത്തെ കീറിമുറിക്കാൻ തുടർശ്രമങ്ങൾ നടത്തിയിരുന്ന സഹലിനെ പിൻവലിക്കാനുള്ള പരിശീലകന്റെ തീരുമാനത്തിന് അസാമാന്യമായ ധൈര്യം ഉണ്ടായിരുന്നേക്കണം. 64-ാം മിനിട്ടിൽ സഹലിന് പകരം മഹേഷ് നോറം കളത്തിലിറങ്ങി. തുടർന്ന്, പന്ത് കൂടുതലും ചലിച്ചത് സിറിയയുടെ പകുതിയിൽ ആയിരുന്നു. അതിവേഗ കൗണ്ടറുകളിലൂടെ നീലകടുവകൾ വിങ്ങുകൾ വഴി സിറിയയുടെ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയെങ്കിലും സമനില ഗോൾ അകന്നുനിന്നു. എന്നാൽ, 76-ാം മിനിട്ടിൽ സിറിയ നേടിയ രണ്ടാം ഗോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രതീകശകളിൽ കരിനിഴൽ വീഴ്ത്തി. സിറിയയുടെ അതിവേഗ നീക്കമാണ് ഗോളിൽ കലാശിച്ചത്. ഇന്ത്യൻ പകുതിയിലേക്ക് ഉയർന്നു വന്ന ലോങ്ങ് ബോൾ സ്വീകരിച്ച സബാഗ്, അത് ദലേഹോക്ക് മറിച്ചു നൽകി. ദലേഹോ ഇന്ത്യൻ പ്രതിരോധ നിറയെ വെട്ടിയൊഴിഞ്ഞ് അത് വലയിലെത്തിച്ചു.

എന്നാൽ, ഇന്ത്യൻ താരങ്ങളുടെ പോരാട്ട വീര്യം അവിടെ അവസാനിക്കുന്നതായിരുന്നില്ല. മത്സരം എത്രയും വേഗം തങ്ങളുടെ കീഴിലെത്തിക്കാൻ അവർ പരിശ്രമിച്ചു. സിറിയൻ നിറയെ കടുത്ത പ്രെസ്സിങ്ങിനു വിധേയമാക്കി അവർ പന്തുകൾ റാഞ്ചിയെടുത്തു. കിട്ടുന്ന പന്തുകളെ വളരെവേഗത്തിൽ പ്രത്യാക്രമണങ്ങളാക്കി മാറ്റി. ലഭ്യമായ അവസരത്തിൽ ചാങ്തെയും മഹേഷും എഡ്മണ്ടും അടക്കമുള്ളവർ തുടർച്ചയായി ഷോട്ടുകൾ ഉതിർത്തെങ്കിലും ഗ്ലിയാസ് ഹദായ ഒരു വന്മതിൽ കണക്കെ നിലകൊണ്ടു. 93-ാം മിനിട്ടിൽ ലിസ്റ്റൺ കൊളാക്കോയുടെ ഷോട്ട് ഗോളിൽ കലാശിച്ചെന്ന തോന്നിച്ചെങ്കിലും പന്ത് പൂർണ്ണമായും ഗോൾ ലൈൻ കടക്കാത്തതിനാൽ ഗോൾ അനുവദിച്ചില്ല. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ സബാഗ് ടീമിന്റെ മൂന്നാം ഗോൾ നേടിയതോടെ ഇന്ത്യൻ നിര അടിയറവ് പറഞ്ഞു.