വിജയം അനിവാര്യമായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഫൈനൽ പ്രവേശനം സ്വന്തമാക്കി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. മാലിദ്വീപിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. നാലു മത്സരങ്ങളിൽ നിന്നായി എട്ടു പോയിന്റുകൾ നേടി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. മത്സരത്തിൽ ക്യാപ്റ്റൻ സുനിൽ ഛെത്രി ഇരട്ട ഗോളുകൾ നേടി.

ഇരട്ട ഗോളുകളോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. 123 മത്സരങ്ങളില്‍ നിന്നാണ് താരം 79 ഗോളുകള്‍ നേടിയത്. മത്സരത്തിൽ നേടിയ ഗോളിലൂടെ സുനിൽ ഛേത്രി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് തകർത്ത് ആറാം സ്ഥാനം സ്വന്തമാക്കി. പെലെയ്ക്കൊപ്പം ഇറാഖിന്റെ ഹുസ്സൈന്‍ സയീദ്, യു.എ.ഇയുടെ അലി മബ്ഖൗത്ത് എന്നിവരെയും ഛെത്രി മറികടന്നു.

മത്സരത്തിൽ ആദ്യ ലീഡ് നേടിയത് ഇന്ത്യയാണ്. ബോക്‌സിനകത്തേക്ക് ലഭിച്ച ലോങ് പാസ് സ്വീകരിച്ച മന്‍വീര്‍സിങ് മാലിദ്വീപ് ഗോള്‍കീപ്പര്‍ ഫൈസലിന് ഒരു സാധ്യതയും നല്‍കാതെ മുപ്പതിമ്മൂന്നാം മിനിറ്റിൽ അനായാസം പന്ത് വലയിലെത്തിച്ചു. എന്നാൽ വെറും പന്ത്രണ്ടാം മിനിറ്റിൽ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ വെച്ച് പ്രീതം കോട്ടാല്‍ ഫൗള്‍ ചെയ്തതിനെ തുടർന്ന് മാലിദ്വീപിന് അനുകൂലമായി റഫറി പെനാല്‍ട്ടി കിക്ക്‌ വിധിച്ചു. കിക്കെടുത്ത അലി അഷ്ഫാഖിലൂടെ മാലിദ്വീപ് ടീം ആദ്യ ഗോൾ നേടി, മത്സരം സമനിലയിലാക്കി. ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ അറുപത്തിരണ്ടാം മിനിറ്റിൽ മൻവീർ സിംഗിന്റെ അസിസ്റ്റിൽ ക്യാപ്റ്റൻ സുനിൽ ഛെത്രി ഇന്ത്യക്കായി രണ്ടാം ഗോൾ നേടി. ഒൻപതു മിനിട്ടുകൾക്ക് ശേഷം ബോക്‌സിനകത്തേക്ക് വന്ന ഫ്രീകിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് സുനിൽ ഛെത്രി ഇന്ത്യക്കായി മൂന്നാം ഗോളും നേടി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം സ്വന്തമാക്കിയ ഇന്ത്യ 2021 സാഫ് ചാംപ്യൻഷിപ് ഫൈനലിൽ പ്രവേശിച്ചു.

ഒക്ടോബര്‍ 16 വൈകിട്ട് 8.30 ന് നടക്കുന്ന 2021 സാഫ് ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടും.