ജൂൺ 6 വ്യാഴാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതാ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഇന്ത്യൻ ദേശിയ ഫുട്ബാൾ ടീം കുവൈത്തിനെ നേരിട്ടു. മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സമനില 2026 ഫിഫ ലോകകപ്പ്, 2027 എഎഫ്‌സി ഏഷ്യൻ കപ്പ് പ്രാഥമിക സംയുക്ത മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

ഇന്ത്യൻ ദേശീയ ടീമിനായുള്ള നായകൻ സുനിൽ ചേത്രിയുടെ അവസാന മത്സരമായിരുന്നുവിത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ 58,921 ആരാധകരെ സാക്ഷിയാക്കി ഇന്നത്തെ മത്സരം സുനിൽ ഛേത്രിയെന്ന ഫുട്ബോൾ ഇതിഹാസം തന്റെ അവസാന മത്സരം പൂർത്തിയാക്കി. രാജ്യാന്തര കരിയറിൽ 94 ഗോളുകളും 11 അസിസ്റ്റുകളുമായാണ് ഛേത്രി മടങ്ങുന്നത്.

ഇന്ത്യയ്ക്കു വേണ്ടി കൂടുതൽ രാജ്യാന്തര മത്സരങ്ങളും (151) കൂടുതൽ ഗോളുകളും (94) ഛേത്രിയുടെ പേരിലാണുള്ളത്. ഇന്നത്തെ മത്സരമുൾപ്പെടെ കൂടുതൽ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ് സുനിൽ ഛെത്രി (88). രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഹാട്രിക് നേടിയ ഇന്ത്യൻ താരവും സുനിൽ ഛെത്രിയാണ് (4).

ഇന്ത്യ ആരംഭനിര: ഗുർപ്രീത് സിംഗ് സന്ധു (ജികെ), നിഖിൽ പൂജാരി, അൻവർ അലി, രാഹുൽ ഭേക്കെ, ജയ് ഗുപ്ത, സഹൽ അബ്ദുൾ സമദ്, അനിരുദ്ധ് ഥാപ്പ, സുരേഷ് സിംഗ് വാങ്ജാം , ലിസ്റ്റൺ കൊളാക്കോ, ലാലിയൻസുവാല ചാങ്‌തെ, സുനിൽ ഛെത്രി.

കുവൈത്ത് ആരംഭനിര: സുലൈമാൻ (ജി.കെ), അലനേസി, ഇബ്രാഹിം, അബ്ദുല്ല, അൽഹർബി, അൽറാഷിദി, അൽദൗസരി, അബുജബാറ, സാലിഹ് (സി), അൽസുലൈമാൻ, ഹസൻ അലനേസി

ഇരു ടീമുകളും ഇഞ്ചോടിഞ്ച് പ്രകടനം കാഴ്ച്ചവെച്ച മത്സരത്തിൽ അനവധി അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെങ്കിലും ഗോളിലേക്കെത്തിയില്ല. ആറാം മിനിറ്റിൽ കുവൈത്ത് താരങ്ങളായ അലെനെസിയും മുഹമ്മദ് അബ്ദുല്ലയും നടത്തിയ മുന്നേറ്റം ഇന്ത്യൻ ഇന്ത്യൻ താരം ലാലിയൻസുവാല ചാങ്തെയുടെ ഫൗളിൽ അവസാനിച്ചു.

പതിനൊന്നാം മിനിറ്റിൽ ഇന്ത്യൻ താരം ലിസ്റ്റൻ കൊളാസോ സുനിൽ ഛേത്രിക്ക്‌ നൽകിയ പാസ് കുവൈത്ത് താരം അലെനെസിയർ പരാജയപ്പെടുത്തി. നിമിഷങ്ങൾക്കുള്ളിൽ അൻവര്‍ അലിയുടെ മികച്ചൊരു ഹെഡ്ഡെർ ഗോളാകാതെ പുറത്തേക്ക് തെറിച്ചു. മുപ്പതാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയുടെ ഫ്രീകിക്കിൽനിന്ന് സഹൽ ഗോളിനായി ശ്രമിച്ചെങ്കിലും കുവൈത്ത് പ്രതിരോധം അവസരോചിതമായി തടഞ്ഞു. ആദ്യ പകുതി ഗോൾ രഹിതമായി കലാശിച്ചു.

രണ്ടാം പകുതിയിൽ നാല്പത്തിയെട്ടാം മിനിറ്റിൽ റഹിം അലിയുടെ ഗോൾ ശ്രമം കുവൈത്ത് ഗോൾ കീപ്പർ സുലൈമാൻ തടഞ്ഞു. എഴുപതാം മിനിറ്റിൽ ഗോൾ ഗോൾ നേടാനുള്ള മികച്ചൊരവസരം കുവൈത് താരം അബ്‌ദുള്ള നഷ്ടപ്പെടുത്തി. തൊണ്ണൂറ്റിയാറാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കാൻ ബ്രാണ്ടൻ ഫെർണാണ്ടസിന് കഴിഞ്ഞില്ല.

ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. സമനിലയോടെ, ഇന്ത്യ അഞ്ച് പോയിന്റുമായി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തും കുവൈത്ത് നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു.

അഫ്ഗാനിസ്ഥാനെതിരായ ഖത്തറിന്റെ വിജയവും ജൂൺ 11ന് കുവൈത്തും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം സമനിലയുമായാൽ ദോഹയിൽ അഞ്ച് ദിവസത്തിനുള്ളിൽ ഖത്തറിനെതിരെ നടക്കുന്ന മത്സരത്തിൽ ഒരു പോയിന്റു മതിയാകും ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാൻ.