എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യത റൗണ്ട്: ഇന്ത്യ ഗ്രൂപ്പ് സിയിൽ
ബംഗ്ലാദേശിനെതിരെ സ്വന്തം തട്ടകത്തിൽ മാർച്ച് 25 നാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം.
എഎഫ്‌സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 യോഗ്യത ഫൈനൽ റൗണ്ടിലേക്കുള്ള നറുക്കെടുപ്പിൽ ഗ്രൂപ്പ് സിയിൽ ഇടം കണ്ടെത്തി ഇന്ത്യൻ ദേശീയ പുരുഷ ഫുട്ബോൾ ടീം. മലേഷ്യയിലെ ക്വാലാലംപൂരിലുള്ള എഎഫ്‌സി ഹൗസിൽ 24 ടീമുകളെ നാല് വീതമുള്ള ആറ് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ നറുക്കെടുപ്പിൽ ഹോങ്കോംഗ്, സിംഗപ്പൂർ, ബംഗ്ലാദേശ് എന്നിവർക്കൊപ്പം നീലകടുവകൾ ഇടം നേടി. മാർച്ച് 25-ന് ഹോം / എവേ മാതൃകയിൽ യോഗ്യത മത്സരങ്ങൾക്ക് തുടക്കമാകും. ബംഗ്ലാദേശിനെതിരെ സ്വന്തം തട്ടകത്തിലാണ് ടീമിന്റെ ആദ്യ മത്സരം.
ഗ്രൂപ്പിലുൾപ്പെട്ട രാജ്യങ്ങളിൽ ഫിഫ റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ടീമാണ് ഇന്ത്യ (127). ഹോങ്കോങ് 156-ാം സ്ഥാനത്തും സിംഗപ്പൂർ 161-ാം സ്ഥാനത്തും ബംഗ്ലാദേശ് 185-ാം സ്ഥാനത്തുമാണ്. മുഖ്യ പരിശീലകൻ മനോലോ മാർക്വേസിന്റെ കീഴിലെ ടീം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് ഘട്ടം അവസാനിച്ച ശേഷം മാർച്ച് 14-ന് ടൂർണ്ണമെന്റിനുള്ള തയ്യറെടുപ്പുകൾ ആരംഭിക്കും.
ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായി നീല കടുവകളുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റ സ്പാനിഷ് പരിശീലകൻ മനോലോ മാർക്വേസിന്റെ കീഴിൽ ഒരു വിജയം പോലും ഇന്ത്യക്ക് നേടാൻ സാധിച്ചിട്ടില്ല. കളിച്ച നാല് മത്സരങ്ങളിൽ മൂന്ന് സമനിലയും ഒരു തോൽവിയുമാണുള്ളത്. ഒപ്പം 2024 ൽ വിജയതീരം അണയാൻ ടീമിന് സാധിച്ചിട്ടില്ല.
ആറ് ഗ്രൂപ്പ് ജേതാക്കൾ മാത്രമാണ് അവസാന റൗണ്ടിൽ നിന്നും യോഗ്യത നേടുകയുള്ളു. അവർ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ശേഷം എഎഫ്‌സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027-ലേക്ക് യോഗ്യത നേടിയ 18 ടീമുകൾക്കൊപ്പം ചേരും. ചരിത്രത്തിലാദ്യമായി തുടർച്ചയായി മൂന്ന് ഏഷ്യൻ കപ്പുകൾക്ക് യോഗ്യത നേടുകയെന്ന നേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക.
"ഞങ്ങൾ ഒരു പോട്ട് 1 ടീമാണ്, അതിനാൽ യോഗ്യത നേടുന്നതിൽ എന്തുകൊണ്ടാണ് ഞങ്ങൾ മുൻപന്തിയിലെന്ന് കാണിച്ച കൊടുക്കണം . ഗ്രൂപ്പുകൾ തമ്മിൽ അധികം വ്യത്യാസമില്ല. എല്ലാ ഗ്രൂപ്പുകളും ബുദ്ധിമുട്ടേറിയതാണ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യക്കെതിരെ ടീമിനെ നയിച്ച കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനൊപ്പം (അഫ്ഗാനിസ്ഥാൻ്റെ ചുമതല വഹിച്ചിരുന്ന സമയത്ത്) ഹോങ്കോംഗ് വളരെയധികം മെച്ചപ്പെട്ടു. SAFF ചാമ്പ്യൻഷിപ്പിൽ ഞങ്ങളുടെ സ്ഥിരം എതിരാളികളായ ബംഗ്ലാദേശിനെതിരെ ഞങ്ങൾ മാർച്ചിൽ കളിക്കും. ഞങ്ങൾക്ക് ആറ് മത്സരങ്ങളുണ്ട്, ഗ്രൂപ്പിൽ ഒന്നാമതെത്തി ഏഷ്യൻ കപ്പിന് യോഗ്യത നേടേണ്ടതുണ്ട്." - നറുക്കെടുപ്പിന് ശേഷം, ഇന്ത്യയുടെ ഹെഡ് കോച്ച് മനോലോ മാർക്വേസ് പറഞ്ഞു.
എഎഫ്‌സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 ക്വാളിഫയേഴ്സ് ഫൈനൽ റൗണ്ടിലെ ഇന്ത്യയുടെ മത്സരങ്ങൾ:
25 മാർച്ച്, 2025: ഇന്ത്യ vs ബംഗ്ലാദേശ് (ഹോം)
10 ജൂൺ, 2025: ഹോങ്കോംഗ് vs ഇന്ത്യ (എവേ)
9 ഒക്ടോബർ, 2025: ഇന്ത്യ vs സിംഗപ്പൂർ (ഹോം)
14 ഒക്ടോബർ, 2025: സിംഗപ്പൂർ vs ഇന്ത്യ (എവേ)
18 നവംബർ, 2025: ബംഗ്ലാദേശിനെതിരെ ഇന്ത്യ (എവേ)
31 മാർച്ച്, 2026: ഇന്ത്യ vs ഹോങ്കോംഗ് (ഹോം)