യുകെയിൽ നടക്കാനിരിക്കുന്ന നെക്‌സ്റ്റ്‌ജെൻ കപ്പ് പ്രീമിയർ ലീഗ് അക്കാഡമി ടീമുകൾക്കെതിരെ കളിക്കുന്നത് യുവ ഇന്ത്യൻ താരങ്ങളുടെ വികസനത്തിന് വഴിയൊരുക്കുമെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരവും മലയാളിയുമായ ഐഎം വിജയൻ.

പ്രീമിയർ ലീഗിനൊപ്പമുള്ള ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ കൂട്ടുകെട്ട് ഇന്ത്യൻ ഫുട്‌ബോളിന്റെ പുരോഗതി, ഭരണം, കഴിവ് വികസനം, വാണിജ്യ വളർച്ച, ഭരണം, എന്നിവയുൾപ്പെടെ ഫുട്‌ബോളിന്റെ എല്ലാ മേഖലകളിലും അറിവും വൈദഗ്ധ്യവും പങ്കിടാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സൂപ്പർ ലീഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

"യുവതാരങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അവസരമാണത്. വളരെ ചെറുപ്പത്തിൽ തന്നെ ലോകത്തിലെ തന്നെ പേരുകേട്ട മുൻനിര ലീഗുകളിൽ ഒന്നിൽ കളിയ്ക്കാൻ അവസരം ലഭിക്കുന്നത് യുവതാരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. അവർക്ക് ധാരാളം അനുഭവങ്ങൾ സമ്മാനിക്കും."

റിലയൻസ് ഫൗണ്ടേഷൻ ഇന്ത്യൻ ഫുട്ബോളിന് നൽകുന്ന സംഭാവനകളെക്കുറിച്ചും അദ്ദേഹം അഭിപ്രായം വ്യക്തമാക്കി.

"റിലയൻസ് ഫുട്ബോൾ ഫൗണ്ടേഷൻ ചെയ്യുന്ന കാര്യങ്ങൾ വാക്കുകളാലുള്ള പ്രശസകൾക്കതീതമാണ്. ഫുട്ബോളിനെ പ്രണയിക്കുന്ന കരുത്തേറിയ ഒരു യുവ തലമുറയെ വാർത്തെടുക്കുകയാണ് അവർ ചെയ്യുന്നത്. ചെറുപ്പത്തിൽ ലഭിക്കുന്ന ഇത്തരത്തിലുള്ള അവസരങ്ങൾ അവർക്ക്‌ സമ്മാനിക്കുക മികച്ച ആത്മവിശ്വാസവും, കാര്യപ്രാപ്തിയുമൊക്കെയായിരിക്കും. ലോകഫുട്ബാളിൽ ഇന്ത്യയെ ഉന്നതയിലെത്തിക്കാൻ കെൽപ്പുള്ള ഒരു യുവതലമുറയെ വാർത്തെടുക്കാനുതകുന്ന അഭിനാന്ദനാർഹമായ കാര്യമാണത്."

നെക്സ്റ്റ്ജോൺ കപ്പ് പോലെയുള്ള ടൂർണമെന്റുകളിൽ ഇന്ത്യൻ യുവതാരങ്ങൾക്കവസരം ലഭിക്കുന്നത് ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിക്ക് ഗുണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"എഎഫ്‌സി കപ്പ് പോലുള്ള ടൂർണ്ണമെന്റിൽ ഇന്ത്യ സ്ഥാനമുറപ്പിക്കുന്ന സമയമാണ്. യൂറോപ്യൻ രീതിയിലുള്ള സമീപനം ഇന്ത്യൻ ഫുട്ബോളിനും പ്രാദേശീക ഫുട്ബോളിനും ഫുട്ബോളിനെ ആശ്രയിച്ചു ജീവിക്കുന്ന എല്ലാ മേഖലയിലുള്ള ആളുകൾക്കും ഗുണം ചെയ്യും. ഫുട്ബോൾ സപ്നം കാണുന്ന യുവതലമുറക്ക് പ്രചോദനം നൽകും. ഇതുമായി ബന്ധത്തപ്പെട്ടു നിൽക്കുന്ന എല്ലാവരുടെയും, കളിക്കാരുടെ മാത്രമല്ല, മീഡിയ, കോച്ചിങ് സ്റ്റാഫ്, ഗ്രൗണ്ട് സ്റ്റാഫ് എല്ലാവരുടെയും വേതനം വർധിക്കും. അത് മൊത്തത്തിൽ കായീക മേഖലക്ക് തന്നെ ഉണർവേകും."