ഇഗോർ സ്റ്റിമാക്: ഗാർഡിയോളക്കോ മൗറീഞ്ഞോയ്ക്കോ പോലും ഈ സാഹചര്യങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല

ചൊവ്വാഴ്ച വൈകിട്ട് കൊൽക്കത്തയിലെ സാൾട് ലേക് സ്റ്റേഡിയത്തിൽ വച്ച് നടന്ന എഎഫ്സി ക്വാളിഫൈർ മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് ഹോങ്കോങിനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. 29 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഹോങ്കോംഗിനെതിരെ ജയം നേടുന്നത്. മത്സരം ആരംഭിക്കുന്നതിനു മുൻപുതന്നെ ഇന്ത്യയുടെ ഏഷ്യന്‍ കപ്പിലേക്കുള്ള പ്രവേശനം ഉറപ്പായിരുന്നു. പലസ്തീൻ ഫിലിപ്പൈൻസിനെ 4–0നു കീഴടക്കിയതോടെയാണു ഹോങ്കോങിനെതിരായ കളിക്ക് മുന്നേ ഇന്ത്യ ഏഷ്യൻ കപ്പിൽ സ്ഥാനം ഉറപ്പിച്ചത്. ഇന്ന് ഹോങ്കോങിനെതിരായ ജയത്തോടെ ഒൻപതു പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഏഷ്യന്‍ കപ്പിലേക്കുള്ള പ്രവേശിക്കുന്നത്.

മത്സരത്തിന് ശേഷം നടന്ന ഔദ്യോഗീക പത്ര സമ്മേളനത്തിൽ മുഖ്യ പരിശീലകൻ ഇഗോർ സ്ടീമാക് പങ്കെടുത്തു.

"ഏഷ്യൻ കപ്പ് യോഗ്യത നേടിയതും അതിലൂടെ ഞങ്ങൾ മികച്ച ടീമല്ല എന്ന് കരുതുന്നവർക്ക് മുൻപിൽ തെളിയിച്ചതുമാണ് ഇന്ന് ടീമിന്റെ പ്രചോദനം. എനിക്കും തെളിയിക്കാൻ ഒരു പോയിന്റുണ്ട്. ഒരു വലിയ ബയോഡാറ്റയും അനുഭവസമ്പത്തുമായാണ് ഞാൻ ഇവിടെ വന്നത്, തുടർന്ന് എന്നെത്തന്നെ ഞാൻ ഒരു സ്ഥാനത്ത് എത്തിച്ചു. ചിലർ എന്നെ സംശയിക്കാൻ തുടങ്ങി, ഞാൻ എന്നെത്തന്നെ അപകടത്തിലാക്കി."

"ആഴ്‌സണലിനും മാൻ സിറ്റിക്കും ആ കളിക്കാരെ പരിശീലിപ്പിക്കുക എളുപ്പമാണ്. എന്നാൽ ഇവിടെ വന്ന് എല്ലാവരിൽ നിന്നുമുള്ള അമിത പ്രതീക്ഷകളോടെ ടീമിനെ പുനർനിർമ്മിക്കുക ബുദ്ധിമുട്ടാണ്. എന്തുചെയ്യാനാകുമെന്ന് സ്വയം തെളിയിക്കേണ്ട, 5-6-ൽ ഈ ആൺകുട്ടികളെ എന്തെങ്കിലും ചെയ്യാൻ പഠിപ്പിക്കേണ്ട ദിവസങ്ങൾ! ഇത് കാഴ്ചപ്പാടിന്റെ കാര്യമാണ്" അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ തിരഞ്ഞെടുക്കുന്ന കളിക്കാർ അവരുടെ ക്ലബ്ബുകളിൽ നന്നായി കളിക്കണം. ക്ലബ്ബുകളും എഐഎഫ്എഫും തമ്മിൽ മികച്ച ആശയവിനിമയം ആവശ്യമാണ്. ഞാൻ പരമാവധി ശ്രമിച്ചു. ഐ‌എസ്‌എൽ ക്ലബ്ബുകളുടെ മാനേജർമാരുമായി എനിക്ക്മികച്ച ബന്ധമുണ്ടായിരുന്നു, പക്ഷേ എന്നോട് വിവരങ്ങൾ കൈമാറുന്നത് പ്രധാനമാണ്. കളിക്കാർക്കായി വ്യക്തിഗത പ്രവർത്തന പദ്ധതികൾ നൽകുന്നത് ക്ലബ്ബ് പരിശീലകരുമായി ബന്ധപ്പെട്ട് മെച്ചപ്പെടുത്താൻ കഴിയും. ഞാൻ ആഗ്രഹിക്കുന്ന നിലവാരത്തിലെത്താൻ കൂടുതൽ സമയം ആവശ്യമുള്ള ഇന്ത്യൻ കളിക്കാരുമായി വ്യക്തിഗതമായി പ്രവർത്തിക്കാൻ ഈ വർഷം പരിശീലകർക്ക് കൂടുതൽ സമയം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

"ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഞങ്ങളുടെ ലക്ഷ്യമായ മൂന്നാം സ്ഥാനത്തിനു മുൻപ്  രണ്ടാം റൗണ്ടിൽ ഫിനിഷ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കളിക്കാരോട് നിങ്ങൾ കൂടുതൽ ക്ഷമ കാണിക്കേണ്ടതുണ്ട്. കൂടുതൽ വിശ്വാസം കാണിക്കേണ്ടതുണ്ട്. എന്നെ പുറത്താക്കാം, പക്ഷേ ഗാർഡിയോളക്കോ മൗറീഞ്ഞോയ്ക്കോ പോലും ഈ സാഹചര്യങ്ങളിൽ  കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല"

മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദിനെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനില്‍ ചേർത്താണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ഹോങ്കോംഗിനെതിരായ ഇന്ത്യൻ ടീമിനെ ഇറക്കിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ലീഡ് നേടാൻ ഇന്ത്യക്കായി. ആഷിക്ക് കുരുണിയന് ലഭിച്ച ഷോട്ട് ലക്‌ഷ്യം കാണാതെ മടങ്ങിയപ്പോൾ പന്ത് വരുതിയിലാക്കിയ അൻവർ അലിയുടെ ഷോട്ട് ലക്‌ഷ്യം കാണുകയായിരുന്നു. ഏഷ്യ കപ്പിലെ  വേഗതയേറിയ ഗോളുകളിലൊന്നാണ് ഇന്ന് അന്‍വര്‍ അലി നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് രണ്ടാം ഗോൾ പിറന്നത്. ഇന്ത്യക്കു ലഭിച്ച ഫ്രീകിക് എടുത്ത ജിക്സൺ സിംഗിന്റെ പാസ് വരുതിയിലാക്കിയ സുനിൽ ഛേത്രിയുടെ ഷോട്ട് നാലിലധികം ഹോങ്കോങ് പ്രധിരോധ താരങ്ങളെ മറികടന്ന് അത്ഭുതപരമായി വല തുളക്കുകയായിരുന്നു. ഈ ടൂർണമെന്റിലെ സുനിൽ ഛേത്രിയുടെ നാലാം ഗോളായിരുന്നുവത്. ഇതോടുകൂടി സുനിൽ ഛേത്രി നേടുന്ന അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം എണ്പത്തിനാലായി. രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ഛേത്രിക്കായി. ഇന്ത്യ നേടിയ രണ്ടു ഗോളുകളുടെ ലീഡിൽ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ കളിയിലുടനീളം ആധിപത്യം പുലര്ത്താൻ ഇന്ത്യക്കായി. കളിയുടെ എൺപത്തിയഞ്ചാം മിനിറ്റിൽ ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസിന്റെ ക്രോസിൽ മൻവീർസിംഗ് അനായാസം പന്ത് വലയിലെത്തിച്ചു. 60ആം മിനിറ്റില്‍ മലയാളി താരകം സഹല്‍ അബ്ദുള്‍ സമദിന് പകരമാണ് മന്‍വീര്‍ ഇറങ്ങിയത്. മത്സരമവസാനിക്കാന്‍ വെറും നിമിഷങ്ങൾ മാത്രം ബാക്കിനില്‍ക്കേ മന്‍വീര്‍ സിങ്ങിന്റെ ക്രോസില്‍ ഇഷാന്‍ പണ്ഡിത ഇന്ത്യയ്ക്ക് വേണ്ടി നാലാം ഗോള്‍ നേടി. 82ആം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന് പകരക്കാരനായാണ് ഇഷാന്‍ പണ്ഡിത ഇറങ്ങിയത്. നിമിഷങ്ങൾക്കുള്ളിൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് വിജയം സ്വന്തമാക്കിയ ഇന്ത്യ ഗ്രോപ് ഡിയിൽ ഒന്നാം സ്ഥാനക്കാരായി ഏഷ്യൻ കപ്പിലേക്ക് പ്രവേശനം നേടി. 13 ടീമുകൾ ഏഷ്യൻ കപ്പിൽ നേരത്തെതന്നെ യോഗ്യത നേടിയിരുന്നു. ആകെ 24 ടീമുകളാണു ഏഷ്യൻ കപ്പ് ടൂർണമെന്റിൽ കളിക്കുക. ഇത് 5ആം തവണയാണ് ഇന്ത്യ ഷ്യൻ കപ്പിൽ യോഗ്യത നേടുന്നത്.

Your Comments

Your Comments