ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ലോക കപ്പ്, എഎഫ്സി സംയുക്ത യോഗ്യതാ മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യൻ സീനിയർ ദേശീയ ഫുട്ബോൾ ടീം. ഹോം മത്സരത്തിൽ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. നിലവിൽ ഗ്രൂപ്പ് എയിൽ നാലു പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ ടീം. മൂന്നു മത്സരങ്ങളിൽ നിന്ന് അവസാന മത്സരത്തിൽ നേടിയ ഒരു പോയിന്റുമായി റാങ്കിങ്ങിൽ അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. ഫിഫ ലോക റാങ്കിങ്ങിൽ ഇന്ത്യ 117ആം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ 158ആം സ്ഥാനത്തുമാണ്.

നാലു ദിവസങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ നടന്ന എവേ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം റൗണ്ടിലേക്കുള്ള പ്രവേശനത്തിന് വിജയവും മൂന്നു പോയിന്റുകളും ഇന്ത്യക്ക് അനിവാര്യമാണ്. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റീമാക് പങ്കെടുത്തു.

“ഞങ്ങൾ പോസിറ്റീവ് ആണ്. നാളത്തെ മത്സരത്തിനായി (ചൊവ്വാഴ്‌ച) ഞങ്ങൾ കാത്തിരിക്കുകയാണ്, ഞങ്ങളുടെ പരമാവധി ചെയ്യാൻ ഞങ്ങൾ ശ്രമിക്കും. സമനിലയെന്നത് ടീമിന് നഷ്ടം തന്നെയാണ്. ഇവിടെ സമനിലയോ തോൽവിയോ അർത്ഥമാക്കുന്നത് ജൂണിൽ കുവൈറ്റിനെ തോൽപ്പിക്കണം എന്നാണ്. കളി ജയിച്ചാൽ മൂന്നാം റൗണ്ടിലേക്ക് കടക്കാൻ കുവൈറ്റിനെതിരെ സമനില മതിയാകും. ജൂണിലത് എളുപ്പമാക്കാൻ ഞങ്ങളിപ്പോൾ പരമാവധി ശ്രമിക്കും. ഇന്ത്യയെ മൂന്നാം റൗണ്ട് യോഗ്യതാ റൗണ്ടിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.” സ്റ്റിമാക് പറഞ്ഞു.

ഈ മാസം രണ്ടാം തവണയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്നത്. അവരുടെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് എയിലെ ഏറ്റവും താഴ്ന്ന റാങ്കുള്ള ടീമായ അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യയിലെ അവരുടെ ഹോം വേദിയിൽ ഇന്ത്യയെ സമനിലയിൽ തളച്ചുകൊണ്ട് ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിലെ അവരുടെ ആദ്യ പോയിന്റ് നേടി.

“ആദ്യ മത്സരത്തിൽ (സൗദി അറേബ്യയിൽ) അഫ്ഗാനിസ്ഥാനെതിരായ അവസാന ഫലത്തിൽ ഞങ്ങൾ നിരാശരായിരുന്നു. വ്യക്തമായി പറഞ്ഞാൽ ആ പ്രകടനത്തിൽ എനിക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല, എന്നാൽ മൂന്ന് ദിവസത്തെ ജോലിക്കും ഇത്രയും നീണ്ട യാത്രയ്ക്കും ശേഷം ഞങ്ങളുടെ ആൺകുട്ടികൾ നന്നായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഇവിടെ കാര്യങ്ങൾ ശരിയാക്കേണ്ടതുണ്ട്, അതാണ് ഞങ്ങൾ ചെയ്യാൻ പോകുന്നത്. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ പരമാവധി ചെയ്യും." അദ്ദേഹം പറഞ്ഞു.

അദ്ദേഹം കൂട്ടിച്ചേർത്തു: “എന്റെ കളിക്കാരോട് ഞാൻ പറയുന്നത്, നാളത്തെ കളിയിൽ (ചൊവ്വാഴ്‌ച) ഒന്നും അവസാനിക്കുന്നില്ല എന്നതാണ്, കാരണം ഗ്രൂപ്പിലെ രണ്ടാം സ്ഥാനം നിലനിർത്തി ഞങ്ങൾ നല്ല നിലയിലാണ്, അത് ഞങ്ങളെ യോഗ്യതാ ഘട്ടത്തിലെ മൂന്നാം റൗണ്ടിലേക്ക് കൊണ്ടുപോകും. അവസാന മത്സരം ജൂണിൽ കുവൈത്തിനെതിരായിരിക്കും, മിക്കവാറും, കൊൽക്കത്തയിലാകും മത്സരം."

ഇന്ത്യയെ നേരിടുന്നതിന് മുമ്പ് ആദ്യ രണ്ട് യോഗ്യതാ മത്സരങ്ങളിൽ ഖത്തറിനെതിരെയും (8-1), കുവൈത്തിനെതിരെയും (4-0) അഫ്ഗാനിസ്ഥാൻ കനത്ത പരാജയം ഏറ്റുവാങ്ങിരുന്നു. സ്റ്റിമാക് അഫ്ഗാനിസ്ഥാന്റെ പുരോഗതിയെ അംഗീകരിക്കുകയും അവരുടെ വിപുലമായ പരിശീലന ക്യാമ്പിന്റെ നേട്ടങ്ങളെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. നിലവിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യ അഫ്ഗാനിസ്ഥാനേക്കാൾ 31 സ്ഥാനങ്ങൾ മുന്നിലായിരുന്നിട്ടും റാങ്കിംഗിനെക്കാൾ തയ്യാറെടുപ്പിന്റെയും ആസൂത്രണത്തിന്റെയും പ്രാധാന്യം സ്റ്റിമാക് എടുത്തുപറഞ്ഞു.

"ഖത്തറിനും കുവൈത്തിനും എതിരെ കളിച്ച ടീമല്ല അഫ്ഗാനിസ്ഥാൻ എന്ന് സൗദി അറേബ്യയിലെ ആദ്യ മത്സരത്തിൽ നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും. അതൊരു മികച്ച ടീമായിരുന്നു. അവർ അബഹയിൽ നീണ്ട ക്യാമ്പ് നടത്തിയിരുന്നു. ഞങ്ങൾക്കെതിരായ മത്സരത്തിന് മുമ്പ് മൂന്നാഴ്ചത്തെ ക്യാമ്പ്. അവർ സ്വയം നന്നായി തയ്യാറായി അവിടെ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഒരു നീണ്ട ക്യാമ്പിന് ഒരു ടീമിൽ വരുത്താൻ കഴിയുന്ന മാറ്റം അതാണ്. റാങ്കിംഗ് അർത്ഥമാക്കുന്നത് ഒന്നുമല്ല, ഞാൻ പലതവണ സൂചിപ്പിച്ചതുപോലെ. 60 മിനിറ്റോളം ഞങ്ങൾ ഓസ്‌ട്രേലിയയെ എത്ര നന്നായി കൈകാര്യം ചെയ്‌തുവെന്നത് നിങ്ങൾ ഓർക്കും, തുടർന്ന് ഒരു നിസാര ഗോൾ ലഭിച്ചു, അത് സ്‌കോർ തുറക്കുകയും ഓസ്‌ട്രേലിയക്ക് അത് എളുപ്പമാക്കുകയും ചെയ്തു. വിജയം നേടേണ്ട സമയത്ത് റാങ്കിംഗ് നിങ്ങളെ പിച്ചിൽ സഹായിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്.” സ്റ്റിമാക് പറഞ്ഞു.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഗുവാഹത്തിയിൽ തിരിച്ചെത്തി, 2019 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാനോട് അവസാനമായി ആതിഥേയത്വം വഹിച്ച മത്സരത്തിൽ ലീഡ് നേടിയെങ്കിലും, 2-1 ന് നേരിയ തോൽവി ഇന്ത്യ ഏറ്റുവാങ്ങി. പക്ഷേ മികച്ച പ്രകടനം പുറത്തെടുത്തുക്കുകയും ഗോൾ സ്കോറിംഗ് അവസരങ്ങൾ സൃഷ്ടിച്ച് തുടർച്ചയായി ഡിഫെൻസിന് ഭീഷണി ഉയർത്തുകയും ചെയ്തു. ടീമിനെ ആവേശത്തോടെ പിന്തുണയ്ക്കുന്ന ആരാധകരുടെ ഗണ്യമായ തിരക്കിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഇത് ഗുവാഹത്തിയിലെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. “നാളെ (ചൊവ്വാഴ്‌ച) കളിക്കാർ അവരുടെ പരമാവധി ചെയ്യും. ഈ അസം സംസ്ഥാനത്തുനിന്നും ഗുവാഹത്തിയിൽ നിന്നും ഒരു വലിയ ജനക്കൂട്ടം ഇവിടെ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” സ്റ്റിമാക് പറഞ്ഞു.