ഉദ്ഘാടന സീസണിലെ ഹീറോ ഓഫ് ദി ലീഗ്, 2016 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻ, രണ്ടുതവണ ഫൈനലിസ്റ്റ്, ഇന്ത്യൻ സൂപ്പർ ലീഗ് മത്സര ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാൾ, അങ്ങനെ എണ്ണമറ്റ വിശേഷണങ്ങൾക്ക് അർഹനാണ് കേരളബ്ലാസ്റ്റേഴ്‌സ് ആരാധകവൃന്ദത്തിന്റെ  പ്രിയ താരം  ഇയാൻ ഹ്യൂം.  ഹീറോ ഐ‌എസ്‌എല്ലിന്റെ തുടക്കം മുതൽ അഞ്ച് സീസണുകളിലാണ് ഇയാൻ ഹ്യൂം ഭാഗമായിരുന്നത്. രണ്ട് സീസണുകളിൽ വീതം എടി‌കെ എഫ്‌സിയോടൊപ്പവും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയോടൊപ്പവും ഒരു സീസണിൽ എഫ്‌സി പൂനെ സിറ്റിയോടൊപ്പവും കളത്തിലിറങ്ങിയ കനേഡിയൻ ഇന്റർനാഷണൽ ഒടുവിൽ 2019-20 സീസണിൽ ലീഗ് മത്സരങ്ങളുടെ വിലയിരുത്തൽ ചർച്ചകളുമായി പ്രമുഖചാനൽ ടീമിനൊപ്പവും സജീവമായിരുന്നു.

ഹീറോ ഐ‌എസ്‌എല്ലിലെ തന്റെ പ്രകടനങ്ങളെക്കുറിച്ചും, അനുഭവങ്ങളെക്കുറിച്ചും പങ്കുവച്ച് ലോക്ക്ഡൌൺ കാലഘട്ടത്തിൽ അനന്ത് ത്യാഗി അവതരിപ്പിക്കുന്ന ലെറ്റ്സ് ഫുട്ബോൾ ലൈവിന്റെ അഞ്ചാം ഭാഗത്തിൽ ഇയാൻ ഹ്യൂം പങ്കുചേർന്നു.

അദ്ദേഹം പങ്കുവച്ച ചില പ്രധാനവിവരങ്ങൾ വായിക്കൂ. അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ പങ്കുവയ്ക്കു.

ഇന്ത്യൻ സൂപ്പർ ലീഗ് യാത്ര!

2014 ൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഹീറോ ഐ‌എസ്‌എൽ യാത്ര ആരംഭിച്ച ഇയാൻ ഹ്യൂം, ലീഗിനൊപ്പമുള്ള തന്റെ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു.

“എനിക്ക് കുറച്ച് അഭിമുഖങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഇത് ഒരു സാഹസിക യാത്രയുടെ സമയമാണെന്ന് ഞാൻ കരുതി. ഹീറോ ഐ‌എസ്‌എൽ മാനേജ്‌മെന്റിൽ നിന്ന് എനിക്ക് കോൾ ലഭിച്ചു. സ്പാനിഷ്, ബ്രസീലിയൻ കളിക്കാർക്കൊപ്പം ഒരു കനേഡിയൻ കളിക്കാരനെ ലീഗിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു.  കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും മാർക്യൂ കളിക്കാരനുമായ ഡേവിഡ് ജെയിംസ് ലീഗിന്റെ ഭാഗമാണ് എന്നറിയുന്നതുവരെ എനിക്ക് മറ്റ് ലീഗുമായി മറ്റു ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. മുൻപ് ഞാൻ ഒരുമിച്ചു കളിച്ചിട്ടുള്ള മൈക്കൽ ചോപ്ര, ജാമി മക്അലിസ്റ്റർ എന്നിവരും ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇവരുടെ സാന്നിധ്യം ലീഗിലേക്കുള്ള പ്രവേശനം വളരെ എളുപ്പമാക്കി. കാരണം ഞങ്ങളെല്ലാവരും ഇംഗ്ലീഷ് സമ്പ്രദായത്തിലൂടെ സമാനമായ രീതിയിൽ ഫുട്ബാളിൽ വളർ‌ന്നവരായിരുന്നു. ഒരാളെപ്പോലും പരിചയമില്ലാതെ, ലോകത്തിന്റെ മറുഭാഗത്തേക്ക് ചേക്കേറുന്നത് എളുപ്പമായിരുന്നില്ല ”

ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റ സീസണിൽ കേരളബ്ലാസ്റ്റേഴ്സിനെ ഫൈനലിലേക്ക് നയിച്ചതിന് പിന്നിലെ പ്രധാന സ്വാധീനം ഹ്യൂം ആണെന്ന് നിസംശയം പറയാനാകും. പക്ഷേ നിർഭാഗ്യവശാൽ ഫൈനലിൽ എടികെയോട് കേരളാബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. പക്ഷെ സീസണിൽ ഇയാൻ ഹ്യൂം ഹീറോ ഓഫ് ദി ലീഗ് അവാർഡ് നേടി.

രണ്ടാം സീസണിൽ കേരളാബ്ലാസ്റ്റേഴ്സിൽ നിന്ന് എടി‌കെയിലേക്ക് മാറിയ ഇയാൻ ഹ്യൂം ഹീറോ ഐ‌എസ്‌എൽ 2015 ലെ ഗോൾ സ്‌കോറിംഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എന്നാൽ സെമി ഫൈനലിൽ എടികെ ചെന്നൈയിൻ എഫ്‌സിയോട് പരാജയപ്പെട്ടു.

“ഹീറോ ഐ‌എസ്‌എൽ 2015 സീസണിൽ, ഹീറോ ഐ‌എസ്‌എല്ലിലെ ഏറ്റവും മികച്ച ടീമായിരുന്നു ഞങ്ങളുടെ ടീം. വാക്കിലും പ്രവർത്തിയിലും ഞങ്ങൾ ആത്മാർത്ഥത കാണിച്ചു. ഞങ്ങൾ ഏറ്റവും ആകർഷകമായ ഫുട്ബോൾ കളിച്ചു. ആ സീസണിലെ ഒരേയൊരു മോശം പ്രകടനം ഞങ്ങളെ വളരെയധികം ബാധിച്ചു."

"അടുത്ത സീസണിൽ ഞങ്ങളുടെ വിജയത്തിന്റെ കാരണമായി മാറിയത് പ്രധാന കളിക്കാരിൽ ഭൂരിഭാഗത്തെയും ചേർത്തുനിർത്തിയതാണെന്ന് ഞാൻ കരുതുന്നു. ഹെൻ‌റിക് സെറീനോയെപ്പോലുള്ള കളിക്കാരെ കൊണ്ടുവരികയും ഹെൽ‌ഡറിനെ (പോസ്റ്റിഗ) നിലനിർത്തുകയും ചെയ്യുന്നു. ഇതൊരു പ്രധാനതീരുമാനമായി മാറി. മുൻ സീസണിലെപ്പോലെ ആകർഷകമായ പ്രകടനമല്ല ഞങൾ കാഴ്ചവച്ചതെന്നു എല്ലാവരും പറഞ്ഞു. പക്ഷേ അത് മാനേജർ മാറ്റത്തോടെയാണ് സംഭവിച്ചത്. മോളിനയിലെ ഒരു മുൻ ഗോൾകീപ്പറെ ഞങ്ങളുടെ മുഖ്യ പരിശീലകനായി ഞങ്ങൾ കൊണ്ടുവന്നു. അതിനാൽ സ്വാഭാവികമായും ഞങ്ങൾ പ്രതിരോധ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ സീസണിൽ ഞങ്ങളുടെ പ്രതിരോധം ഇത് ഏറ്റവും മികച്ച ഒന്നാണെന്ന് ഞാൻ കരുതുന്നു. "

"പക്ഷേ, മുന്നോട്ട് പോകുമ്പോൾ അവസരങ്ങൾ ഉണ്ടാകുമെന്നും ടീം അഭിവൃദ്ധി പ്രാപിക്കുമെക്കുമെന്നും ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ വ്യക്തമായും പ്രാധാന്യമർഹിക്കുന്നുവെന്ന് അവസാനം തെളിയിക്കാനായിയെന്ന് ഞാൻ കരുതുന്നു. ഏറ്റവും മികച്ച ഫൈനൽ മത്സരം ആയിരുന്നില്ലയത്. (ബ്ലാസ്റ്റേഴ്സിനെതിരായ ഫൈനൽ). പക്ഷെ തോൽക്കാനാഗ്രഹിക്കാത്ത രണ്ടു മികച്ച ടീമുകളുടെ ഏറ്റുമുട്ടലായിരുന്നു. ഭാഗ്യവശാൽ, അവസാനം ഞങ്ങൾ വിജയിച്ചു.”

2016 സീസണിൽ തന്റെ മുൻ ടീമായ എടികെ കേരളാബ്ലാസ്റ്റേഴ്‌സിനെതിരായ കടുത്ത ഫൈനൽ പോരാട്ട മത്സരത്തിൽ പെനാലിറ്റി ചാൻസിൽ കിരീടം നേടിയ നിമിഷങ്ങൾ ഓർത്തെടുത്തു.

ആ ഫൈനൽ ഏറെ യാദൃശ്ചീകമായി കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് നടന്നത്. ഇയാൻ ഹ്യൂം ആരാധകർക്ക് ഏറെ പ്രിയങ്കരനായിത്തീർന്ന വേദിയിൽ.

“ഞാൻ സ്റ്റേഡിയത്തിൽ ആയിരുന്നപ്പോൾ അവിടെയുണ്ടായിരുന്ന സാഹചര്യം അവിശ്വസനീയമായിരുന്നു. അത് വാക്കുകളാൽ വർണിക്കുക സാധ്യമല്ല. അവിടെ കളിക്കുന്നത് എളുപ്പമായിരുന്നില്ല. കാരണം അവരുടെ ശബ്ദം കാരണം 10 അടി അകലെ നിൽക്കുന്ന കളിക്കാരുടെ ശബ്ദം പോലും കേൾക്കാനാകാത്ത സ്ഥിതിയായിരുന്നു. കേരളബ്ലാസ്റ്റേഴ്‌സ് എതിർടീമായിരിക്കുമ്പോൾ കളിക്കാനുള്ള ഏറ്റവും വിഷമകരമായ സ്ഥലമാണിത്. എന്നാൽ അവർ നിങ്ങൾക്കൊപ്പമായിരിക്കുമ്പോൾ അതവിശ്വസനീയമാണ്. ”ഹ്യൂം പറഞ്ഞു.

ഹീറോ ഐ.എസ്.എല്ലിന്റെ വളർച്ച!

ഹീറോ ഐ‌എസ്‌എൽ ഉദ്‌ഘാടനസീസൺ മുതൽ ഒരു കളിക്കാരനെന്ന നിലയിലും, ശേഷം ലീഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി തുടരുന്ന വ്യക്തിയെന്ന നിലയിലും, ഇയാൻ ഹ്യൂം ഹീറോ ഐ‌എസ്‌എല്ലിന്റെ കാലക്രമേണയുള്ള പുരോഗതിയെക്കുറിച്ച് സംസാരിച്ചു. “ ഇരുപതുകളുടെ മധ്യത്തിൽ നിൽക്കുന്ന മികച്ച വിദേശതാരങ്ങളെ അനിരുദ്ധ് താപ്പ, റൗളിൻ ബോർജസ്, ലെന്നി റോഡ്രിഗസ് മുതലായ താരങ്ങൾക്കൊപ്പം ചേർത്താൽ, അടുത്ത നാലോ അഞ്ചോ വർഷത്തേക്ക് അവരെ മികച്ച രീതിയിൽ ഒരുമിച്ച് നിർത്താൻ കഴിയും. ഇത് യുവതാരങ്ങളെ വളരെയധികം സഹായിക്കും. അത്തരത്തിൽ നമുക്ക് സൃഷ്ടിക്കാൻ കഴിയുന്ന തുടർച്ചയും പങ്കാളിത്തവും ഇന്ത്യൻ ഫുട്ബോളിൻറെ നേട്ടത്തിനും പുരോഗതിക്കും കാരണമാകുമെന്ന് ഞാൻ കരുതുന്നു. ”

എഫ്‌സി ഗോവയുടെ ലെന്നി റോഡ്രിഗസിന്റെ ഉദാഹരണം ഓർമിപ്പിച്ച് അദ്ദേഹം തുടർന്നു, “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലെന്നിയുടെ പുരോഗതി നോക്കൂ. അഹമ്മദ് ജഹൌ, ഹ്യൂഗോ ബൗമസ്, എഡു ബെഡിയ തുടങ്ങിയ കളിക്കാർക്ക് അദ്ദേഹത്തിന്റെ പുരോഗതിയിൽ ക്രെഡിറ്റ് നൽകാം. അവർ ലെന്നിയെ ഒരു മികച്ച കളിക്കാരനാക്കി. അദ്ദേഹം ഒരു നല്ല കളിക്കാരനായിരുന്നില്ല എന്നല്ല പറഞ്ഞത്, മറിച്ച് ടീമിലെ അദ്ദേഹത്തിന്റെ പങ്ക് എന്താണെന്ന് എനിക്ക് അറിയുകയും ചെയ്യാം. തുടർച്ചയും സ്ഥിരതയും എപ്പോഴും പ്രയോജനം നൽകും. കളിക്കാരെ അനുയോജ്യമായ സാഹചര്യത്തിൽ, അവരുടെ ഇരുപതുകളുടെ മധ്യത്തിൽ, നാലോ അഞ്ചോ സീസണുകളിൽ തുടർച്ചയായി കൊണ്ടുവരുമ്പോൾ മികച്ച ഫലങ്ങൾ നേടിയെടുക്കാൻ കഴിയും. ഇന്ത്യയുടെ ഫുട്ബോൾ ഭാവിക്കുവേണ്ടി പഴയ കളിക്കാരെ കൊണ്ടുവരുന്നതിനേക്കാൾ ചെറുപ്പക്കാരായ കളിക്കാരെ കൊണ്ടുവരുന്നത് ദീർഘകാലത്തേക്ക് നല്ലതാണെന്ന് ഞാൻ കരുതുന്നു. ”

ഇന്ത്യൻ ദേശീയ ടീമിന്റെ ഭാവി

കഴിഞ്ഞ ആറ് വർഷമായി ഹീറോ ഐ‌എസ്‌എല്ലിന്റെ പുരോഗതി ഇന്ത്യൻ ദേശീയ ടീമിന്റെ പുരോഗതിയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇതിനെപ്പറ്റി ഹ്യൂം ഇങ്ങനെ പറഞ്ഞു “ലോക റാങ്കിംഗിൽ ഇന്ത്യ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. വളരെ വേഗത്തിലായിരുന്നു പുരോഗതി. സുനിൽ ഛേത്രിയെപ്പോലുള്ള ഇതിഹാസ താരങ്ങളും,  ഉദാന്ത സിംഗ്, ആഷിക് കുരുനിയൻ മുതലായ യുവതാരങ്ങളും അനിരുദ്ധ് താപ്പയുമെല്ലാം നമുക്ക് മുന്പിലുണ്ട്. അവിടെക്കുയരാൻ അർഹരായ താരങ്ങളാണ് പ്രഭിദാസ്, പ്രീതം കോട്ടാൽ എന്നിവർ. കാൽമുട്ടിനേറ്റ പരിക്കിനെ അതിജീവിച്ച സന്ദേശ് ജിംഗൻ തിരിച്ചുവരാനായി ഒരുങ്ങുന്നു. അദ്ദേഹം ഒരു കഴിവുള്ള നേതാവാണ്. ”

“അടുത്ത നാലോ അഞ്ചോ വർഷത്തേക്ക് ടീം വളരെ നന്നായി സജ്ജമാക്കിയിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ ടീം ഇപ്പോൾ വളരെ നല്ല സ്ഥലത്താണെന്ന് ഞാൻ കരുതുന്നു. എന്നാൽ ഇനിയും ഒരുപാട് ദൂരം ടീം സഞ്ചരിക്കാനുണ്ടെന്നും ഞാൻ കരുതുന്നു. കാരണം എ‌എഫ്‌സി പുറത്തുകടക്കാൻ വളരെ കഠിനമായ ഒരു കൂട്ടുകെട്ടാണ്. ദിനം പ്രതി അത് കഠിനമായി മാറിക്കൊണ്ടിരിക്കുന്നു. ഇഗോർ സ്റ്റിമാക് വരവ്, തീർച്ചയായും എന്തെങ്കിലും നേടാനുള്ള അവസരം ലഭ്യമാക്കുമെന്ന് ഞാൻ കരുതുന്നു.

ആരാധകർക്കിടയിലെ പ്രശസ്തി!

അഞ്ച് സീസണുകളിലായി മൂന്ന് ക്ലബ്ബുകൾക്കായി കളത്തിലിറങ്ങിയ ഹ്യൂം, കളിക്കുന്നിടത്തെല്ലാം ആരാധകരുടെ പ്രിയങ്കരനായിമാറി. ഇങ്ങനെ ആരാധന സ്ഥിരമായി നേടുന്നതിനു പിന്നിലെ രഹസ്യം ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകി “ഞാൻ എന്നെ പൂർണമായും നൽകുന്നു. പിച്ചിലും പുറത്തും ഞാൻ ഇത്തരത്തിൽ തന്നെയാണ്. ഞാൻ എന്റെ 100% ടീമിന് നൽകുന്നു. സ്വയം ഒരു ഫുട്ബോൾ ആരാധകനെന്ന നിലയിൽ, ഞാൻ ഏറെ ബഹുമാനിക്കുന്ന ഒന്നാണത്. എന്റെ ഫുട്ബാളിനോടുള്ള അഭിനിവേശം ആരാധകരെ ആകർഷിക്കുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നു. ഞാൻ കളിച്ച എല്ലാ ക്ലബ്ബിലെയും ആരാധകരുമായി എനിക്ക് നല്ല ബന്ധമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കരിയറിൽ ഞാനതിൽ അഭിമാനിക്കുന്നു ”