വീണ്ടും ഒരിക്കൽക്കൂടി റഫറിയിങ്ങിന്റെ വലയിൽപെട്ടു തോൽവി ഏറ്റുവാങ്ങി കേരളബ്ലാസ്റ്റേഴ്‌സ്. രണ്ടാം പകുതിയിൽ ജംഷഡ്പൂരിനു അനുകൂലമായി വിധിക്കപ്പെട്ട പെനാൽറ്റി ഷോട്ട് ആണ് കളി സമനിലയിൽ കലാശിക്കാൻ കാരണമായത്. 

"തങ്ങൾ ഇന്ന് എത്തിനിൽക്കുന്ന സ്ഥാനം കാരണം ഒട്ടനവധി ആരാധകർ കളി കാണാൻ എത്തിയില്ല. മികച്ച ഒരു ഗോൾ ഞങ്ങൾ നേടി, എന്നാൽ അനർഹമായ ഒരു പെനാലിറ്റി ഷോട്ടിലൂടെ വിജയം ഞങ്ങൾക്ക് നഷ്ടമായി." ഡേവിഡ് ജെയിംസ് പറഞ്ഞു. മാച്ചിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ പ്രധിനിതീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇന്നത്തേത് തീർച്ചയായും മൂന്നു പോയിന്റ് നേടേണ്ടിയിരുന്ന കളി ആയിരുന്നു. ഇത്രയും മോശമായ റഫറീയിങ് ഉള്ളപ്പോൾ ഒരു ഹെഡ് കോച്ച് എന്ന നിലയിൽ താരങ്ങളെ പരിശീലിപ്പിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കളിക്കാർ നൂറുശതമാനം നൽകുമ്പോൾ തീരുമാനങ്ങൾ എടുക്കുന്നവരും അങ്ങനെ തന്നെ ആയിരിക്കണം. നിഷ്പക്ഷരായിരിക്കണം. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അവർക്കാവുന്നത്ര പരമാവധി നന്നായി കളിച്ചു.  അവർ മികച്ച കളിക്കാർ ആണ്. " ഡേവിഡ് കൂട്ടിച്ചേർത്തു.

സന്ദേശ് ജിങ്കൻറെയും സഹലിന്റെയും കളിയെ പറ്റി മികച്ച അഭിപ്രായമാണ് ഡേവിഡ് പങ്കുവച്ചത്. സഹൽ ബ്ലാസ്റ്റേഴ്സിന്റെ ഭാവി വാഗ്ദാനം ആണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

വളരെയധികം സമ്മർദ്ദങ്ങൾക്ക് നടുവിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് നിര ഇന്ന് കളിയ്ക്കാൻ ഇറങ്ങിയത്. പതിവിൽനിന്ന് വിപരീതമായി തിരക്ക് കുറഞ്ഞ സ്റ്റേഡിയമാണ് ബ്ലാസ്‌റ്റേഴ്‌സിനെ എതിരേറ്റത്. തുടർച്ചയായ സമനിലകളും തോൽവികളും ഫാൻസിൽ ഉണ്ടാക്കിയ നിരാശ വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ കൊച്ചി സ്റ്റേഡിയം.

എന്നാൽ ഇന്നും സമനിലയിൽ അവസാനിക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി.

ബ്ലാസ്റ്റേഴ്സിന് ഇത് ആറാം സമനില. ഇതോടു കൂടി പത്തു മത്സരത്തിൽ നിന്നായി ഒന്പത്‌പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തു തന്നെ തുടരുന്നു. പതിനൊന്നു മത്സരത്തിൽ നിന്നായി പതിനാറു പോയിന്റ് നേടി അഞ്ചാം  സ്ഥാനത്താണ് ജംഷഡ്‌പൂർ!