ക്രെഡിറ്റ്: @lakibuteka, ട്വിറ്റർ

വ്യാഴാഴ്ച നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. ആദ്യ പകുതിയിൽ ശക്തമായ ആധിപത്യം പുലർത്താൻ കേരള ബ്ലാസ്റ്റേഴ്സിനായി. കളി ആരംഭിച്ച് ആദ്യ അഞ്ചാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സിഡോ നേടിയ ഗോളിൽ കേരളാബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. ആദ്യ പകുതി അവസാനിക്കുവാൻ നിമിഷങ്ങൾ ശേഷിക്കെ ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടി ഗാരി ഹൂപ്പർ ലീഡ് ഉയർത്തി. ഇരു ടീമുകളും ഇഞ്ചോടിഞ്ചു പൊരുതിയ ആദ്യ പകുതിയില്‍ സെറ്റ്പീസും പെനൽറ്റിയും മുതലാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയത്. നോർത്ത് ഈസ്റ്റ് ആക്രമണങ്ങളെ അവസരോചിതമായി തടഞ്ഞുകൊണ്ട് പ്രതിരോധ താരം കോസ്റ്റ നെമനോസുവും ഗോൾ കീപ്പർ ആൽബിനോ ഗോമസും മികച്ച പ്രകടനമാണ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിനായി കാഴ്ചവച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ട് ഗോളുകൾക്ക്  ബ്ലാസ്റ്റേഴ്സിനായിരുന്നു ലീഡ്.

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ശക്തമായ തിരിച്ചുവരവ് നടത്തി. പലപ്പോഴും മിസ് പാസുകളും അനാവശ്യമായ കോർണറുകളും വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുൻസീസണുകളിലെ നിറം മങ്ങിയ ടീമിനെ ഓർമിപ്പിച്ചു. രണ്ടാം പകുതിയുടെ ആദ്യ 6 മിനിറ്റിനുള്ളിൽ ഗോൾ നേടി നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് കുറച്ചു. 51ആം മിനിറ്റിൽ വെസി അപ്പിയയാണ് ഹൈലാൻഡേഴ്സിനായി ആദ്യ ഗോൾ നേടിയത്. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കേയാണ് നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ പിറന്നത്. സീസണിൽ ആദ്യ വിജയം ഉറപ്പിച്ചിരുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ഇഡ്രിസ സില്ലയാണ് 90ആം മിനിറ്റിൽ ഗോൾ നേടിയത്. നോർത്ത് ഈസ്റ്റ് താരം ഗുർജീന്തറിന്റെ പാസ് ഇഡ്രിസ സില്ലയുടെ നെഞ്ചിൽ പതിച്ചു. ബോക്സിന് സമീപത്തുനിന്നും ബ്ലാസ്റ്റേഴ്സ് പോസ്റ്റിന്റെ മൂലയിലേക്ക് സില്ല പന്തുയർത്തി തൊടുത്തു. ആൽബിനോയ്ക്ക് ചെയ്യുവാൻ ഒന്നും ബാക്കി നൽകാതെ ബോൾ വല തൊട്ടു. വിജയം ഉറപ്പിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സ് സമനിലയിലൊതുങ്ങി.

ഇന്നത്തെ മത്സരത്തോടെ നാല് പോയിന്റ് സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ഒരു പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.

 മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന പങ്കെടുത്തു.

"ആദ്യ പകുതിയിൽ ഞങ്ങൾ വളരെ നന്നായി കളിച്ചു. പന്ത് ഞങ്ങളുടെ കയ്യിലായിരുന്നു. ഞങ്ങൾ മത്സരം നിയന്ത്രിച്ചു, പക്ഷേ ആദ്യ ഗോളിന് ശേഷം മത്സരം വളരെ ഓപ്പണായിരുന്നു. മത്സരങ്ങൾ ഓപ്പണാകുന്നത് എനിക്കിഷ്ടമല്ല. ലക്ഷ്യത്തിലേക്കുള്ള വഴിയിലാണ് ഞങ്ങളെന്നു എനിക്കറിയാം. എന്നാൽ ഇന്നത്തെ പ്രകടനത്തിൽ ഞങ്ങൾ വളരെ അസ്വസ്ഥരും നിരാശരുമാണ്. കാരണം ഇന്ന് ഞങ്ങൾക്ക് രണ്ട് പോയിന്റുകൾ നഷ്ടപ്പെട്ടു” കിബു വികുന പറഞ്ഞു.

സ്പാനിഷ് മിഡ്ഫീൽഡർ സിഡോയുടെ പ്രകടനത്തിൽ കിബു സന്തോഷം പ്രകടിപ്പിച്ചു. ഒപ്പം സഹൽ അബ്ദുൾ സമദ് ഇന്നത്തെ മത്സരത്തിൽ കളിക്കാൻ തയ്യാറായിരുന്നില്ല എന്നും അദ്ദേഹം പരാമർശിച്ചു.

"സെർജിയോ നന്നായി കളിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഒരു ഗോൾ നേടി. മത്സരത്തിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ഈ മത്സരം കളിക്കാൻ സഹൽ ശാരീരികമായി തയ്യാറായിരുന്നില്ല. അടുത്ത മത്സരത്തിൽ കളിക്കാൻ അദ്ദേഹം തയ്യാറാണെന്ന് പ്രതീക്ഷിക്കുന്നു," വികുന പറഞ്ഞു.

ഇന്നത്തെ മത്സരത്തോടെ നാല് പോയിന്റ് സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ഒരു പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത ഞായറാഴ്ച ചെന്നൈയിനെ എവേ മത്സരത്തിൽ നേരിടും.