എതിരില്ലാത്ത നാലു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെതിരെ മിന്നും ജയം സ്വന്തമാക്കി ഹൈദരാബാദ്!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് കേരളാബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത് ഹൈദരാബാദ് എഫ്‌സി. ഇരു ടീമുകളുടെയും പതിനെട്ടാം മത്സരമായിരുന്നുവിത്. ഈ മത്സരത്തോടുകൂടി ബ്ലാസ്റ്റേഴ്സിന്റെ പ്ലേയ്ഓഫ് സാദ്ധ്യതകൾ അസ്തമിച്ചിരിക്കുകയാണ്. മത്സരത്തിൽ ഹൈദ്രബാദ് താരം ഫ്രാൻ സൻഡാസ ഇരട്ടഗോളുകൾ നേടി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി - പ്ലേയിംഗ് ഇലവൻ

ആൽബിനോ ഗോമസ് (ജികെ), സന്ദീപ് സിംഗ്, ബകാരി കോൺ, കോസ്റ്റ നമോയിൻസു (സി), യോന്ദ്രെംബെം ദെനേചന്ദ്ര, രോഹിത് കുമാർ, വിസെൻറ് ഗോമസ്, സെത്യസെൻ സിംഗ്, പ്രശാന്ത് കരുതടത്തുകുനി, ഗാരി ഹൂപ്പർ, ജോർദാൻ മുറെ.

ഹൈദരാബാദ് എഫ്‌സി - പ്ലേയിംഗ് ഇലവൻ

ലക്ഷ്മികാന്ത് കട്ടിമണി (ജികെ), ആഷിഷ് റായ്, ചിംഗ്‌ലെൻസാന സിംഗ്, ഒഡെയ് ഒനൈൻ‌ഡിയ, ആകാശ് മിശ്ര, ജോവ വിക്ടർ, ഹിതേഷ് ശർമ്മ, ഹാലിചരൻ നർസാരി, ജോയൽ ചിയാനീസ്, അരിഡെയ്ൻ സാന്റാന (സി), ഫ്രാൻ സാൻ‌ഡാസ.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 4-4-1-1 എന്ന ഫോർമേഷനിൽ കളിക്കാനിറങ്ങിയപ്പോൾ ഹൈദരാബാദ് എഫ്സി 4-4-2 ഫോർമേഷനിലാണ് ഇറങ്ങിയത്.

മത്സരത്തിന്റെ തുടക്കത്തിൽ നാലാം മിനിറ്റിൽ വലത് വിങ്ങിൽ നിന്ന് സന്ദീപ് സിംഗ് പെനാൽറ്റി ബോക്സിലേക്ക് ക്രോസ് നൽകിയപ്പോൾ ഹൈദരാബാദ് എഫ്സിക്ക് ഒരു കോർണർ വഴങ്ങേണ്ടി വന്നു. എന്നാൽ കോർണറിൽ നിന്ന് ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിനായില്ല. റൈറ്റ് വിങ്ങിൽ ബ്ലാസ്റ്റേഴ്‌സ് താരം പ്രശാന്ത് മികച്ച പ്രകടനമാണ് നടത്തിയത്. ബ്ലാസ്റ്റേഴ്സിനായി അതിവേഗ മുന്നേറ്റങ്ങൾ നടത്തിയ താരം മുന്നേറ്റ നിരയിലേക്ക് നിരന്തരം ബോൾ എത്തിച്ചു കൊണ്ടിരുന്നു.

ഇരുപത്തിയൊന്നാം മിനിറ്റിൽ ലോങ്ങ് ബോൾ തട്ടിയകറ്റാൻ പെനാൽറ്റി ബോക്സ് വിട്ട് മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ പിഴവിൽ നിന്ന് ഹൈദരാബാദ് താരം ഫ്രാൻ സൻഡാസയ്ക്ക് ബോൾ ലഭിക്കേണ്ടതായിരുന്നു. എന്നാൽ കൃത്യ സമയത്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരമായ കോസ്റ്റയുടെ അവസരോചിതമായ ഇടപെടൽ അപകടം ഒഴിവാക്കി. തുടർന്ന് ഇരുപത്തിയൊമ്പതാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്തു നിന്ന് ഗാരി ഹൂപ്പർ ഗോൾ ഗോളിനായി ശ്രമിച്ചെങ്കിലും ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി അത് രക്ഷപ്പെടുത്തി. മുപ്പത്തിയൊൻപതാം മിനിറ്റിൽ ഹൈദരാബാദ് താരം ആകാശ് മിശ്രയുടെ പിഴവിൽ നിന്ന് ബോൾ ലഭിച്ച പ്രശാന്ത് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തെങ്കിലും ഗോൾകീപ്പർ കട്ടിമണി അനായാസം അത് കൈപ്പിടിയിലൊതുക്കി.

ഗോൾരഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം അൻപത്തിയെട്ടാം മിനിറ്റിൽ ഫ്രാൻ സന്റാസയാണ് ഹൈദരാബാദിനായി ആദ്യ ഗോൾ നേടിയത്. സന്റാസയ്ക്ക് പാസ് നൽകാനായി ഒഡെയ് ഒനയ്ന്ത്യ ശ്രമിച്ചപ്പോൾ ഇന്റർസെപ്റ്റ് ചെയ്ത ബക്കാരി കോനെയിൽ നിന്ന് പന്ത് ജോയൽ കിയാനെസ് വരുതിയിലാക്കി. കിയാനെസിൽ നിന്ന് പന്തെടുക്കാൻ പരിശ്രമിച്ച കോസ്റ്റയ്ക്ക് സംഭവിച്ച മിസ് ടച്ചിൽ പന്ത് ഫ്രാൻ സന്റാസക്കു ലഭിച്ചു. അനായാസമായി താരം പന്ത് വലയിലെത്തിച്ചു.

അറുപത്തിരണ്ടാം മിനിറ്റിൽ ഹൈദ്രാബാദിന്റെ രണ്ടാം ഗോൾ പിറന്നു. ജോയൽ കിയാനെസിനെ കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ബോക്സിൽ വീഴ്ത്തിയതിനെത്തുടർന്ന് റഫറി പെനാൽറ്റി വിധിച്ചു. പെനാലിറ്റി കിക്കെടുത്ത സന്റാസ അറുപത്തിരണ്ടാം മിനിറ്റിൽ ഹൈദരാബാദിനായി രണ്ടാം ഗോൾ നേടി. ബക്കാരി കോനെയുടെ ബാക്ക് പാസിൽ നിന്നായിരുന്നു ഈ അവസരവും ഹൈദരാബാദിന് ലഭിച്ചത്.

പിന്നീട് എൺപത്തിയാറാം മിനിറ്റിൽ അരിഡാനെ സന്റാന ഹൈദരാബാദിനായി വീണ്ടും ഗോൾ നേടി. തുടർന്ന് നാലു മിനിറ്റിനുള്ളിൽ തൊണ്ണൂറാം മിനിറ്റിൽ ജാവോ വിക്ടർ ഹൈദരാബാദിന്റെ നാലാം ഗോളും നേടി.

ജയത്തോടെ മൂന്നു പോയിന്റുകൾ സ്വന്തമാക്കിയ ഹൈദരാബാദ് 27 പോയന്റുമായി റാങ്കിങ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. സീസണിലെ എട്ടാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്ത് തുടരുന്നു. മത്സരത്തിൽ ഒരു ഗോളും, അസിസ്റ്റും നേടി മികച്ച പ്രകടനം കാഴ്ച വെച്ച അരിഡെയിൻ സന്റാന ഹീറോ ഓഫ് ദ മാച്ച് അവാർഡ് കരസ്ഥമാക്കി.

Your Comments

Your Comments