ഇന്ത്യൻ ദേശീയ പുരുഷ ഫുട്ബോൾ ടീം 2024 നവംബർ 18-ന് മലേഷ്യയെ നേരിടാനൊരുങ്ങുന്നു. മത്സരത്തിന് മുന്നോടിയായി ടീം നവംബർ 11 ന് ഹൈദരാബാദിൽ പരിശീലനത്തിനായി ഒത്തുകൂടി. ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയം മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നു. മത്സരം സ്പോർട്സ്18 ലും ജിയോസിനിമയിലും തത്സമയം ലഭ്യമാകുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

ഏറ്റവും പുതിയ ഫിഫ റാങ്കിങ്‌ അനുസരിച്ച് 133-ാം സ്ഥാനത്താണ് മലേഷ്യ. ഒരു വർഷം മുൻപ്, 2023 ഒക്ടോബറിൽ മെർദേക്ക കപ്പ് സെമിഫൈനലിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇന്ത്യ, മലേഷ്യയോട് പരാജയപ്പെട്ടിരുന്നു.

മലേഷ്യക്കെതിരായ മത്സരത്തിനുള്ള സാധ്യത നിര, ഇന്ത്യൻ സീനിയർ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ മനോലോ മാർക്വസ് 2024 നവംബർ 5 ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. 26 അംഗങ്ങളുള്ള ടീമിൽ മുംബൈ സിറ്റി എഫ്‌സിയുടെ പ്രതിരോധതാരം ഹ്മിംഗ്തൻമാവിയ റാൾട്ടെ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ മധ്യനിരതാരം ജിതിൻ എംഎസ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മധ്യനിരതാരം വിബിൻ മോഹനൻ, ചെന്നൈയിൻ എഫ്‌സിയുടെ മുന്നേറ്റ താരം ഇർഫാൻ യാദ്വാദ് തുടങ്ങിയ പുതുമുഖങ്ങളും ഉൾപ്പെടുന്നു.

പരിക്കിൽ നിന്നും മുക്തനായ പ്രതിരോധ താരം സന്ദേശ് ജിംഗൻ ജനുവരിയിലെ ഏഷ്യൻ കപ്പിന് ശേഷം ആദ്യമായി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് മൂലം അനിരുദ്ധ് ഥാപ്പയും വിക്രം പ്രതാപ് സിങ്ങും ടീമിനൊപ്പം ചേർന്നിട്ടില്ല. ഥാപ്പക്ക് പകരം ഒഡിഷ എഫ്‌സിയുടെ തോയ്‌ബ സിംഗ് ടീമിനൊപ്പം ചേരും.

ഹൈദരാബാദിൽ ഇന്ത്യയെ നേരിടുന്നതിന്ന് മുന്നോടിയായി നവംബർ 14ന് ലാവോസിനെതിരെ മലേഷ്യ മറ്റൊരു സൗഹൃദ മത്സരം കൂടി കളിക്കും. ഡിസംബർ 9 ന് എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ട് യോഗ്യതാ മത്സരങ്ങൾക്കായുള്ള നറുക്കെടുപ്പിന് മുന്നോടിയായി ടീമുകൾക്ക് ഫിഫ റാങ്കിംഗ് മെച്ചപ്പെടുത്താനുള്ള അവസാന അവസരമാണ് നവംബറിലെ ഫിഫയുടെ അന്താരാഷ്ട്ര ജാലകം.

ഇന്ത്യയുടെ AFC ഏഷ്യൻ കപ്പ് 2027 യോഗ്യത മത്സരങ്ങൾ 2025 മാർച്ച് 25-ന് ആരംഭിക്കും.