ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിന് തിരശീല ഉയരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഈ സീസണിൽ ക്ലബ്ബുകളിൽ പതിമൂന്നാമനായി മൊഹമ്മദൻസ് എസ്‌സി ലീഗിന്റെ പടികൾ ചവിട്ടിയത് കൂടുതൽ മത്സരങ്ങൾക്കും ആവേശത്തിനും വാതിൽ തുറന്നിട്ടുണ്ട്. ഇന്ത്യയുടെ മുൻനിര ലീഗിൽ ഒരുപിടി മലയാളി താരങ്ങൾ ഈ സീസണിൽ കളം പിടിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ മുഖ്യധാരാ ഐഎസ്എൽ ക്ലബ്ബുകൾക്കായി കളിക്കുന്ന മലയാളി താരങ്ങളിൽ ഈ സീസണിൽ ശ്രദ്ധിക്കേണ്ടവരെപ്പറ്റിയാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. അസാമാന്യ കഴിവുള്ള താരങ്ങളുടെ നീണ്ടനിര ഈ വർഷത്തെ ഐഎസ്എല്ലിൽ കേരളത്തിന്റെ കാൽപന്ത് പെരുമയെ പ്രതിനിധീകരിക്കുമ്പോൾ, എല്ലാവരെയും ഉൾപ്പെടുത്തുക എന്നത് ദുഷ്കരമാണ്. 

അതിനാൽ, സീസണിൽ നിർണായക പ്രകടനം നടത്താൻ ശേഷിയുള്ള ആറ് പേരെയാണ് ഇവിടെ ചർച്ചാവിഷയമാക്കുന്നത്. ഇന്ത്യൻ ഫുട്ബോളിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തിയവരും വരും കാലങ്ങളിൽ ക്ലബ്ബുകളുടെ ചാലക ശക്തിയാകാൻ പോന്നവരും ഈ നിരയിലുണ്ട്.

വിബിൻ മോഹനൻ (കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി)

മുൻ വർഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മധ്യനിരയുടെ നട്ടെല്ലായിരുന്ന ജീക്സൺ സിങ് ഈ സീസണിന് മുന്നോടിയായി ക്ലബ് വിട്ടപ്പോൾ, പകരം ആരെന്ന് ആലോചിക്കാൻ ആരാധകർക്ക് രണ്ടാമതൊന്ന് വേണ്ടിവന്നില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ-15 ടീമിലൂടെ ഉയർന്നു വന്ന 'തൃശൂർ ഗഡി' 21-കാരനായ വിബിൻ മോഹനൻ തന്റെ സ്ഥാനം മഞ്ഞപ്പടയുടെ മധ്യനിരയിൽ നേരത്തെ തന്നെ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. 2023 ജനുവരിയിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്സിനായി തന്റെ അരങ്ങേറ്റം കുറിച്ച താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കഴിഞ്ഞ സീസണിൽ, ഒക്ടോബറിൽ ജീക്സൺ സിങ്ങിന്റെ പരുക്ക് വിബിന് ആദ്യ പതിനൊന്നിലേക്കുള്ള വാതായനം തുറന്നിട്ടു. വളരെ വേഗം ടീമിന്റെ ചാലകമായി പ്രവർത്തിക്കാൻ തുടങ്ങിയ വിബിൻ നവംബറിലെ എമർജിംഗ് പ്ലെയർ ഓഫ് ദി മന്ത് പുരസ്‍കാരം നേടി. 19 മത്സരങ്ങളിൽ നിന്ന് കഴിഞ്ഞ സീസണിൽ പൂർത്തിയാക്കിയ പാസുകൾ 85 ശതമാനമാണ്. ഒരു മത്സരത്തിൽ നൽകിയത് ശരാശരി 40 പാസുകൾ. ഒരു ഗോളും നേടി.

സമീപ വർഷങ്ങളിലായി ഇന്ത്യൻ താരങ്ങൾ നയിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യ നിരയിൽ, ഒഴിവാക്കപ്പെടാനാവാത്ത സാന്നിധ്യമാണ് വിബിൻ. സീനിയർ താരങ്ങളെ വെല്ലുന്ന പന്തടക്കവും ഗ്രൗണ്ടിലെ സമ്മർദ്ദങ്ങളെ നേരിടാനുള്ള കഴിവും മത്സരഗതി നിയന്ത്രണവും താരത്തെ വേറിട്ടു നിർത്തുന്നു. വ്യക്തിപരായ കാരണങ്ങളാൽ വിബിൻ ഈ വർഷത്തെ ഡുറാൻഡ് കപ്പിൽ കളിക്കാൻ സാധിച്ചിരുന്നിലെങ്കിലും, വരും സീസണിൽ പുതിയ മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹ്രെയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലായി മാറാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

സഹൽ അബ്ദുൽ സമദ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്)

കേരള ഫുട്ബോളിലും ഇന്ത്യൻ ഫുട്ബോളിലും മുഖവുര നൽകേണ്ടതില്ലാത്ത താരമാണ് കണ്ണൂരുകാരനായ സഹൽ അബ്ദുൽ സമദ്. ഇന്ത്യൻ ദേശീയ ടീമിന്റെ മധ്യനിരയുടെ ഒഴിവാക്കപ്പെടാനാവാകാത്ത ഘടകമായ സഹൽ മലയാളി ആരാധകർക്ക് സുപരിചിതനാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയുടെ വളർന്നു വന്ന താരം കഴിഞ്ഞ സീസണിന് മുന്നോടിയായാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ സീസണിൽ ഡുറാൻഡ് കപ്പും ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡും നേടുന്നതിൽ മോഹൻ ബഗാനിൽ നിർണായകമായ പങ്കുവഹിച്ചു.

ടീമിനൊപ്പമുള്ള ആദ്യ സീസണിൽ  15 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തം പേരിനൊപ്പം എഴുതി ചേർത്തിട്ടുണ്ട് സഹൽ. കൂടാതെ എഎഫ്‌സി കപ്പിൽ ഒഡിഷക്ക് എതിരെ ഒരു ഗോളും നേടിയിട്ടുണ്ട്. 19 അവസരങ്ങൾ സൃഷ്‌ടിച്ച സഹൽ 15 കീ പാസുകൾ നൽകി മോഹൻ ബഗാന്റെ മധ്യ നിരയിൽ നിർണായക താരമായി മാറി. ഈ സീസണിൽ ഡുറാൻഡ് കപ്പ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനു വേണ്ടി ഒരു ഗോളിന് വഴി ഒരുക്കിയതോടൊപ്പം മറ്റൊരെണ്ണം നേടുകയും ചെയ്തു. ഈ പ്രകടനത്തിന്റെ ബാക്കിപത്രം പുതിയ പരിശീലകൻ ജോസ് മോളിനക്ക് കീഴിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വേദിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് താരമെന്ന് കരുതാം.

ജിതിൻ എംഎസ് (നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി)

മലയാളി കാൽപന്ത് ആരാധകർക്ക് സുപരിചിതനായ മറ്റൊരു ഫുട്ബോൾ താരമാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ ജിതിൻ എംഎസ്. തൃശ്ശൂരുകാരനായ താരം 2024-ലെ ഡുറാൻഡ് കപ്പിലെ അസാമാന്യ പ്രകടനത്തിന് ശേഷമാണ് പുതിയ ഐഎസ്എൽ സീസണിനെ കാത്തിരിക്കുന്നത്. ക്ലബ് കഴിഞ്ഞ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ കിരീടം നേടുമ്പോൾ നിർണായകമായ പങ്കാണ് ഈ മുന്നേറ്റ താരം വഹിച്ചത്. ഫൈനലിൽ ആദ്യ പകുതിയിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന നോർത്ത്ഈസ്റ്റ് മത്സരത്തിലേക്ക് താരത്തിന്റെ കൂടി മികവിലാണ്. രണ്ടാം പകുതിയിൽ ക്ലബിന് വേണ്ടി അലാഡിൻ അജറൈയുടെ നേടിയ ഗോളിന് വഴിയൊരുക്കിയത് ജിതിനാണ്. ടൂർണമെന്റിലാകെ 4 ഗോളും 3 അസിസ്റ്റുമായി താരം ക്ലബ്ബിനെ ആദ്യ കിരീടത്തിലേക്ക് രാജകീയമായി നയിച്ച് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ കരസ്ഥമാക്കി.

കഴിഞ്ഞാണ് സീസണിൽ ലഭ്യമായ 22 മത്സരങ്ങളിൽ ഭൂരിഭാഗവും കളിച്ചിട്ടുണ്ട് ജിതിൻ. വിങ്ങിലൂടെ പറന്നു നടക്കുന്ന താരം എതിർ ടീമുകളുടെ പ്രതിരോധത്തിൽ ഭീതി അഴിച്ചുവിടുക പതിവാണ്. അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനൊപ്പം ബോക്സിനു സമീപം കീ പാസുകൾ കരസ്ഥമാക്കാൻ നീക്കം നടത്തുന്നതും പതിവാണ്. പരിശീലകൻ ജുവാൻ പെഡ്രോ ബെനാലിയുടെ ഒപ്പം ഡുറാൻഡ് കപ്പിലെ മിന്നുന്ന പ്രകടനം ഇന്ത്യൻ സൂപ്പർ ലീഗിലേക്കും നീക്കിവെക്കാണാനും താരത്തിന്റെ ശ്രമം.

വിഷ്ണു പിവി (ഈസ്റ്റ് ബംഗാൾ എഫ്‌സി)

പുതിയ വളപ്പിൽ വിഷ്ണു എന്ന കാസർഗോഡുകാരനായ വിഷ്ണു പിവി ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ ഭാവി വാഗ്ദാനമാണ്. ഇന്ത്യൻ ഫുട്ബോളിൽ ഉയർന്ന പൊട്ടെൻഷലുള്ള യുവതാരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന വിഷ്ണു വലതു വിങ്ങിലെ അപകടകാരികളിൽ ഒരാളാണ്. കളിക്കളത്തിൽ ഉയർന്ന ടെക്‌നിക്കൽ മികവ് പുലർത്തുന്ന താരം വിങ്ങിൽ നിന്നും ബോക്സിലേക്ക് കടന്ന് ഗോളുകൾ നേടുന്നതിലും ക്രോസുകൾ നൽകുന്നതിലും മുന്നിട്ട് നിൽക്കുന്നു. കഴിഞ്ഞ സീസണിൽ തന്നെ ഐഎസ്എല്ലിൽ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡ്രിബിളിംഗിലൂടെയുള്ള ചടുലമായ നീക്കങ്ങൾ, വേഗത്തിലുള്ള മുന്നേറ്റം, അവസരങ്ങൾ രൂപപെടുത്തിയെടുക്കാനുള്ള കഴിവുകൾ ഈ 22-കാരന്റെ സ്ഥാനം ഈസ്റ്റ് ബംഗാൾ സ്‌ക്വാഡിൽ അരക്കിട്ട് ഉറപ്പിക്കുന്നു. 

ഈ വർഷം ആദ്യം ഒഡിഷക്ക് എതിരായ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ അതിവേഗ ഗോൾ നേടി താരം ചരിത്രത്തിൽ ഇടം നേടിയിരുന്നു. ഒപ്പം ഒരു അസിസ്റ്റും താരത്തിന്റെ പക്കലുണ്ട്. കാണികളെ അമ്പരിപ്പിച്ചുകൊണ്ടുള്ള വിഷ്ണുവിന്റെ നീക്കങ്ങൾ എതിരാളികളെ പോലും ഞെട്ടിച്ചിരുന്നു. ടീമിന്റെ യുവനിരയിൽ നിന്നും അതുവേഗത്തിൽ പ്രൊമോഷനുകൾ നേടി സീനിയർ ടീമിന്റെ വാതിലിൽ എത്തിനിൽക്കുന്ന വിഷ്ണു, മുഖ്യ പരിശീലകൻ കാൾസ് ക്യുഡ്രാറ്റിന് കീഴിൽ വിഷ്ണു നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുഹമ്മദ് റാഫി (ഹൈദരാബാദ് എഫ്‌സി)

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ വർഷം സാഹചര്യങ്ങളോട് മല്ലിട്ട് ലീഗിൽ നിലനിൽപ്പിനായി പോരാടിയ ടീമായിരുന്നു ഹൈദരബാദ് എഫ്‌സി. അന്ന് ടീമിനായി കളിക്കളത്തിൽ പോരാട്ടവീര്യത്തിന്റെ പരമാവധി പുറത്തെടുത്ത ഇന്ത്യൻ നിരയിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ മലയാളികളായ അബ്ദുൽ റബീഹിനും അലക്സ് സജിക്കുമൊപ്പം ചേർത്തുവെക്കേണ്ട പേരാണ് പ്രതിരോധ നിരയിൽ തിളക്കമാർന്ന പ്രകടനം നടത്തിയ മുഹമ്മദ് റാഫിയുടേത്. ഇന്ത്യൻ ദേശീയ ടീമിന്റെ യുവ നിരകളിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ റാഫി കഴിഞ്ഞ സീസണിലാണ് റിസർവ് ടീമിൽ നിന്നും സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടിയത്.

 കഴിഞ്ഞ വർഷത്തെ ക്ലബ്ബിന്റെ ആകെ മത്സരങ്ങളിൽ പകുതിയോളം മത്സരങ്ങളിൽ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കാൻ താരത്തിനായി. പ്രധാന താരങ്ങളുടെ അഭാവത്തിൽ കഴിഞ്ഞ സീസണിൽ ഒരു വിജയം മാത്രം നേടി, ലീഗിൽ അവസാന സ്ഥാനത്ത് ക്ലബ് സീസൺ അവസാനിപ്പിച്ചപ്പോൾ ബാക്കിയായത് യുവതാരങ്ങളുടെ പ്രകടനമാണ്. ഒരു മത്സരത്തിൽ ശരാശരി 33 പാസുകൾ വീതം നേടിയ റാഫി വിങ്ങുകളിലും സെന്റർ ഡിഫെൻസിലും ഒരു പോലെ കളിക്കാൻ ശേഷിയുള്ള താരമാണ്.

നൗഫൽ പിഎൻ (മുംബൈ സിറ്റി എഫ്‌സി)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുത്തൻ സീസണിൽ മലയാളി ആരാധകർ ഏറ്റവും അധികം ഉറ്റുനോക്കുന്ന ഒരു പേരാണ് മുംബൈ സിറ്റി എഫ്‌സിയുടെ താരം നൗഫൽ പിഎന്നിന്റെത്. മൂന്നു വർഷത്തെ കരാറിലാണ് കോഴിക്കോട്ടുകാരനായ നൗഫൽ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ്‌സിയിൽ നിന്നും നിലവിലെ ട്രോഫി ജേതാക്കളുടെ തട്ടകത്തിൽ എത്തുന്നത്. മുൻ വർഷങ്ങളിൽ ഐ ലീഗിലും സന്തോഷ് ട്രോഫിയിലും അസാമാന്യമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നതിൽ തന്നെ താരത്തിൽ പ്രതീക്ഷകൾ ഏറെയാണ്. 

ഐ ലീഗിലും കലിംഗ സൂപ്പർ കപ്പിലും ഡുറാൻഡ് കപ്പിലും ഗോകുലം കേരളക്ക് വേണ്ടി ഗോളുകളും അസിസ്റ്റുകളും നേടി തിളങ്ങിയിട്ടുണ്ട്. വിങ്ങുകളിലൂടെയുള്ള ആക്രമണത്തിലൂടെ എതിർ പ്രതിരോധത്തിന്റെ മതിലുകൾ തകർക്കുന്ന നൗഫൽ, ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വിദഗ്ധനാണ്.