വിസ്മയങ്ങളുടെ പൂക്കാലം സമ്മാനിച്ച ഐഎസ്എൽ അഞ്ചാം സീസൺ ഫൈനലിലോട്ടു അടുക്കുകയാണ്. പതിനേഴാം തീയതി വൈകിട്ട് 7.30 ന് മുബൈയിൽ വച്ചാണ് മത്സരം. നേടിയ ഗോളുകളുടെ എണ്ണത്തിൽ വിസ്മയിപ്പിച്ച എഫ്‌സി ഗോവയും കരുത്തുകാട്ടി വിസ്മയിപ്പിച്ച ബെംഗളൂരു എഫ്‌സിയും അഞ്ചാം സീസണിൽ കപ്പിനെ നോട്ടം വച്ച് പൊരുതാനൊരുങ്ങുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകം മുഴുവനായും ആവേശത്തിലാണ്.

ഇതുവരെ പതിനെട്ടു മത്സരങ്ങൾ പിന്നിട്ട ഇരു ടീമുകളും മുപ്പത്തിനാല് പോയിന്റ് വീതമാണ് നേടിയിട്ടുള്ളത്. നാലു തോൽവികളും നാലു സമനിലയുമുൾപ്പെടെ പത്ത് ജയങ്ങളും ഇരു ടീമുകളും ഒരുപോലെ നേടിയിട്ടുണ്ട്. എന്നാൽ ഗോവ നേടിയ ഗോളുകളുടെ എണ്ണം വിസ്മയിപ്പിക്കുന്നതാണ്.

പതിനെട്ടു മത്സരങ്ങളിൽ നിന്നായി 36 ഗോളുകളാണ് ഗോവ നേടിയിട്ടുള്ളത്. ഗോൾ വിത്യാസത്തിലും ഗോവയാണ് ഏറ്റവും മുൻപിൽ. ഒപ്പം തന്നെ 20 ഗോളുകൾ മാത്രമാണ് ഗോവക്കെതിരെ എതിർ ടീമുകൾക്ക് ആകെ നേടാനായത്. അതിനോടൊപ്പം മറ്റൊരു റെക്കോർഡും ഇപ്പോൾ ഗോവക്ക് സ്വന്തമാണ്. ആദ്യ സീസൺ മുതൽ തുടർച്ചയായി പ്ലേയ് ഓഫിൽ കടക്കുന്ന ടീം എന്ന നേട്ടം. സ്ഥിതി ഇതൊക്കെ ആണെങ്കിലും ബെംഗളൂരു എഫ്‌സിക്കെതിരായി നടന്ന രണ്ടു കളിയിലും ഗോവ തോൽവി വഴങ്ങിയിരുന്നു.

തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ചവച്ച ബെംഗളൂരു എഫ്‌സിക്ക് മഞ്ഞകാല അവധിക്കു മുൻപായി ഒരു തോൽവി പോലും ഏറ്റു വാങ്ങേണ്ടി വന്നിട്ടില്ല. എന്നാൽ അതിനുശേഷം ഡൽഹി ഡൈനാമോസും ചെന്നൈയിൻ എഫ്‌സിയും ഉൾപ്പെടെയുള്ള നാലു ടീമുകളുമായി തോൽവിയും സമനിലയും വഴങ്ങേണ്ടി വന്നിരുന്നു.

കരുത്തുറ്റ താരങ്ങൾ തന്നെയാണ് ടീമിന്റെ മുതൽക്കൂട്ട്. ഇന്ത്യയുടെ മിന്നും താരമായ സുനിൽ ഛേത്രിയാണ് ടീമിന്റെ ക്യാപ്റ്റൻ എന്നത് ടീമിന് കൂടുതൽ ശ്രദ്ധ കിട്ടാൻ കാരണമായി.

ചുരുക്കത്തിൽ ഒന്നിനൊന്നു മെച്ചമാണ് ഇരു ടീമുകളും. എന്തായാലും മുംബൈയിൽ വച്ച് നടക്കുന്ന മത്സരത്തിൽ തീപ്പൊരി പാറുമെന്നുറപ്പാണ്.