ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ഇന്ന് അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ തോൽവി വഴങ്ങിയെത്തിയ ഇരു ടീമുകൾക്കും വിജയം അനിവാര്യമായിരുന്നു. ഏറെ ആവേശകരമായ മത്സരത്തിൽ തൊണ്ണൂറു മിനിട്ടുവരെ  ഒരു ഗോളിന്റെ ലീഡിൽ നിന്നിരുന്ന ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം സമനില ഗോൾ വഴങ്ങുകയായിരുന്നു. എന്നാൽ കളിയുടെ ആദ്യാവസാനം മികച്ച പ്രകടനം കാഴ്ചവച്ചു മുന്നിട്ടു നിന്നതു ബ്ലാസ്റ്റേഴ്സ് ആണെന്ന് നിസംശയം പറയാനാകും

പ്രധാന നിമിഷങ്ങൾ: 

ടോസ് നേടിയ കേരളാബ്ലാസ്റ്റേഴ്സ് എഫ്സി ഇടതു നിന്ന് വലത്തോട്ട് ആക്രമിച്ചു കളിയ്ക്കാൻ തീരുമാനിച്ചു. കളിയുടെ ആദ്യ നിമിഷങ്ങളിൽ ലീഡ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ആരാധകർ ഭ്രാന്തമായ ആവേശത്തോടെ പിന്തുണ നൽകി. ഭാഗ്യം അദ്ഭുതകരമായ  സമ്മാനം അവർക്കു കാത്തുവച്ചിരുന്നു! കുറഞ്ഞ ആത്മവിശ്വാസത്തോടെ ഗെയിമിലേക്ക് പോകുന്ന കേരളബ്ലാസ്റ്റേഴ്സ് ടീമിന് ആവശ്യമായ ഒന്ന്. ഇടതുവശത്ത് നിന്ന് പറന്നുയർന്നു വന്ന പന്ത് സെർജിയോ സിഡോഞ്ചയിലേക്കെത്തിയതും അദ്ദേഹമത് വലയിലേക്ക് തൊടുത്തു. നിരവധി ശരീരങ്ങളെ മറികടന്ന പന്ത് ഗോൾ കീപ്പറെ പരാജയപ്പെടുത്തി ലക്ഷ്യത്തിലെത്തി. കേരളാബ്ലാസ്റ്റേഴ്സിനു അനുകൂലമായ ഗോൾ..! കളി ആരംഭിച്ചു രണ്ടാം മിനിട്ടിൽ കേരളാബ്ലാസ്റ്റേഴ്സിനു ഒരു ഗോളിന്റെ ലീഡിൽ കേരളാബ്ലാസ്റ്റേഴ്സ് എത്തി. സ്റ്റേഡിയം ഇളകി മറിഞ്ഞു. ആർപ്പു വിളികളിൽ സ്റ്റേഡിയം മുങ്ങി

അഞ്ചാം മിനിറ്റിൽ ഗോവൻ കളിക്കാർ ആവേശകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചെങ്കിലും അത് ഫൗളിൽ പരിണമിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഓരോ മുന്നേറ്റവും ആർപ്പുവിളികളോടെയും കയ്യടികളോടെയും ബ്ലാസ്റ്റേഴ്സ് ആരാധകർ സ്വീകരിച്ചു. ഇരുപത്തിരണ്ടാം മിനിറ്റിൽ ജെസ്സെൽ അതിദൂര ഷോട്ടിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. മറുവശത്ത് ഒരു സമനില ഗോളിനായി ഗോവൻ താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചു. ഇരുപത്തിരണ്ടാം മിനിറ്റിൽ മുഹമ്മദ് രാകിപ്പ് ഇടതുവശത്തേക്ക് ഒരു പന്തുരുട്ടി  മെസ്സി ബൗളിക്ക് കൈമാറി. കുറച്ചൊന്നു മുന്നോട്ടു പോയി ബോക്സിന്റെ വലതുവശത്തു നിന്ന് ഒരു ഷോട്ടിനായി ശ്രമിച്ചെങ്കിലും ചെറിയ വ്യത്യാസത്തിൽ പുറത്തേക്കു പോയി. ഇരുപത്തിയാറാം മിനിറ്റിൽ സിഡോഞ്ഞയുടെ മറ്റൊരു ഗോൾശ്രമം പാഴായി. ആദ്യ അരമണിക്കൂറിൽ കളി പുരോഗമിക്കുമ്പോൾഒരു ഗോളിന്റെ ലീഡും കൂടുതൽ അവസരങ്ങലും നേടി ആതിഥേയർ തന്നെ മുന്നിൽനിന്നു

നാൽപ്പതാം മിനിറ്റിൽ മിഡ് ഫീൽഡിൽ പന്ത് നേടാനുള്ള ശ്രമത്തിൽ ഡ്രോബറോവ്, മൻവീർ സിങ്ങിനെ തള്ളിയിട്ടതിനെ തുടർന്ന് ഡ്രോബറോവിന് മഞ്ഞക്കാർഡ് കിട്ടി. തുടർന്നുള്ള ഫ്രീകിക്കിൽ ഗോവയുടെ ഗോൾ ശ്രമം ബ്ലാസ്റ്റേഴ്സിന്റെ രെഹനേഷ് അത്ഭുതകരമായി തകർത്ത്. എന്നാൽ തുടർന്നുള്ള നിമിഷങ്ങളിൽ ജാക്കിചന്ദ് പന്ത് കൈക്കലാക്കുകയും നിമിഷനേരത്തിനുള്ളിൽ ഫാൾ അത് വലക്കുള്ളിലേക്കു നയിക്കുകയും ചെയ്തു. നാല്പത്തിയൊന്നാം മിനിറ്റിൽ ഗോവൻ ടീം സമനിലഗോൾ നേടി! സ്റ്റേഡിയം നിശബ്ദമായി

ആദ്യപകുതിയിൽ അധികസമയത്ത് ബർത്തലോമി ഓഗ്ബെച്ചെയുടെ  ഗോൾ ശ്രമം ഗോവയുടെ ഗോൾകീപ്പർ നവാസ് അനായാസം കൈകാര്യം ചെയ്തകറ്റി. മനോഹരമായൊരു സേവായിരുന്നുവത്. ആദ്യ പകുതിയവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ തുടർന്നു

രണ്ടാം പകുതിയാരംഭിച്ചപ്പോഴും ആദ്യ നിമിഷങ്ങളിൽ മുൻപിൽ നിന്നത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. അന്പത്തിരണ്ടാം മിനിറ്റിൽ ബാർത്തലോമി ഒഗ്ബെച്ചെ ഗോളിനായി ശ്രമിക്കുമ്പോൾ ഫാൾ പിന്നിൽ നിന്ന് പന്ത് ടാക്കിൾ ചെയ്യാൻ ശ്രമിച്ചു. തുടർന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ താഴെ വീഴുകയും റഫറി ഫാളിനെതിരെ ചുവപ്പുകാർഡ് കാണിക്കുകയും ചെയ്തു. ചുവപ്പുകാർഡ് കിട്ടിയെന്നു വിശ്വസിക്കാനാകാതെ നിന്ന ഫാൾ ഏതാനും നിമിഷങ്ങൾക്ക് ശേഷമാണു ബെഞ്ചിലേക്ക് മടങ്ങിയത്.

അൻപത്തിമൂന്നാം മിനിറ്റിൽ കളി തുടരുമ്പോൾ ഗോവൻ ടീമിൽ വെറും പത്തുപേർ മാത്രം അവശേഷിച്ചു. തുടർന്നുണ്ടായ ഫ്രീകിക്കിൽ സ്റ്റേഡിയത്തെ ഇളക്കിമറിക്കാൻ പാകത്തിൽ അവിശ്വസനീയമായൊരു ഗോൾ മെസ്സി ബൗളി നേടി. പ്രശാന്തിന്റെ കിക്കിൽ ലക്ഷ്യം കാണാതെ പുറത്തേക്കുപോയ പന്തിനെ ദിശമാറ്റി ബൗളി വലക്കുള്ളിലാക്കി. അറുപത്തിരണ്ടാം മിനിറ്റിൽ കളിയിലെ രണ്ടാമത്തെ മഞ്ഞക്കാർഡ് ഗോവയുടെ എഡു ബേഡിയക്ക് റഫറി വിധിച്ചു. അറുപത്തിനാലാം മിനിറ്റിൽ ആദ്യ സബ്സ്റ്റിട്യൂഷനിൽ ഗോവയുടെ സേവ്യേറിനു പകരം അലിയും അറുപത്തിയാറാം മിനിറ്റിൽ രണ്ടാം സബ്സ്റ്റിട്യൂഷനിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ പ്രശാന്തിന് പകരം സേത്യാസെന്നും കളത്തിലിറങ്ങി.

അറുപത്തിയേഴാം മിനിറ്റിൽ ബർത്തലോമി ഓഗ്ബേച്ചെയുടെ ഗോൾ ശ്രമം ലക്ഷ്യം കാണാതെ പുറത്തേക്കു പോയി. അറുപത്തിയെട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സേത്യാസെനിന്റെ അത്യുഗ്രൻ ഗോൾ ശ്രമം ഗോവയുടെ ഗോൾ കീപ്പർ നവാസ് തട്ടിയകറ്റി. അറുപത്തിയൊമ്പതാം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സ്  എഫ്സിയുടെ സിഡോക്ക് റഫറി മഞ്ഞക്കാർഡ് നൽകി. എഴുപത്തിനാലാം മിനിറ്റിൽ സഹൽ അബ്ദുൽ സമദിനു പകരം നർസാരി പകരം  കളത്തിലിറങ്ങി. എണ്പത്തിമൂന്നാം മിനിറ്റിൽ ഗോവയുടെ എഡുവിനു പകരം പ്രിൻസ്റ്റണും എണ്പത്തിനാലാം മിനിറ്റിൽ ഗോവയുടെ ജാക്കിക്ക് പകരം കിങ്സ്ലീയും എണ്പത്തിയാറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഡ്രോബറോവിന് പകരം അബ്ദുൽ ഹക്കുവും കളത്തിലിറങ്ങി.

തൊണ്ണൂറാം മിനിറ്റിൽ ആർത്തിരമ്പി നിന്ന ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കി ഗോവയുടെ റോഡ്രിഗസ് ഗോൾ നേടി. കളി വീണ്ടും സമനിലയിലായി. അധിക സമയത്ത് വിജയ ഗോളിനായി ഇരു ടീമുകളും പോരാടിയെങ്കിലും നേടാനായില്ല. മത്സരം സമനിലയിൽ  അവസാനിച്ചു.

നിലവിൽ ആറു മത്സരങ്ങളിൽ നിന്നായി അഞ്ചു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും ആറുമത്സരങ്ങളിൽ നിന്നായി ഒൻപതു പോയിന്റുകൾ നേടി ഗോവ നാലാം സ്ഥാനത്തുമാണ്. ഡിസംബർ അഞ്ചിന് മുംബൈ സിറ്റി എഫ്സിക്കെതിരായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം

അവാർഡുകൾ 

ക്ലബ് അവാർഡ്: കേരളാബ്ലാസ്റ്റേഴ്സ് എഫ്സി, എഫ്സി ഗോവ

ഹീറോ ഓഫ് ദി മാച്ച്: ലെന്നി റോഡ്രിഗസ്

DHL വിന്നിങ് പാസ് ഓഫ് ദി മാച്ച്: പ്രശാന്ത്

മാരുതി സുസുക്കി ലിമിറ്റ് ലെസ്സ് പ്ലേയർ ഓഫ് ദി മാച്ച് : മെസ്സി ബൗളി

എമേർജിങ് പ്ലേയർ : മുഹമ്മദ് രാകിപ്.