ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും പ്രീമിയർ ലീഗും സ്‌കോട്ടിഷ് പ്രീമിയർ ലീഗും ഉൾപ്പടെയുള്ള അന്താരാഷ്ട്ര ലീഗുകളിലെ മിന്നും താരം ഗാരി ഹൂപ്പറുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ട് കേരളാബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ മികച്ച നീക്കങ്ങളിൽ ഒന്നായി വിലയിരുത്താവുന്ന ഈ പങ്കാളിത്തം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷയുടെ കൊടുമുടിയാണ് സമ്മാനിക്കുന്നത്. 476 ക്ലബ്‌ മത്സരങ്ങളിൽ നിന്നായി 207 ഗോളുകളും 65 അസിസ്റ്റുകളും സ്വന്തമാക്കിയ ഗാരി ഇംഗ്ലീഷ് ഫുട്ബോളിലെ ടോപ് 4 ഡിവിഷനുകളിലും സ്‌കോട്ടിഷ് ടോപ് ഫ്ളൈറ്റിലും കപ്പ് കോമ്പറ്റിഷനുകളിലും ഗോൾ നേടിയ ഒരേയൊരു താരം കൂടിയാണ്. തുടർച്ചയായ 3 സീസണുകളിൽ സെൽറ്റിക്കിനായി ടോപ്സ്‌കോറർ പദവി നേടിയ, ശരാശരി ഓരോ 138.1 മിനിറ്റിലും ഗോൾ നേടുന്ന, വിസ്മയ താരമായ ഗാരി ഹൂപ്പറിന്റെ പ്രായം 32 വയസാണ്.

"എന്റെ ഫുട്ബോൾ ജീവിതത്തിലെ അടുത്ത അധ്യായം കേരള ബ്ലാസ്റ്റേഴ്സിനൊപ്പമാണ്. അതിനെ വളരെ പ്രതീക്ഷയോടെയാണ് ഞാൻ നോക്കികാണുന്നത്. എന്റെ പരിചയ സമ്പത്ത് ടീമിനെ സഹായിക്കുമെന്ന് ഉറപ്പുണ്ട്. ടീമിന് വേണ്ടി നിര്‍ണായ ഗോളുകള്‍ നേടാനും വെല്ലുവിളികള്‍ അതിജീവിക്കാനും ഐഎസ്എല്‍ കിരീടത്തിനായി ടീമിനെ സഹായിക്കാനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു" പുതിയ പങ്കാളിത്തത്തെക്കുറിച്ച് ഗാരി ഹൂപ്പര്‍ പ്രതികരിച്ചു.

"കളിക്കളത്തിൽ സ്വാഭാവികമായ ആക്രമണത്വരയുള്ള താരമാണ് ഗാരി. ബ്ലാസ്റ്റേഴ്സിനായി മികച്ച ഗോളുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിയും. ആരാധകര്‍ വൈകാതെ തന്നെ താരത്തിന്റെ ഗോൾ വേട്ടയിലെ മികവില്‍ ആകൃഷ്ടരാകും. അത്തരം കഴിവുള്ള ഒരു കളിക്കാരന്‍ ടീമിനൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ട്. വരാനിരിക്കുന്ന സീസണില്‍ താരത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ് ഞങ്ങൾ" കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

ഫുട്ബോൾ കരിയർ ഇതുവരെ

ഇംഗ്ലണ്ടിലെ പ്രശസ്തമായ ടോട്ടനം ഹോട്സ്പർ അക്കാഡമിയിൽ 7 വർഷത്തോളം വിദഗ്ദ്ധ പരിശീലനം നേടിയ ഗാരി, 2003ൽ പതിനഞ്ചാം വയസിലാണ് ഇംഗ്ലീഷ് നോൺ ലീഗ് ടീം ആയ ഗ്രേയ്സ് അത്‌ലറ്റിക്കിന്റെ ഭാഗമാകുന്നത്. സീനിയർ ടീമിനോടൊപ്പം പരിശീലനം ആരംഭിച്ച ഗാരി തന്റെ പതിനേഴാം വയസ്സിൽ വില്ലാ പാർക്കിൽ എഫ്എ ട്രോഫി ഫൈനലിൽ കളിച്ചു. 3 സീസണുകൾ ഗ്രേയ്സ് അത്ലറ്റിക്കിനായി കളിച്ച ഹൂപ്പർ ഒരു കോൺഫറൻസ് സൗത്ത് കിരീട നേട്ടത്തിലും 2 എഫ്എ കപ്പ് കിരീട നേട്ടത്തിലും പങ്കാളിയായി. 2006ൽ സൗത്തെൻഡ് യുണൈറ്റഡ് എഫ്‌സിയിലേക്ക് ചേക്കേറിയ ഹൂപ്പർ ടീമിനായി 41 മത്സരങ്ങൾ കളിക്കാനിറങ്ങുകയും 4 ഗോളുകൾ നേടുകയും ചെയ്തു. ഈ കാലയളവിൽ ലെയ്ട്ടൻ ഓറിയെന്റിൽ 3 മാസവും ഹിയർഫോർഡ് യുണൈറ്റഡിൽ 6 മാസവും ലോണിൽ കളിച്ച ഹൂപ്പർ ലെയ്ട്ടൻ ഓറിയെന്റിനായി 4 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും ഹിയർഫോർഡ് യൂണൈറ്റഡിനായി 19 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും നേടി. 2008-ൽ ലീഗ് ടു ക്ലബ്‌ സ്കൻതോർപ് യുണൈറ്റഡ് എഫ്‌സിയിൽ എത്തിയ ഹൂപ്പർ രണ്ടു സീസണുകളിലായി 90 മത്സരങ്ങളിൽ നിന്നും 47 ഗോളുകൾ നേടി.

2010ൽ സ്‌കോട്ടിഷ് ക്ലബ്‌ ആയ സെൽറ്റിക്കിൽ എത്തിയ ഹൂപ്പർ സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ സെൽറ്റിക്കിനായി 95 ലീഗ് മത്സരങ്ങളിൽ നിന്നും 63 ഗോളുകൾ നേടി. 3 സീസണുകളിലെ 138 മത്സരങ്ങളിൽ നിന്നും 82 ഗോളുകൾ സെൽറ്റിക്കിനായി നേടിയ ഹൂപ്പർ, സ്‌കോട്ടിഷ് പ്രീമിയർ ലീഗ് 2011-2012 സീസണിലെ ഗോൾഡൻ ബൂട്ട് വിന്നർ ആയിരുന്നു. ടീമിനായി 7 ചാമ്പ്യൻസ് ലീഗിൽ മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും 6 ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും ഹൂപ്പർ നേടിയിട്ടുണ്ട്. യൂറോപ്പ ലീഗിൽ സെൽറ്റിക്കിനായി 6 മത്സരങ്ങൾ കളിച്ച ഹൂപ്പർ 2 ഗോളുകളും സ്വന്തമാക്കി. സെൽറ്റിക്കിനൊപ്പം 2 സ്‌കോട്ടിഷ് പ്രീമിയർ ലീഗ് കിരീടങ്ങളും 2 സ്‌കോട്ടിഷ് എഫ്‌എ കപ്പ് കിരീടങ്ങളും ഹൂപ്പർ നേടി.

2013-ൽ നോർവിച് സിറ്റി ഹൂപ്പറിനെ ടീമിൽ എത്തിച്ചു. ടീമിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്റെ ആദ്യ സീസണിൽ 8 ഗോളുകൾ ഹൂപ്പർ നേടി. പിന്നീട് ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ പരിക്കേറ്റു സീസണിന്റെ ആദ്യ മത്സരങ്ങൾ നഷ്ടമായിട്ടും മികച്ച പ്രകടനം കാഴ്‌ചവച്ച ഹൂപ്പർ 12 ഗോളുകൾ നേടി. ഹൂപ്പറിന്റെ പ്രകടനം നോർവിച് സിറ്റിയെ ഇംഗ്ലീഷ് ചമ്പിൻഷിപ്പിൽ മൂന്നാമതെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. നോർവിച് സിറ്റിക്കായി 34 പ്രീമിയർ ലീഗ് മത്സരങ്ങൾ ഉൾപ്പടെ 70 മത്സരങ്ങൾ കളിച്ച ഹൂപ്പർ 20 ഗോളുകളും നേടി. തുടർന്നു 2015-2016 സീസൺ ആരംഭത്തിൽ ലോൺ ഡീലിൽ ഷെഫീൽഡ് വെനെസ്‌ഡേയിലെത്തിയ ഗാരി ഹൂപ്പർ 13 മത്സരങ്ങളിൽ നിന്നും 6 ഗോളുകൾ നേടി പിന്നീട് ഷെഫീൽഡ് വെനെസ്‌ഡേയുമായി താരം മൂന്നര വർഷത്തെ കരാറിൽ എത്തി.

ഷെഫീൽഡ് വെനെസ്‌ഡേക്കായി മൂന്നര വർഷത്തെ കരിയറിൽ 89 മത്സരങ്ങളിൽ നിന്നും 31 ഗോളുകൾ ഹൂപ്പർ നേടി. പരിക്ക് തടസമായതിനാൽ അവസാന സീസണിൽ 6 മത്സരങ്ങൾ മാത്രം ആണ് താരത്തിന് കളിക്കാൻ കഴിഞ്ഞത്. പിന്നീട് ഓസ്‌ട്രേലിയൻ എ-ലീഗ് ന്യൂസീലൻഡ് ക്ലബ്‌ ആയ വെല്ലിങ്ടൺ ഫീനിക്സുമായി ഹൂപ്പർ കരാറിൽ എത്തി. എ-ലീഗിൽ കഴിഞ്ഞ സീസണിൽ 21 മത്സരങ്ങൾ കളിക്കാനിറങ്ങിയ ഹൂപ്പർ 8 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കി.

ഗാരി ഹൂപ്പറിന്റെ ബ്ലാസ്റ്റേഴ്സിലെ ഭാവി?

ഫിനിഷിങ് മികവാണ് ഹൂപ്പറിന്റെ ഏറ്റവും വലിയ കഴിവ്. പെനാൽറ്റി ബോക്സ് സ്‌ട്രൈക്കർ എന്നു വിശേഷിപ്പിക്കാവുന്ന ഹൂപ്പർ, ഇരു കാലുകളും തലയും ഉപയോഗിച്ചു ഗോൾസ്‌കോർ ചെയ്യാൻ കഴിവുള്ള താരമാണ്. കൃത്യമായി പൊസിഷൻ ചെയ്യാൻ കഴിവുള്ള ഹൂപ്പർ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും മിടുക്കനാണ്. മികച്ച ഫിറ്റ്നസും മികച്ച ഫസ്റ്റ് ടച്ചും പാസ്സിങ് റേഞ്ചും ലോങ്ങ്‌ റേഞ്ചു ഷോട്ടുകളിലൂടെ ഗോൾ നേടാനുള്ള കഴിവും ബോൾ കണക്ട് ചെയ്യാനും ബുള്ളറ്റ് ഷോട്ടുകളിലൂടെ ഫിനിഷ് ചെയ്യാനുമുള്ള കഴിവും ഉയർന്ന ഡ്രിബ്ലിങ് സ്‌കിൽസും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കഴിവുകൾ ബ്ലാസ്റ്റേഴ്സിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നും പ്രകടനം കാഴ്ചവെക്കാൻ ഗാരി ഹൂപ്പറിനെ പ്രാപ്താക്കുമെന്നുറപ്പാണ്.