ഫുട്ബോളിനെ കുറിച്ചുള്ള അറിവ് പരിമിതമായ ഒരു വ്യക്തി, സാധാരണയായി ഒരു ഫുട്ബോൾ ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്നത് തീർത്തും ജോലിയുടെ ഭാഗമായാണ്. എന്നാൽ, ഡഗ്ഔട്ടിലിരുന്ന് മത്സരങ്ങൾ കാണാനുള്ള അവസരങ്ങൾ ഒരിക്കലും ഒരാളെ ക്ലബ്ബിലെ അഭേദ്യമായ സാന്നിധ്യമാക്കി മാറ്റുമെന്ന് ബെംഗളൂരു എഫ്‌സിയുടെ മലയാളിയായ ഉഴിച്ചിലുകാരൻ മനു പ്രസാദ് ഒരിക്കലും കരുതിയിരിക്കില്ല. വിദേശത്തേക്ക് നീങ്ങാനും കരിയർ മാറുന്നതിനുമായുള്ള തീരുമാനങ്ങളുമായി, ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2017-18 സീസണിൽ താത്കാലിക അടിസ്ഥാനത്തിൽ ബെംഗളൂരു എഫ്‌സിയിലെത്തിയ കോട്ടയം സ്വദേശി ഇന്ന് ക്ലബിനൊപ്പം എട്ടാം വർഷത്തിലേക്ക് കാലുകുത്തുകയാണ്.

"ഡഗൗട്ടിൽ നിന്ന് ആവേശത്തോടെയാണ് എൻ്റെ ആദ്യ ഐഎസ്എൽ മത്സരം കണ്ടത്. പ്രകമ്പിതമായ അന്തരീക്ഷത്തിൽ അന്ന് ജനക്കൂട്ടത്തെ കണ്ടപ്പോൾ ഫുട്‌ബോളിനോടും ബെംഗളൂരു എഫ്‌സിയോടുമുള്ള എൻ്റെ പ്രണയവും വികാരവും വർധിച്ചു." - പ്രസാദ് ഓർമ്മിക്കുന്നു.

ആദ്യകാലത്തു ഫുട്ബോളിനെ പിന്തുടരുന്ന ഒരു വ്യക്തി അല്ലാതിരുന്നിട്ട് പോലും, ബെംഗളൂരു എഫ്‌സിയിലേക്കുള്ള പ്രസാദിൻ്റെ യാത്ര വിധിയുടെ കയ്യൊപ്പായിരുന്നു എന്നുവേണം കരുതാൻ. ആയുർവേദത്തിൽ ഡിപ്ലോമ നേടിയ മനുവിന് തുടർപഠനത്തിന് ആഗ്രഹിച്ച മേഖലയിൽ സീറ്റ് നേടാൻ കഴിഞ്ഞില്ല. ഒരു വർഷം എക്സ്പീരിയൻസ് നേടിയതിന് ശേഷം വീണ്ടും അപേക്ഷിക്കാൻ കുടുംബവും സുഹൃത്തുക്കളും നിർദേശിച്ചതിനെ തുടർന്ന് അദ്ദേഹം ഡൽഹിയിലേക്ക് വണ്ടികയറി. എന്നാൽ, മനു ന്യൂഡൽഹിയിൽ ജോലി തേടിപ്പോയതിൻ്റെ പ്രധാന കാരണം താജ്മഹൽ സന്ദർശിക്കാനുള്ള ആഗ്രഹം കാരണം കൂടിയാണ്. അവിടെ, ഒരു ക്ലിനിക്കിൽ ഡോക്ടറെ സഹായിക്കുന്നതായിരുന്നു ലഭിച്ച ആദ്യ ജോലി. അവിടെ നിന്ന മസാജിനെക്കുറിച്ചും ഫിസിയോതെറാപ്പിയെക്കുറിച്ചും അറിവുകൾ ലഭിച്ചു. കൂടാതെ, ബാഡ്മിൻ്റൺ, ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഗുഡ്ഗാവ് ആസ്ഥാനമായുള്ള റൈഡേഴ്‌സ് ക്ലബ്ബിൽ പാർട്ട് ടൈം ജോലിയിൽ ചേരുന്നതിന് ഈ ഡോക്ടർ മനുവിനെ സഹായിച്ചു. അവിടെ, അദ്ദേഹം യുവ കായികതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചു.

തുടർന്ന്, കരിയർ മാറ്റി വിദേശത്തേക്ക് ചേക്കാറാനുള്ള ആലോചനകൾക്കിടയിലാണ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്ന സന്തോഷ് എന്ന സുഹൃത്ത് ബെംഗളൂരു എഫ്‌സി ഒരു ക്ലബ് മസാജറിനെ അന്വേഷിക്കുകയാണെന്ന് അറിയിച്ചത്.

തൻ്റെ കരിയർ പാത മാറ്റി വിദേശത്തേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ, ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്ന സന്തോഷ് എന്ന സുഹൃത്ത് ബെംഗളൂരു എഫ്‌സി ഒരു ക്ലബ് മസാജറെ അന്വേഷിക്കുകയാണെന്ന് അറിയിച്ചു.

"ടീമിനൊപ്പമാണ് എന്ന ചിന്തയാണ് വിദേശത്തേക്ക് പോകാനുള്ള എൻ്റെ പദ്ധതികളെ മാറ്റിമറിച്ചത്. സൈഡ് ലൈനിൽ നിന്ന് മത്സരങ്ങൾ കാണുന്നത് പരാജറിയിക്കാൻ കഴിയാത്ത ഒരു വികാരമാണ്." മനു പ്രസാദ് പറഞ്ഞു.

ബെംഗളൂരു കുടുംബത്തിൻ്റെ ഭാഗം

ഏഴ് വർഷം ടീമിൽ ചെലവഴിച്ച മനു പ്രസാദ് ക്ലബ്ബിലെ പ്രധാന വ്യക്തിയായി മാറി. മത്സരത്തിന് മുമ്പോ ശേഷമോ കളിക്കാർക്ക് മികച്ച മസാജുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മറ്റ് ഫിസിയോതെറാപ്പിസ്റ്റുകളുമായി ചേർന്ന് അദ്ദേഹം പ്രവർത്തിച്ചു. ഇത് അവരുടെ ഊർജ്ജം വർദ്ധിപ്പിക്കുകയും മത്സരത്തിന് തയ്യാറാവാൻ സഹായിക്കുകയും ചെയ്യുന്നു.

"ഒരു നല്ല മസാജ് സെഷനുശേഷം, തങ്ങൾക്ക് പുതിയ ശരീരം ലഭിച്ചതുപോലെ കളിക്കാർക്ക് അനുഭവപ്പെടാറുണ്ട്." പ്രസാദ് കൂട്ടിച്ചേർത്തു.

ബ്ലൂസുമായി കാലയളവിൽ ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി എറിക് പാർതാലു, ഡിമാസ് ഡെൽഗാഡോ തുടങ്ങിയ നിരവധി കളിക്കാരുമായി അദ്ദേഹം അടുത്ത ബന്ധം വികസിപ്പിച്ചു. ക്ലബ്ബിൻ്റെ ഇതിഹാസങ്ങളായ പാർതാലുവും ഡെൽഗാഡോയും വിരമിച്ചെങ്കിലും, പ്രസാദുമായി അടുത്ത ബന്ധം നിലനിർത്തുന്നുണ്ട്.

“പാർത്തലുവും ഡെൽഗാഡോയും എന്നെ കുടുംബാംഗത്തെ പോലെയാണ് പരിഗണിച്ചത്. അവരുടെ കൂടെയുള്ളപ്പോൾ ഒരിക്കലും വെറുമൊരു മസ്യൂവറായി (ഉഴിച്ചിലുകാരൻ) എനിക്ക് തോന്നിയിരുന്നില്ല. അവരോടൊപ്പം ചുറ്റിക്കറങ്ങാൻ പലപ്പോഴും എന്നെ ക്ഷണിക്കുമായിരുന്നു,” അദ്ദേഹം മനസ്സ് തുറന്നു.

"പ്രസാദിന്റെ കൈകൾ ദൈവത്തിന് ദാനമാണെന്നും അതിന് മാന്ത്രിക ശക്തിയുണ്ടെന്ന്" സുനിൽ ഛേത്രി പലപ്പോഴും ചികിത്സയ്ക്ക് വരുമ്പോൾ അവകാശപ്പെടാറുണ്ട്.

മനുപ്രസാദ്‌ ബെംഗളൂരു എഫ്‌സിക്ക് ഒപ്പം വെല്ലുവിളികൾ നിറഞ്ഞ സീസണുകളിലൂടെ കടന്നുപോകുകയും, നിരവധി കിരീടനേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, ക്ലബ്ബുമായുള്ള അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓർമകളിൽ ഒന്ന്, മുൻ സ്‌ട്രൈക്കർ മിക്കു ഫെഡോറുമായി ഉണ്ടായതാണ്. 2018ലെ സൂപ്പർ കപ്പ് സെമിഫൈനലിൽ മോഹൻ ബഗാനെതിരെ ഹാട്രിക്ക് നേടിയ മികു, മത്സരത്തിന് ശേഷം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വീകരിക്കാൻ മനു പ്രസാദിനെയും ഒപ്പം ക്ഷണിച്ചു.

ആ സമയത്ത്, വ്യക്തിപരമായ പ്രശ്നങ്ങൾ അലട്ടുകയായിരുന്ന പ്രസാദ്, ക്ഷണം നിരസിക്കാൻ ശ്രമം നടത്തി.

"അദ്ദേഹം എന്റെ കൈ പിടിച്ചു വേദിയിലേക്ക് നടന്നപ്പോൾ ഞാനൊരു നിമിഷം അമ്പരന്നു. ഞാൻ മാനസികമായി ക്ഷീണിതനായിരുന്നു, പക്ഷേ, ആ ഒരു നിമിഷം എന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തു." - അദ്ദേഹം ഓർമ്മിച്ചെടുത്തു. ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ബെംഗളൂരു എഫ്‌സി സൂപ്പർ കപ്പ് ജേതാക്കളായി.

ബ്ലൂസിനെ നെഞ്ചിലേറ്റുന്ന ഒരു ആരാധകൻ

ഒരു മസാജർ എന്ന നിലയിൽ, മനുപ്രസാദ്‌ വർഷങ്ങളായി വികസിപ്പിച്ചത് തന്റെ കഴിവുകൾ മാത്രമല്ല, ഒപ്പം ക്ലബ്ബുമായുള്ള ആഴത്തിലുള്ള ബന്ധം കൂടിയായിരുന്നു. ബെംഗളൂരു എഫ്‌സിയോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹം കോട്ടയത്തുള്ള കുടുംബത്തിലേക്കും വ്യാപിച്ചു.

"എനിക്ക് ഒരു കുടുംബം പോലെയാണ് ബെംഗളൂരു എഫ്‌സി. എൻ്റെ ഭാര്യയും മക്കളും ഉൾപ്പെടെ വീട്ടിലെ എല്ലാവരും ബെംഗളൂരു എഫ്‌സിയെ പിന്തുണയ്ക്കുന്നു. എൻ്റെ ജീവിതത്തിൽ ഇത്തരത്തിലൊരു വഴിത്തിരിവുണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ബെംഗളൂരു എഫ്‌സിയിൽ ചേർന്നത് ജീവിതത്തെയാകെ മാറ്റിമറിച്ചു." - അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിൽ ആയിരുന്ന കാലത്ത് താൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയെ പിന്തുണച്ചിരുന്നതായി മനുപ്രസാദ്‌ വ്യക്തമാക്കി. എന്നാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള കടുത്ത മാത്സര്യത്തിന്റെ ഇടയിലാണ് അദ്ദേഹം. ബ്ലാസ്റ്റേഴ്‌സിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ ഇപ്പോഴും മനുവിനുണ്ട്, അത് അദ്ദേഹത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു.

"കുറെയധികം വർഷങ്ങൾക്ക് ശേഷം, ഞാൻ ഇപ്പോലൊരു ബെംഗളൂരു സ്വദേശിയായെന്ന് കരുതുന്നു. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ശക്തരായ ആരാധകരാണ് ഞങ്ങൾക്കുള്ളത്. ഞാൻ പെട്ടെന്ന് ക്ലബുമായി ഇഴുകിച്ചേർന്നു, ഇപ്പോൾ ഒരു അന്യതാബോധം തോന്നുന്നില്ല."

വിധി എങ്ങനെ ഒരുവനെ അപ്രതീക്ഷിതമായി നിയോഗത്തിന്റെ പാതയിൽ നയിക്കുമെന്ന് ബെംഗളുരു എഫ്‌സിയ്‌ക്കൊപ്പമുള്ള പ്രസാദിൻ്റെ യാത്ര തെളിയിക്കുന്നു.