ഡിജെ മുതൽ ഇവാൻ വരെ; ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലെത്തിച്ചവരുടെ തന്ത്രങ്ങൾ
ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കാനായി അവർ ഉപയോഗിച്ച തന്ത്രങ്ങളും ശൈലികളും വിലയിരുത്തുകയാണ് ഇവിടെ.

2014-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് മുതൽ ഏറ്റവും ആവേശഭരിതരായ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ആർത്തിരമ്പുന്ന ആരാധകരുടെ പിന്തുണക്ക് കോട്ടം തട്ടിയിട്ടില്ലെങ്കിലും കളിക്കളത്തിലെ സ്ഥിരത പലപ്പോഴും ടീമിന് ഒരു ചോദ്യചിഹ്നമായിരുന്നു. ഈ സാഹചര്യങ്ങളിലും മൂന്ന് പരിശീലകർ കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലേക്കും തുടർന്ന് ഫൈനലിലേക്കും നയിച്ചിട്ടുണ്ട് - ഡേവിഡ് ജെയിംസ്, സ്റ്റീവ് കോപ്പൽ, ഇവാൻ വുക്കൊമനോവിച്ച്.
ഓരോരുത്തരും വ്യത്യസ്ത ശൈലികളിലൂടെയും സാഹചര്യങ്ങളിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കാനായി അവർ ഉപയോഗിച്ച തന്ത്രങ്ങളും ശൈലികളും വിലയിരുത്തുകയാണ് ഇവിടെ.
ഡേവിഡ് ജെയിംസ് (2014)

ഐഎസ്എല്ലിന്റെ ആദ്യ സീസണിൽ കളിക്കാരനും പരിശീലകനുമായി ഇരട്ട റോളിലാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിനെ നയിച്ചത്. പുതുതായി രൂപീകരിച്ച ടീമിൽ പുത്തൻ താരങ്ങളുമായി വളരെ കുറഞ്ഞ സമയത്തെ ഒരുക്കനാഗാലായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. എന്നാൽ ഈ പരിമിതികളെ മറികടന്ന്, പ്രതിരോധത്തിൽ ഊന്നിയ ഒരു ശക്തമായ ടീമിനെ വാർത്തെടുക്കാൻ ജെയിംസിനായി.
പ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന ലളിതമായ ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. എതിരാളികൾക്ക് എളുപ്പത്തിൽ ഗോൾ നേടാൻ അവസരം നൽകാതിരിക്കാൻ ശ്രദ്ധിച്ചാണ് അദ്ദേഹം തന്ത്രങ്ങൾ മെനഞ്ഞത്. അതിനു തുറുപ്പ് ചീറ്റായി മാറിയത് ഇന്നത്തെ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരമെന്ന് പേരെടുത്ത സന്ദേശ് ജിങ്കൻ ആയിരുന്നു. അന്ന് വെറും 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന ജിങ്കന്റെ ഉദയം ജെയിംസിന്റെ കീഴിലായിരുന്നു.
ആ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് വെറും 11 ഗോളുകൾ മാത്രം വഴങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ഏറെ പ്രശംസിക്കപ്പെട്ടു. ലീഗിലെ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമായി മെഹ്താബ് ഹുസൈനും ഇഷ്ഫാഖ് അഹമ്മദും മധ്യനിര നിയന്ത്രിച്ചപ്പോൾ, ഇയാൻ ഹ്യൂം നിർണായക ഗോളുകളുമായി മുന്നേറ്റനിരയിൽ തിളങ്ങി ലീഗിലെ മികച്ച താരത്തിനുള്ള അവാർഡും നേടി. ലീഗിലെ ഏറ്റവും കുറഞ്ഞ ഗോളെണ്ണമാണ് (9) ടീം നേടിയതെങ്കിലും അവയോരോന്നും പിറന്നത് നിർണായക മത്സരങ്ങളിലായിരുന്നു.
അതോടൊപ്പം, ആരാധകരും ടീമും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലും ജെയിംസ് വലിയ പങ്കുവഹിച്ചു. തിങ്ങി നിറഞ്ഞ ആരാധകർ ടീമിന് കളിക്കളത്തിൽ കൂടുതൽ ഊർജം നൽകി. സെമിയിലെ ആദ്യ പാദത്തിൽ സ്വന്തം കാണികളുടെ ബലത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ നേടിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ ജയം രണ്ടാം പാദത്തിൽ ടീമിന് നിർണായകമായി.
സ്റ്റീവ് കോപ്പൽ (2016)

2016-ൽ സ്റ്റീവ് കോപ്പൽ പരിശീലകനായി എത്തിയപ്പോഴേക്കും ഐഎസ്എൽ കൂടുതൽ മത്സര സ്വഭാവമുള്ള ലീഗായി മാറിയിരുന്നു. ഇംഗ്ലീഷ് ഫുട്ബോളിലെ തന്റെ അനുഭവസമ്പത്ത് കോപ്പൽ ബ്ലാസ്റ്റേഴ്സ് തന്ത്രങ്ങളിൽ കൃത്യമായി ഉപയോഗിച്ചു. പ്രതിരോധത്തിലൂന്നിയ ഫുട്ബോളായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മികച്ച പ്രതിരോധത്തിലൂടെയും തന്ത്രപരമായ നീക്കങ്ങളിലൂടെയും ഒരു ടീമിനെ എത്ര ദൂരം കൊണ്ടുപോകാമെന്ന് കോപ്പലിന്റെ ബ്ലാസ്റ്റേഴ്സ് തെളിയിച്ചു.
പന്ത് കൈവശം വെക്കുന്നതിനേക്കാൾ, പ്രതിരോധത്തിൽ ശ്രദ്ധിച്ച് കൗണ്ടർ അറ്റാക്കുകളിലൂടെ ഗോൾ നേടുന്ന ശൈലിയാണ് കോപ്പൽ സ്വീകരിച്ചത്. ആരോൺ ഹ്യൂസും സെഡ്രിക് ഹെങ്ബാർട്ടും സന്ദേശ് ജിങ്കനും ചേർന്ന പ്രതിരോധനിര ആ സീസണിലെ ഏറ്റവും മികച്ചതായിരുന്നു. 14 കളികളിൽ നിന്ന് ടീം വഴങ്ങിയത് 15 ഗോളുകൾ മാത്രം. അവസാന ഘട്ടത്തിൽ ടീമിനൊപ്പം ചേർന്ന സി.കെ. വിനീത് ഒമ്പത് കളികളിൽ നിന്ന് അഞ്ച് ഗോളുകൾ നേടി ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
കോപ്പലിന്റെ കീഴിൽ കൊച്ചിയിൽ നടന്ന ഏഴ് കളികളിൽ അഞ്ചിലും വിജയിച്ച് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഹോം ഗ്രൗണ്ട് ഒരു കോട്ടയാക്കി മാറ്റി. രണ്ടാമതായി ലീഗ് അവസാനിപ്പിച്ച ടീം സെമിയിൽ, ഡൽഹി ഡയനാമോസിനെ സമനിലയിൽ കുരുക്കി ഷൂട്ട് ഔട്ടിലൂടെ ഫൈനലിലേക്ക് യോഗ്യത നേടി.
ഇവാൻ വുക്കൊമനോവിച്ച് (2021-22 ,2022-23, 2023-2024)

തുടർച്ചയായ തോൽവികളും നിരന്തരമായ പരിശീലക മാറ്റങ്ങളുമായും വലഞ്ഞ ബ്ലാസ്റ്റേഴ്സിലേക്ക് ഒരു അപരിചിതനായാണ് ഇവാൻ വുക്കൊമനോവിച്ച് 2021-ൽ കടന്നു വന്നത്. എന്നാൽ പിന്നീട് കണ്ടത് ടീമിന്റെ സമഗ്രമായ ഒരു പരിവർത്തനമായിരുന്നു. ഫലങ്ങളിൽ മാത്രമല്ല, ടീമിന്റെ സ്വത്വത്തിലും ആത്മവിശ്വാസത്തിലും സംസ്കാരത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇവാന് സാധിച്ചു.
കളിക്കാരുടെ ലഭ്യത അനുസരിച്ച് വ്യത്യസ്ത ശൈലികൾ അദ്ദേഹം കളിക്കളത്തിൽ പരീക്ഷിച്ചു. അഡ്രിയാൻ ലൂണ, മാർക്കോ ലെസ്കോവിച്ച്, അൽവാരോ വാസ്ക്വസ് തുടങ്ങിയ വിദേശ താരങ്ങളെ ടീമിലെത്തിച്ചത് ഫലം നൽകി. ലൂണ ടീമിന്റെ ഹൃദയമായി മാറി. സഹൽ അബ്ദുൾ സമദ്, ജീക്സൺ സിംഗ്, രാഹുൽ കെ.പി. തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ഇവാന്റെ കീഴിൽ ഏറെ മെച്ചപ്പെട്ടു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത് ഇവാന്റെ പരിശീലന മികവിലായിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ (34), ഏറ്റവും കൂടുതൽ പോയിന്റുകൾ (34), ഏറ്റവും മികച്ച ഗോൾ വ്യത്യാസം (+10) എന്നിവ ആ സീസണിൽ ക്ലബ്ബ് സ്വന്തമാക്കി. തോൽവി അറിയാതെ തുടർച്ചയായ 10 മത്സരങ്ങൾ പൂർത്തിയാക്കിയ അപരാജിത കുതിപ്പും ആരാധകരെ ആവേശത്തിലാക്കി.
അടുത്ത രണ്ട് സീസണുകളിലും തുടർച്ചയായി ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ അദ്ദേഹത്തിനായി. കളിക്കളത്തിനകത്തും പുറത്തും ആരാധകരുമായി അദ്ദേഹം പുലർത്തിയ വൈകാരികമായ ബന്ധം ടീമിന് പുതിയൊരു ഊർജ്ജം നൽകി.
വ്യത്യസ്ത ശൈലികളാണ് പിന്തുടർന്നതെങ്കിലും ഈ മൂന്ന് പരിശീലകർക്കും ചില പൊതുവായ സവിശേഷതകൾ ഉണ്ടായിരുന്നു. ഓരോരുത്തരും തങ്ങളുടെ ടീമിന്റെ കഴിവും പരിമിതിയും മനസ്സിലാക്കി ലളിതവും പ്രായോഗികവുമായ തന്ത്രങ്ങൾ ആവിഷ്കരിച്ചു. ആരാധകരുടെ പ്രാധാന്യം മൂവരും തിരിച്ചറിഞ്ഞു. അവരുടെ പിന്തുണയെ ടീമിന്റെ പന്ത്രണ്ടാമനായി കണ്ട് ഹോം മത്സരങ്ങളിൽ മുതലെടുത്തു. മൂന്ന് പരിശീലകരുടെ കീഴിലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തിയപ്പോൾ ടീമിന്റെ പ്രതിരോധം ലീഗിലെ ഏറ്റവും മികച്ച ഒന്നായിരുന്നു. ഒരു മികച്ച പ്രതിരോധ നിരയുണ്ടെങ്കിൽ ഏത് മത്സരത്തിലും വിജയിക്കാൻ അവസരമുണ്ടെന്ന് അവർ തെളിയിച്ചു.