2025 ജനുവരിയിലെ എമർജിങ് താരമായി എഫ്‌സി ഗോവയുടെ ബ്രൈസൺ ഫെർണാണ്ടസ്
അത്യുജ്വല പ്രകടനത്തോടെ ജനുവരിയിലെ എമേർജിംഗ് പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം സ്വന്തമാക്കി എഫ്‌സി ഗോവ മിഡ്ഫീൽഡർ ബ്രൈസൺ ഫെർണാണ്ടസ്

ഇന്ത്യൻ സൂപ്പർ ലീഗിൽ 2025 ജനുവരിയിൽ ഏറ്റവും മികച്ച യുവതാരമായി എഫ്‌സി ഗോവയുടെ ബ്രൈസൺ ഫെർണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം മുഴുവൻ മികച്ച ഫോം നിലനിർത്തിയ ഗോവൻ താരം, ആ കാലയളവിൽ ടീമിനൊപ്പം നേടിയത് മൂന്ന് വിജയവും രണ്ട് സമനിലയും.
ജനുവരിയിൽ എഫ്‌സി ഗോവയുടെ അഞ്ച് മത്സരങ്ങളിലും 23-കാരൻ ബൂട്ടുകെട്ടി. മനോലോ മാർക്വേസിന്റെ ടീമിന്റെ ജനുവരിയിലെ അപരാജിത കുതിപ്പിൽ മൂന്നു ഗോളുകൾ നേടിയും ഒരെണ്ണത്തിന് വഴിയൊരുക്കിയും താരം നിർണായക പങ്കുവഹിച്ചു.
ഒഡീഷ എഫ്‌സിക്കെതിരായ എഫ്‌സി ഗോവയുടെ 4-2 ന്റെ വിജയത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ ബ്രൈസൺ ഐഎസ്എൽ ചരിത്രത്തിൽ ഈ നേട്ടം കണ്ടെത്തുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി. തുടർന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ മത്സരത്തിൽ 1-1 ന്റെ സമനിലകുരുക്കിൽ മുഹമ്മദ് യാസിറിന്റെ ഗോളിന് വഴിയൊരുക്കി. ശേഷം ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരായ നിർണായക മത്സരത്തിൽ വിജയ ഗോൾ നേടി ലീഗ് ഡബിൾ നേട്ടത്തിലും ടീമിനെ എത്തിച്ചു.
മാർക്വേസിന് കീഴിൽ ഈ സീസണിൽ ഗണ്യമായ പുരോഗതി കൈവരിച്ച താരമാണ് ബ്രൈസൺ. ഗോൾ സംഭാവനകൾക്ക് പുറമേ, കളിക്കളത്തിൽ ആക്രമണത്തിലും അദ്ദേഹം നിർണായക സാന്നിധ്യമായി. ജനുവരിയിൽ, അദ്ദേഹം ഗോൾ ലക്ഷ്യമിട്ട് തൊടുത്ത ഒമ്പത് ഷോട്ടുകളിൽ നാലെണ്ണം ലക്ഷ്യത്തിലെത്തി, ഒപ്പം എതിർ ബോക്സിനുള്ളിൽ നടത്തിയത് 27 ടച്ചുകൾ.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ കോറൂ സിംഗ്, ജംഷഡ്പൂർ എഫ്‌സിയുടെ മുഹമ്മദ് സനാൻ എന്നിവരെ മറികടന്നാണ് മികച്ച യുവതാരത്തിനുള്ള വോട്ടെടുപ്പിൽ ബ്രൈസൺ ഫെർണാണ്ടസ് ഒന്നാമതെത്തുന്നത്. കോറൂ രണ്ടാമതും സനാൻ മൂന്നാമതും എത്തി. വോട്ട് ചെയ്ത 15 വിദഗ്ധരിൽ, ഏഴ് പേർ ഫെർണാണ്ടസിനെ അവരുടെ ആദ്യ തിരഞ്ഞെടുപ്പായി ഉറപ്പിച്ചു. ബാക്കിയുള്ളവരിൽ രണ്ടുപേർ രണ്ടാമായും മറ്റു രണ്ടു പേര് മൂന്നാമതായും താരത്തെ തെരഞ്ഞെടുത്തു.