'ഒരെണ്ണം കൂടി അടിക്കാമായിരുന്നു', സമനിലയിൽ പ്രതികരിച്ച് ഫറൂഖ് ചൗധരി
പുതിയ പരിശീലകൻ മനോലോ മാർക്വസിന് കീഴിൽ വിജയമറിയാത്ത മൂന്നാമത്തെ മത്സരമായിരുന്നു വിയറ്റ്നാമിനെതിരായത്.

വിയറ്റ്നാമിനെതിരെ ഒക്ടോബർ പന്ത്രണ്ടിന് നടന്ന സൗഹൃദമത്സരത്തിൽ ഒരു ഗോൾ കൂടി അടിക്കാൻ ഇന്ത്യക്ക് കഴിയുമായിരുന്നു എന്ന് വ്യക്തമാക്കി മുന്നേറ്റ താരം ഫറൂഖ് ചൗധരി. മത്സര ശേഷംaiff.com നോട് സംസാരിക്കുകയായിരുന്നു താരം. വിയറ്റ്നാമിലെ നാം ദിനിലെ തീൻ ട്രൂങ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. വിയറ്റ്നാമിനായി നുയെൻ ടോണും ഇന്ത്യക്കായി ഫറൂഖ് ചൗധരിയും ഗോളുകൾ നേടി. പുതിയ പരിശീലകൻ മനോലോ മാർക്വസിന് കീഴിൽ വിജയമറിയാത്ത മൂന്നാമത്തെ മത്സരമായിരുന്നു വിയറ്റ്നാമിനെതിരായത്.
ഫിഫ റാങ്കിങ്ങിൽ 116-ാം സ്ഥാനത്തുള്ള വിയറ്റ്നാമിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യ വിങ്ങുകളിലൂടെയുള്ള എതിരാളികളുടെ നീക്കങ്ങളിൽ പതറിയെങ്കിലും, രണ്ടാം പകുതിയിൽ മെച്ചപ്പെട്ട രീതിയിലാണ് കളിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയായ ഫറൂഖ് ചൗധരിയുടെ ഗോളാണ് ഇന്ത്യയെ അപകടത്തിൽ നിന്നും രക്ഷിച്ചത്. അൻപത്തി മൂന്നാം മിനിറ്റിൽ ഫറൂഖ് ചൗധരി ഇന്ത്യക്കായി സമനില ഗോൾ നേടി. സുരേഷ് വാങ്ജാം മധ്യനിരയിൽ നിന്നും ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച കുതിച്ച ഫറൂഖ്, വിയത്നാം കിളിയുടെ തലക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലക്കകത്തേക്ക് ഇട്ടു.
2021 ഒക്ടോബറിലാണ് ഫറൂഖ് ചൗധരി ഇന്ത്യൻ ദേശീയ ടീമിന്റെ കുപ്പായം ഇതിന് മുൻപ് അവസാനമായി അണിഞ്ഞത്. മാലിദ്വീപിൽ നടന്ന അവസാന മത്സരത്തിൽ നേപ്പാളിനെതിരെ ഇന്ത്യയുടെ മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയത്തിൽ അസിസ്റ്റ് നൽകിയത് ഫറൂഖ് ആയിരുന്നു. തുടർന്ന്, മുട്ടിനേറ്റ പരുക്ക് ഇന്ത്യൻ ടീമിലേക്കുള്ള താരത്തിന്റെ വാതിൽ കൊട്ടിയടച്ചു.
"വ്യക്തിപരമായി, എനിക്ക് വളരെ സന്തോഷമുണ്ട്. ഏറെക്കാലമായി ഞാൻ ദേശീയ ടീമിനൊപ്പം ഇല്ലായിരുന്നു. എന്നാൽ ഇവിടെയെത്താനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. ക്ലബ്ബുകൾക്കൊപ്പം ഞാൻ കഠിനമായി പരിശ്രമിച്ചു, ഇവിടെയെത്താൻ എനിക്ക് അർഹതയുണ്ടെന്ന് ഞാൻ മനസിലാക്കുന്നു." - അദ്ദേഹം പറഞ്ഞു.
സമനില ഗോൾ നേടികൊടുത്തെങ്കിലും, ഇന്ത്യക്ക് പുറത്ത് നടന്ന ആ മത്സരം വിജയിക്കുന്നതിലാണ് താൻ മുൻഗണന നൽകിയതെന്ന് ഇരുപത്തിയേഴുകാരനായ മുന്നേറ്റ താരം വ്യക്തമാക്കി.
“ടീമിനായി ഒരു മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, പക്ഷേ ഞങ്ങൾക്ക് ഒരു ഗോൾ കൂടി നേടാമായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാവരും ഒരൊറ്റ ടീമായി മികച്ച രീതിയിൽ കളിച്ചു. ഗുർപ്രീതും അൻവറും പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അതിനാലാണ് ഞങ്ങൾ ഈ ഫലത്തിലെത്തിയത്." - ഫറൂഖ് കൂട്ടിച്ചേർത്തു.
"അവൻ നന്നായി കളിച്ചെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ പ്രതീക്ഷ അവൻ നിറവേറ്റി. മത്സരത്തിൽ നിർണായകമായ സംഭാവന നടത്തിയ അവനെ 70-ാം മിനിറ്റിൽ പിൻവലിക്കുക എന്നത് മുൻകൂട്ടി തീരുമാനിച്ചായിരുന്നില്ല." - ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യപരിശീലകൻ മനോലോ മാർക്വസ് പറഞ്ഞു. ഫറൂഖിന്റെ പ്രകടനത്തിൽ പരിശീലകൻ അതിയായ സന്തോഷം പ്രകടിപ്പിച്ചു.
വിയറ്റ്നാമിനെതിരെ ആദ്യ പകുതിയിൽ കാലിടറിയെങ്കിലും, രണ്ടാം പകുതിയിലെ ടീമിന്റെ പ്രകടനം തൃപ്തികരമെന്ന് മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് വ്യക്തമാക്കി. "ആദ്യ പകുതിയിൽ മത്സരം പൂർണമായും വിയറ്റ്നാമിന്റെയായിരുന്നു. ഹാഫ് ടൈമിൽ കളിയുടെ നിലവാരം ചർച്ച ചെയ്ത ശേഷം, രണ്ടാം പകുതിയിൽ ഞങ്ങളുടെ പദ്ധതികൾ കളിക്കളത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചു. വിയറ്റ്നാമിന് അവസാന മിനിറ്റുകളിൽ ഗോളടിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഞങ്ങളും അവസാന നിമിഷത്തിൽ ഒരു ഗോളിന് അടുത്തെത്തി. എന്നാൽ, ഒരു സൗഹൃദ മത്സരമെന്ന നിലയിൽ, ഞാൻ ഈ ഫലത്തിൽ സംതൃപ്തനാണ്." - അദ്ദേഹം വ്യക്തമാക്കി.