ആറ് സീസണുകളിൽ മഞ്ഞക്കുപ്പായമണിഞ്ഞ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ ബോയ് രാഹുൽ കെപി ക്ലബ് വിട്ടു. 2019 ൽ ഇന്ത്യൻ ആരോസിൽ നിന്നും കൊമ്പന്മാരുടെ തട്ടകത്തിലെത്തിയ ഈ തൃശൂർ ഗെഡിയുടെ അടുത്ത തട്ടകം ഒഡീഷ എഫ്‌സിയാണ്. ഒരു വർഷത്തേക്ക് കൂട്ടി നീട്ടാൻ സാധിക്കുന്ന രീതിയിൽ നിലവിൽ 2026 - 27 വരെ നീളുന്ന ഒന്നരവർഷത്തെ കരാറിലാണ് മലയാളി വിങ്ങർ കലിംഗൻ ടീമുമായി ഒപ്പുവെച്ചത്

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവുമധികം മത്സരങ്ങളിൽ കളിച്ച താരങ്ങളുടെ നിരയിൽ സഹൽ അബ്ദുൽ സമദിന് തൊട്ടു പുറകിലായാണ് രാഹുലിന്റെ സ്ഥാനം. 81 മത്സരങ്ങളിൽ ബൂട്ടുകെട്ടി. നേടിയത് എട്ട് ഗോളുകളും. പല ഗോളുകളും പിറന്നത് നിർണായക മത്സരത്തിൽ. ഏറ്റവും പ്രധാനപ്പെട്ടത് ചിരവൈരികളായ ബെംഗളൂരു എഫ്‌സിക്കെതിരെ 2020 - 21ലെതാണ്. 1 - 1 ന്റെ സമനിലയിൽ കലാശിക്കുമെന്ന് കരുതിയ മത്സരത്തിൽ 90+4' ൽ താരം വിജയശില്പിയായി അവതരിച്ചു. പ്രത്യാക്രമണത്തിൽ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഗാരി ഹൂപ്പറിന്റെ ക്രോസ് പിടിച്ചെടുത്ത രാഹുൽ വലതു വിങ്ങിലൂടെ ബോക്സിലേക്ക് ഓടിയെത്തി. ഡ്രിബിളിംഗിലൂടെ ലിയോൺ അഗസ്റ്റിനെ വീഴ്ത്തി വലം കാലുകൊണ്ട് ബോക്സിലേക്ക് തൊടുത്ത ഷോട്ട് ഗുർപ്രീത് സിങിനെ കടന്ന് ലക്ഷ്യത്തിൽ. കേരളം മത്സരത്തിൽ വെന്നിക്കൊടി പാറിച്ചു.

വളരെയധികം പൊട്ടൻഷ്യലുമായി കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ട താരത്തിന് പക്ഷെ പലസമയത്തും പരിക്ക് ഒരു വെല്ലുവിളിയായി. പരിക്കിനോടും ഫോമിനോടും മല്ലിട്ട് വലത് വിങ്ങിൽ അദ്ദേഹം തന്റെ സ്ഥാനത്തിന് വേണ്ടി പൊരുതി. പൂർണമനസോടെ തന്റെ ഇഷ്ടക്ലബ്ബിനായി ബൂട്ടുകെട്ടിയ വിങ്ങർ മഞ്ഞക്കുപ്പായത്തിൽ നിന്നും ചേക്കേറുമ്പോൾ, പ്രതികരണവുമായി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ആരാധകരും രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെ മുൻ താരങ്ങൾ തങ്ങളുടെ പ്രതികരണങ്ങൾ രക്ഷപ്പെടുത്തി.

താരങ്ങളുടെ പ്രിയ സഹോദരൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസ താരങ്ങളിലൊരായ, നൈജീരിയൻ സ്‌ട്രൈക്കറും സഹതാരവുമായിരുന്ന ബർത്തലോമിയോ ഒഗ്ബെചെ ഇളയ സഹോദരനെന്ന വിശേഷിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുലിന് ആശംസകൾ നൽകി. " നിനക്ക് ആശംസകൾ നേരുന്നു, ഇളയ സഹോദരാ 💪🏾❤"

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ എഴുതപ്പെട്ട മനോഹരമായ ഒരു മഴവിൽ ഗോളിനുടമയായ, മലയാളി താരം സുശാന്ത് മാത്യു താരത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു. " ആശംസകൾ സുഹൃത്തേ !!🤝❤ ആസ്വദിക്കൂ മുന്നോട്ടുള്ള യാത്ര ✌🔥⚽"

കേരള ബ്ലാസ്‌റ്റേഴ്‌സിനെ 2021 - 22 സീസണിൽ ഫൈനലിലേക്ക് നയിച്ച സഹതാരവും സ്‌ട്രൈക്കറുമായ അൽവാരോ വാസ്‌കസും രാഹുലിന് ആശംസകൾ നൽകി. "എല്ലാത്തിനും ആശംസകൾ സുഹൃത്തേ🔥"

ഇവരെ കൂടാതെ, കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടിയ സ്പാനിഷ് ഡിഫൻഡർ വിക്ടർ മോങ്കിൽ, സ്പാനിഷ് ഡിഫെൻസിവ് മിഡ്ഫീൽഡർ ജുവാണ്ടേ, നൈജീരിയൻ വിങ്ങർ ജസ്റ്റിൻ ഇമ്മാനുവേൽ, മലയാളി താരം സഹൽ അബ്ദുൽ സമദ്, നിലവിൽ മുംബൈക്കായി ഗ്ലവ്സ് അണിയുന്ന ടിപി രഹനേഷും രാഹുലിന് ആശംസകൾ അറിയിച്ചു.

ആരാധകരുടെ സ്വന്തം ചിണ്ടൻ

കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടുന്ന താരങ്ങൾ എന്നും ആരാധകരുടെ സ്നേഹത്തിന്റെ അവകാശികളാണ്. മുഹമ്മദ് റാഫിയും സികെ വിനീതും സുശാന്ത് മാത്യുവും മുതൽ സഹൽ അബ്ദുൽ സമദും കെ പ്രശാന്തും അനസ് എടത്തൊടികയും വിബിൻ മോഹനനും സച്ചിൻ സുരേഷും അടങ്ങുന്ന ഒരു വലിയ നിര ടീമിനായി കുപ്പായമണിഞ്ഞിട്ടുണ്ട്. ഈ നിരയിൽ രാഹുൽ കെപിയും തന്റേതായ വിലപ്പെട്ട ഒരു സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആരാധാകർക്കും ഇടയിൽ ചിണ്ടനെന്ന് വിഇപ്പേരുള്ള രാഹുലിന്റെ പടിയിറക്കത്തിൽ ഒരു പിടി ആരാധകർ ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമിനോട് പ്രതികരണങ്ങൾ നടത്തി.

രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിൽ അതിയായ സങ്കടമുണ്ടെന്ന് പാലക്കാട് സ്വദേശികളും കുഞ്ഞ് ആരാധികകളുമായ സാന്ദ്രയും അതുല്യയും പറഞ്ഞു. "രാഹുലേട്ടൻ ക്ലബ് വിടുന്നതിൽ ദുഃഖമുണ്ട്. ക്ലബ്ബിൽ ഉണ്ടായിരുന്നപ്പോൾ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്, ഇനിയും ഒരുപാട് മത്സരങ്ങളിൽ നന്നായിട്ട് കളിക്കും എന്ന് കരുതുന്നു. ബ്ലാസ്റ്റേഴ്സിൽ നിന്ന് പോയെങ്കിലും എന്നും ക്ലബ്ബിന്റെ ഓർമകളിലുണ്ടാകും. ഇത്രയും കാലം ടീമിൽ ചിലവഴിച്ച ശേഷം, പെട്ടെന്നൊരു ദിവസം ക്ലബ് വിടുന്നതിൽ സങ്കടമുണ്ട്. പിന്നെ, മലയാളി താരം കൂടിയാണ്. പ്രതീക്ഷിക്കാതെ പോകുമ്പോൾ ഒരു സങ്കടം. ചിലപ്പോൾ, ഇവിടെ കളിച്ചതിനേക്കാൾ മികച്ചതായിരിക്കും അടുത്ത ക്ലബ്ബിലെ പ്രകടനം എന്ന് കരുതാം." - സാന്ദ്ര പറഞ്ഞു.

"ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് രാഹുലേട്ടൻ ക്ലബ് വിട്ട് പോയത്. ഒരു മലയാളി കളിക്കാരൻ ഇവിടെ വരെയെത്തണം എങ്കിൽ അത് അദ്ദേഹത്തിന്റെ കഴിവിനാൽ മാത്രമാണ്. ഒരുപാട് ഓർമകൾ ബാക്കിവെച്ചാണ് പോകുന്നത്. എത്ര എത്ര നിമിഷങ്ങൾ. എല്ലാം എന്നുമുണ്ടാകും മനസ്സിൽ." - എട്ടാം ക്ലാസുകാരിയായ കുഞ്ഞ് ആരാധിക അതുല്യ പങ്കുവെച്ചു

സങ്കടമുണ്ടാക്കുന്നെകിലും രാഹുലിന്റെ ക്ലബുമാറ്റം ബ്ലാസ്റ്റേഴ്സിനും താരത്തിനും ഒരു പോലെ പ്രയോജനമാകുമെന്ന് യുഎഎയിലെ പ്രവാസി മലയാളിയും ആരാധകനുമായ അനസ് യൂസഫ് വ്യക്തമാക്കി. രാഹുലിനുള്ളിലെ അണഞ്ഞുപോയ തീ ആളിക്കത്തിക്കാൻ ഒഡീഷക്ക് കഴിയെട്ടെയെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

"ബ്ലാസ്റ്റേഴ്സിനൊപ്പം ഇത്രയുംകാലം ഉണ്ടായിരുന്ന രാഹുൽ ക്ലബ് വിട്ട് പോകുമ്പോൾ വ്യക്തിപരമായി വിഷമമുണ്ട്. പക്ഷെ, കഴിഞ്ഞ രണ്ടു മൂന്ന് സീസണുകളായി രാഹുലിന്റെ പ്രകടനത്തിൽ ഇടിവുണ്ട്. കണ്ടു ശീലിച്ച രാഹുലിനെ ഇപ്പോൾ കാണാൻ സാധിക്കുന്നില്ല. യുവതാരമാണ്. അവനൊരു മാറ്റം അനിവാര്യമാണ്. ആ മാറ്റമാണ് ഒഡീഷയിൽ കാത്തിരിക്കുന്നത്. അന്തരീക്ഷം മാറിയാൽ അവനു നന്നായി വർക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു. ഈ നീക്കം ബ്ലാസ്റ്റേഴ്സിനും രാഹുലിനും ഒരുപോലെ പ്രയോജനപ്പെടും. കാലിന്മേൽ കളിയുള്ള, കഴിവും പൊട്ടൻഷ്യലുള്ള താരമാണ്. ആത് തിരിച്ചെടുത്ത് കൊടുക്കാൻ ഒഡീഷക്ക് കഴിഞ്ഞാൽ അവൻ തിരിച്ചു വരും. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് അവൻ പോകുമെന്നാണ് കരുതുന്നത്."

അനസിന്റെ നിലപാടിനെ സാധൂകരിക്കുന്നതായിരുന്നു എറണാകുളം സ്വദേശിനി അശ്വതി സന്തോഷിന്റെ വാക്കുകളും. പരുക്കുകൾ താരത്തിന്റെ വളർച്ചയെ ബാധിച്ചെന്ന് അവർ കൂട്ടിച്ചേർത്തു. "കേരള ബ്ലാസ്റ്റേഴ്സിനായി രാഹുൽ 81 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് എടുക്കാവുന്നത് ഗോൾ സംഭാവനകളുടെ ആകെ കണക്കാണ്. ഒരു വിങ്ങറിനെ സംബന്ധിച്ച് അത് കുറവാണ്. സത്യത്തിൽ വളരെയധികം അണ്ടർ പെർഫോമിംഗാണ്. സത്യം പറഞ്ഞാൽ, പരിക്കുകൾ കാരണം പൂർണമായ പൊട്ടൻഷ്യലിൽ എത്താൻ താരത്തിന് സാധിച്ചിട്ടില്ല. അതിനാൽ, ക്ലബ്ബിനും താരത്തിനും ഈ തീരുമാനം ഒരേപോലെ ഗുണം ചെയ്യും. ഇവിടുത്ത അന്തരീക്ഷമാണ് ആ മോശം പ്രകടനത്തിന് കാരണമെങ്കിൽ, മറ്റെവിടെയെങ്കിലും അത് കണ്ടെത്താൻ സാധിച്ചാൽ, ഞാൻ സന്തോഷവതിയാണ്. അതേസമയം, ആക്രമണത്തിൽ കൂടുതൽ ഫലങ്ങൾ നൽകുന്ന ഒരു വിങ്ങറിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യവുമുണ്ട്. അതിനാൽ, നല്ലൊരു നീക്കമാണിതെന്ന് പറയാം."

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകനും തിരുവനന്തപുരം സദേശിയുമായ വിവേക് മോഹൻ രാഹുലിന്റെ നീക്കത്തിലെ തന്റെ അഭിപ്രായം പങ്കുവെച്ചു. "കേരള ബ്ലാസ്റ്റേഴ്സിൽ ഇതുവരെയെത്തിയതിൽ സാങ്കേതികത്തികവുമുള്ള കളിക്കാരിൽ ഒരാളും പ്രതിഭാധനനുമാണ് രാഹുൽ കെപി. എന്നിട്ടും അദ്ദേഹത്തിന് തൻ്റെ പൂർണമായ പൊട്ടൻഷ്യലിലേക്ക് എത്താൻ സാധിച്ചില്ല. ഉജ്ജ്വലമായ ചില നിമിഷങ്ങൾ സൃഷ്ടിച്ചെങ്കിലും, അവക്ക് സ്ഥിരതയില്ലാതെയായി. ഈ മാറ്റം ഒരുപക്ഷെ, അവന്റെ സ്വപ്ങ്ങൾ കണ്ടെത്താൻ വഴിയൊരുക്കും. ആശംസകൾ രാഹുൽ."

കേരളത്തിലെ ചെറുമൈതാനങ്ങളിലൂടെ കളിച്ചു വരുന്നവർക്ക് പ്രജോദനമാണ് രാഹുലിന്റെ കരിയർ എന്നും ഒഡീഷയിൽ ലോബരാക്ക് കീഴിൽ താരത്തിന് കളിയ്ക്കാൻ സാധിക്കട്ടെ എന്നും കാസർഗോഡ് സ്വദേശി അബ്ദുൾ റഹ്മാൻ മഷൂദ് വ്യക്തമാക്കി. "കരിയറിലെയും ക്ലബ്ബിന്റെ ചരിത്രത്തിലെയും പ്രധാനപ്പെട്ട ഒരു അധ്യായത്തിന് വിരാമമിട്ടാണ് കേരള ബാസ്റ്റേഴ്സിൽ നിന്നും വിടപറയുന്നത്. മലയാളി പ്രതിഭ എന്ന നിലയിൽ കേരള ഫുട്ബോളിന്റെ ആത്മാവിനെയും ആവേശത്തെയും പ്രതിനിധീകരിച്ച താരം അഞ്ച് വർഷത്തെ പ്രകടനത്താൽ ആരാധകരുടെ പ്രിയങ്കരനായി. കളത്തിലെ വേഗതയും വിവിധ പൊസിഷനിൽ കളിക്കാനുള്ള കഴിവും പോരാട്ടവീര്യം കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ നിർണായകതാരമാക്കി മാറ്റി, ഒപ്പം വലിയ വേദികളിൽ തിളങ്ങുന്ന മലയാളി പ്രതിഭയുടെ പ്രതീകവുമായി."

"അദ്ദേഹത്തിൻ്റെ വിടവാങ്ങൽ ആരാധകർക്ക് കയ്പേറിയ ഒന്നാണെങ്കിലും, സമീപ വർഷങ്ങളിൽ കളത്തിൽ കാര്യമായ സംഭാവന നൽകാൻ കഴിയാത്തതിനാൽ രാഹുലിന് പുതിയൊരു വെല്ലുവിളി അനിവാര്യമാണെന്ന് കരുതുന്നു. കേരള ബ്ലാസ്റ്റേഴ്സിനായുള്ള രാഹുലിൻ്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിൻ്റെ യാത്ര കേരളത്തിലെ യുവ താരങ്ങൾക്ക് പ്രചോദനവുമാണ്. മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹം ഒപ്പം കൂട്ടുന്നത് കേരളം ഫുട്ബോളിന്റെ പ്രതീക്ഷകളും അഭിമാനവുമാണ്. ലൊബേറയുടെ കീഴിലുള്ള ഒഡീഷ എഫ്‌സിയിലെ പുതിയ വെല്ലുവിളിക്ക് രാഹുലിന് ആശംസകൾ നേരുന്നു." - മഷൂദ് പറഞ്ഞവസാനിപ്പിച്ചു.