“ഞങ്ങൾ ഇവിടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കല്ല, ഞങ്ങൾ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാനാണ് വന്നത്.” എൽകോ ഷട്ടോരി

കേരളബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്‌സി ഓൺ-ഫീൽഡ് വൈരാഗ്യം പേരുകേട്ടതാണ്.  അതിലും ചൂടേറിയ പോരാട്ടങ്ങൾ പിച്ചിന് പുറത്ത് ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ നടക്കാറുണ്ട്. ഇരു ടീമുകളും ഇതുവരെ അഞ്ച് തവണ കൊമ്പു കോർത്തിട്ടുണ്ട്. നാലു മത്സരങ്ങളിൽ  വിജയം ബെംഗളൂരുവിനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിലുമവസാനിച്ചു.

ഈ സീസണിലെ ബെംഗളൂരുവിനെതിരായ രണ്ടാമത്തെ മത്സരം കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റെഡിയത്തിൽ വച്ചരങ്ങേറുകയാണ്. നിലവിൽ ബാക്കിയുള്ള രണ്ടു മത്സരങ്ങൾ വിജയിച്ചാലും റാങ്ക് പട്ടികയിൽ കാര്യമായ വിത്യാസങ്ങളുണ്ടാക്കാൻ ടീമിനാകില്ല. പക്ഷെ ശനിയാഴ്ച നടക്കുന്ന മത്സരം ബ്ലാസ്റ്റേഴ്‌സ് ടീമിന് അഭിമാനപ്പോരാട്ടമാണ്. യോഗ്യതാറൗണ്ടിലേക്കുള്ള സാദ്ധ്യതകൾ അസ്തമിച്ചു നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്, ഈ വിജയം തങ്ങളുടെ ഫാൻസിനു കൊടുക്കുവാൻ സാധിക്കുന്ന ഏറ്റവും മികച്ച സമ്മാനമാണ്.

മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ശനിയാഴ്ച ബെംഗളൂരുവിനെ തോൽപ്പിക്കാനുള്ള തന്ത്രങ്ങൾ തനിക്ക് അറിയാമെന്ന് എൽകോ ഷട്ടോരി അവകാശപ്പെട്ടു.

"ഞങ്ങൾ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) കഴിഞ്ഞ സീസണുകളിൽ നാല് തവണ ബെംഗളൂരുവിനെതിരെ കളിച്ചു. ഫലങ്ങൾ പോസിറ്റീവ് ആയിരുന്നു. അവസാന മത്സരത്തിൽ ഞങ്ങൾ ഫെഡറിക്കോ (ഗാലെഗോ), ബോർജസ് എന്നിവരില്ലായിരുന്നു. അവരെ എങ്ങനെ തോൽപ്പിക്കണമെന്ന് എനിക്കറിയാം. അവരുടെ ബലഹീനതകളെനിക്കറിയാം. പക്ഷേ, അവർ ഒരു മികച്ച ക്ലബ്ബാണ്. ഘടനാപരമായി അവർ വളരെ നന്നായി കളിക്കുന്നു. അവർക്ക് ശരിയായ ഫോർമുല നേടാനായി. അവർക്ക് ശക്തമായ മാനസികാവസ്ഥയുണ്ട്.  അവർ നന്നായി കളിക്കാത്തപ്പോൾ പോലും, സെറ്റ് പീസുകളിൽ സ്കോർ ചെയ്യുന്നതിനാൽ അവർ വിജയിച്ചു. അതിന്റെ പൂർണമായ ക്രെഡിറ്റും ടീമിന്റെ കോച്ചിനാണ്‌."

"എനിക്ക് വിജയിക്കാനുള്ള ഏറ്റവും മികച്ച അവസരം നൽകുന്ന ഏറ്റവും മികച്ച ലൈനപ്പ് ഞാൻ സ്ഥാപിക്കും. ഞങ്ങൾ ഇവിടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കല്ല, ഞങ്ങൾ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാനാണ് വന്നത്. ഞങ്ങൾ എല്ലായ്പ്പോഴും വിജയിക്കാൻ ശ്രമിക്കുന്നു. അതിനാൽ അടുത്ത രണ്ടു മത്സരങ്ങളിൽ മൂന്ന് പോയിന്റുകൾ നേടുന്നതും ഞങ്ങൾ ഉറപ്പാക്കും. ടീമിന് ഒഗ്‌ബെച്ചെ വളരെ പ്രധാനമാണ്. അദ്ദേഹം ഉയർന്ന തലത്തിൽ കളിച്ചിട്ടുണ്ട്. നന്നായി കളിക്കുന്നത് എത്ര പ്രധാനമാണെന്ന് അവനറിയാം. ഞങ്ങളെ പിന്തുണയ്ക്കുന്നവർക്കായി, മൂന്ന് പോയിന്റുകൾ നേടാൻ ഞാൻ ആവുന്നതെല്ലാം ചെയ്യും." അദ്ദേഹം പറഞ്ഞു.

 ഈ സീസണിൽ ഏറ്റവും കൂടുതൽ മുന്നേറിയിട്ടുണ്ടെന്ന് കരുതുന്ന ജെസ്സൽ കാർനെറോയെയും സെർജിയോ സിഡോഞ്ചയെയും അദ്ദേഹം പ്രശംസിച്ചു.

 "ജെസ്സലിന്റെ പുരോഗതി ശ്രദ്ധേയമാണ്. അദ്ദഹം വളരെയധികം മെച്ചപ്പെട്ടു. കഴിഞ്ഞ വർഷം ഗോവ ലീഗിൽ കളിച്ചു.  അദ്ദേഹം വേഗത്തിൽ കാര്യങ്ങൾ പഠിച്ചു. അദ്ദേഹം ഒരു മികച്ച വ്യക്തിത്വമാണ്. വളരെയധികം പുരോഗതി നേടിയിട്ടുണ്ട്. അവരിൽ പലരും പുരോഗമിച്ചുവെങ്കിലും  ഫലങ്ങൾ ലഭിക്കാത്തതിനാൽ, ചില വ്യക്തികളുടെ പുരോഗതി അവഗണിക്കപ്പെടുന്നു. ഇന്ത്യക്കാർ മാത്രമല്ല, വിദേശ താരങ്ങളും വളരെയധികം മെച്ചപ്പെട്ടു. സിഡോഞ്ച ഒരു പുതിയ നിലവാരത്തിലാണ് കളിക്കുന്നത്. സ്‌ട്രൈക്കറുടെ പിന്തുണക്കാൻ അദ്ദഹം തന്റെ തന്ത്രങ്ങൾ ഉപയോഗിക്കുന്നു. മുൻ ക്ലബിൽ കൂടുതൽ സ്‌കോർ ചെയ്യാത്തതിനാൽ മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയതിന് ധാരാളം വിമർശനങ്ങൾ കേട്ടിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനനിർണ്ണയത്തിൽ ഞങ്ങൾ വളരെയധികം പ്രവർത്തിച്ചു. ഞങ്ങൾ അദ്ദേഹത്തിനെ പരിശീലിപ്പിച്ചു. നാലഞ്ചു മത്സരങ്ങൾക്ക് ശേഷം അദ്ദേഹം മികച്ച പ്രകടനം തുടങ്ങി."

"ഈ സീസണിൽ ബാർത്തലോമിവ് ഒഗ്‌ബെച്ചെ മികച്ച ഫോമിലാണ്. 14 മത്സരങ്ങളിൽ 11 തവണ ഗോളുകളും ഒരു അസിസ്റ്റും നേടി. ഒരു പുതിയ ടീമിനൊപ്പം കളിച്ചിട്ടും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് അദ്ദേഹം കരുതുന്നു. പരസ്പരം അറിയാൻ സമയമെടുക്കും. ഒരു പുതിയ ടീമിന് ഫലങ്ങൾ ലഭിക്കാൻ സമയമെടുക്കും. ഞങ്ങൾക്ക് ഒരു മികച്ച ടീമാണ് നല്ല കളിക്കാർ, നല്ല മനുഷ്യർ, ഞങ്ങൾക്കൊപ്പം പിച്ചിലും പുറത്തും ഉണ്ട്. നിർഭാഗ്യവശാൽ, ചില പ്രധാന കളിക്കാർക്ക് പരിക്കേറ്റു.  ഭാവിയിൽ ക്ലബ്ബിന് ഏറ്റവും മികച്ചത് മാനേജുമെന്റ് ചെയ്യുമെന്ന് ഉറപ്പാണ്.

ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച ഷട്ടോറി, "ആരാധകർ ഞാൻ ചെയ്യുന്ന പോസിറ്റീവുകൾ കാണുന്നു. ഞാൻ അവരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നു. ഇത് പ്രധാനമാണ്. ഒരു കോച്ച് എന്താണ് ചെയ്യുന്നതെന്ന് അറിയാൻ അവർക്ക് അവകാശമുണ്ട്. ഞാൻ അവരിൽ വളരെ സന്തുഷ്ടനാണ്. ” അദ്ദേഹം അദ്ദഹം കൂട്ടിച്ചേർത്തു.

Your Comments

Your Comments