കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി കൃരംഗൻ സ്റ്റേഡിയത്തിൽ വച്ചുനടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസൺ പതിനാറാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഒരു ഗോളിന് ഏകപക്ഷീയമായ വിജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ എഫ്‌സി. ഈസ്റ്റ് ബംഗാൾ സീസണിൽ സ്വന്തമാക്കിയ ആദ്യ വിജയമാണിത്. കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ജയമാണത്.

ഇന്ന് മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന ക്ലെയ്റ്റൻ സിൽവയുടെ ഗോളിലാണ് ഈസ്റ്റ് ബംഗാൾ വിജയിച്ചത്. കളിയുടെ ആദ്യപകുതിയിൽ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി.സുഹൈറിന്റെ ഷോട്ട് വല തുളച്ചെങ്കിലും ഗോൾ അനുവദിച്ചില്ല.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (പ്ലേയിംഗ് ഇലവൻ)

കരൺജിത് സിംഗ് (ജി), ഹർമൻജോത് ഖബ്ര, റൂയിവ ഹോർമിപാം, വിക്ടർ മോംഗിൽ, ജെസൽ കാർനെറോ (സി), ബ്രൈസ് മിറാൻഡ, ജീക്‌സൺ സിംഗ്, അഡ്രിയാൻ ലൂണ, അപ്പോസ്‌തോലോസ് ജിയാനോ, രാഹുൽ കണ്ണോലി പ്രവീൺ, ഡിമിത്രിയോസ് ഡയമന്റകോസ്.

ഈസ്റ്റ് ബംഗാൾ എഫ്‌സി (പ്ലേയിംഗ് ഇലവൻ)

കമൽജിത് സിംഗ് (ജി.കെ), ജെറി ലാൽറിൻസുവാല, ചാരിസ് കിരിയാകൗ, സർത്തക് ഗോലുയി, അങ്കിത് മുഖർജി, അലക്‌സ് ലിമ, മൊബാഷിർ റഹ്മാൻ, നവോറെം സിംഗ്, സുഹൈർ വടക്കേപീടിക, ക്ലീറ്റൺ സിൽവ (സി), ജെയ്‌ക്ക് ജെർവിസ്.

പരിക്കിൽ നിന്ന് മുക്തനായെങ്കിലും ലെസ്‌കോവിച്ച് കളിക്കാനിറങ്ങിയില്ല. കഴിഞ്ഞ കളിക്ക് സമാനമായി സ്ഥിരം ഗോൾകീപ്പറിന് പകരം കമൽജിത് സിങ്ങാണ് ഇന്ന് ഇറങ്ങിയത്. മുന്നേറ്റ നിരയിൽ ഡയമന്റകോസ് – ജിയാനു സഖ്യവും നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബ്രെയ്സ് മിറാൻഡയും ഇടം നേടി. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ട ശ്രീനഗർ തരാം ഡാനിഷ് ഫാറൂഖ് പകരക്കാരനായി കളത്തിലിറങ്ങി.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ കളിയുടെ ആദ്യ പകുതിയിൽ നാല്പത്തിരണ്ടാം മിനിറ്റിൽ വി.പി.സുഹൈർ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ക്ലെയ്റ്റൻ സിൽവയുടെ രണ്ടു ഗോൾ ശ്രമങ്ങൾ വിജയകരമായി തടുക്കാൻ കരൺജിത് സിങ്ങിനായത് ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചു.

രണ്ടാം പകുതിയിൽ എഴുപത്തിയേഴാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് താരം വിക്ടർ മോങ്ങിലിന്റെ ദേഹത്ത് തട്ടിവന്ന പന്ത് കരൺജിത് സിങ് തട്ടിയകറ്റി. പോസ്റ്റിനടുത്തു തന്നെ വീണ പന്ത് കേരളം ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഡാനിഷ് ഫാറൂഖ് തട്ടിയകറ്റിയെങ്കിലും പന്ത് വരുതിയിലാക്കിയ ക്ലെയ്റ്റന്റെ ഷോട്ട് നിമിഷങ്ങൾക്കുള്ളിൽ വല തുളച്ചു.

ഇരു ടീമുകളും പരമാവധി ശ്രമിച്ചെങ്കിലും വീണ്ടുമൊരു ഗോൾ കണ്ടെത്താനായില്ല. ആറു മിനിട്ടോളമുള്ള ഇഞ്ചുറി ടൈമിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിച്ചപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ഈസ്റ്റ് ബംഗാൾ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.

മത്സര വിജയത്തിലൂടെ മൂന്നു പോയിന്റുകൾ സ്വന്തമാക്കിയ ഈസ്റ്റ് ബംഗാൾ പതിനജ് പോയിന്റുമായി ഒൻപതാം സ്ഥാനത്തും കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും തുടരുന്നു. മാച്ച് വിന്നിംഗ് ഗോൾ നേട്ടത്തിന് ഹീറോ ഓഫ് ദി മാച്ച് അവാർഡ് ക്ലീറ്റൺ സിൽവയ്ക്ക്.